- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താൻ ഉള്ള സർക്കാരിന്റെ സാംപിൾ സർവേ പ്രഹസനം; അശാസ്ത്രീയ സർവേ ഫലപ്രദമല്ല; യഥാർത്ഥ പിന്നോക്കക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ നഷ്ടമാവും; പിന്നോക്കക്കാരെ കണ്ടെത്താൻ ഉള്ള മാനദണ്ഡങ്ങളും സർവേയിൽ ഇല്ല; സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് ഹൈക്കോടതിയിൽ
കൊച്ചി: മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള സർവേയിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം മാറ്റണമെന്ന ആവശ്യത്തോട് സർക്കാർ മുഖം തിരിച്ചതോടെ എൻഎസ്എസ് നിയമപോരാട്ടത്തിന്. സർക്കാർ നടത്തുന്ന സർവേയ്ക്കെതിരെ എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചു. അശാസ്ത്രീയ സാംപിൾ സർവേയാണ് സർക്കാർ നടത്തുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജീ സുകുമാരൻ നായർ നൽകിയ ഹർജിയിൽ പറയുന്നു. സർവേ സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം.
മുന്നാക്കക്കാരിലെ യഥാർഥ പിന്നോക്കക്കാരെ കണ്ടെത്താൻ സാംപിൾ സർവേ ഫലപ്രദമല്ലെന്നാണ് ഹർജിയിൽ പറയുന്നത്. യഥാർഥ പിന്നോക്കക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ നഷ്ടമാവാൻ ഇത് ഇടവരുത്തും. പിന്നോക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ സർവേയിൽ ഇല്ലെന്നും അതുകൊണ്ടുതന്നെ ഫലം കാണില്ലെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
നേരത്തെ അശാസ്ത്രീയമായ സാംപിൾ സർവേ നടപടികൾ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് മുന്നാക്ക വിഭാഗ കമ്മിഷന് കത്തയച്ചിരുന്നു. കുടുംബശ്രീ വോളന്റിയർമാരെ ഉപയോഗിച്ചാണ് സർവേ നടത്തുന്നത്. 20,000 തദ്ദേശ വാർഡുകളിലെ 5 വീടുകളിൽ വീതം നേരിട്ടെത്തിയാണ് സർവേ. വാർഡുകളിലെ അഞ്ച് കുടുംബങ്ങളുടെ മാത്രം വിവരം ശേഖരിച്ചാൽ സമഗ്രമാകില്ലെന്നും യോഗ്യരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയില്ലെങ്കിൽ സർവേ പ്രഹസനമാകുമെന്നും എൻഎസ്എസ് കുറ്റപ്പെടുത്തിയിരുന്നു.
ആകെ ഒരു ലക്ഷം വീടുകളിൽ നിന്നു ശേഖരിച്ച് അപ്പോൾ തന്നെ മൊബൈൽ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തി അപ്ലോഡ് ചെയ്യുന്ന വിവരങ്ങൾ ഡിസംബർ അവസാനത്തോടെ റിപ്പോർട്ടിന്റെ രൂപത്തിലാക്കും. ഇതിൽ നിന്നു കണ്ടെത്തുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ മുന്നോക്ക സമുദായത്തിനു ലഭ്യമാക്കേണ്ട ആനുകൂല്യങ്ങളും പദ്ധതികളും നിർദേശിക്കുന്ന സമഗ്രമായ റിപ്പോർട്ട് ഫെബ്രുവരിയിൽ കമ്മിഷൻ സർക്കാരിനു സമർപ്പിക്കും.
75 ലക്ഷം രൂപയാണ് സാംപിൾ സർവേയ്ക്ക് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മുന്നോക്ക വിഭാഗങ്ങളിൽപ്പെട്ട എല്ലാ കുടുംബങ്ങളിലെയും വിവരങ്ങൾ ശേഖരിക്കാത്ത സർവേ അശാസ്ത്രീയമാണെന്നാണ് എൻഎസ്എസ് പറയുന്നത്. രാജ്യത്ത് സെൻസസ് എടുക്കുന്ന മാതൃകയിൽ യോഗ്യരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് സർവേ നടത്തേണ്ടത്. അല്ലാത്തപക്ഷം പ്രഹസനമായിത്തീരും.
മുന്നോക്ക സമുദായങ്ങളെ സംബന്ധിച്ചായാലും സർക്കാരിനെ സംബന്ധിച്ചായാലും സർവേ ഭാവിയിൽ ആധികാരിക രേഖയായി മാറേണ്ടതാണെന്ന കരുതൽ വേണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അഭിപ്രായപ്പെട്ടിരുന്നു. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിയിലും 10 ശതമാനം സംവരണം നൽകുന്നതിന്റെ ഭാഗമായാണ് സർവേ.
മറുനാടന് മലയാളി ബ്യൂറോ