- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിപ ബാധിച്ച് കുട്ടി മരിച്ച വീട്ടിലെ ആടിന്റെ സ്രവ സാമ്പിളെടുത്തു, കാട്ടുപന്നിയുടെ സാമ്പിളും ശേഖരിക്കും; സമ്പർക്ക പട്ടികയിലുള്ള എട്ടു പേർക്കു പനിയും മറ്റ് അസ്വസ്ഥകളും അനുഭവപ്പെട്ടു തുടങ്ങി; നിപ ഉറവിടം കണ്ടെത്താൻ തീവ്രശ്രമം
കോഴിക്കോട്: നിപ ബാധിച്ച് കുട്ടി മരിച്ച സംഭവത്തിൽ പ്രദേശത്ത് മൃഗ സംരക്ഷണ വകുപ്പിന്റെ പരിശോധന തുടങ്ങി. വീട്ടിലെ എല്ലാ മൃഗങ്ങളുടേയും സാമ്പിളുകൾ മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കും. ഇതിന്റെ ഭാഗമായി ആടിന്റെ സ്രവം പരിശോധനയ്ക്കെടുത്തു. കുട്ടിക്ക് രോഗം ബാധിക്കുന്നതിന് മുന്നെ ഇവിടെ നിന്നും ആടിന് ദഹനക്കേട് പോലുള്ള അസുഖം വന്നിരുന്നു. ഇതിനെ കുട്ടി പരിചരിച്ചിരുന്നു. ഇത് രോഗാവസ്ഥയ്ക്ക് കാരണമായോ എന്ന സംശയത്തെ തുടർന്നാണ് ആടിന്റെ സ്രവം പരിശോധനയ്ക്കെടുത്തത്.
പ്രദേശത്ത് കാട്ടുപന്നി ശല്യവും രൂക്ഷമായതിനാൽ ഇതിനേയും പിടികൂടി പരിശോധിക്കാൻ ആലോചിക്കുന്നുണ്ട്. ഇതിനായി വനം വകുപ്പിന്റെ അനുമതി വാങ്ങാനിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്. വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലത്ത് അവയെ പിടികൂടി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം സമ്പർക്കപ്പട്ടികയിലുള്ള എട്ടു പേർക്കു പനിയും മറ്റ് അസ്വസ്ഥകളും അനുഭവപ്പെടുന്നു. ഇവർ ഉൾപ്പെടെ 32 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമ്പർക്കപ്പട്ടികയിൽ 63 പേരെക്കൂടി ഉൾപ്പെടുത്തി. ആകെ 251 പേരാണ് പട്ടികയിൽ ഉള്ളത്. ഇതിൽ 32 പേർ ഹൈറിസ്‌ക് വിഭാഗത്തിലാണ്.
അതേസമയം സംസ്ഥാനത്ത് നിപ വ്യാപനം തീവ്രമാകാനിടയില്ലെന്നാണ് കേന്ദ്ര വിദഗ്ധ സംഘത്തിന്റെ നിഗമനം. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗനിയന്ത്രണം സാധ്യമാണെന്നാണ് പ്രാഥമിക നിഗമനം. ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ദ്ധർ കേരളത്തിലെത്തും. കുട്ടി നിപ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുൻപാണ്. നിപ വൈറസ് ആണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ നില ഗുരുതരമാകുകയും മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങുകയും ചെയ്തു. കുട്ടിക്ക് രോഗം ബാധിച്ചത് ജന്തുജാലങ്ങളിൽ നിന്നാണോ അതോ മറ്റാരിൽ നിന്നെങ്കിലും പകർന്നതാണോ എന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പിച്ച് പറയാൻ അധികൃതർക്കായിട്ടില്ല.
മരണ നിരക്ക് കൂടുതൽ; വേണ്ടത് അതീവ ജാഗ്രത
ഹെനിപാ വൈറസ് ജീനസിൽപെട്ടതാണ് നിപ വൈറസ്. വവ്വാലുകൾ ഉൾപ്പെടെയുള്ള പക്ഷി മൃഗാദികളിൽ നിന്നുമാണ് മനുഷ്യരിലേക്ക് പകരുന്നത്. ഇവ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗബാധിതരുമായി അടുത്തിടപെടുന്നതിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്. 1998 ൽ മലേഷ്യയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത് 2001 മുതൽ 2008 വരെയുള്ള കാലയളവിൽ ബംഗ്ലാദേശിലും ഇന്ത്യയിൽ ബംഗാളിലും ഈ പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനു ശേഷം 2018ലാണ് കോഴിക്കോട് ഈ പനി വീണ്ടും സ്ഥിരീകരിക്കുന്നത്.
രോഗിയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം മറ്റൊരാളിലേക്ക് ബാധിക്കുന്നത്. വായുവിലൂടെ പകരില്ല. രോഗിയുടെ അടുത്ത് ഏറെ നേരം ചെലവഴിക്കുകയും ശരീര സ്രവങ്ങളുമായി സമ്പർക്കമുണ്ടാവുകയും ചെയ്യുമ്പോൾ മാത്രമേ രോഗം പകരുകയുള്ളു. രോഗിയെ പരിചരിക്കുന്ന ആളുകൾ മാസ്‌കും ഗ്ലൗസും പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ളവയും ഉപയോഗിച്ചാൽ രോഗം പകരുന്നത് ഒഴിവാക്കാൻ സാധിക്കും.
