ബജറ്റ് പ്രസംഗം പോലെയുണ്ട്..എന്തിനാണ് കിണറ് കുഴിച്ച കഥയും മോട്ടോർ വച്ച കഥയും മത്സ്യകൃഷിയെക്കുറിച്ചും പറയുന്നതെന്ന് ചെന്നിത്തല; താങ്കൾ മത്സ്യം കഴിക്കാത്തതുകൊണ്ടാണ് ശ്രദ്ധിക്കാത്തത് എന്ന് പിണറായി; പശുവിനെക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ, അടുത്ത ബജറ്റിന് വല്ലതും ബാക്കി വയ്ക്കുമോ എന്ന് പി.ജെ.ജോസഫ്; കൂട്ടച്ചിരികൾക്കും മൂന്നേമുക്കാൽ മണിക്കൂറിലെ മുഖ്യമന്ത്രിയുടെ റെക്കോഡ് പ്രസംഗത്തിനും അപ്പുറം അവിശ്വാസപ്രമേയ ചർച്ചയിൽ കാമ്പുള്ള മറുപടികളില്ല; വിശ്വാസപ്രമേയമായോ എന്ന് പ്രതിപക്ഷത്തിനും സംശയം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: 11 മണിക്കൂറിലേറെ നീണ്ടചർച്ചയ്ക്ക് ശേഷം പിണറായി വിജയൻ സർക്കാരിന് എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. നാൽപതിനെതിരെ 87 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്. കേരള കോൺഗ്രസ് ജോസ് വിഭാഗം വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. തിങ്കളാഴ്ച രാത്രി 9.30 വരെ നീണ്ട സമ്മേളനത്തിനൊടുവിലാണ് അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നത്. തുടർന്ന് നിയമസഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു.
ഒരു നിയമസഭാംഗം സഭയിൽ നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ പ്രസംഗമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രസംഗം ഏതാണ്ട് മൂന്നേമുക്കാൽ മണിക്കൂർ നീണ്ടു. ഇതിന് മുമ്പ് ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം നടത്തിയത് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് രണ്ട് മണിക്കൂർ 55 മിനിറ്റായിരുന്നു ഉമ്മൻ ചാണ്ടിയുടെ ബജറ്റ് പ്രസംഗം. എന്നാൽ സ്വർണക്കടത്ത്, ലൈഫ് മിഷൻ, യുഎഇ എംബസി നൽകിയ ഭക്ഷണക്കിറ്റിനൊപ്പം മതഗ്രന്ഥം എത്തിച്ച സംഭവം അടക്കം പല വിവാദങ്ങൾ പ്രതിപക്ഷം ഉന്നയിച്ചെങ്കിലും അതിനൊന്നും കാമ്പുള്ള മറുപടി മുഖ്യമന്ത്രി നൽകിയില്ല.
ബജറ്റ് പ്രസംഗം പോലെയുണ്ട്, ഇതെന്തിനാണ് ഇങ്ങനെ കിണറ് കുഴിച്ച കഥയും മോട്ടോർ വച്ച കഥയും മത്സ്യകൃഷിയെക്കുറിച്ചും പറയുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഇതൊക്കെ പ്രസക്തമായ കാര്യമല്ലേ, താങ്കൾ മത്സ്യം കഴിക്കാത്തതുകൊണ്ടാണ് താങ്കൾ ശ്രദ്ധിക്കാത്തത് എന്ന് പിണറായി തിരിച്ചടിച്ചു.
അപ്പോൾ പി ജെ ജോസഫ് ചോദ്യം ചോദിക്കാൻ എണീറ്റു. മറുപടി പറയാൻ പിണറായി ഇരുന്നപ്പോൾ, പിജെ ജോസഫിന്റെ ചോദ്യം:
''അല്ലാ, പശുവിനെക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ, അടുത്ത ബജറ്റിന് വല്ലതും ബാക്കി വയ്ക്കുമോ?'', എന്ന് പിജെ.ജോസഫ്. സഭയിൽ കൂട്ടച്ചിരി.
