തൃശൂർ: ചെറിയൊരു ഇടവേളയ്ക്ക് ശേഷം ചാലക്കുടി പുഴയിൽ വീണ്ടും വിഷമാലിന്യങ്ങൾ കലക്കി നീറ്റാ ജലാറ്റിൻ കമ്പനി. കാതികുടത്ത് കൂടി ഒഴുകുന്ന ചാലക്കുടിപ്പുഴ ഇപ്പോൾ രാവിലെ ചുവപ്പ് നിറത്തിലും വൈകുന്നേരം പച്ചനിറത്തിലുമാണ് ഒഴുകുന്നത്. കോവിഡിന്റെ മറവിൽ ഫാക്ടറി അവശിഷ്ടങ്ങളും രാസമാലിന്യങ്ങളും ചാലക്കുടി പുഴയിലേക്ക് വീണ്ടും ഒഴുക്കിവിട്ട് കാതികുടത്തെ ജനജീവിതത്തിൽ നഞ്ച് കലർത്തുകയാണ് നീറ്റാ ജലാറ്റിൻ എന്ന ആഗോള ഭീമൻ. കോവിഡ് കാലമായതിനാൽ ഒന്ന് പ്രതിഷേധിക്കാൻ പോലുമാകാതെ നിസഹായരാണ് ഇവിടത്തെ നാട്ടുകാർ.

2020 നവംബറിൽ കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കേന്ദ്ര പൊലൂഷൻ കൺട്രോൾ ബോർഡ് നീറ്റാ ജലാറ്റിൻ കമ്പനി ചാലക്കുടി പുഴയിലേയ്ക്ക് ഒഴുക്കിവിടുന്ന രാസ ഖര മാലിന്യങ്ങളെ കുറിച്ച് പഠിച്ച് സമർപ്പിച്ച റിപ്പോർട്ടിൽ ഫാക്ടറി മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക- സാമൂഹ്യ പ്രശ്‌നങ്ങളെ പറ്റി വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടായിരുന്നു. ഇതേ തുടർന്ന് ഫാക്ടറിയിൽ നിന്നും പുഴയിലേയ്ക്കുള്ള പൈപ്പ് ലൈൻ നീക്കം ചെയ്യാൻ കോടതി ആവശ്യപ്പെട്ടു. കമ്പനി പുഴയിൽ നിന്നും എടുക്കുന്ന വെള്ളം റീസൈക്കിൾ ചെയ്ത് പുനരുപയോഗിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ കേസ് അന്തിമപരിഗണനയ്ക്ക് വച്ച മാർച്ച് 20 ന് കോവിഡ് മൂലം കോടതി നിർത്തിവച്ചു. പിന്നീട് ഇതുവരെ കേസ് പരിഗണനയ്ക്ക് വരാത്തതുകൊണ്ട് അന്തിമവിധി ഉണ്ടായിട്ടില്ല. ഇത് മുതലെടുത്താണ് കമ്പനി ഇപ്പോൾ വൻതോതിൽ രാസ ഖര മാലിന്യം പുഴയിലേയ്ക്ക് തള്ളുന്നതെന്നാണ് റിപ്പോർട്ടുകൾ. ചാലക്കുടിപ്പുഴയുമായി നിത്യേന ഇടപഴകുന്ന പത്ത് ലക്ഷത്തോളം വരുന്ന ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുകയും അവർക്ക് മാരകരോഗങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ് നീറ്റാജലാറ്റിൻ ചെയ്യുന്നത്.

