- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിയോടത്തിൽ കയറി ഫോട്ടോ ഷൂട്ട്: സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ; നിമിഷ ബിജോയെ അറസ്റ്റ് ചെയ്തത് ആചാര ലംഘനം നടത്തിയെന്ന പള്ളിയോട സംഘത്തിന്റെ പരാതിയിൽ; അസഭ്യവർഷം നടത്തിയതിന് എതിരെ സൈബർ സെല്ലിൽ നൽകിയ പരാതിയുമായി മുന്നോട്ടുപോകുമെന്ന് നിമിഷയും
പത്തനംതിട്ട: പള്ളിയോടത്തിൽ കയറി ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിലായി. ചാലക്കുടി സ്വദേശി നിമിഷ ബിജോ, പത്തനംതിട്ട പുലിയൂർ സ്വദേശി ഉണ്ണി എന്നിവരെയാണ് പള്ളിയോടം സംഘം നൽകിയ പരാതിയിൽ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നിമിഷ ബിജോയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.അതേസമയം, സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരെ അസഭ്യവർഷം നടത്തിയതിനെതിരെ സൈബർ സെല്ലിൽ നൽകിയ പരാതിയുമായി മുന്നോട്ട് പോകുമെന്ന് നിമിഷ അറിയിച്ചു.
അചാരലംഘനം ആരോപിച്ച് ബിജെപിയും പരാതി നൽകിയിരുന്നു. വ്രതശുദ്ധിയോടുകൂടി മാത്രമാണ് പള്ളിയോടത്തിൽ കയറുന്നതെന്നും സ്ത്രീകൾ പള്ളിയോടങ്ങളിൽ കയറാൻ പാടില്ലെന്നുമാണ് സേവാസംഘം പറയുന്നത്. കൂടാതെ പാദരക്ഷകൾ ഉപയോഗിക്കാറുമില്ല. അതേസമയം നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തിൽ കയറിയതെന്നാണ് പരാതിയിൽ പറയുന്നത്.
പള്ളിയോടങ്ങൾ സൂക്ഷിക്കുന്നത് നദീതീരത്തോട് ചേർന്ന് പള്ളിയോടപ്പുരകളിലാണ്. ഇവിടെപോലും പാദരക്ഷകൾ ആരും ഉപയോഗിക്കാറില്ല. കൂടാതെ ഓരോ പള്ളിയോടങ്ങളും അതാത് പള്ളിയോടക്കാരുടെ ഉടമസ്ഥതയിലാണ് ഉള്ളത്. ഇവരുടെ അനുമതിയില്ലാതെ പള്ളിയോടങ്ങളിലോ പുരയിലോ കയറാൻ പാടില്ലെന്നാണ് രീതിയെന്നും ഇവർ പറയുന്നു.
ഓതറ പുതുക്കുളങ്ങര പള്ളിയോടത്തിലായിരുന്നു ചാലക്കുടി സ്വദേശി നിമിഷയുടെ ഫോട്ടോ ഷൂട്ട്. തൊട്ടുപിന്നാലെ ഇൻസ്റ്റാഗ്രാമിലും ഫേസ് ബുക്കിലും നിമിഷ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. വിദേശത്തുള്ള പുതുക്കുളങ്ങരക്കാർ ചിത്രം കണ്ട് നാട്ടിലുള്ളവർക്ക് അയച്ചു കൊടുത്തതോടെയാണ് വിവാദം ഉയർന്നത്.
ആചാരാനുഷ്ഠാനങ്ങളോടെ പുരുഷന്മാർ മാത്രം കയറുന്നതാണ് പള്ളിയോടം. ഇതിൽ കയറുന്നവർക്ക് കർശന വൃത നിഷ്ഠകളുണ്ട്. ഭഗവദ് കീർത്തനങ്ങൾ ഉരുവിട്ടു കൊണ്ട് പാദരക്ഷകൾ ഉപേക്ഷിച്ച് വേണം പള്ളിയോടത്തിൽ കയറുവാൻ. ഈ ആചാരമാണ് നിമിഷ ലംഘിച്ചത്. മാലിപ്പുരയിൽ സൂക്ഷിച്ചിരുന്ന പള്ളിയോടത്തിൽ മോഡേൺ ഡ്രസും ഷൂസും ധരിച്ചാണ് നിമിഷ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. അടഞ്ഞു കിടക്കുന്ന ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്ര ശ്രീകോവിലിന് മുന്നിൽ പുറം തിരിഞ്ഞു നിന്ന് എടുത്തതാണ് മറ്റൊരു ചിത്രം. ഈ ചിത്രത്തിലെ കോസ്റ്റിയൂം സെറ്റ് സാരിയാണ്.
