- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി വിജയൻ അഭിമാനിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ഭരണനേട്ടത്തിൽ; നേട്ടത്തിന് പിന്നിൽ തന്റെ വിട്ടുവീഴ്ച്ചയില്ലാത്ത പ്രവർത്തനമെന്ന് മുഖ്യമന്ത്രി തള്ളിയ നിതി ആയോഗ് റിപ്പോർട്ട് 2015-16 ലേത്; ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമെന്ന ക്രഡിറ്റ് അടിച്ചെടുക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിനെതിരെ വിമർശനങ്ങളുമായി സോഷ്യൽമീഡിയ
തിരുവനന്തപുരം: കേരളം ദാരിദ്ര്യ സൂചികയിൽ ഏറ്റവും പിന്നിലാണെന്ന നിതി ആയോഗിന്റെ റിപ്പോർട്ട് തന്റെ ഭരണനേട്ടമാണെന്ന തരത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. 2015-16 കാലത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടാണ് നിതി ആയോഗ് പുറത്തു വിട്ടത്. എന്നാൽ അത് ഈ കാലത്തെ റിപ്പോർട്ടാണ് എന്ന് തെറ്റിദ്ധരിക്കും വിധമായിരുന്നു പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുൾപ്പെടെ അനവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സർക്കാർ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് അടിത്തറ പാകിയതെന്ന് പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. അതീവ ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കി സർക്കാർ ആവിഷ്കരിച്ച പുതിയ പദ്ധതികൾ കൂടി പ്രാവർത്തികമാകുന്നതോടെ നമ്മുടെ നാട്ടിൽ നിന്നും ദാരിദ്ര്യം തുടച്ചു നീക്കാൻ സാധിക്കുമെന്ന് കൂടി പറഞ്ഞുവച്ച് സർക്കാർ പദ്ധതികളുടെ അംഗീകാരമാക്കി നിതി ആയോഗ് റിപ്പോർട്ടിനെ മുഖ്യമന്ത്രി മാറ്റി. ഏതൊക്കെ സൂചികകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നുവരെ വിശദീകരിച്ച മുഖ്യമന്ത്രി തന്റെ പോസ്റ്റിലൊരിടത്തും ഏത് കാലയളവിലെ റിപ്പോർട്ടാണ് ഇതെന്നകാര്യം വ്യക്തമാക്കുന്നില്ല.
ഇതിനെതിരെ പരിഹാസങ്ങളും വിമർശനങ്ങളുമായി നിരവധിപേരാണ് സോഷ്യൽമീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നിതി ആയോഗിന്റെ റിപ്പോർട്ടിനെ സ്വാഗതം ചെയ്ത് രംഗത്തെത്തി. നിതി ആയോഗിന്റെ റിപ്പോർട്ട് കേരളത്തിന് അഭിമാനമാണെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. ഈ അംഗീകാരം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കേരളം ഭരിച്ച യുഡിഎഫ് സർക്കാരിന്റെ ജനകീയ പരിപാടികളുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ കുടുംബാരോഗ്യ സർവേ ആധാരമാക്കി തയ്യാറാക്കിയ സൂചിക പ്രകാരം കേരളത്തിൽ 0.71 ശതമാനം പേർ മാത്രമാണ് ദാരിദ്ര്യം അനുഭവിക്കുന്നത്. ദാരിദ്ര്യം ഏറ്റവും കൂടുതലുള്ളത് ബിഹാറിലാണ്, 51.91 ശതമാനം. ഝാർഖണ്ഡിൽ 42.16 ശതമാനവും ഉത്തർപ്രദേശിൽ 37.79 ശതമാനവും ആളുകൾ ദാരിദ്ര്യത്തിലാണ്.
റിപ്പോർട്ടിന്റെ പരിഗണനാ വിഷയങ്ങൾ
ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയാണ് സൂചിക തയ്യാറാക്കുന്നതിനായി നിതി ആയോഗ് പ്രധാനമായും അവലംബിച്ചത്. പോഷകാഹാരം, ശിശു മരണനിരക്ക്, ഗർഭകാല പരിരക്ഷ എന്നിവ ആരോഗ്യത്തിന് കീഴിൽ പരിഗണനാ വിഷയമായി. സ്കൂൾ കാലവും ഹാജർ നിലയുമാണ് വിദ്യാഭ്യാസത്തിൽ പരിഗണിച്ചത്. പാചക ഇന്ധനം, ശുചീകരണം, കുടിവെള്ളം, വൈദ്യുതി, പാർപ്പിടം, സമ്പാദ്യം, ബാങ്ക് അക്കൗണ്ട് എന്നിവയാണ് ജീവിത നിലവാരത്തിനു കീഴിൽ വന്നത്. മൂന്ന് പരിഗണനാ വിഷയങ്ങളിലും ഏറ്റവും മികച്ചുനിന്നത് കേരളമാണ്. കേരളത്തിൽ ഒരു ശതമാനത്തിൽ താഴെയാണ് ദരിദ്രർ എങ്കിൽ പട്ടികയിൽ കേരളത്തിന് തൊട്ടുമുകളിലുള്ള ഗോവയിൽ അത് 3.76 ശതമാനമാണ്. മൂന്നു ശതമാനത്തിലേറെ വിടവ്. സിക്കിമാണ് ഗോവയ്ക്ക് മുകളിൽ. അതിനു മുകളിൽ തമിഴ്നാടും.