''അല്ലാ, അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സുഭിക്ഷ കേരളം എന്ന പദ്ധതിയുണ്ടല്ലോ'', എന്നായി മുഖ്യമന്ത്രി. അതിനെക്കുറിച്ചും നീണ്ടു പ്രസംഗം.
വോട്ടെടുപ്പിനെ തുടർന്ന് കോൺഗ്രസിൽ ഭിന്നത ഉടലെടുത്തു. ഫ്‌ളോർ മാനേജ്‌മെന്റ് പൂർണമായി പരാജയപ്പെട്ടെന്ന് കോൺഗ്രസിലെ ഒരു വിഭാഗം കുറ്റപ്പെടുത്തി. നേട്ടം സർക്കാരിനും മുഖ്യമന്ത്രിക്കുമെന്നും ഈ വിഭാഗം വിമർശിച്ചു. അവിശ്വാസ പ്രമേയത്തെ പിണറായി വിശ്വാസ പ്രമേയമാക്കി മാറ്റി. ജോസ് വിഭാഗത്തിലെ ഭിന്നതക്കിടെയുള്ള പ്രമേയം തിരിച്ചടിയായെന്നും ഇവർ പറഞ്ഞു. വടി കൊടുത്ത് അടി വാങ്ങി എന്നാണ് ചിലർ പ്രതികരിച്ചത്
മൂന്നരമണിക്കൂറിലേറെ നീണ്ട പ്രസംഗമാണു പ്രതിപക്ഷത്തിനു മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചത്. രാത്രിയോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. മറുപടി പ്രസംഗത്തിന് മുഖ്യമന്ത്രി അധികസമയമെടുത്തെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം സഭാനേതാവിനെയും പ്രതിപക്ഷ നേതാവിനെയും നിയന്ത്രിക്കാറില്ലെന്ന് സ്പീക്കർ സഭയെ അറിയിച്ചു.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൂട്ടംകൂടരുതെന്നും പ്രതിപക്ഷത്തോട് സ്പീക്കർ ആവശ്യപ്പെട്ടു. വി.ഡി. സതീശൻ എംഎൽഎയാണ് അവിശ്വാസ പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്. അന്തരിച്ച പ്രമുഖർക്കുള്ള അനുശോചന രേഖപ്പെടുത്തിയാണ് സമ്മേളനം ആരംഭിച്ചത്. സ്പീക്കർ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് അംഗങ്ങൾക്കിടയിലേക്ക് വന്നിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്പീക്കർക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് പരാമർശം.
പ്രമേയം അവതരിപ്പിക്കാൻ 14 ദിവസം മുൻപ് നോട്ടിസ് നൽകണമെന്നത് ഭരണഘടാപരമായ ബാധ്യതയെന്ന് സ്പീക്കർ അറിയിച്ചു. സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധ ബാനർ ഉയർത്തി. ധനകാര്യബിൽ അവതരിപ്പിച്ച് പാസാക്കി. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് 5 മണിക്കൂറാണു നിശ്ചയിച്ചതെങ്കിലും രാത്രി വരെ നീണ്ടു.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടി: ചെന്നിത്തല
പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങൾക്കൊന്നും അവിശ്വാസ പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ടോളം അഴിമതി ആരോപണങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. അതിലൊന്നിലും മറുപടി പറയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളിൽ നിന്നൊളിച്ചോടുന്ന സ്ഥിതിവിശേഷമാണ് സഭയിൽ കണ്ടത്. സഭയുടെ എല്ലാ അന്തസും നടപടിക്രമങ്ങളും പാലിച്ച് കൊണ്ട് പ്രതിപക്ഷം സഭയിൽ സർക്കാരിനെ തുറന്ന് കാട്ടി. ബ്രൂവറി ഡിസ്റ്റലറി , മാർക്് ദാനം സ്്പ്രിങ്ളർ , ഇ മൊബലിറ്റി പമ്പാ മണൽക്കടത്ത് , ബെവ് കോ ആപ്പ്, സിവിൽ സപ്ളൈസ് അഴിമതി, തുടങ്ങി അദാനിയെ സഹായിച്ച ആരോപണത്തിന് വരെ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. കേരളത്തിന്റെ കണ്ണായ ഭൂമികൾ കൊള്ള സംഘങ്ങൾക്ക് തീറെഴുതി നൽകുന്നതുമായി ബന്ധപ്പെട്ടുന്നയിച്ച അഴിമതിയാരോപണത്തിനും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് മറുപടിയുണ്ടായില്ല.