പുതുക്കുളങ്ങര ക്ഷേത്രത്തിന് സമീപം ആദിപമ്പയുടെ കരയിലാണ് പള്ളിയോടം മാലിപ്പുരയിൽ സൂക്ഷിച്ചിരിക്കുന്നത്. അധികം ആൾത്താമസമില്ലാത്ത പ്രദേശത്താണ് മാലിപ്പുര. ഇവിടെ ഫോട്ടോ ഷൂട്ട് നടന്ന കാര്യം അതു കൊണ്ടു തന്നെ ആരും അറിഞ്ഞതുമില്ല. പുതുക്കുളങ്ങര പഴയ പള്ളിയോടത്തിലാണ് നിമിഷ കയറിയത്. പുതിയ പള്ളിയോടം നിർമ്മിച്ചു കൊണ്ടിരിക്കുകയുമാണ്.
പള്ളിയോട മാലിപ്പുരയെന്നത് കരക്കാരുടെ സ്വകാര്യ സ്വത്താണ്. അവിടെ അതിക്രമിച്ചു കയറി എന്നതാണ് നിമിഷയുടെയും സംഘത്തിന്റെയും ആദ്യ വീഴ്ച. സാധാരണ സ്ത്രീകൾ കയറുന്ന സ്ഥലമല്ല പള്ളിയോടം. ഇതിന് പുറമേ ചെരുപ്പിട്ടും കയറി എന്നതാണ് കരക്കാരുടെ രോഷം. ആന ഉടമയായ പുലിയൂർ സ്വദേശി ഉണ്ണി എന്നയാളാണ് നിമിഷയെയും കാമറാ സംഘത്തെയും പള്ളിയോടത്തിൽ എത്തിച്ചതെന്ന് പറയുന്നു. ഇയാളുടെ ആനയെയും ഷൂട്ടിങ്ങിന് ഉപയോഗിച്ചു.
അതേ സമയം അറിവില്ലായ്മ കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് നിമിഷ പ്രതികരിച്ചു. സംഭവത്തിൽ വിശ്വാസികൾക്കും കരക്കാർക്കുമുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നു. തെറ്റ് മനസിലായതിനെ തുടർന്ന് നവമാധ്യമങ്ങളിൽ നിന്ന് ഈ ചിത്രങ്ങൾ നിമിഷ പിൻവലിച്ചു.
അന്നുനടന്ന സംഭവത്തെപറ്റി നിമിഷ പറയുന്നു;-
'തിരുവോണത്തിന് മുമ്പാണ് ഓതറ എന്ന സ്ഥലത്ത് ഫോട്ടോ ഷൂട്ടിന് പോകുന്നത്. കൃത്യമായി പറഞ്ഞാൽ ഓഗസ്റ്റ് 16 ന്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഉണ്ണി പുലിയൂർ എന്നയാളാണ് ഫോട്ടോ ഷൂട്ടിനായി ക്ഷണിച്ചത്. ആനപാപ്പാനാണെന്നും ആനയ്‌ക്കൊപ്പം നിർത്തി ഫോട്ടോ എടുക്കാമെന്നുമായിരുന്നു വാഗ്ദാനം. ഞങ്ങളുടെ അമ്പലമൊക്കെ ഒന്ന് ഫെയ്മസ് ആകട്ടെ എന്ന് പറഞ്ഞാണ് വിളിച്ചത്.
ഇതിനായി ആദ്യം ചെങ്ങന്നൂർ ക്ഷേത്രത്തിൽ എത്താനായിരുന്നു ആവശ്യപ്പെട്ടത്. രാവിലെ ഭർത്താവ് ബിജോയും സുഹൃത്ത് ലക്ഷ്മിയും ക്യാമറാമാനും സഹായിയും ഉൾപ്പെടെ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെത്തി. അവിടെ കാത്തു നിന്ന ഉണ്ണി ഇവിടെയല്ല, മറ്റൊരു സ്ഥലത്താണ് ആനയുള്ളത് എന്ന് പറഞ്ഞു. തന്റെ ടൂവീലറിന് പിന്നാലെ വന്നാൽ മതിയെന്നും പറഞ്ഞ് ഉണ്ണി ബൈക്കെടുത്ത് പോയി. കിലോ മീറ്ററുകളോളം സഞ്ചരിച്ചാണ് ഓതറ ക്ഷേത്രത്തിലെത്തുന്നത്. അവിടെ എത്തിയപ്പോൾ ഉണ്ണി ഫോട്ടോയിൽ കാണിച്ചിരുന്ന കൊമ്പനാനയല്ലായിരുന്നു. പാറുക്കുട്ടി എന്ന പേരുള്ള പിടിയാനയായിരുന്നു.