ജലാറ്റിൻ നിർമ്മാണത്തിന് അസംസ്‌കൃത വസ്തുക്കളായ ഒസീനും, ലൈംഡ് ഒസീനുമാണ് ഇവിടത്തെ നിർമ്മാണം. മൃഗങ്ങളുടെ എല്ലിൽ നിന്നാണ് ഉത്പാദനം.
കമ്പനിയുടെ കണക്കുകൾ പ്രകാരം 120 ടൺ എല്ലും ഒരു ലക്ഷത്തി ഇരുപതിനായിരം ലിറ്റർ ഹൈഡ്രോക്‌ളോറിക് ആസിഡും ഒസീൻ ഉണ്ടാക്കാൻ പ്രദിദിനം ഉപയോഗിക്കുന്നു. ഇതിന്റെ പ്രോസസ്സിംഗിന് ഓരോ ദിവസവും 62 ലക്ഷത്തി തൊണ്ണൂറായിരത്തി ഇരുനൂറ് ലിറ്റർ വെള്ളവും ചാലക്കുടി പുഴയിൽ നിന്ന് പമ്പ് ചെയ്യത് എടുക്കുന്നു. ഇതിന്റെ മൂന്നിരട്ടി വരുമെന്നാണ് യഥാർത്ഥ ഉപയോഗം എന്ന് നാട്ടുകാർ പറയുന്നത്. ഈ വെള്ളം മുഴുവൻ വേണ്ടവിധം ശുദ്ധീകരിക്കാതെ തിരികേ പുഴയിലേക്ക് പുറംതള്ളുന്നു. ചാലക്കുടി പുഴയിൽ നീരൊഴുക്ക് കൂടുമ്പോൾ കമ്പനിക്കകത്ത് സ്റ്റോക്ക് ചെയ്യത് വെച്ചിരിക്കുന്ന വലിയ അളവിലുള്ള മാലിന്യങ്ങൾ മുഴുവനും വെള്ളത്തിനൊപ്പം ഒഴുക്കിവിടുന്നു. പുറമേ ഖരമാലിന്യങ്ങൾ വളമെന്ന പേരിൽ പലയിടങ്ങളിലേക്കും കടത്തുന്നുമുണ്ട്. ആകെ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ 70% മാലിന്യമായ് പുറംതള്ളുന്നു. ഇത് ഏകദേശം 80 ടൺ വരുമെന്നാണ് കണക്ക്.

ഹൈഡ്രോക്‌ളോറിക്ക് ആസിഡ് കലർത്തപ്പെട്ട വെള്ളത്തോടൊപ്പം ഭീമമായ അളവിലെ എല്ലിൽ നിന്ന് വേർതിരിയുന്ന മജ്ജയും മാംസാവശിഷ്ടങ്ങളും ഗ്രീസ്, എണ്ണ ഇവയൊക്കെയാണ് ദിനംപ്രതി കമ്പനി ചാലക്കുടി പുഴയിലേക്ക് പുറംതള്ളുന്നത്. അനിയന്ത്രിത തോതിൽ ജലചൂഷണത്തിലുപരി ഉൽപാദനശേഷം മാലിന്യം നിറച്ച് പുറംതള്ളുക കൂടി ചെയ്യുന്നു. ഈ അമ്‌ള ജലത്തിൽ കാഡ്മിയം, ക്രോമിയം, ലെഡ്, നിക്കൽ തുടങ്ങിയ അതിഘനമൂലകങ്ങൾ കൂടിയ അളവിൽ അടങ്ങിയതായി പല പഠനങ്ങളും സ്ഥിതീകരിക്കുന്നു. ഇത് കൃഷിക്ക് ആവശ്യമായ ജലസേചനത്തിനു പോലും ഉതകാത്ത നിലയിൽ ചലക്കുടിപ്പുഴയെ വിഷമയമാക്കുന്നു. കൂടാതെ ജലത്തിലടങ്ങിയിരിക്കുന്ന ഡിസോൾവി ഓക്‌സിജന്റെ അളവും വളരെ താഴ്ന്ന നിലയിലാണ്. ക്‌ളോറൈഡിന്റെ അംശം സാധാരണ നിലയിലും നാലിരട്ടിയാണ്. ടിഡിഎസ് 2000 മില്ലീഗ്രാം/ലിറ്റർ എന്ന അനുവദനീയ അളവിനേക്കാളും 8750 മില്ലീഗ്രാം/ലിറ്ററിലെത്തി നിൽക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു.

പുഴയുടെ നിറം മാറുന്ന പ്രതിഭാസം അടുത്ത നാളുകളിൽ കണ്ടു തുടങ്ങിയതാണ്. ആദ്യം ചുവപ്പും കറുപ്പും നിറത്തിൽ ഉപരിതലം കാണപ്പെട്ടു വൈകുന്നേരങ്ങളിൽ കടും പച്ചനിറത്തിലും. ഈ പായലുകൾ സിയാനോബാക്ടീരിയൽ ഹാംഫുൾ ആൽഗൽ ബ്ലൂംസ് ആണെന്നാണ് വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്. മാരക വിഷം നിറഞ്ഞതും മനുഷ്യനും പ്രകൃതിക്കും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ് ഇത്തരം പായലുകൾ.

