- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു പേരുടെ ഫലം കൂടി നെഗറ്റീവ്; അടുത്ത ബന്ധുക്കളടക്കം പ്രാഥമിക സമ്പർക്കപ്പട്ടികയിലെ 73 പേർക്കും രോഗമില്ല; റമ്പൂട്ടാനൊപ്പം അടയ്ക്കാ മരത്തേയും സംശയിച്ച് ഉറവിടം കണ്ടെത്തൽ സംഘം; ഇനി വവ്വാലുകളെ പിടിക്കൽ ശ്രമം; നിപ്പയിൽ ഉറവിടം കണ്ടെത്തിയേ മതിയാകൂവെന്ന നിലപാടിൽ ഐസിഎംആർ; ചാത്തമംഗലത്ത് ജാഗ്രത തുടരും
കോഴിക്കോട്: നിപ്പാ ഭീതി അകലന്നു. നിപാ സമ്പർക്കപ്പട്ടികയിലുള്ള അഞ്ചുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ പ്രതീക്ഷിച്ച രോഗ വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. മറ്റ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ഒന്നര മാസം കൊണ്ട് കേരളം നിപാ വിമുക്തമായി പ്രഖ്യാപിക്കും.
ഇതിൽ നാലെണ്ണം എൻ.ഐ.വി. പുണെയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. മരിച്ച കുട്ടിയുടെ അച്ഛനും അമ്മയും ബന്ധുക്കളും അടക്കം എല്ലാവരും നെഗറ്റീവാണെന്നതും ആശ്വാസം കൂട്ടുന്നു. എങ്കിലും ജാഗ്രത തുടരും. ചാത്തമംഗലം പഞ്ചായത്തിൽ അതീവ ജാഗ്രതയും നിരീക്ഷണവും തുടരുകയാണ്.
അതിനിടെ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകളുടെ ഭാഗമായി വെള്ളിയാഴ്ച വവ്വാലുകളെ പിടിക്കും. പുണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള സംഘാംഗങ്ങളുടെ സാന്നിധ്യത്തിൽ വനംവകുപ്പുദ്യോഗസ്ഥർ ഇതിന് വേണ്ട സംവിധാനം ഒരുക്കും. നിപ ബാധിച്ചുമരിച്ച ചാത്തമംഗലം പാഴൂർ മുന്നൂരിലെ മുഹമ്മദ് ഹാഷിമിന്റെ വീട്ടുപറമ്പിലും വവ്വാലുകളുടെ ആവാസസ്ഥലത്തും സംഘം പരിശോധന നടത്തിയിരുന്നു. റമ്പൂട്ടാനോ അടയ്ക്കാ മരത്തിൽ നിന്നോ ആകാം വൈറസ് വ്യാപനമെന്നാണ് പ്രാഥമിക വിലയിരുത്തൽ. രണ്ടു സാധ്യതയും പരിശോധിക്കും.
ചേന്ദമംഗലത്തും കൊടിയത്തൂരിലും സംഘമെത്തിയിരുന്നു. വവ്വാലുകൾ പറക്കുന്ന പാതയും സമ്പർക്കസാധ്യതയും വിലയിരുത്തി. വീട്ടുപറമ്പിലെ അടയ്ക്കകൾ വവ്വാലുകൾ കടിച്ചത് വ്യക്തമായതിനാൽ അതിൽനിന്നാണോ വൈറസ് വ്യാപനമുണ്ടായതെന്ന പരിശോധന വേണമെന്നാണ് നിലപാട്. അതുകൊണ്ട് തന്നെ അടയ്ക്കയും പരിശോധിക്കും. ഡിസീസ് ഇൻവെസ്റ്റിഗേഷൻ ചീഫ് ഓഫീസർ ഡോ. മിനി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീടും പരിസരവും റമ്പൂട്ടാൻ മരം സ്ഥിതിചെയ്യുന്ന സ്ഥലവും സന്ദർശിച്ചു. വവ്വാലുകൾ കഴിച്ച് താഴെവീണ അടയ്ക്കയുടെ സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
എൻ.ഐ.വി.യിൽ നിന്നുള്ള ബാറ്റ് സർവേസംഘം തലവൻ ഡോ. മംഗേഷ് ഗോഖലെ, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർമാരായ ഡോ. അജേഷ് മോഹൻദാസ്, ഡോ. അരുൺ സത്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വെള്ളിയാഴ്ചത്തെ നടപടികൾ. പുണെയിൽനിന്ന് കൂടുതൽ പേരടങ്ങുന്ന സംഘം വെള്ളിയാഴ്ച കോഴിക്കോട്ടെത്തും.
റമ്പൂട്ടൻ മരത്തിനടുത്തേക്കുള്ള വവ്വാലുകളുടെ സഞ്ചാരപാതയ്ക്കരികിൽ കന്നുകാലികളെ മെയ്‌ക്കുന്നതും മീൻപിടിക്കുന്നതും നിർത്തിവെക്കാൻ നിർദേശിച്ചിട്ടുണ്ട്.
നിപ സ്ഥിരീകരിച്ചതോടെ കൺടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശത്തെ ക്ഷീരകർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കുമെന്ന് സംഘം പറഞ്ഞു. ക്ഷീരകർഷകർ പാൽ വിൽപ്പന നടത്താൻ കഴിയാതെ ഒഴുക്കിക്കളയുകയായിരുന്നു. പാൽ അളക്കാനും ഇത് ആർ.ആർ.ടി. വൊളന്റിയർമാരെ ഉപയോഗിച്ച് ക്ഷീരസഹകരണസംഘത്തിലും വീടുകളിലും എത്തിക്കാനുമുള്ള സംവിധാനം ഏർപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