- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം അമ്മയെ വഴിയിൽ കണ്ടയാളെന്ന് പറഞ്ഞ് അഗതി മന്ദിരത്തിലാക്കി മകൻ; രണ്ടെണ്ണം അടിച്ചപ്പോൾ അമ്മയെ കാണണമെന്ന് തോന്നലിൽ അഗതി മന്ദിരത്തിലെത്തി; രേഖകൾ കൈക്കലാക്കാനും ശ്രമം; അഗതി മന്ദിരം നടത്തിപ്പുകാരുടെ ചോദ്യം ചെയ്യലിൽ കള്ളി വെളിച്ചത്തായി; ജ്ഞാനസുന്ദരിയും മകനും കളിച്ച കളി പൊളിയുമ്പോൾ
അടൂർ: സ്വന്തം അമ്മയെ വഴിയിൽ അലഞ്ഞു നടക്കുന്ന സ്ത്രീയാണെന്ന് പറഞ്ഞ് പൊലീസുകാരെ ഏൽപ്പിച്ച് മകൻ. പൊലീസ് അഗതി മന്ദിരത്തിലെത്തിച്ച അമ്മയെ തേടി മദ്യലഹരിയിലെത്തിയ മകൻ രേഖകൾ കൈക്കലാക്കാൻ ശ്രമിച്ചതോടെ കള്ളിവെളിച്ചത്തായി. മകനെതിരേ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് അഗതി മന്ദിരം അധികൃതർ.
അടൂർ മഹാത്മാ ജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയാണ് അജികുമാർ എന്നയാൾക്കെതിരെ പരാതി നൽകിയത്. സംഭവം ഇങ്ങനെ. ജൂലൈ 14ന് രാത്രിയിൽ മിത്രപുരം ഭാഗത്ത് വഴിയരികിൽ ഒരു വയോധികയെ കണ്ടെത്തി എന്ന തരത്തിൽ ഒരു സന്ദേശം പൊലീസ് കൺട്രോൾ റൂമിൽ എത്തി. ഇതിനെ തുടർന്ന് അടൂർ പൊലീസ് സ്ഥലത്ത് എത്തി വിവരം തിരക്കി. തിരുവനന്തപുരം ജില്ലയിൽ വട്ടപ്പാറ കല്ലയം, കാരാമൂട് അനിതാ വിലാസത്തിൽ ആന്റണിയുടെ ഭാര്യ ജ്ഞാനസുന്ദരി (71) എന്ന വയോധികയാണ് ഇതെന്ന് പൊലീസിന് ബോധ്യപ്പെട്ടു.
വയോധിക തന്നെയാണ് വിവരങ്ങൾ നൽകിയത്. ഈ സമയം പൊലീസിലേക്ക് വിളിച്ച മകൻ അജി കുമാർ മകനാണെന്ന കാര്യം പൊലീസിനോട് മറച്ചു വച്ചു. ബിജു എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ അടുത്ത സ്ഥലത്ത് ജോലി ചെയ്യുകയാണെന്നും രാത്രി അപകടകരമായ സാഹചര്യത്തിൽ കണ്ടെത്തിയ അജ്ഞാതയായ വൃദ്ധയെ സഹായിക്കാൻ എത്തിയതാണെന്നും പൊലീസിനെ വിശ്വസിപ്പിച്ചു. പൊലീസ് താൽക്കാലിക സംരക്ഷണം എന്ന നിലയിൽ അടൂർ മഹാത്മജന സേവന കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് വൃദ്ധയെ സഹായിച്ച ആളെന്ന നിലയിൽ അജികുമാറിനെ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് പൊലീസ് തന്നെ കൊണ്ടു വിടുകയും ചെയ്തു.
ശനിയാഴ്ച അജികുമാർ ജ്ഞാനസുന്ദരിയെ കാണാൻ അടൂർ മഹാത്മയിലെത്തി. മദ്യപിച്ചെത്തിയ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് മഹാത്മ അധികൃതർ കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ഇയാൾ തന്നെയാണ് മകനെന്ന് തിരിച്ചറിയുകയും, ഇയാൾ അമ്മയെ ഉപേക്ഷിക്കുവാൻ മനഃപൂർവം ഇങ്ങനെ ചെയ്തതാണെന്ന് സമ്മതിക്കുകയും ചെയ്തു.
ടാപ്പിങ് തൊഴിലാളിയായ അജികുമാർ അടൂർ ബൈപ്പാസ് റോഡരികിൽ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു. അമ്മയും ഒപ്പമുണ്ടായിരിന്നു. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് മഹാത്മയിലെത്തിയ പൊലീസിനോടും താൻ ബിജു അല്ലെന്നും ജ്ഞാനസുന്ദരിയുടെ മകൻ അജികുമാറാണെന്നും സമ്മതിച്ചു.
ജ്ഞാനസുന്ദരിയും മകൻ അജികുമാറും ഭാര്യ ലീനയും ചേർന്ന് നടത്തിയ കള്ളക്കളിയായിരുന്നു ഇതെന്നും അമ്മയെ സംരക്ഷിക്കാൻ ഭാര്യ തയ്യാറാകാത്ത സാഹചര്യത്തിലാണ് അമ്മയെ തെരുവിൽ ഉപേക്ഷിച്ച് നാടകത്തിലൂടെ അഗതി മന്ദിരത്തിലെത്തിച്ചതെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. അടുത്തിടെ ഭാര്യയെ അജിയുടെ സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് അയച്ചിരുന്നു.
അജിമുകാറിനെതിരെ പ്രായമായ അമ്മയെ തെരുവിൽ ഉപേക്ഷിച്ചതിനും, ആൾമാറാട്ടം നടത്തി അഗതിമന്ദിരത്തിലെത്തിച്ചതിനും, മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയതിനും ശനിയാഴ്ച വൈകിട്ട് അടൂർ പൊലീസിന് മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല പരാതി നൽകി.നിലവിൽ അജികുമാറിനെതിരെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്