ഉണ്ണി താമസിക്കുന്ന വീട്ടിൽ ചെന്ന് വസ്ത്രം മാറി. പട്ടുപാവാടയും ടോപ്പും ഇട്ടു വന്നു. ചോറ്റാനിക്കര ക്ഷേത്രത്തിൽ പോകാനായി വ്രതമെടുത്തു നിൽക്കുകയായിരുന്നു ഞങ്ങൾ. ഷൂവോ ചെരുപ്പോ ഉപയോഗിക്കാതെയാണ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചത്. ജീൻസോ മറ്റോ അല്ലാതെ സാരിയും പട്ടുപാവാടയും തന്നയാണ് ഉപയോഗിച്ചത്. ക്ഷേത്രം അടച്ചിട്ടിരുന്നതിനാൽ തന്നെ അകത്ത് കയറിയില്ല, പുറത്തുനിന്നാണ് ഫോട്ടോഷൂട്ട് നടത്തിയത്. ക്ഷേത്രത്തിൽ തൊഴുതതിന് ശേഷം ആനയ്‌ക്കൊപ്പമുള്ള ഫോട്ടോ എടുത്തു. കൂടെയുണ്ടായിരുന്ന ലക്ഷ്മി അവളുടെ വ്‌ളോഗിനായി വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഓണം പ്രമാണിച്ച് അത്തപ്പൂക്കളം ഇടുന്നതും മറ്റും ഷൂട്ട് ചെയ്തു. പിന്നീട് വസ്ത്രം മാറി ജീൻസും ടോപ്പും ഇട്ടു.
ആറിന്റെ തീരത്ത് നിന്നും ചിത്രങ്ങൾ എടുക്കാമെന്ന് തീരുമാനിച്ചു. അവിടെ നല്ല വെയിലായതിനാൽ തിരികെ പോരുമ്പോഴാണ് ഒരു ഷെഡ്ഡിൽ വള്ളം കയറ്റി ഇട്ടിരിക്കുന്നത് കണ്ടത്. പലകയെല്ലാം പോയ നിലയിലായിരുന്നു വള്ളം. അതിൽ കയറിനിന്നാണ് ഫോട്ടോ എടുത്തത്. അതിൽ കയറരുതെന്ന് ആരും പറഞ്ഞിരുന്നില്ല. പള്ളിയോടമാണെന്നോ കയറാൻ പാടില്ലെന്നോ അറിവുണ്ടായിരുന്നില്ല. സ്ത്രീകൾ കയറാൻ പാടില്ലെന്നോ, ചെരുപ്പ് ഉപയോഗിക്കരുതെന്നോ അവിടെ ബോർഡോ മറ്റോ ഉണ്ടായിരുന്നുമില്ല.
ഇപ്പോൾ എന്തെങ്കിലും ഉണ്ടോ എന്ന് അറിയില്ല. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വള്ളം പോലെയാണ് തോന്നിയത്. അടുത്തുള്ള ഒരു ചേട്ടനോട് ചോദിച്ചപ്പോൾ പഴയ പള്ളിയോടമാണെന്നും പുതിയത് അപ്പുറത്ത് മാറി പണിഞ്ഞു കൊണ്ടിക്കുകയാണെന്നും പറഞ്ഞു. അപ്പോഴൊന്നും നാട്ടുകാരനായ ചേട്ടനോ ഉണ്ണിയോ കയറരുതെന്ന് പറഞ്ഞില്ല. രാവിലെ 9 മണിക്കെത്തിയ ഞങ്ങൾ വൈകുന്നേരം 4 മണി കഴിഞ്ഞപ്പോഴാണ് അവിടെ നിന്നും തിരികെ പോന്നത്.
അന്ന് തന്നെ ഇൻസ്റ്റാഗ്രാമിൽ ഓതറ ക്ഷേത്രത്തിൽ വച്ചെടുത്ത ഫോട്ടോകൾ ഷെയർ ചെയ്തിരുന്നു. ഒരുപാട് ലൈക്കുകളും കിട്ടി. ശനിയാഴ്ചയാണ് പള്ളിയോടത്തിൽ കയറി നിന്നെടുത്ത ഫോട്ടോകൾ ഷെയർ ചെയ്തത്. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ആനപാപ്പാൻ ഉണ്ണി വിളിച്ചിട്ട് ഫോട്ടോ എടുത്തത് പ്രശ്‌നമായി എന്ന് പറഞ്ഞു. ഇതോടെ വേഗം തന്നെ ഇൻസ്റ്റാഗ്രാമിലെ ഫോട്ടോകൾ ഡിലീറ്റ് ചെയ്തു.
