കോഴിക്കോട്: രാജ്യത്തെ പ്രമുഖ കായിക പരിശീലകൻ ഒ.എം.നമ്പ്യാർ അന്തരിച്ചു. 90 വയസ്സായിരുന്നു. ഒളിംപ്യൻ പി.ടി.ഉഷ ഉൾപ്പെടെയുള്ളവരുടെ പരിശീലകനായ ഇദ്ദേഹം പക്ഷാഘാതത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മണിയൂരിലെ വീട്ടുവളപ്പിൽ നടക്കും

രാജ്യം പത്മശ്രീയും ദ്രോണാചാര്യ പുരസ്‌കാരവും നൽകി ആദരിച്ചിട്ടുണ്ട്. 1985 ൽ നമ്പ്യാർക്ക് ദ്രോണാചാര്യ അവാർഡ് ലഭിച്ചപ്പോൾ ഈ നേട്ടം കൈവരിച്ച ആദ്യ മലയാളിയായി. ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ അവാർഡ് ജേതാവാണ്. പി.ടി.ഉഷയുടെ കോച്ചെന്ന നിലയിലാണ് നമ്പ്യാർ കൂടുതൽ പ്രശസ്തിയും അംഗീകാരവും നേടിയത്. 1984 ലോസ്ഏഞ്ചൽസ് ഒളിമ്പിക്സിൽ പി.ടി.ഉഷയുടെ കോച്ചായിരുന്നു.

ഇന്ത്യൻ കായികരംഗത്തെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണു നമ്പ്യാർ. ഇന്ത്യയിലെ കായിക കുതിപ്പുകൾക്കു പിന്നിലെ കരുത്തുറ്റ കൈകളേയും ഭാവനാസമ്പന്നമായ മനസ്സുകളെയും ബഹുമാനിക്കാനായി 1985 ൽ ഏർപ്പെടുത്തിയ ദ്രോണാചാര്യ പുരസ്‌കാരം ആദ്യമായി നൽകിയാണ് ഒ.എം.നമ്പ്യാരെ രാജ്യം ആദരിച്ചത്. 32 വർഷം പരിശീലകനായി മൈതാനത്തുണ്ടായിരുന്നു.



1955-ൽ എയർഫോഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നമ്പ്യാർ സർവീസസിനെ പ്രതിനിധീകരിച്ച് നിരവധി ദേശീയ അത്ലറ്റിക് മീറ്റുകളിൽ പങ്കെടുത്തിട്ടുണ്ട്. എയർ ഫോഴ്‌സിൽ നിന്ന് പട്യാലയിൽ എത്തി കോച്ചിങ് ഡിപ്ലോമ നേടിയ നമ്പ്യാർ ജി.വി.രാജയുടെ ക്ഷണപ്രകാരമാണ് 1970 ൽ കേരള സ്പോർട്സ് കൗൺസിലിൽ കോച്ചായി ചേർന്നത്. അന്നത്തെ എൻ.ഐ.എസിൽ എത്തിയ ജി.വി.രാജയുടെ ബഹുമാനാർഥം ബാസ്‌ക്കറ്റ് ബോൾ കോച്ച് ജോസഫ് സാം ഒരുക്കിയ അത്താഴ വിരുന്നിലാണ് അദ്ദേഹം നമ്പ്യാരെ പരിചയപ്പെടുന്നത്.

കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ 1976 ലാണ് ഒ.എം.നമ്പ്യാർ ചുമതലയേറ്റത്. പിന്നീടുള്ള നമ്പ്യാരുടെ ജീവിതകഥ പി.ടി.ഉഷയുടെ വിജയകഥയായി മാറി. 1990ലെ ബെയ്ജിങ് ഏഷ്യൻ ഗെയിംസോടെ ഉഷ ആദ്യ വിടവാങ്ങൽ പ്രഖ്യാപിക്കും വരെ ആ ഗുരു-ശിഷ്യ ബന്ധം നീണ്ടു.

