പത്തനംതിട്ട: എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴിവേലിയെ സസ്പെൻഡ് ചെയ്തതായി സംസ്ഥാന ജനറൽ സെക്രട്ടറി എം. ഉദയസൂര്യൻ അറിയിച്ചു. ജനറൽ സെക്രട്ടറിയുടെ തന്തയ്ക്ക് വിളിച്ചതും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനുമാണ് നടപടി. വിരമിക്കാൻ ആറു ദിവസം മാത്രം ബാക്കി നിൽക്കേയാണ് നടപടി.

സുരേഷ് വിരമിക്കുന്നതോടെ വരുന്ന ജില്ലാ പ്രസിഡന്റിന്റെ ഒഴിവിലേക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിന് വേണ്ടി ഇന്ന് യോഗം വിളിച്ചിരുന്നു. ഈ യോഗത്തിന് സംസ്ഥാന കമ്മറ്റിയുടെ അനുമതി വാങ്ങിയിട്ടില്ലെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. വാട്സാപ്പിലൂടെയാണ് ഈ വിവരം അറിയുന്നതെന്ന് എം. ഉദയസൂര്യൻ പുറത്തിറക്കിയ സസ്പെൻഷൻ ഉത്തരവിലുണ്ട്.

ഇങ്ങനെ ഒരു യോഗം ചേർന്ന് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കാൻ സംസ്ഥാന ഭാരവാഹി യോഗം നാളിതുവരെ തീരുമാനം എടുത്തിട്ടില്ല. ഇതേക്കുറിച്ച് സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരെ ബന്ധപ്പെട്ടവർ അറിയിച്ചിട്ടില്ല. ഇത് തികച്ചും സംഘടനാവിരുദ്ധ പ്രവർത്തനമാണ്. ജില്ലാ കമ്മിറ്റി കൗൺസിൽ യോഗം കൂടാൻ തീരുമാനം എടുത്തിരുന്നെങ്കിൽ രേഖാമൂലം സംസ്ഥാന കമ്മിറ്റിയെ അറിയിക്കേണ്ട തായിരുന്നു.

സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവർക്കും കൗൺസിൽ അറിയിപ്പ് നൽകിയിട്ടില്ല. ഇത് ജില്ലാ കമ്മിറ്റിയുടെ ഗുരുതരമായ വീഴ്ചയാണ്. മേലിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കരുതെന്ന് സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ് കുഴിവേലിയെ സസ്പെൻഡ് ചെയ്തതിനൊപ്പം നിയമ നടപടികളും സ്വീകരിക്കും. സംഘടനാ ജനറൽ സെക്രട്ടറിയെ പേരെടുത്ത് പറഞ്ഞു സോഷ്യൽ മീഡിയയിലൂടെ മോശമായ പദപ്രയോഗങ്ങൾ ഉപയോഗിച്ചും ജാതിപ്പേര് വിളിച്ചും ആക്ഷേപിച്ചുവെന്ന പരാതി എസ്‌പിക്ക് നൽകും.