- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമ്പത് മണിക്കൂർ നീണ്ടു നിന്ന എൻഐഎയുടെ ഗ്രില്ലിംഗിന് ശേഷം മന്ത്രി പുറത്തേക്കെത്തിയത് പുഞ്ചിരിക്കുന്ന മുഖവുമായി; തന്നെ നോക്കി ഫോക്കസ് ചെയ്തുവെച്ച ചാനൽ ക്യാമറകളെ നോക്കി കൈവീശി കാണിച്ചു; ആലുവ മുൻ എംഎൽഎ എ എം യൂസഫിന്റെ കാറിൽ കയറി യാത്ര തുടർന്ന മന്ത്രി ഗസ്റ്റ് ഹൗസിൽ എത്തും മുമ്പ് മറ്റൊരു വാഹനത്തിൽ കയറിപ്പോയി; ചേസ് ചെയ്യാൻ ചാനലുകൾക്ക് പിടി കൊടുക്കാതെ മുങ്ങൽ; ഇന്ന് പുലർച്ചെ മാധ്യമങ്ങളെ കാണാതിരിക്കാൻ നാടകം കളിച്ച കെ ടി ജലീൽ ഒളിച്ചുകളി തുടരുന്നു
കൊച്ചി: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചി എൻഐഎ ഓഫീസിൽ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒമ്പത് മണിക്കൂർ എൻഐഎ ചോദ്യം ചെയ്ത ശേഷമാണ് മന്ത്രി കെ ടി ജലീൽ ഓഫീസിൽ നിന്നും പുറത്തേക്ക് എത്തിയത്. പുറത്തേക്ക് ചിരിച്ച മുഖവുമായാണ് ജലീൽ എത്തിയത്. കാറിൽ കയറുന്നതിന് മുമ്പായി തന്നെ ഫോക്കസ് ചെയ്തുവെച്ച ചാനൽ ക്യാമറകളെ നോക്കി അദ്ദേഹം കൈവീശിക്കാണിച്ചു. ഇതിന് ശേഷം കാറിൽ കയറി യാത്ര തുടർന്ന മന്ത്രി ചാനൽ ക്യാമറകളെ കബളിപ്പിച്ചു കടന്നു കളയുകയും ചെയ്തു.
എൻഐഎ ഓഫീസിൽ നിന്നും പുറപ്പെട്ട മന്ത്രി പാതിവഴിയിൽ വെച്ച് മറ്റൊരു കാറിൽ കയറി പോകുകയായിരുന്നു. ഗസ്റ്റ് ഹൗസിലേക്ക് എത്തിയ വണ്ടിയിൽ മന്ത്രി ഉണ്ടായിരുന്നില്ല. മന്ത്രി തലസ്ഥാനമായി തിരുവനന്തപുരത്തേക്കാണ് യാത്രതിരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മന്ത്രിവാഹനത്തിലാണോ സ്വകാര്യ വാഹനത്തിലാണോ പോയതെന്ന കാര്യം വ്യക്തമായിട്ടില്ല. മുമ്പത്തെ പോലെ മന്ത്രിയെ പിന്തുടരാൻ വേണ്ടി ചാനലുകൾ കാത്തിരിക്കുകയായിരുന്നു. എന്നാൽ, പതിവു പോലെ മാധ്യമങ്ങളെ അഭിമുഖീകരിക്കാതെ മുങ്ങുകയാണ് ജലീൽ ചെയ്തത്.
രാവിലെ ആറ് മണിക്ക് നാടകീയുമായി എൻഐഎ ഓഫീസിൽ എത്തിയ മന്ത്രി കെ ടി ജലീൽ വൈകിട്ട് അഞ്ച് മണിയോടെയാണ് ഓഫീസിൽ നിന്നും പുറത്തിറങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ കൂട്ടാക്കിയില്ലെങ്കിലും മാധ്യമപ്രവർത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്തു. പത്തര മണിക്കൂറോളമാണ് മന്ത്രി കേന്ദ്ര ഏജൻസിയുടെ ഓഫീസിൽ തുടർന്നിരിക്കുന്നത്. പറയാനുള്ളതെല്ലാം പറഞ്ഞെന്നാണ് മന്ത്രി മനോരമ ന്യൂസ് ചാനലിനോട് അറിയിച്ചിരിക്കുന്നത് എന്നാണ് പുത്തുവരുന്ന വിവരങ്ങൾ. മന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചെന്നുമാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്ക് നടുവിലേക്കാണ് മന്ത്രി ഇറങ്ങിയിരിക്കുന്നത്. ഇന്ന് പുലർച്ചെ മുതൽ കേരളത്തിൽ പലയിടങ്ങളിലായ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. രാവിലെ ആറുമണിയോടെയാണ് മുൻ ആലുവ എംഎൽഎ എ.എം.യൂസഫിന്റെ കാറിലാണ് മന്ത്രി കൊച്ചിയിലെ എൻ.ഐ.എ. ഓഫീസിൽ എത്തിയത്. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് വേണ്ടി വിളിപ്പിച്ചു എന്നാണ് വിവരം. മാർച്ച് നാലിന് എത്തിയ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സ്വർണക്കടത്ത് കേസിലെ സ്വപ്നയടക്കമുള്ള പ്രതികളുമായുള്ള ബന്ധം, കോൺസുലേറ്റ് ജനറലുമായുള്ള ബന്ധം എന്നീ വിഷയങ്ങളിൽ എൻഐഎ വ്യക്ത തേടിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
മാധ്യമങ്ങൾ അറിയാതിരിക്കാനാണ് പുലർച്ചെതന്നെ ജലീൽ എൻ.ഐ.എ. ഓഫീസിലെത്തിയതെങ്കിലും മാധ്യമപ്രവർത്തകരുടെ മുന്നിൽ പെടുകയായിരുന്നു. മനോരമ ന്യൂസിന്റെ അനിൽ ഇമ്മാനുവലാണ് മന്ത്രി വരുന്ന വിവരം അറിഞ്ഞ് അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാനാണ് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിൽ എത്തിയതെന്നാണ് സൂചന. കഴിഞ്ഞ തവണ ഇ.ഡി. ഓഫീസിലെത്തിയതും സ്വകാര്യവാഹനത്തിലായിരുന്നു. അന്ന് ചോദ്യംചെയ്യലിനു ശേഷവും ജലീൽ അക്കാര്യം മാധ്യമപ്രവർത്തകരോട് സമ്മതിച്ചിരുന്നില്ല.
