- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫോൺ ചെയ്ത് എല്ലാം തൽസമയം ആർക്കോ കൈമാറി റോയി വയലാട്ടിന്റെ അടിപൊളി തെളിവെടുപ്പ് എക്സ്പീരിയൻസ്; അറസ്റ്റ് ചെയ്ത് നടത്തേണ്ടതെല്ലാം കസ്റ്റഡി ഒഴിവാക്കി ചെയ്യുന്നത് കേസിൽ പ്രതിയായാലും ഹോട്ടലുടമയ്ക്ക് മുൻകൂർ ജാമ്യം ഉറപ്പിക്കാൻ; മോഡലുകളുടെ അപകടത്തിന്റെ സത്യം ചികയുന്നവരുടേത് ഞെട്ടിപ്പിക്കുന്ന അന്വേഷണ രീതികൾ
കൊച്ചി: മോഡലുകളുടെ അപകട മരണത്തിൽ സാക്ഷിക്കൊപ്പം എത്തിയും പൊലീസിന്റെ തെളിവെടുപ്പ്. ഫോണിൽ സംസാരിച്ചും അടിക്കടി നിയമോപദേശം തേടിയും സാക്ഷിയുടെ അടിപൊളി ഇടപെടലുകളും. നമ്പർ 18 ഹോട്ടലുടമയെ തെളിവിടെപ്പിനായി പൊലീസ് ഫോർട്ട് കൊച്ചിയിൽ കൊണ്ടു വന്നപ്പോൾ കണ്ടത് കേരളത്തിന്റെ അന്വേഷണ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത രീതികളാണ്. കസ്റ്റഡിയിൽ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തേണ്ട കേസാണ് ഇത്. എന്നിട്ടും സാക്ഷിയാക്കി തെളിവെടുപ്പ്. ഫലത്തിൽ കേസിൽ പ്രതിചേർത്താൽ പോലും തെളിവെടുപ്പും മറ്റും പൂർത്തിയായെന്ന തരത്തിൽ കോടതിയിൽ നിന്നും ജാമ്യം നേടാൻ ഹോട്ടൽ ഉടമയ്ക്ക് കഴിയും. പൊലീസിലെ ഉന്നതർക്കും മറ്റും ഹോട്ടലുടമ റോയി വയലാട്ടിനുള്ള സ്വാധീനത്തിന് തെളിവാണ് ഇത്.
പൊലീസിനൊപ്പം നടന്ന് റോയി ഫോൺ ചെയ്തത് വലിയ വിവാദമാകുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയിരുന്നുവെങ്കിൽ ഇത്തരത്തിൽ തെളിവെടുപ്പ് സമയത്ത് അടിച്ചു പൊളിക്കാൻ റോയിക്ക് കഴിയില്ലായിരുന്നു. കേസ് അട്ടിമറിയിലേക്ക് പോകുന്നുവെന്നതിന് തെളിവാണ് ഇതെല്ലാം. മോഡലുകളുടെ മരണത്തിന് ഉത്തരവാദി കാറൊടിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർ മാത്രമാണെന്ന് വരുത്താനാണ് നീക്കം. സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമങ്ങൾ എങ്ങുമെത്തുന്നില്ല. ഒരു ഡിവിആർ പൊലീസിന് നൽകി. എന്നാൽ അതിന് അപ്പുറത്തേക്ക് ഒന്നും കൊടുക്കുന്നുമില്ല. തെളിവില്ലെന്ന രീതിയിൽ ഈ കേസിൽ കൊലക്കുറ്റം ഒഴിവാക്കുകയാണ് ലക്ഷ്യം.
അപകടനം നടന്നപ്പോൾ തന്നെ മോഡലുകളുടെ യാത്ര ഈ ഹോട്ടലിൽ നിന്നാണെന്ന് വ്യക്തമായിരുന്നു. അന്ന് പൊലീസ് ഹോട്ടലിൽ എത്തുകയോ സിസിടിവി പരിശോധിക്കുകയോ ചെയ്തിരുന്നില്ല. സ്ഥലത്തെ സിസിടിവി പരിശോധനയിൽ ഔഡിക്കാർ വ്യക്തമാകുകയും ചെയ്തു. ആൻസിയുടെ സുഹൃത്തിന് മാരകമായി പരിക്കേറ്റിരുന്നു. ഇയാൾ പിന്നീട് മരിച്ചു. അത്ഭുതകരമായി രക്ഷപ്പെട്ട ഡ്രൈവർ അബ്ദുൾ റഹ്മാൻ എല്ലാം വിശദീകരിച്ച് മൊഴി കൊടുത്തതോടെയാണ് നമ്പർ 18 ഹോട്ടലിൽ പൊലീസ് എത്തിയത്. ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ഹോട്ടലിൽ അതിന് മുമ്പേ തെളിവ് നശിപ്പിക്കൽ നടന്നിരുന്നു.
കൊച്ചിയിൽ ഏറെ ബന്ധങ്ങളുള്ള എഡിജിപി ഇന്നലെ കൊച്ചിയിൽ എത്തിയിട്ടുണ്ട്. കേസ് അന്വേഷണം ശരിയായ ദിശയിലെത്തിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറയുടെ വരവ്. എന്നാൽ ചില അട്ടിമറി സംശയങ്ങളും പല കോണുകളും ഉയർത്തുന്നുണ്ട്. കസ്റ്റഡിയിൽ നടക്കേണ്ട തെളിവെടുപ്പ് അതിന് മുമ്പ് ആയതു പോലും സംശയങ്ങൾക്ക് ഇട നൽകുന്നു. ആൻസിയേയും സുഹൃത്തുക്കളേയും പിന്തുടർന്ന ഔഡികാറാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമായി കഴിഞ്ഞു. ഈ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചതിനും തെളിവ് പൊലീസിനു കിട്ടി. എന്നിട്ടും ഇവ കോർത്തിണക്കാതെ വെറുമൊരു അപകടമാക്കി മാറ്റുകായാണ് പാലാരവിട്ടത്തെ ആക്സിഡന്റിലെ അന്വേഷകർ.
ഒക്ടോബർ 31-ന് രാത്രി സിനിമാ മേഖലയിലെ ചില പ്രമുഖർ നമ്പർ 18 ഹോട്ടലിൽ തങ്ങിയതായി വിവരങ്ങളുണ്ട്. പാർട്ടിക്കിടെ ഇവർ മുൻ മിസ് കേരള വിജയികളോട് തർക്കത്തിലേർപ്പെട്ടതായാണ് കരുതുന്നത്. തുടർന്ന് അൻസി കബീറും അൻജന ഷാജനും അടക്കമുള്ള സംഘം ഹോട്ടലിൽനിന്ന് മടങ്ങുകയായിരുന്നു. ഈ പ്രശ്നം ഒത്തുതീർപ്പാക്കാനാണ് ഹോട്ടലുടമയുടെ നിർദ്ദേശപ്രകാരം ഔഡി കാറിൽ ഇവരെ പിന്തുടർന്നതെന്നാണ് സംശയം. കാർ ഓടിച്ചിരുന്ന അബ്ദുറഹ്മാനെ വിശദമായി ചോദ്യംചെയ്താൽ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്.
അതിനിടെ, കൊച്ചിയിലെ അപകടമരണത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. അപകടത്തിന് തലേദിവസം ഹോട്ടലിൽ ചില പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ച് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതെല്ലാം പിന്നീട് വെളിപ്പെടുത്താമെന്നും കേസിൽ പ്രത്യേകസംഘം അന്വേഷണം നടത്തണമെന്നും അദ്ദേഹം പ്രതികരിച്ചു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.