- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന് സീറ്റില്ല; എ സി മൊയ്തീനും ടി പി രാമകൃഷ്ണും വീണ്ടും മത്സരിക്കും; വ്യവസായി വികെസിയെ വെട്ടി പിണറായിയുടെ മരുമകന് സീറ്റ്; പി ജയരാജനെ വെട്ടാൻ കൊണ്ടുവന്ന ലോക്സഭയിൽ മത്സരിച്ചു തോറ്റവർ വേണ്ടെന്ന നിയമം വാസവന് ബാധകമല്ല; സിപിഎം സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ
തിരുവനന്തപുരം: സിപിഎം സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ പാർട്ടി കൊണ്ടുവന്ന മാനദണ്ഡങ്ങളെല്ലാം ഇഷ്ടക്കാർക്ക് വേണ്ടി വഴിമാറുന്നു. ജില്ലാതല ചർച്ചകൾ പൂർത്തിയായതോടെ സിപിഎം അന്തിമ സ്ഥാനാർത്ഥിനിർണയത്തിലേക്കാണ് കടക്കുന്നത്. ഇന്നും നാളെയും സംസ്ഥാന നേതൃയോഗങ്ങൾ ചേർന്ന് ഈമാസം 10ന് എൽഡിഎഫ് പട്ടിക പുറത്തിറക്കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
നിലവിൽ എൽഡിഎഫ് മന്ത്രിസഭയിൽ മന്ത്രിസ്ഥാനം വഹിക്കുന്ന പലരും വീണ്ടും കളത്തിലിറങ്ങാൻ സാധ്യതയുള്ളപ്പോൾ തന്നെ സി രവീന്ദ്രനാഥിനെ പോലുള്ളവർക്ക് സീറ്റു നിഷേധിക്കുന്ന കാഴ്ച്ചയും കണ്ടു. ഇഷ്ടക്കാർക്ക് വേണ്ടി നയം മാറ്റുന്ന സമീപനമാണ് നിലവിൽ സിപിഎമ്മിൽ കണ്ടുവരുന്നത്. എ സി മൊയ്തീനും ടി പി രാമകൃഷ്ണനും വീണ്ടും മത്സരിക്കാൻ ഒരുങ്ങുകയാണ്. അതേസമയം പിണറായിയുടെ മരുമകൻ പി എ മുഹമ്മദ് റിയാസും മത്സരിക്കാൻ ഒരുങ്ങുകയാണ്. പി ജയരാജനെ വെട്ടാൻ വേണ്ടിയാണ് ലോക്സഭയിൽ മത്സരിക്കുന്നവർക്ക് സീറ്റു നൽകേണ്ടതില്ലെന്ന തീരുമാനം സിപിഎം കൈക്കൊണ്ടത്. എന്നാൽ, ഈ നിയമം വി എൻ വാസവനും പ്രദീപ് കുമാറിനും ബാധകമല്ലെന്നതും വ്യക്തമായി. ഗുരുവായൂരിൽ സിറ്റിങ് എംഎൽഎയായ കെ.വി. അബ്ദുൽ ഖാദറിനെ മാറ്റാനും സിപിഎം തയ്യാറാകുന്നുണ്ട്
തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം ജില്ലകളിലാണ് ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റ് ചേർന്നു തയാറാക്കിയത്. തൃശൂരിലെ പട്ടികയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണും കോഴിക്കോട്ടെ പട്ടികയിൽ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ മുഹമ്മദ് റിയാസുമുണ്ട്. ബോപ്പൂരിൽ നിന്നാണ് മുഹമ്മദ് റിയാസ് ജനവിധി തേടുക. മന്ത്രി എ.സി.മൊയ്തീൻ വീണ്ടും കുന്നംകുളത്തു മത്സരിക്കും. ടേം നിബന്ധന കാരണം പുതുക്കാട് പട്ടികയിൽനിന്നു സിറ്റിങ് എംഎൽഎ മന്ത്രി സി.രവീന്ദ്രനാഥിനെ ഒഴിവാക്കി. പകരം ജില്ലാ കമ്മിറ്റി അംഗം കെ.കെ. രാമചന്ദ്രനെയാണ് മത്സരിപ്പിക്കുന്നത്. അതേസമയം ഐസക്കിനും ജി സുധാകരനും നൽകിയ ഇളവ് രവീന്ദ്രനാഥിന് നൽകിയതുമില്ല.