കേരളത്തിലെ ദാരിദ്ര്യം
0.71 ശതമാനം മാത്രം ദാരിദ്രരുള്ള (ഹെഡ്കൗണ്ട് റേഷ്യോ) കേരളത്തിൽ വയനാട് ജില്ലയിലാണ് ദാരിദ്ര്യം കൂടുതൽ, 3.48 ശതമാനം. ഇടുക്കി 1.6%, മലപ്പുറം 1.11%, തിരുവനന്തപുരം 1.08%, കാസർകോട് 1.00%, പത്തനംതിട്ട 0.83%, കൊല്ലം 0.72%, ആലപ്പുഴ 0.71%, പാലക്കാട് 0.62%, കണ്ണൂർ 0.44%, തൃശൂർ 0.33%, കോഴിക്കോട് 0.26%, എറണാകുളം 0.10, കോട്ടയം 0% ശതമാനം എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഹെഡ്കൗണ്ട് റേഷ്യോ.
2015-16 വർഷത്തെ ദേശീയ കുടുംബാരോഗ്യ സർവേ നാലാം പതിപ്പിന്റെ കണക്കുകളാണ് നിതി ആയോഗ് റിപ്പോർട്ടിന് ആധാരം. 218 പേജുള്ള റിപ്പോർട്ടിന്റെ മൂന്നാം പേജിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അന്ന് കേരളത്തിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാറായിരുന്നു അധികാരത്തിൽ. 2016 മെയ് 25നാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്.
കുടുംബാരോഗ്യ സർവേ
ദേശീയ കുടുംബാരോഗ്യ സർവേയുടെ നാലാം പതിപ്പ് ആധാരമാക്കിയുള്ള പഠനമാണ് നിതി ആയോഗ് പുറത്തിറക്കിയിട്ടുള്ളത്. എന്നാൽ സർവേയുടെ അഞ്ചാം പതിപ്പിന്റെ രണ്ടാം ഭാഗം (എൻഎഫ്എച്ച്എസ്-5) കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസിദ്ധപ്പെടുത്തിയിരുന്നു. അരുണാചൽ പ്രദേശ്, ഉത്തർപ്രദേശ്, തമിഴ്നാട് ഉൾപ്പെടെയുള്ള 14 സംസ്ഥനങ്ങളുടെ റിപ്പോർട്ടാണ് പുറത്തുവിട്ടത്. കേരളം അടക്കമുള്ള 22 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും റിപ്പോർട്ട് നേരത്തെ പ്രസിദ്ധപ്പെടുത്തിയിരുന്നു. സംസ്ഥാനങ്ങളുടെ ജനസംഖ്യ, ആരോഗ്യം, പോഷകാഹാരം എന്നിവയെ കുറിച്ചുള്ള രാജ്യത്തെ ഏറ്റവും ആധികാരികമായ റിപ്പോർട്ടാണിത്. വിവിധ ജില്ലകളിലെ ദാരിദ്യ്ര നിരക്ക്
കേരളാ മോഡൽ
നിലവിലെ റിപ്പോർട്ടിന് പുറമേ, നിതി ആയോഗിന്റെ പ്രഥമ നഗര സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങൾ ഇടംപിടിച്ചിരുന്നു. കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് ഓൺലൈൻ വിദ്യാഭ്യാസം നൽകിയ സംസ്ഥാനവും കേരളമായിരുന്നു. എഎസ്ഇആർ 2021 റിപ്പോർട്ടിലാണ് കേരളം ഒന്നാമതെത്തിയിരുന്നത്. രാജ്യത്തെ ഭരണനിർവഹണം പരിശോധിക്കുന്ന പൊതുകാര്യ സൂചികയിലും (പബ്ലിക് അഫയേഴ്സ് ഇൻഡക്സ്) കേരളമായിരുന്നു ഒന്നാമത്. ബംഗളൂരൂ ആസ്ഥാനമായ സന്നദ്ധ സംഘടന പബ്ലിക് അഫയേഴ്സ് സെന്ററാണ് 2020-21 വർഷത്തെ സൂചിക പുറത്തുവിട്ടത്.
മറുനാടന് മലയാളി ബ്യൂറോ