തന്റെ ദീർഘമായ പ്രസംഗത്തിൽ ഏത് സർക്കാരുകളും ചെയ്യുന്ന കുറെ കാര്യങ്ങളൊക്കുറിച്ച് മാത്രമാണ് അദ്ദേഹം പറഞ്ഞത്. കാതലായ ഒരു വിഷയങ്ങളും സ്പർശിച്ചില്ല. കേരളത്തിന്റെ നിയമസഭാ ചരിത്രത്തിലെ പതിനാറാമത്തെ അവിശ്വാസ പ്രമേയമാണ് അവതരിപ്പിച്ചത്. അതിൽ പ്രതിപക്ഷം എഴുതിക്കൊടുത്ത് ഉന്നയിച്ച കാതലായ ഒരു ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. നനഞ്ഞ പടക്കം പോലെയായിരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസംഗം. അഴിമതിയിൽ മുങ്ങിക്കുളിച്ച് കേരളത്തിലെ ജനങ്ങളെ മുഴുവൻ കബളിപ്പിക്കുന്ന ഒരു സർക്കാരാണിത്്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിലുടെ നീളം അദ്ദേഹം ചെയ്ത കാര്യം മാധ്യമങ്ങളെ കുറ്റം പറയുക മാത്രമാണ്്. തിരുവായ്ക് എതിർവായില്ലെന്ന മട്ടിൽ മാധ്യമങ്ങൾ മാറണമോ എന്നാണോ മുഖ്യമന്ത്രി പറയുന്നത്. മാധ്യമപ്രവർത്തകരെ കടന്നാക്രമിക്കുന്ന സൈബർ ഗുണ്ടകൾക്കുള്ള പ്രോൽസാഹമായിരുന്നു നിയമസഭയിലെ പ്രസംഗമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ മറുപടി
അവിശ്വാസ പ്രമേയവുമായെത്തിയ പ്രതിപക്ഷത്തിനെ കടന്നാക്രമിച്ച് മറുപടി നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ സർക്കാരിന്റെ നേട്ടങ്ങളും എണ്ണിപ്പറഞ്ഞു. ചോദ്യങ്ങൾക്കല്ല മറുപടിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം എതിർപ്പുയർത്തിയെങ്കിലും മറുപടു മുഖ്യമന്ത്രി പറയട്ടെ എന്ന നിലപാടാണ് സ്പീക്കർ സ്വീകരിച്ചത്. സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ടും മേശപ്പുറത്തു വച്ചാണ് മുഖ്യമന്ത്രി നിർത്തിയത്. പ്രതിസന്ധികൾക്കിടയിലും ആത്മവിശ്വാസം കൈവിടാതെ കടന്നാക്രമിക്കുന്ന പഴയ പോരാളിയായി പിണറായി മാറുകയായിരുന്നു. അവിശ്വാസ പ്രമേയ ചർച്ചക്കൊടുവിൽ മറുപടിയിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിക്കുകയും സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറയുകയും ചെയ്തത്. കേരളം നമ്പർ വൺ എന്ന വാക്ക് തന്നെ പ്രതിപക്ഷത്തിന്റെ മനസമാധാനം കെടുത്തുകയാണ്.