തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ ധാരണ. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളിൽ നിയന്ത്രണം കടുപ്പിക്കാനും യോഗം തീരുമാനിച്ചു.

രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചത്. സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തുക എന്ന നിർദ്ദേശത്തെ യോഗത്തിൽ ആരും പിന്തുണച്ചില്ലെന്നാണ് സൂചന. ജനങ്ങളുടെ ജീവനോപാധി ഇല്ലാതാക്കി മുന്നോട്ടുപോവാനാവില്ലെന്ന അഭിപ്രായത്തിനാണ് മേൽക്കൈ ലഭിച്ചത്.

അതേസമയം സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമാണെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തിലാണ് കണ്ടയ്ന്മെന്റ് സോണുകളിൽ നിയന്ത്രണം കടുപ്പിക്കാൻ യോഗം നിർദ്ദേശിച്ചത്. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നു യോഗം പറഞ്ഞു.

രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ശനി, ഞായർ ദിവസങ്ങളിലെ മിനി ലോക്ക് ഡൗൺ തുടരാൻ യോഗം നിർദ്ദേശിച്ചു. വാരാന്ത്യങ്ങളിൽ നിയന്ത്രണങ്ങൾ തുടരുന്നത് ഗുണം ചെയ്യുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

വോട്ടെണ്ണൽ ദിനമായ അടുത്ത ഞായറാഴ്ച ആഹ്ലാദപ്രകടനവും കൂട്ടംചേരലും ഒഴിവാക്കാൻ അതതു രാഷ്ട്രീയ പാർട്ടികൾ സ്വമേധയാ നിർദ്ദേശിക്കണമെന്ന തീരുമാനമാണ് യോഗത്തിലുണ്ടായത്.

കർശന നിയന്ത്രണ സാഹചര്യമെന്ന് ഐഎംഎ

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് മേൽ തുടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണ സാഹചര്യമെന്ന് ഐഎംഎ. നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്ക് ഏർപ്പെടുത്തണെമന്നും ഐഎംഎ ആവശ്യപ്പെട്ടു.