ബംഗളൂരു: കർണാടകയിൽ സമ്പൂർണ ​ഗോവധ നിരോധനം നിലവിൽ വന്നു. ഇരുസഭകളിലും പാസാക്കിയ സമ്പൂർണ ഗോവധ നിരോധന-കന്നുകാലി സംരക്ഷണ (2020) ബില്ലിൽ ഗവർണർ വാജുഭായ് വാല ഒപ്പുവെച്ചതോടെയാണ് നിയമമായത്. പശു, കാള, പോത്ത് എന്നിവയെ കൊല്ലുന്നത് സംസ്ഥാനത്ത് ഇതോടെ 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി മാറി. അതേസമയം, 13 വയസ്സിന് മുകളിലുള്ള പോത്തുകളെ അറുക്കുന്നതിന് തടസ്സമില്ല. എന്നാൽ, കൊന്ന് ഇറച്ചിയാക്കിയ പോത്തിന്റെ വയസ് തെളിയിക്കുക അസാധ്യമായതിനാൽ അതിന് മുതിരുന്നവരും ശിക്ഷിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫലത്തിൽ സംസ്ഥാനത്തിനകത്ത്​ സമ്പൂർണ ബീഫ് നിരോധനത്തിനാണ് ഈ നിയമം വഴിയൊരുക്കുന്നത്.

കഴിഞ്ഞ വർഷം അവസാനം നിയമസഭയിൽ ബിൽ പാസാക്കിയെങ്കിലും ഫെബ്രുവരി എട്ടിനാണ് ഉപരിസഭയായ നിയമനിർമ്മാണ കൗൺസിലിൽ പാസാക്കുന്നത്. കോൺഗ്രസ്- ജെ.ഡി.എസ് അംഗങ്ങൾക്ക് കൗൺസിലിൽ ഭൂരിപക്ഷമുണ്ടായിട്ടും ശബ്​ദവോട്ടോടെ ഏകപക്ഷീയമായി ബിജെപി ബിൽ പാസാക്കുകയായിരുന്നു. നിയമ നിർമ്മാണ കൗൺസിലിൽ പാസാകാത്തതിനെ തുടർന്ന് നേരത്തേ ഓർഡിനൻസിെൻറ വഴിയും സർക്കാർ തേടിയിരുന്നു.

കാലികളെ കശാപ്പു ചെയ്യുന്നവർക്ക് പത്ത് ലക്ഷം രൂപ വരെ പിഴയും 7 വർഷം വരെ തടവും ശിക്ഷ നൽകുന്നതാണ് നിയമം. കുറ്റവാളിയെന്ന് തെളിഞ്ഞാൽ അവരുടെ കാലികൾ , വസ്തുക്കൾ, സ്ഥലം , വാഹനങ്ങൾ എന്നിവ കണ്ടുകെട്ടാനും നിയമം മൂലം സർക്കാരിന് കഴിയും. എസ്‌ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥർക്ക് സംശയകരമായി തോന്നുന്ന കാലി വളർത്തു ഇടങ്ങളിലെല്ലാം കയറി പരിശോധന നടത്താനും കാലികളെ പിടിച്ചെടുക്കാനും നിയമം അനുവദിക്കുന്നു.

ഗോവധം നിരോധിക്കുമെന്ന് തെരഞ്ഞെടുപ്പ് പത്രികയിൽ ബിജെപി വ്യക്തമാക്കിയിരുന്നു. 2010-ൽ അധികാരത്തിലെത്തിയപ്പോൾ യെഡിയൂരപ്പ സർക്കാർ ഗോവധ നിരോധന ബിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ഗവർണർ അനുമതി നൽകിയില്ല. 2013-ൽ അധികാരത്തിൽ വന്ന സിദ്ധരാമയ്യ സർക്കാർ ബിൽ നീക്കം ചെയ്യുകയും ചെയ്തിരുന്നു. കുറ്റവാളികൾക്ക് മൂന്നുവർഷം മുതൽ അഞ്ചുവർഷം വരെ തടവും അരലക്ഷം മുതൽ അഞ്ചുലക്ഷം വരെ പിഴയും നൽകുന്നതാണ് നിയമം. കുറ്റം ആവർത്തിച്ചാൽ ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ പിഴയും ഏഴുവർഷം വരെ തടവും ശിക്ഷ ലഭിക്കും.