തിരുവല്ല: ബൈക്കിൽ കറങ്ങി നടന്ന് വഴിയാത്രക്കാരായ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിരുന്ന യുവാവ് പൊലീസിന്റെ പിടിയിൽ. ചെങ്ങന്നൂർ ചെറിയനാട് തേൻ കുളത്തിൽ നിതിൻ ബാബു (24) ആണ് പിടിയിലായത്. തിരുവല്ല മതിൽഭാഗം സ്വദേശിനിയായ പതിനേഴുകാരിയെ ഉപദ്രവിച്ച കേസിൽ പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിന്മേൽ അന്വേഷണം നടക്കവെയാണ് ഇയാൾ പിടിയിലായത്.

ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ സഞ്ചരിക്കുന്ന നിതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പെരിങ്ങരയിൽ വെച്ച് നാട്ടുകാർ ചേർന്ന് തടഞ്ഞതോടെ ഇയാൾ ബൈക്ക് ഉപേക്ഷിച്ച് ഓടി. ഇയാളെ പിന്തുടർന്ന നാട്ടുകാർ ചേർന്ന് ഓടിച്ചിട്ട് പിടികൂടി പുളിക്കീഴ് പൊലീസിന് കൈമാറുകയായിരുന്നു. പുളിക്കീഴ് പൊലീസ് നിതിനെ തിരുവല്ല പൊലീസിന് കൈമാറി.

സ്ത്രീ പീഡനം ഉൾപ്പെടുന്ന 354 എ വൺ വകുപ്പ് ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കെട്ടിട നിർമ്മാണ തൊഴിലാളിയായ നിതിൻ രാവിലെ ജോലിക്ക് വരുമ്പോഴും തിരികെ മടങ്ങുമ്പോഴുമാണ് റോഡിലൂടെ തനിച്ച് നടന്നു പോകുന്ന സ്ത്രീകൾക്ക് നേരേ അതിക്രമം കാട്ടിയിരുന്നത്. കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾക്ക് ഇയാൾ അടിമയാണെന്നും പൊലീസ് പറഞ്ഞു.

ഇയാളുടെ ബൈക്കിന്റെ പിന്നിലെയും മുമ്പിലെയും നമ്പർ പ്ലേറ്റുകളിൽ വ്യത്യസ്തമായാണ് രേഖപ്പെടുത്തിയിരുന്നത്. ബൈക്കും പൊലീസ് കസ്റ്റഡിൽ എടുത്തിട്ടുണ്ട്.