അതിലൊന്നാണ് അവിശ്വാസ പ്രമേയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന് സ്വയം വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. നല്ലൊരു വാഗ്ദാനവുമായി ബിജെപി വരുന്നതും കാത്തിരിക്കുന്ന നേതാക്കളാണ് കോൺഗ്രസിലുള്ളതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. അടിമുടി ബിജെപിയാകാൻ കാത്തിരിക്കുന്ന പാർട്ടിയായി കോൺഗ്രസിനെ മാറ്റി. അങ്ങനെയുള്ള ഒരു പാർട്ടിയെ കേരളത്തിലെ ജനങ്ങൾ എങ്ങനെ വിശ്വസിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. അവിശ്വാസം ആരിൽ എന്നതാണ് പ്രശ്‌നം. പ്രതിപക്ഷത്തിന് അമ്പരപ്പാണ്. യുഡിഎഫിൽ ഉണ്ടായിരുന്നവർ തന്നെ വിഘടിച്ച് നിൽക്കുന്ന അവസ്ഥയാണ്. യുഡിഎഫിൽ ബന്ധങ്ങൾ ശിഥിലമായി. ഇതിലെല്ലാമുള്ള അസ്വസ്ഥത മുന്നണിയിലുണ്ട്,. ഈ അസ്വസ്ഥത രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് നടന്ന വോട്ടെടുപ്പിൽ വരെ പ്രകടമാണ്. ഈ അസ്വസ്ഥതക്ക് മറയിടാനുള്ള ശ്രമമാണോ അവിശ്വാസ പ്രമേയം എന്ന് പറയേണ്ടത് പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ അധികാരത്തിലെത്തുമ്പോൾ 91 സീറ്റായിരുന്നു. ഇപ്പോഴത് 93 സീറ്റായി. ജനവിശ്വാസം കൂടിയതിനുള്ള തെളിവാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ ഇടത് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോൾ ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിൽ അടിയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 135 വയസ് തികയുന്ന കോൺഗ്രസ് പാർട്ടിയുടെ ഇന്നത്തെ അവസ്ഥ അടിത്തറക്ക് മീതേ മേൽക്കൂര നിലംപൊത്തിയ നിലയിലാണ്. ഇത്രയും വെല്ലുവിളി രാജ്യം നേരിടുന്ന ഘട്ടത്തിലാണ് സ്വന്തം നേതാവിനെ തിരഞ്ഞെടുക്കാൻ കെൽപ്പില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിയത്. അത് ദയനീയ അവസ്ഥയാണ്. അതിന്റെ പേരിൽ തമ്മിലടിക്കുന്നു.
നേതാക്കൾക്കെതിരെ അവിശ്വാസം ചർച്ചയാണ്. കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യത്തിന് ഒപ്പം സോണിയാ ഗാന്ധി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറുകയാണെന്നും അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയാണെങ്കിൽ നേരത്തെ തന്നെ വച്ചൊഴിഞ്ഞ അവസ്ഥയാണ്. ഇത്രയും പാരമ്പര്യമുള്ള ഒരു പാർട്ടിക്ക് എന്താണ് നേതാവില്ലാത്ത അവസ്ഥായായി പോയതെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിൽ നിന്നുള്ള നേതാക്കൾക്കുപോലും ദേശീയ നേതൃത്വത്തെ കുറിച്ച് ഭിന്ന അഭിപ്രായം ആണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിച്ചതിൽ പോലും കോൺഗ്രസിനകത്ത് ഭിന്നാഭിപ്രായം ഉണ്ട്. ഇതെല്ലാം കോൺഗ്രസ് സ്വയം വിലയിരുത്തണം.
