- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് നെഗറ്റീവായി നാട്ടിൽ എത്തിയാലും പ്രവാസികൾക്ക് 14 ദിവസത്തെ ക്വാന്റീൻ നിർബന്ധം; ഇളവു വേണമെന്ന പ്രവാസികളുടെ ആവശ്യത്തോട് മുഖം തിരിച്ചു സർക്കാർ; കോവിഡ് പടരുന്ന ഘട്ടത്തിൽ ഒരു ഇളവും അവശ്യവുമില്ലെന്ന് ആരോഗ്യ വകുപ്പ്; ഡബ്ല്യുഎച്ച്ഒയുടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും നിർദ്ദേശം അതേപടി പിന്തുടരുമെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെ മറുനാടനോട്; കേന്ദ്രം മാർഗനിർദ്ദേശം മാറ്റിയാൽ കേരളത്തിനും ആ വഴി ആകാമെന്ന് ഐഎംഎയും
തിരുവനന്തപുരം: കോവിഡ് നെഗറ്റീവ് ആയി എത്തുന്ന പ്രവാസികൾക്ക് മേൽ നിർബന്ധിത ക്വാറന്റൈൻ അടിച്ചേൽപ്പിക്കരുത് എന്ന പ്രവാസികളുടെ ആവശ്യത്തിന്മേൽ അനുകൂല നടപടികൾക്ക് സാധ്യതയില്ല. കോവിഡ് നെഗറ്റീവ് ആയി വിദേശത്ത് നിന്നും എത്തുന്നവർക്ക് 14 ദിവസം എന്ന നിർബന്ധിത ക്വാറന്റൈൻ ആവശ്യമില്ലെന്ന പ്രവാസികളുടെ ആവശ്യത്തിനാണ് മങ്ങൽ ഏൽക്കുന്നത്. നിലവിൽ ഡബ്ല്യുഎച്ച്ഒ, കേന്ദ്ര ആരോഗ്യമന്ത്രാലയം എന്നിവയുടെ ഗൈഡ് ലൈൻ ശക്തമായി പിന്തുടരാനാണ് സർക്കാർ തീരുമാനം. കോവിഡ് പടരുന്ന ഘട്ടത്തിൽ ഒരു ഇളവും അവശ്യവുമില്ലെന്ന തീരുമാനമാണ് നിലവിൽ ഉള്ളത്. ഡബ്ല്യുഎച്ച്ഒ, ആരോഗ്യമന്ത്രാലയം എന്നിവ ഗൈഡ് ലൈനിൽ മാറ്റം വരുത്തിയാൽ മാത്രമേ ഇളവുകൾ വരുത്തേണ്ടതുള്ളു എന്നാണ് സർക്കാർ തലത്തിൽ കൈക്കൊണ്ടിരിക്കുന്ന തീരുമാനം. ഈ തീരുമാനം മാറ്റണം എന്നാണ് പ്രവാസികളുടെ ആവശ്യം. ഈ ആവശ്യം നിലവിലെ സാഹചര്യത്തിൽ നടക്കാൻ സാധ്യതയില്ല എന്ന സൂചനകളാണ് സംസ്ഥാന ആരോഗ്യമന്ത്രാലയത്തിൽ നിന്നും ലഭിക്കുന്നത്.
ചില സംസ്ഥാനങ്ങൾ ഈ രീതി എടുത്ത് കളഞ്ഞിട്ടുണ്ട് എന്നാണ് പ്രവാസികൾ ചൂണ്ടിക്കാണിക്കുന്നത്. ഇതര സംസ്ഥാനങ്ങൾ പോലെയല്ല കേരളം. മലയാളികളിൽ വലിയ ഒരു പങ്കു വിദേശത്താണ്. അതിനാലാണ് തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനം ഒഴിവാക്കണം എന്ന് ഇവർ സംസ്ഥാന സർക്കാരിനു മുന്നിൽ ആവശ്യം ഉയർത്തിയത്. നേരത്തെ പ്രവാസികൾക്ക് ക്വാറന്റൈൻ 28 ദിവസമായിരുന്നു. കഴിഞ്ഞ മാസം അവസാനമാണ് ഇത് പതിനാല് ദിവസമായി മാറ്റിയത്. ഇത് മാറ്റണം എന്നാണ് പ്രവാസികളുടെ ആവശ്യം.വർഷത്തിൽ ഒരു മാസം മാത്രം ലീവ് ലഭിക്കുന്നവരാണ് മിക്ക പ്രവാസികളും. അതിനാലാണ് കോവിഡ് നെഗറ്റീവ് ആയവർക്ക് ക്വാറന്റൈൻ കാലാവധി എടുത്തുകളയണം എന്ന് ഇവർ ആവശ്യം മുഴക്കുന്നത്.
