മലപ്പുറം: യു.ഡി.എഫിന്റെ 10 വർഷത്തെ കുത്തക തകർത്ത് നിലമ്പൂർ നഗരസഭാ ഭരണം ഇടതുമുന്നണി പിടിച്ചതോടെ പാർട്ടി ഭരണം നടപ്പാക്കി ഡിവൈഎഫ്ഐ. നഗരസഭയുടെ അധീനതയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ഡിവൈഎഫ്‌ഐ പ്രവർത്തകർ കയ്യേറി പാർട്ടി പതാകയുടെ പെയിന്റടിച്ചു കൊടി കെട്ടിയാണ് പാർട്ടി ആധിപത്യം പ്രഖ്യാപിച്ചത്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ മുനിസിപ്പൽ സെക്രട്ടറിയെ ഉപരോധിച്ചു.

കെഎൻജി റോഡിൽ ജനതപ്പടിയിൽ ആണ് സംഭവം. ബസ് കാത്തിരിപ്പ് കേന്ദ്രം 40 വർഷം മുൻപ് ലയൺസ് ക്ലബ് നിർമ്മിച്ചതാണ്. ഭിത്തികൾ വിണ്ടുകീറിയും അടിത്തറ ഇരുന്നും കെട്ടിടം തകർച്ചയിൽ ആണ്. പുനർനിർമ്മിക്കുമെന്ന് അടുത്തിടെ നഗരസഭാധ്യക്ഷൻ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ കെട്ടിടത്തിന് ചുമപ്പും വെള്ളയും പെയിന്റടിച്ച്. നക്ഷത്ര ചിഹ്നവും വരച്ചു. ഡിവൈഎഫ്‌ഐയുടെ കൊടിയും സ്ഥാപിച്ചു.

സംഭവം വിവാദമായതോടെ നഗരസഭയുടെ അനുമതി വാങ്ങാതെ ആണ് പ്രവൃത്തി നടത്തിയതെന്ന് അധികൃതർ പറഞ്ഞു. പൊതുമുതൽ കയ്യേറിയതിന് നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നഗരസഭാ സെക്രട്ടറി എ.ഫിറോസ് ഖാനെ ഉപരോധിച്ചു. കെട്ടിടത്തിൽ നിന്ന് ഡിവൈഎഫ്‌ഐ പതാക ഉൾപ്പെടെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ആര്യാടൻ ഷൗക്കത്ത്, വി.എ.കരിം, പാലോളി മെഹബൂബ്, എ.ഗോപിനാഥ്, ഷേർളി മോൾ എന്നിവർ നേതൃത്വം നൽകി. നടപടിയെടുക്കാമെന്ന ഉറപ്പിൽ ആണ് സമരം അവസാനിപ്പിച്ചത്.
നിയമ നടപടി ആവശ്യപ്പെട്ടു ഐ എൻ ടി യു സി ഭാരവാഹികളായ നജീബ്, റഹീം ചോലയിൽ, ടി.എം.എസ്. ആസിഫ്, റനീസ് കവാട് എന്നിവരും സെക്രട്ടറിക്ക് പരാതി നൽകി. യൂത്ത് ലീഗ്, എംഎസ്എഫ് പ്രവർത്തകർ സെക്രട്ടറി, പൊതുമരാമത്ത് (റോഡ്‌സ് ) അസിസ്റ്റന്റ് എൻജിനീയർ എന്നിവർക്ക് പരാതി നൽകി.