തകരുന്ന ജൈവവൈവിധ്യവും മത്സ്യസമ്പത്തും

എറണാകുളം, തൃശൂർ ജില്ലകളിലെ 10 ലക്ഷത്തിലധികം പേർ കുടിവെള്ളത്തിനു വേണ്ടി മാത്രം ഈ പുഴയെ ആശ്രയിക്കുന്നു എന്നാണ് കണക്ക്. നിരവധി കർഷകരും ഈ പുഴയെ ആശ്രയിച്ചു മാത്രമാണ് കൃഷി ചെയ്യുന്നത്. ഏതാണ്ട് ആയിരത്തിൽപരം മത്സ്യബന്ധന തൊഴിലാളികളുടെ പട്ടിണി മാറ്റിയിരുന്നത് ഈ പുഴയായിരുന്നു. ഇത്രയേറെ മനുഷ്യരുടെ ജീവനും ഉപജീവനത്തിനുംമേൽ ഒരു കനത്ത ഭീഷിണിയാണ് ഇന്നീ ബഹുരാഷ്ട്ര കുത്തക കമ്പനി. കൂടാതെ ഈ പുഴയുമായ് ബന്ധപ്പെട്ടു കിടക്കുന്ന വലിയ ജൈവ ആവാസവ്യവസ്ഥയുടെ നാശവുമാണ് ഇതുമൂലം സംഭവിക്കുക.

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ കണക്കുകൾ പ്രകാരം ശുദ്ധജല മത്സ്യങ്ങളുടെ എണ്ണം കൊണ്ടും വൈവിധ്യം കൊണ്ടും ഏറെ സംരക്ഷണ പ്രാഥാന്യമർഹിക്കുന്നതാണ് ചാലക്കുടി പുഴ. എന്നാൽ പുഴയുടെ വൃഷ്ടിപ്രദേശങ്ങളിലേയും സകലമാന ആവാസ വ്യവസ്ഥകളേയും തകിടം മറിക്കുന്ന ചൂഷണമാണ് കമ്പനി നടത്തുന്നത്. പുഴയിലെ വെള്ളം നിശ്ചിത അളവിൽ കൂടുതൽ ഊറ്റിയാൽ പുഴയെ ആശ്രയിക്കുന്ന വലിയ ആവാസവ്യവസ്ഥ തകരുമെന്ന് പരിതസ്ഥിതി ശ്സ്ത്രജ്ഞർ ചാലക്കുടി പുഴയെതന്നെ ഉദാഹരണമായ് എടുത്ത് വ്യക്തമാക്കിയിട്ടുള്ളതാണ്.

കണക്കൻകടവു മുതൽ തിരുത്തിപ്പുറം കോട്ടപ്പുറം അഴിമുഖംവരെയുള്ള ഭാഗത്ത് നിരവധി മത്സ്യ കൂട് കർഷകരാണ് ഇന്ന് ഇതിന്റെ ദുരിതമനുഭവിക്കുന്ന മറ്റൊരു കൂട്ടർ. പുഴയിലൂടെ ഒഴുകിയെത്തുന്ന രാസജലത്തിൽ നിന്ന് കൂട് കൃഷിയിലെ മത്സ്യങ്ങൾക്ക് സ്വാഭാവികമായ് വളരുന്ന മത്സ്യങ്ങളെ പോലെ മാറുവാൻ കഴിയാത്തതിനാൽ കനത്ത നാശം ഈ മേഖലയിലും സംഭവിക്കുന്നു. ബാങ്കു വായ്പയും മറ്റുമെടുത്ത് കൃഷിചെയ്യുന്ന മത്സ്യ കർഷകർ ഇന്ന് തീരാ ബാധ്യതയിലാണ്.

കമ്പനിയിലെ മലിനീകരണം മൂലം ശുദ്ധജല മത്സ്യങ്ങളായ കരിമീൻ, പരൽ, ചെമ്മീൻ തുടങ്ങി അനവധി മത്സ്യങ്ങൾ ഇന്ന് പുഴയിൽ ഇല്ലാതായ് കൊണ്ടിരിക്കുന്നു. അവയുടെ പ്രജനനം വഴി യുള്ള മത്സ്യവർദ്ധനവ് പാടെ ഇല്ലാതായ്. എത്രയോ മത്സ്യ തൊഴിലാളികൾ ഇന്ന് ഉപജീവനത്തിനായ് മറ്റ് തൊഴിൽ മേഖല തേടി അലയുന്നു.