ഒരു മാസം ലീവിന് എത്തുന്ന പ്രവാസികൾക്ക് പതിനാലു ദിവസവും വീട്ടിലെ ഒരു മുറിയിൽ തന്നെ ഒതുങ്ങിയിരിക്കേണ്ട സ്ഥിതിയാണ് നിലവിൽ നേരിടുന്നത്. ക്വാറന്റൈൻ കഴിഞ്ഞാലും ബന്ധുവീടുകളിൽ പോകാൻ കഴിയാത്ത അവസ്ഥയും. പ്രവാസി എന്നാൽ കേരളം പേടിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വന്നില്ലെന്ന് മാത്രമല്ല ആ ഭീതി കോവിഡ് പടർന്ന സാഹചര്യത്തിൽ കൂടുകയുമാണ്. ഈ സാഹചര്യത്തിലാണ് ബന്ധുവീടുകളിൽ പോകാൻ വേണ്ടിയെങ്കിലും കോവിഡ് നെഗറ്റീവ് ആയവർക്ക് നിർബന്ധിത ക്വാറന്റൈൻ എടുത്തു കളയണമെന്ന ആവശ്യം പ്രവാസികൾ സർക്കാരിനു മുന്നിൽ ഉയർത്തിയത്.
ഇതര സംസ്ഥാനങ്ങളിൽ പോയി മടങ്ങി വരുന്നവർക്കും നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തരുതെന്ന ആവശ്യവും ഇവർ സർക്കാരിനു മുന്നിൽ ഉയർത്തിയിരുന്നു. കേരളം ആണെങ്കിൽ പലർക്കും തമിഴ്നാടിൽ പോകേണ്ടി വരും. തിരുവനന്തപുരവും നാഗർകോവിലും തൊട്ടടുത്ത് കിടക്കുകയാണ്. ഒരു മണിക്കൂർ ദൂരമേയുള്ളൂവെങ്കിലും സർക്കാർ കണക്കിൽ ഇതര സംസ്ഥാനം തന്നെ. ഇതേ പ്രശ്നം കാസർകോടുകാർക്കുമുണ്ട്. മംഗലാപുരം പോകേണ്ടി വരുന്നത് സാധാരണ ആവശ്യമാണ്. എന്നാൽ സർക്കാർ കണക്കിൽ ഇതര സംസ്ഥാന തന്നെയാണ്. ഈ പ്രശ്നങ്ങൾ നിലനിൽക്കുന്നത് കാരണം ഒരു മാസത്തെ ലീവിൽ വന്നാൽ മുഴുവൻ സമയവും വീട്ടിൽ ഒതുങ്ങിയിരിക്കേണ്ട സാഹചര്യമാണ് പ്രവാസികൾ നേരിടുന്നത്. അതിനാലാണ് ഇവർ കോവിഡ് നെഗറ്റീവ് ആയവർക്ക് പതിനാലു ദിവസ ക്വാറന്റൈൻ എടുത്ത് കളയണം എന്ന ആവശ്യം മുഴക്കിയത്.