ലക്ഷണം പനിയും തലവേദനയും
പനി, തലവേദന, തലകറക്കം, ബോധക്ഷയം, ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. വൈറസ് ശരീരത്തിലെത്തി അഞ്ച് മുതൽ 14 ദിവസം കഴിയുമ്പോഴാണ് ലക്ഷണങ്ങൾ പ്രകടമാകുക. ഇതാണ് അപകട സാധ്യത വർധിപ്പിക്കുന്നത്. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ്, ശ്വാസകോശങ്ങളെ ഗുരുതരമായി ബാധിക്കുന്ന ചില പ്രശ്ങ്ങൾ എന്നിവയുണ്ടാകാനും സാധ്യതയുണ്ട്. ഒന്നു രണ്ടു ദിവസങ്ങൾക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്.
പനിക്കൊപ്പം പെരുമാറ്റ വ്യത്യാസം, സ്ഥല കാല ബോധമില്ലാത്ത അവസ്ഥ, ബോധക്ഷയം, അപസ്മാരം, എന്നിവ കാണുകയാണെങ്കിൽ രോഗ ബാധയുള്ള വ്യക്തിയുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കം പുലർത്തിയ ഒരാൾക്ക് പനി ബാധിച്ചാൽ (പ്രതേകിച്ചും ചുമ പോലുള്ള ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളോടെ) തൊട്ടടുത്തുള്ള ആശുപത്രിയിൽ സമീപിക്കുക. ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തുടരുക. ഗുരുതരമല്ലാത്ത പനിയാണെങ്കിൽ യാത്രകൾ ഒഴിവാക്കി വീട്ടിൽ വിശ്രമിക്കുക. ചികിത്സാ പൂർത്തിയാക്കുക.
രോഗം നേരത്തെ കണ്ടെത്തി അത് ഗുരുതരമായി മാറാതെ നോക്കാനുള്ള സപ്പോർട്ടീവ് ചികിത്സകളാണ് വേണ്ടത്. പനി കുറക്കാനുള്ള മരുന്ന്, ശ്വാസതടസ്സം ഒഴിവാക്കാനുള്ള വെന്റിലേഷൻ പോലുള്ള സംവിധാനങ്ങൾ, എൻസഫലൈറ്റിസ് മൂലമുള്ള പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനാവശ്യമായ മരുന്നുകൾ എന്നിങ്ങനെ രോഗത്തെ നേരിടാനുള്ള സംവിധാനങ്ങൾ സജ്ജമാണ്.
തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയാണ് പരിശോധനക്ക് ഉപയോഗിക്കുന്നത്. മരിച്ചവരുടെ പോസ്റ്റ്മോർട്ടം പരിശോധനയിൽ കലകളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ ഇമ്യൂണോ ഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരികരിക്കാൻ സാധിക്കും. കോവിഡ് പൊലെ വ്യാപന ശേഷിയുള്ള രോഗമല്ല നിപ. എന്നാൽ, മരണനിരക്ക് വളരെ കൂടുതലാണ്. രോഗം ബാധിച്ചവരിൽ അതിജീവന ശേഷി കുറവാണ്. രോഗം പകരാതെ പ്രതിരോധിക്കലാണ് അഭികാമ്യം. വവ്വാലുകൾ കടിച്ചുപേക്ഷിച്ച പഴങ്ങളിൽ നിന്ന് രോഗബാധയ്ക്ക് സാധ്യതയുണ്ട്. അതിനാൽ കടിച്ച പാടുകളുള്ള പഴങ്ങൾ ഒഴിവാക്കുക. വെള്ളം തിളപ്പിച്ചാറ്റി കുടിക്കുക.
കോവിഡ് പ്രതിരോധത്തിന് നമ്മൾ കൈക്കൊള്ളുന്ന മുൻകരുതൽ തന്നെയാണ് ഇതിലും സ്വീകരിക്കാനുള്ളത്. രോഗിയുമായി സമ്പർക്കം ഉള്ളവർ കൈയുറ, മാസ്‌ക്, പി.പി.ഇ കിറ്റ് ധരിക്കുക. കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുക, സോപ്പ് ഉപയോഗിച്ച് കഴുകുക, സാമൂഹിക അകലം പാലിക്കുക, രോഗി ഉപയോഗിക്കുന്ന സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക, വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക
രോഗ ലക്ഷണങ്ങളുള്ളവരെ ഐസലേഷൻ ചെയ്യുക, രോഗമുണ്ടെന്നു സംശയിക്കുന്നവർ അധികൃതരെ വിവരം അറിയിക്കുക, രോഗി, രോഗ ചികിൽസക്ക് ഉപയോഗിച്ച ഉപകരണങ്ങൾ, രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക, രോഗബാധിതർ മരിച്ചാൽ സംസ്‌കാരവേളയിലും ജാഗ്രത പുലർത്തണം.
മറുനാടന് മലയാളി ബ്യൂറോ