നെയ്യാറ്റിൻകര: കുടിയൊഴിപ്പിക്കലിനിടെ ഗുരുതര പൊള്ളലേറ്റു ചികിൽസയ്ക്കിടെ ദമ്പതികൾ മരിച്ച സംഭവത്തിൽ നെയ്യാറ്റിൻകരയിൽ നാട്ടുകാർ നടത്തിയ പ്രതിഷേധം ജില്ലാ കളക്ടർ നേരിട്ടെത്തി നടത്തിയ ചർച്ചയെ തുടർന്ന് അവസാനിപ്പിച്ചു. ദമ്പതികൾ പൊള്ളലേറ്റ് മരിക്കാനിടയാക്കിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുമെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകിയതോടെയാണ് മണിക്കൂറുകൾ നീണ്ട പ്രതിഷേധം അവസാനിച്ചത്. നാട്ടുകാർ മുന്നോട്ട് വച്ച മറ്റ് മൂന്ന് ആവശ്യങ്ങൾ മുഖ്യമന്ത്രിയെ നാളെ നേരിട്ടുകണ്ട് ബോധ്യപ്പെടുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. പൊള്ളലേറ്റു മരിച്ച അമ്പിളിയുടെ മൃതദേഹവുമായി എത്തിയ ആമ്പുലൻസ് തടഞ്ഞുവച്ചായിരുന്നു പ്രതിഷേധം.

പ്രതിഷേധം അവസാനിച്ചതോടെ അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കുട്ടികളിൽ ഒരാൾക്ക് സർക്കാർ ജോലി, കുടുംബത്തിന് അടിയന്തരമായി ധനസഹായം, സ്ഥലം പേരിലാക്കി അവിടെ വീട് നിർമ്മിച്ച് നൽകണം ദമ്പതികൾ പൊള്ളലേറ്റ് മരിക്കാൻ കാരണക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. തഹസീൽദാർ വാക്കാൽ ഉറപ്പ് നൽകിയെങ്കിലും രേഖപ്രകാരം നൽകണമെന്നായിരുന്നു ആവശ്യം.

മൃതദേഹവുമായി ഹൈവേ റോഡിൽ പ്രതിഷേധിക്കാൻ നീക്കം നടന്നിരുന്നു. നെല്ലിമൂടിലേക്ക ആംബുലൻസ് മാറ്റാനുള്ള നീക്കം പൊലീസ് ചെറുത്തതോടെ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കെയാണ് കളക്ടർ നേരിട്ടെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയത്.

ദമ്പതികൾ മരിച്ച സംഭവത്തിൽ അയൽവാസി വസന്തയെ കസ്റ്റഡിയിൽ എടുക്കണമെന്നാവശ്യപ്പെട്ടും നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു. വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. വസന്തയെ വീട്ടിൽനിന്ന് മാറ്റാതെ അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്നു നാട്ടുകാരിൽ ചിലർ നിലപാടെടുത്തു. ചോറുകഴിക്കാൻ പോലും അനുവദിക്കാതെ രണ്ടുപേരെ ഇല്ലാതാക്കിയ പൊലീസെന്ന ആക്രോശങ്ങളുയർന്നിരുന്നു

മരിച്ച രാജനും ഭാര്യ അമ്പിളിയും കുടുംബവും താമസിക്കുന്ന പോങ്ങിൽ ലക്ഷംവീട് കോളനിയിലെ ഭൂമി തന്റേതാണെന്നു കാട്ടി വസന്ത നെയ്യാറ്റിൻകര മുൻസിഫ് കോടതിയിൽ പരാതി നൽകിയിരുന്നു. 2 മാസം മുൻപ് കോടതിയിൽനിന്ന് ഒഴിപ്പിക്കാൻ ആളെത്തിയെങ്കിലും രാജൻ വിസമ്മതിച്ചു. പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാൻ വീണ്ടും അധികൃതരെത്തിയപ്പോഴാണ് രാജൻ തലയിലൂടെ പെട്രോൾ ഒഴിച്ചതും, അപകടമുണ്ടായതും. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടർന്നുപിടിച്ചത്. ഇരുവരും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജന്റെ ഇരു വൃക്കകളും തകരാറിലായതായിരുന്നു മരണകാരണം. രാജന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി.

പൊലീസിന്റെ വിലക്ക് മറികടന്ന് രാജന്റെ സംസ്‌കാരം വിവാദ സ്ഥലത്തുതന്നെ മക്കൾ നടത്തിയിരുന്നു അമ്പിളിയുടെ സംസ്‌കാരവും ഇതേ സ്ഥലത്തു നടത്തും. അതേസമയം, ഔചിത്യ ബോധം ഇല്ലാത്ത ഒഴിപ്പിക്കൽ നടപടി ചോദ്യം ചെയ്യപ്പെടുകയാണ്. രാഹുലിന്റെയും രഞ്ജിത്തിന്റെയും പൂർണസംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചു. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കാൻ ഡിജിപി റൂറൽ എസ്‌പിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. കുട്ടികൾക്ക് വീടുവച്ചു കൊടുക്കാനും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. ഒഴിപ്പിക്കൽ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടോന്നും സർക്കാർ പരിശോധിക്കും. ഒഴിപ്പിക്കൽ ഒഴിവാക്കാൻ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടൈ പൊലീസ് ലൈറ്റർ തട്ടിമാറ്റിയപ്പോഴാണ് രാജന്റെ ശരീരത്തിലേക്ക് തീപടർന്നത്. ആത്മഹത്യ അല്ലെന്ന് സഹോദരി ആരോപിച്ചിരുന്നു.

ദമ്പതികൾ മരിച്ച സംഭവത്തിൽ സാഹചര്യത്തിന് അനുസരിച്ച് പെരുമാറാത്ത പൊലീസുദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന ആരോപണത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്. നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.