ന്യൂഡൽഹി: കാലവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസിൽ അഭിഭാഷകയും പരിസ്ഥിതി പ്രവർത്തകയുമായ മലയാളി അഭിഭാഷക നികിത ജേക്കബിനെ അറസ്റ്റു ചെയ്യാൻ നീക്കം. ഇതിനായി ഡൽഹി പൊലീസ് മുംബൈയിൽ എത്തിയിട്ടുണ്ട്. ഇതിനിടെ അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം തേടി നികിത ബോംബെ ഹൈക്കോടതിയെ സമീപിച്ചു. വാറണ്ട് പുറപ്പെടുവിച്ച കോടതിയിൽ സ്ഥിര ജാമ്യപേക്ഷ സമർപ്പിക്കുന്നതിന് നാലാഴ്ച സമയം വേണമെന്നും, അതുവരെ പൊലീസ് നടപടി തടയണമെന്ന് ആവശ്യപ്പെട്ട് നികിത ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

കർഷക സമരവുമായി ബന്ധപ്പെട്ട് തയാറാക്കിയ ടൂൾ കിറ്റ് ഗ്രെറ്റ തുൻബർഗിന് കൈമാറിയത് താനല്ലെന്നാണ് നികിത ജേക്കബ് മൊഴി നൽകിയത്. ടൂൾ കിറ്റ് തയാറാക്കിയത് താൻ അംഗമായ പരിസ്ഥിതി കൂട്ടായ്മയാണ്. കർഷക സമരത്തെ ബോധവൽകരിക്കാനാണിതെന്നും നികിത ജേക്കബ് പറയുന്നു. താൻ കേസ് അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും ആദ്ദേഹം പറഞ്ഞു.

തനിക്കെതിരെ എഫ്‌ഐആർ പോലും നൽകാത്ത കേസിൽ രാഷ്ട്രീയ പ്രേരിതമായി അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. മതരാഷ്ട്രീയസാമ്പത്തിക അജൻഡകൾ തനിക്കില്ലെന്നും ഹർജിയിൽ നികിത വ്യക്തമാക്കുന്നു. ജസ്റ്റിസ് പി.ഡി.നായ്ക്കിന്റെ സിംഗിൾ ബെഞ്ചാണ് ഹർജി കേൾക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ പരിസ്ഥിതി പ്രവർത്തകൻ ശാന്തനു മുളുകും സമാന ഹർജിയുമായി ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിൽ അന്വേഷണം പാക് ചാരസംഘടനയിലേക്കും നീട്ടിയിരിക്കയാണ് രഹസ്യാന്വേഷണ ഏജൻസികൾ. ഖലിസ്ഥാൻ വാദത്തിന് പുറമേയാണ് സംഭവത്തിലെ പാക് പങ്കും രഹസ്യാന്വേഷണ ഏജൻസികൾ ഒരുങ്ങുന്നത്.

കേസിൽ ശനിയാഴ്ച ദിശ രവിയെ ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തു ഡൽഹിയിലെത്തിച്ചത് ട്രാൻസിറ്റ് വാറന്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഡൽഹി പൊലീസ് നികിതയ്ക്കും ശാന്തനുവിനും എതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. ഖലിസ്ഥാൻ ബന്ധമെന്ന വാദം ആവർത്തിച്ച പൊലീസ്, പാക്ക് ചാരസംഘടന ഐഎസ്‌ഐയിലേക്കു കൂടി അന്വേഷണം വ്യാപിപ്പിച്ചു.

സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ ട്യൂൻബെർഗ് പോസ്റ്റ് ചെയ്ത 'ടൂൾകിറ്റ്' മാർഗരേഖയുമായി ബന്ധപ്പെട്ട നടപടികൾ ദിശ, നികിത, ശാന്തനു എന്നിവർ ഏകോപിപ്പിച്ചെന്നാണു പൊലീസിന്റെ വാദം. ഈ മാസം 11നു മുംബൈ ഗോരേഗാവിലെ നികിതയുടെ ഫ്‌ളാറ്റിൽ തിരച്ചിൽ നടത്തിയ പൊലീസ് ലാപ്‌ടോപ്പും മൊബൈൽ ഫോണും മറ്റും പിടിച്ചെടുത്തിരുന്നു.

21 വയസ്സുള്ള ദിശയുടെ അറസ്റ്റ് ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണെന്നും കർഷകരെ പിന്തുണയ്ക്കുന്നതു കുറ്റമല്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ചരിത്രകാരൻ രാമചന്ദ്ര ഗുഹ, അഭിനേതാക്കളായ പ്രകാശ് രാജ്, സിദ്ധാർഥ്, സ്വര ഭാസ്‌കർ, ചേതൻ കുമാർ, ഗായിക ചിന്മയി ശ്രീപാദ, കർണാടക സംഗീതജ്ഞൻ ടി.എം കൃഷ്ണ തുടങ്ങിയവരും സംയുക്ത കിസാൻ മോർച്ചയും പ്രതിഷേധവുമായി രംഗത്തുവന്നു.നടപടിക്രമങ്ങൾ പാലിച്ച്, അമ്മയുടെയും സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ദിശയെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തതെന്നു ഡൽഹി പൊലീസ് പ്രതികരിച്ചു.