രാജ്യം നേരിടുന്ന ഏതെങ്കിലും ഒരു വിഷയത്തിൽ ഒന്നിച്ചൊരു നിലപാടെടുക്കാൻ കോൺഗ്രസിന് കഴിയുന്നുണ്ടോ? അയോധ്യ വിഷയത്തിലടക്കം ബിജെപിക്കെതിരെ മിണ്ടാൻ കോൺഗ്രസ് തയ്യാറായില്ലെന്ന് മാത്രമല്ല ബിജെപിക്ക് പിന്നണി പാടുകയും ചെയ്തു. സാമ്പത്തിക നയങ്ങളെ പോലും എതിർക്കുന്നില്ല. നല്ല വാഗ്ദാനവുമായി ബിജെപി എപ്പോ വരുമെന്ന് കാത്തിരിക്കുന്ന നേതാക്കളാണ് കോൺഗ്രസിലുള്ളത്. ഇത്രമേൽ അധപതിച്ച പാർട്ടിയെ കേരളത്തിലെ ജനം എങ്ങനെ വിശ്വസിക്കും. ഇത്തരം അവസ്ഥകളാണ് അവിശ്വാസ പ്രമേയത്തിന് പ്രേരിപ്പിക്കുന്നത് എന്ന് ഇനിയെങ്കിലും തിരിച്ചറിയണം, കാൽ ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുകയാണെന്ന് കോൺഗ്രസ് നേതാക്കൾ മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫിന്റെ മുഖ്യ എതിരാളി ബിജെപിയാണെന്ന് അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ പോലും കോൺഗ്രസ് പറഞ്ഞു. വർഗ്ഗീയതയും അഴിമതിയുമാണ് പഴയ യുഡിഎഫ് കാലം ഓർമ്മിപ്പിക്കുന്നത്. മത നിരപേക്ഷത സംരക്ഷിക്കാൻ നൽകിയ ജനവിധിയാണ് ഇടത് മുന്നണിക്ക് ഉള്ളത്. ജനം ഏൽപ്പിച്ച വിശ്വാസം അവിശ്വാസമായി മാറേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്ന് വ്യക്തമാക്കിയ പിണറായി വിജയൻ സർക്കാരിന്റെ നേട്ടങ്ങൾ ഓരോന്നും എണ്ണിപ്പറഞ്ഞു.
വികസന പദ്ധതികൾ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന സർക്കാരാണ് കേരളത്തിലെന്നും ഉദാഹരണ സഹിതം മുഖ്യമന്ത്രി അവകാശപ്പെട്ടു. കിഫ്ബി വഴിയും അല്ലാതേയും വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളാണ് ഇടത് സർക്കാർ കൊണ്ടുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടിൻ പുറങ്ങളിലെ വിദ്യാവലയങ്ങളിൽ അടക്കം മാറ്റങ്ങൾ പ്രകടമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പൊതു വിദ്യാലയങ്ങളിൽ കുട്ടികൾ കൂടി വരികയാണ്, പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ നേട്ടങ്ങളും അക്കാദമിക നിലവാരത്തിലെ ഉയർച്ചയും കേരളത്തെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ല.
ആരോഗ്യ മേഖലയിൽ ഇനിയും വളർച്ച വേണമെന്ന് തിരിച്ചറിഞ്ഞാണ് ആർദ്രം പദ്ധതി പ്രഖ്യാപിച്ചത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വരെ മികച്ച ചികിത്സാ സൗകര്യങ്ങളുണ്ടാക്കാൻ കഴിഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രികളിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഓണം കയറാമൂലയിൽ പോലും പൊതു ചികിത്സാ കേന്ദ്രങ്ങളെ ആശ്രയിക്കാമെന്ന സ്ഥിതിയിലേക്ക് കേരളം മാറി.