എന്നാൽ ആ ചിത്രങ്ങൾ സേവ് ചെയ്ത് മറ്റുള്ളവർ ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിക്കുകയും ആചാരലംഘനം നടത്തി എന്ന് പറഞ്ഞ് ആക്ഷേപിച്ചു പോസ്റ്റ് ഇടുകയും ചെയ്തു. അതുവരെ പള്ളിയോടം എന്താണെന്നോ, അതിന് ദൈവീകമായ ഒരു പരിവേഷം ഉണ്ടെന്നോ അറിയില്ലായിരുന്നു. അത് മനസ്സിലായതോടെ ദൈവത്തോട് ക്ഷമ പറഞ്ഞു. പക്ഷേ അപ്പോഴേക്കും സോഷ്യൽ മീഡിയ വഴി വലിയ സൈബർ അറ്റാക്ക് തുടങ്ങിക്കഴിഞ്ഞു.
എങ്ങനെയോ എന്റെ നമ്പർ കൈക്കലാക്കി പലരും വിളിക്കാൻ തുടങ്ങി. വിളിക്കുന്നവരൊക്കെ കേട്ടാലറക്കുന്ന അസഭ്യമാണ് വിളിച്ചത്. മാന്യമായി സംസാരിക്കുന്നവരോട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി. എന്നാൽ പലരും ഉറഞ്ഞു തുള്ളുകയായിരുന്നു. അറിവില്ലായ്മമൂലം ചെയ്ത തെറ്റിന് ഇത്ര ക്രൂശിക്കേണ്ടതുണ്ടോ? ചിലരുടെ ആവിശ്യം സോഷ്യല് മീഡിയയിൽ മാപ്പു പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്യണമെന്നായിരുന്നു. അറിയാതെ ചെയ്ത തെറ്റിന് ദൈവത്തോട് മാപ്പു പറഞ്ഞു. ഞാനൊരു ഹൈന്ദവ വിശ്വാസിയാണ്. ഭർത്താവ് ക്രിസ്ത്യാനിയാണെന്ന് കരുതി എന്റെ വിശ്വാസത്തിൽ നിന്നും പിന്നോട്ട് പോയിട്ടില്ല. അതിനാൽ ക്ഷേത്രത്തിൽ പോയി പരിഹാരക്രിയ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് കേസെടുത്തതായി ഒരു വിവരവും ലഭിച്ചിട്ടില്ല. തിരുവല്ല പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന് പറഞ്ഞ് നാല് പേർ വിളിച്ചിരുന്നു. അവരുടെ സംസാരം കേട്ടാൽ തന്നെ സ്റ്റേഷനിൽ നിന്നല്ലെന്ന് മനസിലായി. സ്റ്റേഷനിൽനിന്നാണെന്നും മാധ്യമങ്ങളിൽ നിന്നാണെന്നും പറഞ്ഞ് വിളികൾ വന്നുകൊണ്ടിരിക്കുകയാണ്. സ്റ്റേഷനിൽ നിന്നാണോ വിളിക്കുന്നതെന്നോ, ആരാണ് വിളിക്കുന്നതെന്നോ അറിയാൻ പറ്റുന്നില്ല. വിളിക്കുന്നവരെല്ലാം തെറി വിളിക്കുകയാണ്. പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ എങ്ങനെ പൊലീസ് സ്റ്റേഷനിൽ ചെല്ലും. മൂന്നുനാല് വട്ടം തിരുവല്ല പൊലീസ് സ്റ്റേഷന്റെ നമ്പർ എടുത്ത് വിളിച്ചു നോക്കിയെങ്കിലും ഫോൺ എടുക്കുന്നില്ല. ഞാൻ ചെയ്ത തെറ്റിന് പ്രായച്ഛിത്തമായി ആചാര പ്രകാരം ചെയ്യേണ്ടതെല്ലാം ഞാൻ ചെയ്യും. അറിവില്ലായ്മ കൊണ്ട് ചെയ്ത തെറ്റാണെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും ആരും കേൾക്കുന്നില്ല. മനസ്സിലാക്കാൻ പറ്റുന്നവർ മനസ്സിലാക്കട്ടെ' എന്നും നിമിഷ പറയുന്നു.
നോ എവിഡൻസ് എന്ന ചിത്രത്തിൽകൂടിയാണ് നിമിഷ അഭിനയ രംഗത്തേക്ക് എത്തിയത്. വിനയന്റെ ചിത്രത്തിലടക്കം ചുരുക്കം ചില ചിത്രങ്ങളിൽ സഹനടിയായും അഭിനയിച്ചു. സീരിയലുകളിലും അഭിനിയിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