പത്തനംതിട്ട: കീഴ്‌വായ്‌പ്പൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ കല്ലൂപ്പാറയിൽ കെട്ടിട നിർമ്മാണ തൊഴിലാളിയെ തല്ലിക്കൊന്ന കേസിൽ പ്രതികൾ ഉടനെ കുടുങ്ങാൻ കാരണമായത് നൈറ്റ് പട്രോളിങ് ഓഫീസർ എസ്ഐ സുരേന്ദ്രന്റെ അവസരോചിതമായ കർത്തവ്യ നിർവഹണം മൂലമെന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ സമയോചിതമായ പ്രവർത്തനത്തിലൂടെ പ്രതികൾ കുടുങ്ങിയ സംഭവത്തിൽ എസ് ഐ പ്രത്യേക പ്രശംസ അർഹിക്കുന്നതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

എസ്ഐയും ഡ്രൈവർ എസ്സിപിഓ സജി ഇസ്മയിലും പൊലീസ് സ്റ്റേഷന് താഴെയുള്ള എസ്‌ബിഐയിലെ പട്ടാ ബുക്കിൽ ഒപ്പിട്ട ശേഷം പട്രോളിങ് തുടരവേ കല്ലൂപ്പാറ അമ്പാട്ടുഭാഗം എന്ന സ്ഥലത്ത് ഒരു വീട്ടിൽ സഹോദരിയെ ഇളയ സഹോദരൻ ഉപദ്രവിക്കുന്നെന്ന സന്ദേശം എത്തി. പുലർച്ചെ ഒരു മണിയോടെ അവിടെയെത്തി പ്രശ്നം പരിഹരിച്ചു. പിറ്റേന്ന് രാവിലെ സ്റ്റേഷനിൽ എത്താൻ ഇരുകക്ഷികളെയും നിർദ്ദേശിച്ച ശേഷം യാത്ര തുടരുമ്പോൾ കോമളം റോഡിൽ വച്ച് സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടു പേരെ കണ്ടു.

കറുത്ത നിക്കറും ബനിയനും ധരിച്ച നല്ല തടിയുള്ളവരായിരുന്നു ഇരുവരും. അവരുടെ ശരീരത്തിലെ ചോരക്കറ ശ്രദ്ധയിൽപ്പെട്ട എസ്ഐ സുരേന്ദ്രൻ പിടിച്ചു പൊലീസ് വാഹനത്തിൽ കയറ്റി. വിശദമായി ചോദ്യം ചെയ്തപ്പോൾ അവരിൽ നിന്ന് കിട്ടിയത് ക്രൂരമായ ഒരു കൊലപാതകത്തിന്റെ കഥയും പ്രതികളിലേക്കുള്ള വഴിയുമായിരുന്നു. തിരുവനന്തപുരം മാർത്താണ്ഡത്തുനിന്നുള്ള കെട്ടിടം പണിക്കാരായിരുന്നു ഇവർ. സുഹൃത്തായ തക്കല സ്വദേശി സ്റ്റീഫനുമായി കെട്ടിട നിർമ്മാണ കരാറുകാരനായ സുരേഷിന്റെയും സഹോദരൻ ആൽവിൻ ജോസിന്റെ വാടക വീട്ടിലേക്ക് പോയതായിരുന്നു. ഒരു ബുള്ളറ്റിലാണ് കല്ലൂപ്പാറ എൻജിനീയറിങ് കോളജിന് തെക്ക് ഭാഗത്തുള്ള വാടക വീട്ടിലാണ് മൂവരും എത്തിയത്. ആ സമയം വാടക വീട്ടിൽ ഇവരെ കൂടാതെ ഒമ്പതു പേർ കൂടിയുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകൾ സംസാരിച്ച് തർക്കം ഉണ്ടായി. തുടർന്ന് സ്റ്റീഫനടക്കം മൂവരെയും എതിരാളികൾ മർദിച്ച് പരിക്കേൽപ്പിച്ചു. പ്രാണരക്ഷാർത്ഥം മൂവരും ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ സ്റ്റീഫ (40)നെ എന്നയാളെ കമ്പി കൊണ്ട് തലയിൽ അടിച്ച് പരുക്കേൽപ്പിച്ചു. ബോധരഹിതനായ അയാൾ രക്തം വാർന്നു മരിച്ചു.

ജീപ്പിൽ കയറിയവരുടെ തുറന്നു പറച്ചിൽ കേട്ട് ഞെട്ടിയ എസ്ഐ കൃത്യം നടന്ന വീട്ടിലെത്തി. കൂടെയുണ്ടായിരുന്ന സിപിഓയെ ജീപ്പിലുള്ളവരെ നോക്കാൻ ഏൽപ്പിച്ച ശേഷം എസ്ഐ വീടിനുള്ളിൽ കടന്നു. ഒരു ലാത്തി മാത്രമാണ് കൈയിലുള്ളത്. പരിഭ്രമിച്ചു നിൽക്കുന്ന ഒമ്പതു പേരെയും അവരുടെ നടുവിൽ ബോധമില്ലാതെ കിടക്കുന്ന സ്റ്റീഫനെയും കണ്ടു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തന്ത്രപൂർവം തടഞ്ഞു വച്ച് ചോരയോലിപ്പിച്ച് കിടന്നയാളെ 108 ആംബുലൻസ് വിളിച്ചുവരുത്തി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

പരിശോധിച്ച ഡോക്ടർ മരണം മൂന്നുമണിക്കൂർ മുമ്പ് സംഭവിച്ചതായി സ്ഥിരീകരിച്ചു. പൊലീസ് ഇൻസ്‌പെക്ടറേയും തിരുവല്ല ഡി വൈ എസ് പി യെയും വിവരം വിളിച്ചറിയിച്ചു. പ്രതികളെന്ന് സംശയിച്ച അഞ്ചു പേരെ പൊലീസ് വാഹനത്തിൽ കയറ്റി മല്ലപ്പള്ളി താലൂക് ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തിച്ചു. ആയുധമായ കമ്പി ബന്ധവസിലെടുത്തു, തുടർന്ന് സ്റ്റേഷനിൽ ഹാജരായി ആദ്യം വഴിയരികിൽ നിന്നു കയറ്റിയ രണ്ടുപേരിൽ ഒരാളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

സംഭവത്തോടാനുബന്ധിച്ചു തമിഴ്‌നാട് മാർത്താണ്ടം സ്വദേശികളായ ആൽവിൻ ജോസ്(, 39), സുരേഷ് (45) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിൽ കൂടുതൽ പ്രതികളുണ്ടോ തുടങ്ങിയ കാര്യങ്ങളെപ്പറ്റി കൂടുതൽ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.