ഗുരുവായൂരിൽ കെ.വി. അബ്ദുൽ ഖാദറിനു പകരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെ നിർദ്ദേശിച്ചിരിക്കുന്നത്. വടക്കാഞ്ചേരിയിൽ പുഴയ്ക്കൽ ഏരിയ സെക്രട്ടറി സേവ്യർ ചിറ്റിലപ്പള്ളിയോ മുതിർന്ന നേതാവ് എം.കെ. കണ്ണനോ മത്സരിക്കും. ചാലക്കുടി സീറ്റിൽ ബി.ഡി.ദേവസി, ഇരിങ്ങാലക്കുടയിൽ കെ.ആർ. വിജയയും ചേലക്കരയിൽ സിറ്റിങ് എംഎൽഎ യു.ആർ. പ്രദീപും മത്സരിക്കും. മണലൂരിൽ സിറ്റിങ് എംഎൽഎ മുരളി പെരുനെല്ലിയാണ് സ്ഥാനാർത്ഥി.
കോട്ടയം ജില്ലയിൽ ഏറ്റുമാനൂരിൽ കെ.സുരേഷ് കുറുപ്പ് എംഎൽഎ, ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ എന്നിവരെ സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്താൻ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. വാസവനാണ് ഇവിടെ സാധ്യത കൂടുതൽ. ജില്ലാ കമ്മിറ്റി അംഗം കെ.അനിൽ കുമാർ കോട്ടയത്തും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി.തോമസ് പുതുപ്പള്ളിയിലും പട്ടികയിൽ ഇടം തേടി.
രണ്ടു ടേം കഴിഞ്ഞ സുരേഷ് കുറുപ്പിന്റെയും വാസവന്റെയും സ്ഥാനാർത്ഥിത്വത്തിൽ സംസ്ഥാന നേതൃത്വം തീരുമാനം എടുക്കും. പൂഞ്ഞാർ സിപിഎം ഏറ്റെടുക്കണമെന്നു യോഗം നിർദ്ദേശിച്ചു. കോഴിക്കോട് നോർത്തിൽ മത്സരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച സംവിധായകൻ രഞ്ജിത്തിനെ ജില്ലാ സെക്രട്ടേറിയറ്റ് തഴഞ്ഞു. രഞ്ജിത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ ജില്ലയിൽനിന്നുള്ള 3 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് എ. പ്രദീപ്കുമാറിന്റെ പേരു വീണ്ടും നിർദ്ദേശിച്ചു.
പേരാമ്പ്രയിൽ മന്ത്രി ടി.പി. രാമകൃഷ്ണനെയും കൊയിലാണ്ടിയിൽ 2 ടേം പൂർത്തിയാക്കിയ കെ.ദാസനെയും വീണ്ടും പരിഗണിക്കാനാണ് ശുപാർശ. കൊയിലാണ്ടിയിൽ എം.മെഹബൂബ്, പി.സതീദേവി എന്നിവരുടെ പേരുകളുമുണ്ട്. ബേപ്പൂരിൽ വി.കെ.സി. മമ്മദ് കോയയ്ക്കു പകരമാണ് മുഹമ്മദ് റിയാസ് എത്തുന്നത്.