ജലീലിനെ എൻ.ഐ.എ. ചോദ്യംചെയ്യാൻ വിളിച്ചതായുള്ള വാർത്ത പുറത്തുവന്ന ഉടൻതന്നെ പ്രതിപക്ഷവും ബിജെപിയും ജലീലിന്റെ രാജി എന്ന ആവശ്യം ശക്തമായുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാക്കുമെന്നാണ് പ്രതിപക്ഷ കക്ഷികൾ നൽകുന്ന സൂചന. അതിനിടെ ഒന്നും ഒളിച്ചുവെയ്ക്കാനില്ലെന്നും സത്യം ജയിക്കുമെന്നായിരുന്നു ചോദ്യം ചെയ്യലിനിടെ രാവിലെ 10 മണിക്ക് കെടി ജലീൽ വാട്സ് ആപ്പിലൂടെ മാധ്യമങ്ങോട് പ്രതികരിച്ചത്.
എൻ.ഐ.എയുടെ ചോദ്യം ചെയ്യലിനിടെ രണ്ട് തവണയാണ് മന്ത്രി സന്ദേശങ്ങൾ അയച്ചത്. ഉച്ചക്ക് 1.19ന് ലഭിച്ച സന്ദേശത്തിൽ വളരെ സന്തോഷവാനാണെന്നും മറച്ചുവെക്കാനൊന്നും ഇല്ലെന്നും പറയുന്നു. രാവിലെ 10 മണിയോടെ അയച്ച സന്ദേശത്തിൽ ഒന്നും ഒളിച്ചുവെക്കാനില്ലെന്നും സത്യം ജയിക്കുമെന്നുമാണ് പറയുന്നത്. പ്രതിപക്ഷ ആരോപണങ്ങൾക്ക് അന്വേഷണം അവസാനിക്കുന്നതുവരേയേ ആയുസ് ഉണ്ടാവുകയുള്ളൂവെന്നും വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തേടിയുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ആണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അതേസമയം, എൻഫോഴ്സ്മെന്റിന് പിന്നാലെ മന്ത്രി കെ.ടി.ജലീലിനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്തതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരുമന്ത്രി ഇത്തരത്തിലൊരു അന്വേഷണം നേരിടുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ തെരുവിൽ അടിച്ചമർത്തുന്ന സർക്കാർ നിലപാടും തിരിച്ചടിച്ചേക്കും.
മുഖ്യമന്ത്രിയും സഹമന്ത്രിമാരും ഇതുവരെ കെ.ടി. ജലീലിനെ പ്രതിരോധിക്കുകയാണ്. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധവും ചട്ടവിരുദ്ധമായി വിദേശ കോൺസുലേറ്റിന്റെ സഹായം സ്വീകരിച്ചതും യുഎഇയിൽ നിന്നുവന്ന മതഗ്രന്ഥം സർക്കാർവാഹനത്തിൽ കൊണ്ടുപോയതുമാണ് എൻ.ഐ.എ അന്വേഷിക്കുന്നത്. മന്ത്രിയെ ചോദ്യം ചെയ്തതിൽ നിന്നുള്ള എൻഫോഴ്സ്മെന്റിന്റെ നിഗമനവും എൻഐഎയുടെ സമീപനവും വ്യക്തമല്ലാത്തത് സർക്കാരിനെ കുഴയ്ക്കുന്നു. നേരത്തെ അന്വേഷണ ഏജൻസികൾചോദ്യം ചെയ്തപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ നടപടിയെടുത്തിരുന്നു.
എന്നാൽ മന്ത്രിയുടെ കാര്യത്തിലെ വ്യത്യസ്തമായ നിലപാട് ചോദ്യം ചെയ്യപ്പെടുന്നു. കെ.ടി.ജലീൽ രാജിവെക്കേണ്ട എന്ന രാഷ്ട്രീയ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ. പ്രതിപക്ഷത്തിന്റെ പ്രതിഷേധം കൂടുതൽ കടുക്കുമെന്ന് ഉറപ്പാണ്. പ്രതിഷേധത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന നിലപാടാണ് സർക്കാരിന്റേത്. പക്ഷെ മന്ത്രിക്കെതിരെ കൂടുതൽവിവരങ്ങൾ പുറത്തു വന്നാൽ ന്യായീകരിക്കാൻ ബുദ്ധിമുട്ടാവും. ഇത് സർക്കാരിന്റെ പ്രതിഛായക്ക് ഇടിവുണ്ടാക്കുമെന്ന ആശങ്കയും ഭരണ നേതൃത്വത്തിനുണ്ട്. എൻ.ഐ.എയുടെ നീക്കങ്ങൾ സൂക്ഷമായി നിരീക്ഷിച്ചേശേഷമേ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും മറിച്ചൊരു നിലപാടിലേക്ക് എത്താൻ ഇടയുള്ളൂ.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.