1955ൽ ഡെക്കാത്ലൺ ചാംപ്യനായി വ്യോമസേനയിൽ ചേർന്നതുമുതൽ 2002 ജൂലൈ വരെയുള്ള കായിക ജീവിതത്തിൽ ഉഷയെപ്പോലെ മികച്ച മറ്റൊരു അത്ലീറ്റിനെ കണ്ടിട്ടില്ലെന്നു നമ്പ്യാർ തുറന്നു പറഞ്ഞിട്ടുണ്ട്. ഉഷയുടെ അത്ലറ്റിക് സ്‌കൂൾ വൻ വിജയമാവുമെന്നും അദ്ദേഹം ആശംസിച്ചിരുന്നു. ഉഷയുടെ പരിശീലനം അവസാനിപ്പിച്ച ശേഷം സായി കോച്ചായിരിക്കവേ സ്പോർട്സ് കൗൺസിൽ നമ്പ്യാരുടെ സേവനം തേടിയിരുന്നു.

കൗൺസിൽ വിട്ട് 1990 ൽ നമ്പ്യാർ സായ്യിൽ ചേർന്നെങ്കിലും പിന്നീട് മടങ്ങി വന്നു. 2000 ത്തിന്റെ തുടക്കത്തിലൊക്കെ അദ്ദേഹം കണ്ണൂരിൽ സജീവമായിരുന്നു. മറ്റൊരു ഉഷയെക്കൂടി രാജ്യത്തിനു സമ്മാനിക്കാൻ ഏറെ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്ത അദ്ദേഹം ബീന അഗസ്റ്റിൻ, സുകുമാരി, ലിനെറ്റ്, ഷീബ, ജിജി തുടങ്ങി പലരിലൂടെയും ഭാഗ്യം പരീക്ഷിച്ചു. പക്ഷേ, ഉഷയുടെ നിലവാരത്തിൽ മറ്റൊരു താരത്തെ കണ്ടെത്താൻ അദ്ദേഹത്തിന്നു സാധിച്ചില്ല. പത്മിനി, സാറാമ്മ, വന്ദന റാവു എന്നിവരും നമ്പ്യാരുടെ ശിഷ്യരായി ഏതാനും നാൾ എങ്കിലും പരിശീലനം നേടിയിട്ടുണ്ട്.

'സംതൃപ്തിയുണ്ട്. ഏറെപ്പേരുടെ കഴിവുകൾ അതിന്റെ പാരമ്യത്തിൽ എത്തിയത് എന്റെ ശിക്ഷണത്തിൽ ആയിരുന്നുവെന്നതു ചെറിയ കാര്യമല്ല. ഏറ്റവുമൊടുവിൽ ആർ.സുകുമാരിയെന്ന മികച്ച അത്ലീറ്റിനെക്കൂടി കേരളത്തിനു നൽകിയാണു മതിയാക്കുന്നത്' - 2002ൽ കോച്ചിന്റെ വേഷം അഴിച്ചുവയ്ക്കുമ്പോൾ ഒ.എം.നമ്പ്യാർ പറഞ്ഞ് ഇങ്ങനെ.



ആ പരിശീലകന്റെ നന്മയും സമർപ്പണവും സമാനതകൾ ഇല്ലാത്തതാണ്. ശിഷ്യരെല്ലാം സമ്മതിക്കുന്ന യാഥാർഥ്യം. ജീവിതത്തിലും നമ്പ്യാർ ഉദാരമനസ്‌കനായിരുന്നു. കിടപ്പാടമില്ലാത്ത ചിലർക്കെങ്കിലും അദ്ദേഹം സൗജന്യമായി സ്ഥലം നൽകി. ട്രാക്കിലും പുറത്തും നന്മയുടെ ആൾരൂപം എന്നാകും ഒ.എം.നമ്പ്യാർ എന്ന പരിശീലകനെ കായിക ലോകം എന്നും സ്മരിക്കുക.