ലൈഫ് മിഷൻ പാവപെട്ടവർക്ക് വേണ്ടി ഉള്ള ഭവന നിർമ്മാണ പദ്ധതിയാണ്. സമഗ്രമായ ഭവന പദ്ധതിയാണ് ആവിഷ്‌കരിച്ചത്. രണ്ടേകാൽ ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമാകാൻ ഇത് വരെ കഴിഞ്ഞിട്ടുണ്ട്. ഏത് തരം കുപ്രചരണങ്ങളേയും അതിജീവിച്ച് പദ്ധതി മുന്നോട്ട് തന്നെ പോകും. വലിയ പിന്തുണയാണ് സർക്കാരിന് ജനങ്ങളിൽ നിന്ന് കിട്ടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.വീടില്ലാത്ത എല്ലാവരുടേയും സ്വപ്നം സർക്കാർ സാക്ഷാത്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ മിഷനെ കുറിച്ച് വിശദീകരിച്ച് പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ നിരയിൽ നിന്ന് ബഹളം ഉയർന്നു. ആരോപണങ്ങളെ കുറിച്ചല്ല മറുപടി എന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്ത് മറുപടി പറയണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ എന്നായിരുന്നു സ്പീക്കറുടെ നിലപാട്. ആദ്യം മിഷനുകളെ കുറിച്ച് പറയട്ടെ ബാക്കി കാര്യങ്ങൾ പിന്നാലെ പറയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. '
ഹരിത മിഷൻ നാടിന്റെ പച്ചപ്പിനെ വീണ്ടെടുക്കാനുള്ള പദ്ധതയായാണ് സർക്കാർ വിഭാവനം ചെയ്തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഹരിത കർമ്മ സേനയും മാലിന്യ നിർമ്മാർജ്ജ മിഷനും സംസ്ഥാനത്ത് ക്രിയാത്മക ഇടപെടലാണ് നടത്തുന്നത്. മറുപടി നീണ്ടു പോകുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച പ്രതിപക്ഷം പ്രസംഗത്തിന് സമയ ക്ലിപ്തത വേണമെന്ന് ആവശ്യപ്പെട്ടു, അവിശ്വാസ പ്രമേയ മറുപടിയിൽ കിണറ് റീ ചാർജ്ജ് ചെയ്തതൊക്കെയാണ് മുഖ്യമന്ത്രി പറയുന്നത്. എന്തിനും ഒരു ന്യായം വേണം. എത്ര സമയം കൂടി വേണം എന്ന് പറയണമെന്നും കോവിഡ് കാലമാണെന്ന് ഓർക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരോപണങ്ങൾ ഏറെ ഉണ്ടെന്നും അതുകൊണ്ടാണ് വിശദീകരിക്കേണ്ടി വരുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സാമ്പത്തിക മേഖലയിലും വികസന രംഗത്തും വൻ നേട്ടങ്ങളാണ് കേരളം ഇക്കാലയളവിൽ നേടിയത്.
ഏത് കാര്യത്തിലാണ് അവിശ്വാസം എന്നാണ് അറിയേണ്ടത്. പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിച്ചതും മതത്തിന്റെ പേരിലുള്ള വേർതിരിവുകൾക്കെതിരെ പ്രതികരിച്ചതും ഈ സർക്കാറാണ്. പൊതുമേഖലയെ വിറ്റഴിക്കുന്നതിനെതിരെ നിലപാടെടുത്ത സർക്കാരാണ്. ഇക്കാര്യത്തിലെല്ലാം സർക്കാരിനോട് അവിശ്വാസം ഉണ്ടോ എന്നും പിണറായി വിജയൻ ചോദിച്ചു. സാമൂഹിക ക്ഷേമ പെൻഷനും തൊഴിലുറപ്പ് പദ്ധതിയും വരെ ഓരോന്നും എണ്ണിപ്പറഞ്ഞാണ് ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം കൂടിയെന്ന് പിണറായി വിജയൻ അവകാശപ്പെട്ടത്,
അനാവശ്യ വിവാദങ്ങൾ നാടിന്റെ വികസനം തടപ്പെടുത്തുന്നു. അത്തരത്തിലുള്ള അപവാദ പ്രചാരണത്തിൽ നിന്ന് എല്ലാവരും മാറി നിൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അവിശ്വാസ പ്രമേയം കൊണ്ടു വന്ന സാഹചര്യത്തിൽ ജനപ്രതിനിധികൾക്ക് വായിക്കാൻ വേണ്ടിയാണ് ഇത്രയും വിശദീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ടും മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്തു വച്ചു.
മറുനാടന് മലയാളി ബ്യൂറോ