- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിന് സമാന്തരമായി നിപ പ്രതിരോധവും ഊർജ്ജിതമാക്കും; സമ്പർക്ക പട്ടികയിൽ ഉള്ള ആർക്കും ഗുരുതര ലക്ഷണങ്ങളില്ല; നിപ വാർഡിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും എന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡിനു സമാന്തരമായി നിപ്പ പ്രതിരോധവും ഊർജിതമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിപ്പ സമ്പർക്ക പട്ടികയിലുള്ള ആർക്കും ഗുരുതര രോഗലക്ഷണങ്ങളില്ല. നിപ്പ സ്റ്റേറ്റ് കൺട്രോൾ സെൽ ആരംഭിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സേവനം നിപ്പ വാർഡിൽ ലഭ്യമാക്കും. പ്രതിരോധ യജ്ഞത്തിന് മന്ത്രിമാർ നേരിട്ടു മേൽനോട്ടം വഹിക്കും. കോഴിക്കോട് മെഡിക്കൽ കോളജിൽ അധികമായി ജീവനക്കാരെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ:
കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനം തുടരുന്ന ഘട്ടത്തിലാണ് വീണ്ടും നിപ വന്നത്. കോവിഡ് പ്രതിരോധത്തോടൊപ്പം തന്നെ നിപ പ്രതിരോധത്തിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 12 വയസ്സുകാരന് നിപ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ അടിയന്തര യോഗം ചെർന്ന് നിപ വൈറസ് പ്രതിരോധിക്കാനുള്ള ആക്ഷൻ പ്ലാൻ രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം, സാമ്പിൾ ടെസ്റ്റ് ആൻഡ് റിസൾട്ട് മാനേജ്‌മെന്റ്, സമ്പർക്ക പരിശോധന, രോഗ ബാധിതർക്കായുള്ള യാത്ര സംവിധാനത്തിന്റെ നടത്തിപ്പ്, അടിസ്ഥാന സൗകര്യങ്ങൾ കൈകാര്യം ചെയ്യൽ, വിവര വിശകലനം തുടങ്ങിയവ ചെയ്യാൻ ചുമതലപ്പെടുത്തി 16 കമ്മിറ്റികൾ രൂപീകരിച്ചു.
സമ്പർക്ക പട്ടികയിൽ 257 പേരാണുള്ളത്. അതിൽ 141 ആരോഗ്യ പ്രവർത്തകരാണ്. 51 പേർ ആശുപത്രിയിലുണ്ട്. ഗുരുതരമായ രോഗലക്ഷണം ആർക്കുമില്ല. ഇന്നലെ രാത്രി വൈകി പൂണെയിൽ നിന്ന് ലഭിച്ച എട്ടു ഫലങ്ങളും നെഗറ്റീവ് ആണ് എന്നത് ആശ്വാസകരമാണ്. കോഴിക്കോട് സെറ്റ് ചെയ്ത് ലാബിൽ നിന്ന് ലഭിച്ച ഫലവും നെഗറ്റീവ് ആണ്. ഇന്ന് കൂടുതൽ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ടെസ്റ്റ് ചെയ്യും. വൈകിട്ടോടെ അതിന്റെ ഫലം ലഭിക്കും. ചില സാമ്പിളുകൾ പൂനയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇന്നലെ ലഭിച്ചതുപോലെ രാത്രി വൈകി അതിന്റെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ.
മന്ത്രിമാരുടെ ഏകോപിച്ചുള്ള പ്രവർത്തനവും ഉടനടിയുണ്ടായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനു പുറമേ മറ്റ് മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവർ കോഴിക്കോട്ടെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഒറ്റ രാത്രി കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ചികിത്സയ്ക്കുള്ള സജ്ജീകരണമൊരുക്കി. മെഡിക്കൽ കോളേജിലെ പേ വാർഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി. ഐസിയു കിടക്കകളുടേയും വെന്റിലേറ്ററുകളുടേയും ലഭ്യത ഉറപ്പാക്കി. നിപ രോഗികൾക്ക് മാത്രമായി നെഗറ്റീവ് പ്രഷർ ഐസിയുവും സജ്ജമാക്കി. സമ്പർക്ക പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കി. അന്നു തന്നെ ഹൈ റിസ്‌കിലുള്ളവരെ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. രോഗിയുമായി സമ്പർക്കത്തിലുള്ളവരെ അടിയന്തരമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സൗകര്യം ലഭ്യമാക്കി. അധികമായി ജീവനക്കാരെ നിയമിക്കാനും പരിശീലനം സിദ്ധിച്ചവരെ നിപ ചികിത്സയ്ക്കായി നിയോഗിക്കാനും നടപടികൾ സ്വീകരിച്ചു.
എൻക്വയറി കൗണ്ടർ, കോണ്ടാക്ട് ട്രാക്കിങ് കൗണ്ടർ, മെഡിക്കൽ കോളേജ് കോണ്ടാക്ട് ട്രേസിങ് ടീം എന്നിങ്ങനെ മൂന്ന് കൗണ്ടറുകളുൾപ്പെടെയാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. നിപ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നത് ഈ കൺട്രോൾ റൂമിലൂടെയാണ്.
എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകി. പ്രതിരോധം ഏകോപിപ്പിക്കുന്നതിനായി നിപ മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. . സർക്കാർ, സ്വകാര്യം ഉൾപ്പെടെ എല്ലാ ആശുപത്രികളും പ്രോട്ടോകോൾ കൃത്യമായി പാലിക്കേണ്ടതാണ്. എൻസെഫലൈറ്റിസ് രോഗബാധിതരെ നിരീക്ഷണം നടത്താൻ നിർദേശിച്ചു. ജില്ലകൾ ആവശ്യമെങ്കിൽ നിപ മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കേണ്ടതാണ്. ഇതോടൊപ്പം പുതുക്കിയ ട്രീറ്റ്‌മെന്റ് ഗൈഡ്‌ലൈനും, ഡിസ്ചാർജ് ഗൈഡ്‌ലൈനും പുറത്തിറക്കി. സംസ്ഥാന, ജില്ലാ, ആശുപത്രിതലങ്ങൾ ഏകോപിപ്പിച്ചുള്ളതാണ് നിപ മാനേജ്‌മെന്റിന്റെ ഘടന.
എൻ.ഐ.വി. പൂന, എൻ.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് അതി വേഗം കോഴിക്കോട്ട് നിപ പരിശോധനയ്ക്കുള്ള ലാബ് സജ്ജമാക്കിയത്. ടെസ്റ്റ് കിറ്റുകളും റീയേജന്റും മറ്റ് അനുബന്ധ സാമഗ്രികളും എൻ.ഐ.വി. പൂനയിൽ നിന്നും എൻ.ഐ.വി. ആലപ്പുഴയിൽ നിന്നും എത്തിക്കുകയായിരുന്നു.
മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കിയിട്ടുമുണ്ട്. മോണോക്ലോണൽ ആന്റിബോഡി ആസ്‌ട്രേലിയയിൽ നിന്നും ഐസിഎംആർ എത്രയും വേഗം എത്തിക്കുമെന്ന് ഉറപ്പ് നൽകി. സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ ഊർജിത ശ്രമങ്ങളാണ് നടക്കുന്നത്. നിപയുടെ ഉറവിടം കണ്ടെത്താനും വലിയ ശ്രമം നടക്കുന്നു. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരെ കൺട്രോൾ റൂമിൽനിന്നും വിളിച്ച് ആരോഗ്യ വിവരങ്ങൾ ചോദിക്കുകയും കൗൺസിലിങ് നൽകുകയും ചെയ്യുന്നുണ്ട്.
വയനാട് ജില്ലയിലെ നാലും മലപ്പുറത്തെ എട്ടും കണ്ണൂരിലെ മൂന്നും എറണാകുളം, പാലക്കാട്, കൊല്ലം ജില്ലകളിലെ ഓരോരുത്തർ വീതവും നിപ സമ്പർക്ക പട്ടികയിൽ വന്നിട്ടുണ്ട്. കണ്ണൂരിൽ നിന്നും മലപ്പുറത്തുനിന്നും ഉള്ളവരെ കോഴിക്കോട്ടെത്തിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ട ചികിത്സയും പരിചരണവും നൽകുന്നുണ്ട്. ആർക്കും ഗുരുതരമായ രോഗ ലക്ഷണങ്ങളില്ല.
നിപാ ബാധിതപ്രദേശത്ത് ബോധവൽക്കരണങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്. നിപ സ്ഥിരീകരിച്ച പ്രദേശത്ത് പരിശീലനം സിദ്ധിച്ച ടീമുകൾ ഗൃഹസന്ദർശനം നടത്തി ലക്ഷണങ്ങളടക്കമുള്ള വിവരങ്ങൾ ശേഖരിക്കും. 25 വീടുകൾക്ക് ഒരു ടീം എന്ന രീതിയിലാണ് ഇതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്.
മറ്റ് ജില്ലകളിൽ കൂടി നിപ വൈറസ് പ്രതിരോധം ശക്തമാക്കാൻ സ്റ്റേറ്റ് നിപ കൺട്രോൾ സെൽ ആരംഭിച്ചു. ഇതിലൂടെ ജില്ലകളിലെ നിപ പ്രതിരോധം ശക്തമാക്കാനും ഏകോപിപ്പിക്കാനും സാധിക്കും. മറ്റ് ജില്ലകൾക്കും മാർഗനിർദേശങ്ങളും പരിശീലനങ്ങളും നൽകുന്നതാണ്. നിപ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയുന്നതിനും കൈമാറുന്നതിനും ഇ ഹെൽത്ത് സോഫ്റ്റ് വെയർ ഏർപ്പെടുത്തി.
കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലേയും മെഡിക്കൽ ഓഫീസർമാർക്കും വിദഗ്ധ പരിശീലനം നൽകി. ആശുപത്രിയിൽ ഒരു രോഗി എത്തുമ്പോൾ മുതലുള്ള ചികിത്സ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും നിർദേശങ്ങൾ നൽകി. രോഗപ്രതിരോധം, നിരീക്ഷണം, റെഫറൽ, ബോധവൽക്കരണം എന്നിവയിലൂന്നിയായിരുന്നു പരിശീലനം. ഇത് കൂടാതെ ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ., ആശാ വർക്കർമാർ, സി.ഡി.പി.ഒ., അങ്കണവാടി സൂപ്പർവൈസർമാർ എന്നിവർക്കും പരിശീലനം നൽകി. നിപയെ നേരിടാനും വ്യാപനം തടയാനും എല്ലാ തലത്തിലുമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
നിപയുടെ കാര്യത്തിൽ പലതരത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. അത് കണ്ടെത്തി തടയും. അത്തരം പ്രചാരണങ്ങളിൽ പെട്ടുപോകരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