കുടിവെള്ളം മുട്ടുന്ന കാതികുടം ജനത

പ്രതിദിനം അറുപത്തിരണ്ട് ലക്ഷത്തി തൊണ്ണൂറായിരത്തി ഇരുന്നൂറ് ലിറ്റർ ജലം കമ്പനി പമ്പ് ചെയ്യത് എടുക്കുന്നു എന്നാണ് കമ്പനി വാദമെങ്കിലും രണ്ടു കോടി ലിറ്ററിലധികം ജലം എടുക്കുന്നു എന്നാണ് ശരിയായ കണക്ക്. ചാലക്കുടി പുഴയിൽ സ്വന്തമായ് കമ്പനി പമ്പ് ഹൗസ് സ്ഥാപിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് 60 എച്ച്പി മോട്ടോറുകൾ സ്ഥാപിച്ച് പടുകൂറ്റൻ പൈപ്പുകളിലൂടെയാണ് കമ്പനി ഈ ജലകൊള്ള നടത്തുന്നത്. പഞ്ചായത്തിൽ നിന്നോ മറ്റു സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ ഇതിനു യാതൊരു അനുമതിയും വാങ്ങിയിട്ടില്ല. മലനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി തങ്ങൾ വാങ്ങിയിട്ടുണ്ട് എന്ന് കമ്പനി വാദം ഉണ്ടായിരുന്നങ്കിലും തങ്ങൾക്ക് അനുമതി നൽകാനുള്ള അനുവാദമില്ലന്ന് 2009 ൽ കാതിക്കുടത്ത് വിളിച്ചു ചേർത്ത പൊതു പരിപാടിയിൽ അന്നത്തെ മലീനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എസ്.ഡി. ജയപ്രസാദ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

പുഴയോരത്ത് അനുമതിയില്ലാതെയാണ് പമ്പു ഹൗസും കൂറ്റൻ പൈപ്പുകളും സ്ഥാപിച്ചിട്ടുള്ളതും അനുമതിയില്ലാതെയാണ് ഭൂമി കയ്യേറിയതും കൂടാതെ മറ്റാർക്കും പ്രവേശനം നിക്ഷേധിച്ച് കാവൽ ഏർപ്പെടുത്തിയതും. നഗ്‌നമായി നടത്തുന്ന വെള്ള കൊള്ളയായതിനാൽ കമ്പനിക്ക് ചില്ലക്കാശ് ആർക്കും കൊടുക്കേണ്ടിയും വരുന്നില്ല. വേനൽക്കാലത്തെ അനിയന്ത്രിത ജലചൂഷണം മൂലം കുടിവെള്ളത്തെ ആശ്രയിക്കുന്ന അത്രയും ജനം ഇന്ന് വിഷജലത്തോടൊപ്പം ഓരുവെള്ളം കൂടി കുടിക്കാൻ വിധിക്കപ്പെട്ടവരായ് മാറി.

നിരവധി കുടിവെള്ള പദ്ധതികൾ ഈ പുഴയെ ആശ്രയിച്ച് മാത്രം നടക്കുന്നു. കൊടുങ്ങല്ലൂർ മുൻസിപ്പൽ പ്രദേശത്തും, മാള, പൊയ്യ, കൂഴൂർ, അന്നമനട, പുത്തൻചിറ, വെള്ളാങ്കല്ലൂർ ഉൾപ്പെടെ 19 ഓളം പഞ്ചായത്തുകൾ യാതൊരു ശുദ്ധീകരണവും ഇല്ലാതെ ഈ ജലം നേരിട്ട് പമ്പ് ചെയ്ത് കുടിവെള്ളമായ് ഉപയോഗിക്കുന്നു. കുറച്ചു കാലം മുൻപ് വൈന്തല മാമ്പ്ര - ചെട്ടിക്കുന്ന് കുടിവെള്ള പദ്ധതിയിൽ വിതരണം ചെയ്യുന്ന ജലത്തിൽ വാട്ടർ അഥോറിറ്റിയുടെ പരിശോധനയിൽ മാരക വിഷാംശം കണ്ടെത്തിയിരുന്നു.