ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ദേശീയപാതയുടെ നവീകരണത്തിനായി ടെണ്ടർ നടപടികൾ തുടങ്ങിയതായും ഹരിപ്പാട് മുതൽ താൽക്കാലിക അറ്റകുറ്റപ്പണി ആരംഭിച്ചതായും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഓഫീസിൽനിന്ന് അറിയിച്ചു. ദേശീയപാത ആറുവരിപ്പാതയാക്കൽ പദ്ധതി വേഗത്തിൽ മുന്നോട്ട് പോകുമ്പോഴും നിലവിലെ ദേശീയപാത അറ്റകുറ്റപ്പണി നടത്താത്തതിനാൽ ജനങ്ങൾ വലിയ പ്രയാസത്തിലായിരുന്നു. പ്രത്യേകിച്ച് ആലപ്പുഴ ജില്ലയിലെ ദേശീയപാതയുടെ സ്ഥിതി പരിതാപകരമായിരുന്നു. ഒട്ടേറെ അപകടങ്ങൾ നടക്കുകയും ജനങ്ങൾ വലിയതോതിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

പൊതുമരാമത്ത് വകുപ്പിന് കീഴിൽ നിന്നും ഈ റോഡുകൾ ആറുവരിപ്പാത വികസനത്തിനായി ദേശീയപാത അഥോറിറ്റിക്ക് കൈമാറിയിരുന്നു. അതുകൊണ്ട് തന്നെ കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് റോഡിലെ അറ്റകുറ്റപ്പണികൾ ചെയ്യാൻ സാധിച്ചില്ല. നവീകരണത്തിനായി മന്ത്രി മുഹമ്മദ് റിയാസ് നിരന്തരം ദേശീയപാത അഥോറിറ്റിയുമായി ബന്ധപ്പെട്ട ശേഷമാണ് അറ്റകുറ്റപ്പണിക്ക് അവസരം ഒരുങ്ങിയത്.