കോവിഡ് ഗൈഡ് ലൈനിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയിട്ടില്ല. ഡബ്ല്യുഎച്ച്ഒയുടെ നിർദ്ദേശവും ഇങ്ങനെ തന്നെ. വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് പതിനാലു ദിവസ ക്വാറന്റൈൻ ആണ് കേന്ദ്രസർക്കാരും ഡബ്ല്യുഎച്ച്ഒയും നിർദ്ദേശിക്കുന്നത്. ഗൈഡ് ലൈൻ മാറ്റാത്ത കാലത്തോളം തങ്ങൾക്ക് ഇതിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല-ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെ മറുനാടൻ മലയാളിയോട് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾ ഗൈഡ് ലൈനിൽ മാറ്റം വരുത്തിയോ എന്ന് അറിയില്ല. അങ്ങനെ ഗൈഡ് ലൈൻ മാറ്റാൻ കഴിയുമെന്ന് തോന്നുന്നില്ല. പക്ഷെ കേരളം ഗൈഡ് ലൈൻസ് ശക്തമായി പിന്തുടരും. കേന്ദ്ര സർക്കാർ എപ്പോൾ മാർഗനിർദ്ദേശങ്ങളിൽ മാറ്റും വരുത്തുന്നുവോ അപ്പോൾ മാത്രമേ കേരളവും ഈ രീതിയിൽ മാറ്റങ്ങൾക്ക് തയ്യാറാവുകയുള്ളൂ. കേന്ദ്രം നിർദ്ദേശം മാറ്റിയാൽ അപ്പോൾ അത് കേരളത്തിലും നടപ്പിലാക്കും. പ്രവാസികളെ സംബന്ധിച്ചാണെങ്കിൽ സിവിൽ ഏവിയേഷൻ മിനിസ്റ്ററി തന്നെ പതിനാലു ദിവസം ക്വാറന്റൈൻ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്തായാലും നിലവിൽ കേരളമായിട്ട് ഗൈഡ് ലൈനിൽ മാറ്റം വരുത്തില്ല-രാജൻ ഖോബ്രഗഡെ പറഞ്ഞു.
കോവിഡ് മാർഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്താനുള്ള സാധ്യതകൾ നിലനിൽക്കുന്നു എന്നാണ് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ എബ്രഹാം മറുനാടനോട് പറഞ്ഞത്. താമസിയാതെ തന്നെ കേന്ദ്രം അതിനു തയ്യാറായേക്കും. കേന്ദ്രം മാറ്റം വരുത്തിയാൽ കേരളവും മാറ്റം വരുത്തും. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരിൽ കോവിഡ് ക്ലസ്റ്ററിൽ നിന്നും വരുന്നവർക്ക് മാത്രം ക്വാറന്റൈൻ മതി എന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. കോവിഡ് പടരാത്ത ഇടങ്ങളിൽ നിന്നും വരുന്നവർക്ക് ക്വാറന്റൈൻ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. പക്ഷെ കോവിഡ് വ്യാപനം നടക്കുന്ന ഘട്ടമായതിനാൽ നിലവിൽ ഈ രീതിയിൽ പോകുന്നതാണ് അഭികാമ്യം എന്നാണ് ഐഎംഎ കരുതുന്നത്. പക്ഷെ ക്വാറന്റൈൻ കാര്യത്തിൽ മാറ്റങ്ങൾ വന്നേക്കും എന്നാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്-ഡോക്ടർ എബ്രഹാം പറയുന്നു.
വിദേശത്ത് നിന്നെത്തുന്നവർക്ക് കേരളത്തിൽ ക്വാറന്റൈൻ 14 ദിവസമാക്കി കുറച്ച തീരുമാനം തന്നെ പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്നു. നേരത്തെയുണ്ടായിരുന്ന 28 ദിവസത്തെ കാലയളവ് പുനപരിശോധിക്കണമെന്ന ആവശ്യവുമായി വിവിധ പ്രവാസി സംഘടനകൾ സർക്കാരിന് നിവേദനം സമർപ്പിച്ചിരുന്നു. അതിന്മേലാണ് തീരുമാനം വന്നത്. മുറവിളികൾ ശക്തമാകുന്നതിനിടെയാണ് സർക്കാർ ഇക്കാര്യത്തിൽ ഭേദഗതി വരുത്തിയത്. അതെ സമയം സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ വേണമെന്ന തീരുമാനത്തിൽ മാറ്റം വരുത്തിയിട്ടില്ല.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.