തിരുവമ്പാടി: ഗിരീഷ് ജോൺ, ബാലുശ്ശേരി: കെ.എം.സച്ചിൻദേവ്, ഇ.രമേശ് ബാബു. കഴിഞ്ഞ വട്ടം ഇടതുസ്വതന്ത്രർ വിജയിച്ച കുന്നമംഗലം, കൊടുവള്ളി മണ്ഡലങ്ങളിൽ ഇക്കുറിയും സിറ്റിങ് എംഎൽഎമാരായ പി.ടി.എ.റഹീമിനെയും കാരാട്ട് റസാഖിനെയും മത്സരിപ്പിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിനു നൽകിയേക്കും
തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കം 7 സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കണമെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചു. 2 ടേം നിബന്ധന പൂ ർത്തിയാക്കിയ ബി.സത്യനെ (ആറ്റിങ്ങൽ) ഒഴിവാക്കി. കഴക്കൂട്ടം: കടകംപള്ളി സുരേന്ദ്രൻ, വർക്കല: വി.ജോയി, വാമനപുരം: ഡി.കെ. മുരളി, വട്ടിയൂർക്കാവ്: വി.കെ. പ്രശാന്ത്, പാറശാല: സി.കെ. ഹരീന്ദ്രൻ, കാട്ടാക്കട: ഐ.ബി.സതീഷ്, നെയ്യാറ്റിൻകര: കെ.ആൻസലൻ എന്നീ സിറ്റിങ് എംഎൽഎമാരാണു വീണ്ടും മത്സരിക്കുന്നത്. നേമത്ത് വി.ശിവൻകുട്ടിക്കു വീണ്ടും സീറ്റ് നൽകും. അരുവിക്കര: ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷൻ വി.കെ. മധു, ആറ്റിങ്ങൽ: ചിറയിൻകീഴ് ബ്ലോക് പ്രസിഡന്റ് ഒ.എസ്. അംബിക കുമാരി.
അതേസമയം ചങ്ങനാശേരിക്കു പകരം പൂഞ്ഞാറോ കോട്ടയമോ കിട്ടിയാൽ വഴങ്ങുമെന്ന പ്രചാരണം സിപിഐ നിഷേധിച്ചു.
കോട്ടയം ജില്ലയിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റെന്ന നിലയിൽ ഏറ്റുമാനൂർ വിട്ടുകൊടുക്കാമെന്നും പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി എന്നിവ വേണമെന്നുമാണ് കേരള കോൺഗ്രസ് (എം) നിലപാട്. മൊത്തം 13 സീറ്റ് എന്ന ആവശ്യത്തിലും ഉറച്ചുനിൽക്കുന്നു. കാഞ്ഞിരപ്പള്ളി കൂടാതെ കണ്ണൂരിലെ ഇരിക്കൂർ, മലപ്പുറത്തെ 2 സീറ്റുകൾ എന്നിവ വിട്ടുകൊടുക്കാനുള്ള സന്നദ്ധത സിപിഐ അറിയിച്ചു. ആകെ 24 സീറ്റിലാകും മത്സരിക്കുക.
അതിനിടി നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കു പകരം ഭാര്യ ഡോ. പി.കെ. ജമീല തരൂരിൽ മത്സരിക്കുമെന്ന പ്രചാരണം അസംബന്ധവും ചിലരുടെ തിരക്കഥയുടെ ഭാഗവുമെന്നു മന്ത്രി എ.കെ.ബാലൻ പ്രതികരിച്ചു. ജില്ലാ സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്യാത്ത പേരു പ്രചരിപ്പിച്ചതിനു പിന്നിലുള്ള ചിലരുടെ അജൻഡയെക്കുറിച്ചു പിന്നീടു പറയാം. സ്ഥാനാർത്ഥികളെക്കുറിച്ചു പ്രാഥമിക കൂടിയാലോചന മാത്രമാണു നടന്നത്. അതിൽ വരാത്ത പേര് ആവർത്തിച്ചു പ്രചരിപ്പിച്ചതിൽ ദുരൂഹതയുണ്ട്. ഭരണത്തുടർച്ച ഇല്ലാതാക്കാനുള്ള മറുപക്ഷത്തിന്റെ നീക്കങ്ങളുടെ ഭാഗമായി ഓരോ ദിവസവും ഉണ്ടാക്കുന്ന കഥകളിലൊന്നാണു തരൂരിലെ സ്ഥാനാർത്ഥിയെക്കുറിച്ചുള്ളത് ബാലൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