കോഴിക്കോട്: സംസ്ഥാനത്ത് സാക്ഷരതാമിഷനു കീഴിൽ പ്രവർത്തിക്കുന്ന പ്രേരക്, അസി. പ്രേരക്, നോഡൽ പ്രേരക്മാർക്ക് നാലുമാസമായി വേതനമില്ല.വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയിൽ നിൽക്കുമ്പോഴാണ് വേതനം വെട്ടിക്കുറച്ചുള്ള അറിയിപ്പ് വരുന്നത്.കോവിഡ് കാലത്ത് പ്രതിസന്ധികളുടെ കഥകൾ മാത്രമാണ് ഇവർക്ക് പറയാനുള്ളത്.

മാസത്തിൽ 12,000 രൂപയാണ് പ്രേരകിന്റെ വേതനം. നോഡൽ പ്രേരകിന് 15,000 രൂപ, അസി. പ്രേരകിന് 10,500 രൂപ എന്നിങ്ങനെയും. ഇത് നൽകുന്നില്ലെന്നുമാത്രമല്ല, ഓരോ പ്രേരകിനും ടാർഗറ്റ് നിശ്ചയിച്ച് ഈ തുക വെട്ടിക്കുറയ്ക്കുന്നുവെന്നതും പ്രശ്‌നമാണ്. നാലാംക്ലാസ്, ഏഴാംക്ലാസ്, എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി എന്നിവയിൽ തുല്യതാപരീക്ഷയെഴുതാൻ നിശ്ചിത എണ്ണം പഠിതാക്കളെ കണ്ടെത്തണമെന്നാണ് വ്യവസ്ഥ. ഓരോ വിഭാഗത്തിലും 25 വീതം 100 പേരെ വേണം ഓരോ വർഷവും കണ്ടെത്താൻ.

എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പഠിതാക്കളിൽനിന്നുള്ള ഫീസാണ് സാക്ഷരതാമിഷന്റെ തനതുഫണ്ട്. ഇതുറപ്പാക്കാനാണ് കർക്കശനിബന്ധന. ആളെണ്ണം തികയ്ക്കാനായില്ലെങ്കിൽ പ്രതിമാസ വേതനത്തിൽ പകുതിയോളം കിട്ടാതാവും.സാക്ഷരതാപ്രവർത്തനം മൂന്നുപതിറ്റാണ്ട് പിന്നിട്ടശേഷവും നാലാംക്ലാസ് തുല്യതയ്ക്ക് ആളെ കണ്ടെത്തുന്നതെങ്ങനെയെന്നതാണ് ചോദ്യം. അസാധ്യമായ ടാർഗറ്റ് നിശ്ചയിച്ച് വേതനം വെട്ടിക്കുറയ്ക്കുന്നുവെന്നാണ് ആക്ഷേപം.

ഇത് മാത്രമല്ല സർക്കാറിന് പ്രാദേശിക തലങ്ങളിലൊക്കെ എന്ത് ആവശ്യം വന്നാലും ആദ്യം വിളിവരുന്നത് പ്രേരക്മാർക്കാണ്.കോവിഡ് പ്രതിരോധം ഉൾപ്പെടെ തദ്ദേശസ്ഥാപനങ്ങൾ നിർദേശിക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും മുന്നിൽനിൽക്കേണ്ടവരാണ് പ്രേരകുമാർ. അതെല്ലാം ഒരു പരാതിയുമില്ലാതെ നിർവഹിച്ചിട്ടും യാത്രയ്ക്കും ഭക്ഷണത്തിനുമുള്ള വേതനം പോലും ലഭിക്കാത്ത അവസ്ഥയാണ്.രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ വിദ്യാകേന്ദ്രങ്ങളിലാണ് ഇവരുടെ ജോലി. തുടർന്ന് ഫീൽഡ് വർക്കും ചെയ്യണം.

മലയോരമേഖലകളിൽ കിലോമീറ്ററുകൾ ഒരുദിവസം യാത്ര ചെയ്യേണ്ടിവരുന്നു.ഫീൽഡ് പ്രവർത്തനങ്ങളുടെ റിപ്പോർട്ടും ഫോട്ടോയും അതത് മാസം ജില്ലാ ഓഫീസിൽ നൽകണം. ഇതിന് കുറഞ്ഞത് 1000 രൂപയെങ്കിലും ചെലവുവരും. യാത്രപ്പടിയോ, സ്റ്റേഷനറി ചെലവുകളോ നൽകാറില്ല. എല്ലാം കഴിഞ്ഞ് പ്രേരകുമാർക്ക് ശരാശരി കൈയിൽ കിട്ടുന്നത് 5000 രൂപയ്ക്കും താഴെ. അതും നാലുമാസമായി കിട്ടുന്നില്ല.

സാക്ഷരതാമിഷനുകീഴിൽ 1993 പേർ പ്രവർത്തിക്കുന്നുണ്ട്. കോവിഡ് കാലത്ത് എല്ലാ വിഭാഗക്കാരെയും പരിഗണിക്കുമ്പോൾ തങ്ങളുടെ പ്രശ്‌നം ശ്രദ്ധയിൽപ്പെടുത്താൻപോലും ആരുമില്ലെന്ന സങ്കടം ഇവർ പങ്കുവെക്കുന്നു.