കൊച്ചി: പാലാരിവട്ടത്തെ അപകടവും ചർച്ചയാക്കുന്നതുകൊച്ചിയിലെ ലഹരി മാഫിയയുടെ ശക്തിയിലേക്ക്. നമ്പർ 18 ഹോട്ടലിൽ നിന്നിറങ്ങിയ മോഡലുകളുടെ അപകട മരണത്തിന് പിന്നിൽ ദുരൂഹത ഏറെയാണ്. വാർത്തകളിലെ വിവാദം കണക്കിലെടുത്ത് എല്ലാവരുടേയും മൊഴി രേഖപ്പെടുത്തി കേസ് ഇല്ലായ്മ ചെയ്യാനാണ് നീക്കം. അപകടം ഉണ്ടായ കാറോട്ടിച്ച ഡ്രൈവർ അബ്ദുൾ റഹ്മാനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് ജയിലിൽ അടച്ചു പൊലീസ്. ഇന്നലെ ഇയാൾക്ക് ജാമ്യം കിട്ടി. എന്നാൽ അപകടത്തിന് കാരണമായത് ഔഡി കാറിന്റെ മത്സര ഓട്ടത്തിലെ ഭീതിയാണെന്നതാണ് വസ്തുത. എന്നാൽ ഔഡി കാറോടിച്ച ആളിനെ ചോദ്യം ചെയ്തു വിട്ടയയ്ക്കുകയും ചെയ്തു. ഇത് എങ്ങനെ ശരിയാകുമെന്നതാണ് ഉയരുന്ന ചോദ്യം.

മദ്യപിച്ച് കാറോട്ടിക്കുന്നത് പാടില്ലെന്ന് ഉപദേശിക്കാനാണ് താൻ കാറിനെ ചെയ്‌സ് ചെയ്തതെന്നാണ് ഔഡി കാറോട്ടിച്ചിരുന്ന സൈജു തങ്കച്ചന്റെ മൊഴി. ഇത് പൊലീസ് അതേ പടി വിശ്വസിക്കുകയാണ്. ഇതിന് പിന്നിൽ ഉന്നത ഗൂഢാലോചനയുണ്ടെന്നാണ് സൂചന. നമ്പർ 18 ഹോട്ടൽ ഇടമയെ സൈജു വിളിച്ചതും ദുരൂഹം. ഹോട്ടലിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളും അപ്രത്യക്ഷമായി. അതിലൊരു ഡിവിആർ ഹോട്ടലുടമ റോയി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതും വാങ്ങി പാലാരിവട്ടത്തെ അപകടത്തെ വെറുമൊരു അപകടമരണമാക്കി മാറ്റാനാണ് നീക്കം. ഇതിനു പിന്നിൽ വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. ഡിജെ പാർട്ടിയിൽ പങ്കെടുത്ത സൈജുവും മദ്യപിക്കാനുള്ള സാധ്യതയുണ്ട്. ഇതിനൊപ്പം ചെയ്‌സിംഗും. ഈ ചെയ്‌സിംഗിന്റെ പേരിൽ സൈജുവിനെതിരെ മനഃപൂർവ്വമായ നരഹത്യയ്ക്ക് കേസെടുക്കുകയോ ജയിലിൽ അടയ്ക്കുകയോ ചെയ്തില്ല.

അതിനിടെ നമ്പർ 18 ഹോട്ടലിൽ ഒരു വിഐപി ഉണ്ടായിരുന്നുവെന്ന കഥയും പ്രചരിക്കുന്നുണ്ട്. ഇത് നടനാണെന്നും മറ്റും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ ആരോപണങ്ങൾ ചെന്നു നിൽക്കുന്നത് നടൻ എന്ന സൂചനകളിലേക്കാണ്. എന്നാൽ ഇത് തീർത്തും വാസ്തവ വിരുദ്ധമാണെന്നാണ് മറുനാടന് ലഭിച്ച സൂചന. ഈ ഹോട്ടലിൽ അന്ന് പ്രചണത്തിൽ പെട്ട നടൻ ഉണ്ടായിരുന്നില്ലെന്നതിന്റെ വ്യക്തമായ സൂചനകൾ മറുനാടന് ലഭിച്ചു. മുമ്പും ഏറെ വിവാദങ്ങളിൽ കുടുങ്ങിയ സിനിമാ നിർമ്മാതാവാണ് ഈ വിവാദത്തിലേയും വില്ലൻ എന്നാണ് സൂചന. നടനിലേക്ക് ചർച്ചകൾ കൊണ്ടു പോകുന്നതിന് പിന്നിൽ ചില രാഷ്ട്രീയ പ്രതികാരങ്ങളും ഉണ്ടെന്നാണ് സൂചന.

