- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി എസ് എസി സിയുടെ വാഹനം പോലും തടയുന്നു; വ്യവസായ സൗഹൃദമാകാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്കു തിരിച്ചടിയാകുന്ന നോക്കുകൂലി സമ്പ്രദായം ഇല്ലാതാക്കണം; യൂണിയനുകൾ നിയമം കയ്യിലെടുക്കരുതെന്നു സർക്കാർ പറയാത്തിടത്തോളം കാലം ഒരു വ്യവസായിയും കേരളത്തിൽ വരാൻ ധൈര്യപ്പെടില്ല; ആ സത്യം ഹൈക്കോടതി തിരിച്ചറിയുമ്പോൾ
കൊച്ചി: നോക്കുകൂലിയിൽ ഹൈക്കോടതിയുടെ ഈ വികാരം സർക്കാരും ഉൾക്കൊള്ളട്ടേ. വ്യവസായ സൗഹൃദമാകാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്കു തിരിച്ചടിയാകുന്ന നോക്കുകൂലി സമ്പ്രദായം ഇല്ലാതാക്കണമെന്നാണ് ഹൈക്കോടിക്ക് പറയാനുള്ളത്. ചുമട്ടുതൊഴിലാളികൾക്ക് അർഹതപ്പെട്ട തൊഴിൽ നിഷേധിക്കപ്പെട്ടാൽ കയ്യൂക്കു കാട്ടുകയല്ല, നിയമപ്രകാരം പരിഹാരം തേടുകയാണു വേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ വഴിയിലേക്ക് കാര്യങ്ങളെത്തിയാൽ കേരളം മാറും. ഇതിനുള്ള നിർദ്ദേശമാണ് ഹൈക്കോടതിയുടേത്.
വ്യവസായ സൗഹൃദമാകാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്കു തിരിച്ചടിയാകുന്ന നോക്കുകൂലി സമ്പ്രദായം ഇല്ലാതാക്കണം. ഒരു യൂണിയൻ തൊഴിലാളിയും നിയമം കയ്യിലെടുക്കാൻ പാടില്ലെന്നു സർക്കാർ പറയാത്തത് എന്തുകൊണ്ടാണെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പരോക്ഷമായി നോക്കുകൂലിയിൽ സർക്കാരിനെ വിമർശിക്കുകയാണ് ഹൈക്കോടതി. യൂണിയനുകൾ നിയമം കയ്യിലെടുക്കരുതെന്നു സർക്കാർ പറയാത്തിടത്തോളം കാലം ഒരു വ്യവസായിയും കേരളത്തിൽ വരാൻ ധൈര്യപ്പെടില്ലെന്നും വാക്കാൽ പരാമർശിച്ചു. നോക്കുകൂലി നിരോധിച്ച് 10 വർഷം കഴിഞ്ഞിട്ടും പരാതികൾ തുടരുന്നു.
കയറ്റിറക്ക്, നോക്കുകൂലി തർക്കങ്ങൾ ചുമട്ടുതൊഴിലാളി നിയമപ്രകാരം എങ്ങനെ പരിഹരിക്കാമെന്നുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി സർക്കാർ സമഗ്ര റിപ്പോർട്ട് സമർപ്പിക്കണം. കേരളത്തെ വ്യവസായസൗഹൃദമാക്കാനുുള്ള നടപടികളും അറിയിക്കണമന്നു നിർദേശിച്ചു. ഈ വിഷയത്തിൽ സജീവമായി ഇടപെടനാണ് ഹൈക്കോടതിയുടെ തീരുമാനം. സംസ്ഥാനം നിക്ഷേപ സൗഹൃദമല്ലെന്ന പല്ലവി മാറ്റിയെടുക്കാനുള്ള ഇച്ഛാശക്തി സർക്കാരിന് ഉണ്ടാകണമെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. വി എസ്എസ്സിയിലേക്കുള്ള വാഹനം തടഞ്ഞ സംഭവം കേരളത്തിനുണ്ടാക്കിയ ദുഷ്പേര് ചെറുതല്ലെന്നു കോടതി പറഞ്ഞു.
മാധ്യമങ്ങളിൽ വരുന്ന നോക്കുകൂലി തർക്കങ്ങൾ നാടിനു പേരുദോഷം ഉണ്ടാക്കുന്നതാണ്. ചുമട്ടുതൊഴിലാളി നിയമത്തിൽ തർക്ക പരിഹാര മാർഗത്തെക്കുറിച്ചു പറയുന്നുണ്ടെങ്കിലും നടപടി വൈകുന്നതിനാൽ ഫലപ്രദമല്ല. ഇത്തരം സംവിധാനങ്ങൾ ശക്തമാക്കണം. കോടതി പറഞ്ഞു. 2018 നു ശേഷം തൊഴിലാളി യൂണിയനുകൾക്കെതിരെ 11 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ അറിയിച്ചു. യഥാർഥത്തിൽ നൂറു കണക്കിനു കേസുകളുണ്ടെന്നു കോടതി പ്രതികരിച്ചു. യഥാർഥത്തിൽ കൺസിലിയേഷൻ ഓഫിസറുടെ ജോലി ചെയ്യുന്നതും ചുമട്ടുതൊഴിലാളി നിയമം കൂടുതൽ ഉപയോഗിക്കുന്നതും കോടതിയാണെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ഹർജികളിൽ ചിലതെല്ലാം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു സർക്കാർ അഭിഭാഷകൻ പറഞ്ഞു. ആരോപണങ്ങളെല്ലാം ശരിയല്ലെങ്കിലും എല്ലാം ക്രമപ്രകാരമല്ല നടക്കുന്നതെന്നു കോടതി വിലയിരുത്തി. തൊഴിലാളി യൂണിയൻ അംഗങ്ങളിൽ നിന്നു പൊലീസ് സംരക്ഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം അഞ്ചൽ സ്വദേശി ടി. കെ. സുന്ദരേശൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹർജി ഇനി 27നു പരിഗണിക്കും.
സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ച് പൊലീസ് മേധാവി 2012 ൽ സർക്കുലർ പുറപ്പെടുവിച്ചതായി സർക്കാർ അറിയിച്ചു. പരാതികളിൽ സ്വീകരിക്കേണ്ട നടപടി വ്യക്തമാക്കി 2018 ൽ മറ്റൊരു ഉത്തരവും പറപ്പെടുവിച്ചു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥിതി മാറുന്നില്ലെന്ന നിസ്സഹായതയാണ് സർക്കാരിന് പറയാനുള്ളത്. അവകാശം നേടിയെടുക്കാൻ തൊഴിലാളികൾ നിയമം ലംഘിക്കുന്ന സ്ഥിതിയാണ്. തൊഴിലുടമ നിയമം പാലിച്ചില്ലെങ്കിൽ നോക്കുകൂലി വാങ്ങാനല്ല, നിയമപ്രകാരം കൂലി വാങ്ങിയെടുക്കാൻ തൊഴിലാളി ശ്രമിക്കണം. സംഘടിത ശക്തിയിൽ ധർണയും സമരവും ചെയ്യുന്നതല്ല പ്രശ്നങ്ങൾക്കുള്ള പരിഹാരം കോടതി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