മുംബൈ: ആർക്കിടെക്റ്റിന്റെ ആത്മഹത്യാ കേസിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക്ക് ടി. വി എഡിറ്റർ അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യമില്ല. അർണബിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ബോംബെ ഹൈക്കോടതി തള്ളി. അർണബിനെതിരായ കേസ് രജിസ്റ്റർ ചെയ്തത് നിയമ വിരുദ്ധമായിട്ടാണെന്നും കേസിൽ മജിസ്ട്രേറ്റ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു എന്നുമായിരുന്നു അർണബിന്റെ അഭിഭാഷകർ വാദിച്ചിരുന്നത്. എന്നാൽ മജിസ്ട്രേറ്റിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത്കൊണ്ട് മഹാരാഷ്ട്ര പൊലീസ് കോടതിയെ സമീപിച്ചതായി ഹൈക്കോടതി സൂചിപ്പിച്ചു.

ജാമ്യം നൽകാനുള്ള അസാധാരണ സാഹചര്യം ഇപ്പോഴില്ല എന്നാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിക്കൊണ്ട് പറഞ്ഞത്. ജാമ്യം തേടാൻ മറ്റുവഴികൾ തേടാമെന്നും, വേണമെങ്കിൽ സെഷൻസ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. അർണാബ് ഗോസ്വാമി നേരത്തെ തന്നെ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. നാല് ദിവസത്തിനകം ഹർജിയിൽ തീരുമാനം എടുക്കാനും കോടതി നിർദ്ദേശിച്ചു.

അതിനിടെ അർണബിന്റെ ആരോഗ്യകാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവർണറും രംഗത്തെത്തി. റിപ്പബ്ലിക് ടിവി അവതാരകൻ അർണബ് ഗോസ്വാമി ജയിലിൽ വെച്ച് ആക്രമിക്കപ്പെട്ടുവെന്നും കുടുംബത്തെ കാണാൻ അദ്ദേഹത്തെ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് സംസ്ഥാന സർക്കാറിന് ഗവർണർ കത്തയച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഗവർണർ ഭഗത് സിങ് കോഷ്യാരി അർണബിന്റെ ആരോഗ്യസ്ഥിതിയിലും സുരക്ഷയിലും തനിക്ക് കനത്ത ആശങ്കയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

അർണബിന്റെ കുടുംബത്തെ അദ്ദേഹത്തെ സന്ദർശിക്കാൻ അനുവദിക്കണമെന്നും ഗവർണർ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ വിഷയത്തിൽ സർക്കാർ മറുപടി നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം അർണബ് ഗോസ്വാമി കസ്റ്റഡിയിൽ അനധികൃതമായി ഫോൺ ഉപയോഗിക്കുന്നുവെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇയാളുടെ മൊബൈൽ പിടിച്ചെടുക്കുകയും അലിബാഗിലെ ക്വാറന്റൈൻ കേന്ദ്രത്തിൽനിന്ന് തലോജ ജയിലിലേക്കു മാറ്റുകയും ചെയ്തിരുന്നു.

കസ്റ്റഡിയിലായവരെ ക്വാറന്റീനിൽ വയ്ക്കുന്നതിന് അലിബാഗിലെ സ്‌കൂളിൽ താൽക്കാലികമായി തയാറാക്കിയ കേന്ദ്രത്തിലായിരുന്നു അർണബ് ഇതുവരെ. ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ തുടർന്നും സമൂഹമാധ്യമങ്ങളിൽ സജീവമായതു ശ്രദ്ധയിൽപ്പെട്ട റായ്ഗഢ് ക്രൈംബ്രാഞ്ചിന്റെ നിർദ്ദേശ പ്രകാരം പൊലീസ് പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് രഹസ്യമായി സുഹൃത്തിന്റെ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.

പ്രതിഫലക്കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് ചാനലിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്ത അന്വയ് നായിക്ക് ആത്മഹത്യ ചെയ്ത കേസിലാണ് അർണബ് അറസ്റ്റിലായത്. അലിബാഗിലെ ജയിലർ ഉപദ്രവിച്ചെന്നായിരുന്നു തലോജ ജയിലിലേക്കു മാറ്റുന്നതിനിടെ പൊലീസ് വാനിൽനിന്ന് അർണബ് വിളിച്ചു പറഞ്ഞത്. തന്റെ ജീവൻ അപകടത്തിലാണ്. അഭിഭാഷകനുമായി സംസാരിക്കാൻ സമ്മതിക്കുന്നില്ലെന്നും അർണബ് പൊലീസ് വാഹനത്തിൽ വെച്ച് ആക്രോശിച്ചിരുന്നു.

അതിനിടെ, അടിസ്ഥാനരഹിതമായ കുറ്റം ചാർത്തിയാണ് അർണബിനെ അറസ്റ്റ് ചെയ്തതെന്ന് ഭാര്യ സമ്യബ്രതറായ് ഗോസ്വാമി പ്രസ്താവനയിൽ പറഞ്ഞിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് നവംബർ നാലിനാണ് ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് അർണബിനെയും ഒപ്പം അറസ്റ്റിലായ രണ്ടു പേരെയും നവംബർ 18 വരെ റിമാൻഡ് ചെയ്തത്. തുടർന്നാണ് ഇവരെ സ്‌കൂളിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്കു മാറ്റിയത്. ഇന്ന് വൈകിട്ട് മൂന്നിന് അർണബിന്റെ ഇടക്കാല ജാമ്യഹരജി ബോംബെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

അതേസമയം, അർണബ് ഗോസ്വാമിക്ക് വേണ്ടി കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേകർ, സ്മൃതി ഇറാനി, അമിത് ഷാ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. കോൺഗ്രസും സഖ്യകക്ഷികളും കൂടിച്ചേർന്ന് ജനാധിപത്യത്തെ നാണംകെടുത്തുന്നുവെന്നാണ് അറസ്റ്റിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. അർണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് പ്രകാശ് ജാവദേകർ പറഞ്ഞത്. ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. അർണബിനെ പിന്തുണയ്ക്കാത്തവർ ഫാസിസത്തെ പിന്തുണയ്ക്കുന്നവരാണെന്നാണ് അറസ്റ്റിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞത്.