ലഹരിയുമായി ബന്ധപ്പെട്ട് മുമ്പും ഇയാൾക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. നമ്പർ 18 ഹോട്ടൽ ഉടമയുടെ സുഹൃത്താണ് ഈ നിർമ്മാതാവ്. സിനിമയിലെ 'കാന്താരി' എന്നാണ് ഇയാളെ സുഹൃത്തുക്കൾ പോലും വിളിക്കുന്നത്. കുരുത്തക്കേടുകൾ ഏറെയുള്ളതു കൊണ്ടാണ് ഇയാളെ കാന്താരി എന്ന് അടുപ്പക്കാർ വിളിക്കുന്നത്. ഈ സിനിമാക്കാരനും ഉന്നത ബന്ധങ്ങളുണ്ട്. ഇതെല്ലാം ഈ കേസിനേയും അട്ടിമറിക്കുമെന്നാണ് സംശയം.

മുമ്പ് തിരുവനന്തപുരത്ത് പള്ളിപ്പുറത്ത് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമുണ്ടായപ്പോഴും പ്രാഥമിക അന്വേഷണത്തിൽ വലിയ വീഴ്ചയുണ്ടായി. പിന്നീട് സ്വർണ്ണ കടത്ത് ലോബി സംശയ നിഴലിലായി. എന്നാൽ ഈ കേസിൽ പിന്നീട് സിബിഐ എത്തിയിട്ടു പോലും അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. ഇതിന് കാരണം ആദ്യ ഘട്ട അന്വേഷണത്തിലെ വീഴ്ചയാണ്. പാലാരിവട്ടത്തെ അപകടത്തിലും ദുരൂഹത ഏറെയാണ്. ഇവിടെ സ്വർണ്ണ കടത്തിനേക്കാൾ കരുത്തരായ മയക്കുമരുന്ന് മാഫിയയാണ് സംശയ നിഴലിലുള്ളത്.

മയക്കു മരുന്ന് ലോബി സിനിമയിൽ പിടിമുറക്കുന്നതിന് തെളിവാണ് കൊച്ചിയിലെ അപകടമെന്ന തരത്തിലേക്കാണ് ചർച്ചകൾ പോകുന്നത്. മുമ്പ് നടിയെ ആക്രമിക്കപ്പെട്ട സംഭവമുണ്ടായപ്പോഴും ഇത്തരം ചർച്ചകൾ സജീവമായിരുന്നു. നമ്പർ 18 ഹോട്ടലിലെ ചില സിസിടിവി ദൃശ്യങ്ങൾ നഷ്ടമായതിന് പിന്നിൽ ഈ നിർമ്മാതാവിനെ രക്ഷിക്കാനുള്ള ശ്രമമാണെന്ന ആരോപണവും ഉയരുന്നുണ്ട്. മസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജനും അപകടത്തിൽ മരിച്ച രാത്രിയിൽ ഇവർ പാർട്ടിയിൽ പങ്കെടുത്ത ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലിലുണ്ടായിരുന്ന 'വിഐപി'യെ കുറിച്ചു ലഭിച്ച രഹസ്യ വിവരം സ്ഥിരീകരിക്കാൻ ഈ സിസിടിവി ദൃശ്യങ്ങൾ അനിവാര്യമാണ്.

മോഡലുകളെ ചതിയിൽ പെടുത്തി ഹോട്ടലിൽ എത്തിച്ചതാണോ എന്നും സംശയമുണ്ട്. സ്ഥിരീകരിക്കാൻ കഴിയാതെ പൊലീസ് ആശയക്കുഴപ്പത്തിൽ. ബിസിനസ് കാര്യങ്ങളിൽ ഹോട്ടലുടമയ്ക്കു വലിയ സഹായങ്ങൾ ചെയ്തിരുന്ന 'വിഐപിക്കു' വേണ്ടി സ്ഥിരമായി ഒഴിച്ചിട്ടിരുന്ന ഒരു മുറിയും നമ്പർ 18 ഹോട്ടലിലുണ്ട്. ഈ മുറിയുടെ വാതിൽ, പാർക്കിങ് ഏരിയ, ഡിജെ പാർട്ടി ഹാൾ എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾതന്നെ അപ്രത്യക്ഷമായതോടെയാണു അന്നവിടെയുണ്ടായിരുന്നവരെ കുറിച്ചുള്ള സംശയം ബലപ്പെട്ടത്.