കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവും, എംഎ‍ൽഎയുമായ ഒ.രാജഗോപാലിന്റെ ആത്മകഥയായ 'ജീവാമൃതം' പറയുന്നത് ജ്വലിക്കുന്ന ഒരുപാട് ജീവിത മുഹൂർത്തുങ്ങൾ. ഏഴുപതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിന്റെ രത്നച്ചുരുക്കം രാജഗോപാൽ നൽകുമ്പോൾ, അത് ഒരു ചരിത്രരേഖയായി മാറുകയാണ്്. ആത്മീയ ഗുരുവായി ഒ.രാജഗോപാൽ കാണുന്ന, മാതാ അമൃതാനന്ദമയിയുമൊത്തുള്ള അനുഭവങ്ങൾ തൊട്ട് മുൻ പ്രധാനമന്ത്രി വാജ്പേയിയും അദ്വാനിയും, കെ.ആർ നാരായണണും, എ.പി.ജെ അബ്ദുൽകലാമും അടക്കമുള്ള ഒരുപാട് വ്യക്തികൾ ഈ ആത്മകഥയിലൂടെ കടന്നുപോകുന്നു.

'അമ്മ'യെ ആദ്യമായി കണ്ടത് ഓലമേഞ്ഞ വീട്ടിൽ

ഒ. രാജഗോപാൽ ഈ പുസ്തകം സമർപ്പിക്കുന്ന മാതാ അമൃതാന്ദമയിക്കാണ്. തന്റെ ആത്മീയ ഗുരുവായ അമ്മയ്ക്കായി ഒരു അധ്യായം തന്നെ അദ്ദേഹം മാറ്റിവെക്കുന്നുണ്ട്. ഗുരുവിനെ കണ്ടെത്തുന്നു എന്ന അധ്യായത്തിൽ 1986ൽ അദ്ദേഹം അമൃതാനന്ദമയിയെ ആദ്യമായി കാണുന്നത് അടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. ദേശീയ സെക്രട്ടറിയായ ചുമതലയേറ്റതിന്റെ ഭാഗമായി ആലപ്പുഴയിൽ നൽകിയ ഒരു സ്വീകരണത്തിൽ, തിരുവല്ലയിലെ ഒരു പ്രവർത്തകനായ അഡ്വ ജയദേവനാണ് മാതാ അമൃതാനന്ദമയിയെക്കുറിച്ചുള്ള ഒരു ചെറിയ പുസ്തകം തന്നത്. അതിനുമുമ്പ് വള്ളക്കാവിന് അടുത്ത് ഒരു യോഗത്തിൽ സംബന്ധിച്ചപ്പോൾ ഇവിടെ അടുത്ത് അത്ഭുദസിദ്ധികളുള്ള ഒരു അമ്മ ഉണ്ട് കാണുന്നോ എന്ന് ചില പ്രവർത്തകർ പറഞ്ഞപ്പോൾ, ഇല്ല എന്നായിരുന്നു തന്റെ മറുപടി എന്ന് രാജഗോപാൽ എഴുതുന്നു. പിന്നീട് അവർ പാലക്കാട് വന്നപ്പോഴും കാണാൻ കഴിഞ്ഞില്ല. തുടർന്നുള്ള ഭാഗം രാജഗോപാൽ ഇങ്ങനെ വിവരിക്കുന്നു.

''പിന്നീട് അമ്മയെക്കുറിച്ച് കേൾക്കുന്നത് പാലക്കാട് വടക്കുന്തറ ദേവീക്ഷേത്രത്തിൽവച്ചാണ്. അവിടെ തൊഴാൻ പോയതായിരുന്നു ഞാൻ. ആ സമയത്ത് അവിടെ ഒരു യോഗം നടക്കുകയാണ്. ഒരു ബ്രഹ്മചാരി അമ്മയുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. ഉദാഹരണങ്ങൾ നിരത്തി, അമ്മയുടെ അത്മീയ ദൗത്യത്തെ വിശകലനം ചെയ്യുന്നു. അതിൽ അൽപ്പം ചിലത് കേട്ടു. അവിടെനിന്ന് അമ്മയുടെ ജീവിതം പരാമർശിക്കുന്നു, ഒരു ജീവചരിത്ര ഗ്രന്ഥം ഞാൻ വാങ്ങി. ഞാൻ അമ്മയിലേക്ക്, അല്ലെങ്കിൽ അമ്മ എന്നിലേക്ക് എത്തിച്ചേരുന്ന മറ്റൊരു സന്ദർഭം കൂടി. വീട്ടിൽ ചെന്നിട്ട് ഞാൻ ആ പുസ്തകം വായിച്ചു. അറിയാതെ കണ്ണു നിറഞ്ഞുപോകുന്ന ഒരു അനുഭവം ആയിരുന്നു പുസ്തകം എനിക്ക് സമ്മാനിച്ചത്. ഇതേ അനുഭവമാണ് വർഷങ്ങൾക്ക് മുമ്പ്, ജയിലിൽവെച്ച് ശ്രീരാമകൃഷ്ണ പരമഹംസ ദേവന്റെ ജീവചരിത്രം വായിച്ചപ്പോഴും എനിക്കുണ്ടായത്. ആ പുസ്തകം വായിക്കുമ്പോഴും കണ്ണു നിറഞ്ഞ് വായിക്കാനാവാതെ നിന്നുപോയിട്ടുണ്ട്.

ഈ നീണ്ട ജീവിതത്തിനിടയിൽ ഇത്തരം ഒരു അനുഭവം എനിക്ക് തന്നിട്ടുള്ളത്, രണ്ട് പുസ്തകങ്ങൾ മാത്രമാണ്. ഇതോടെ അമ്മയെ, ആശ്രമത്തിൽ ചെന്നുകാണാൻ ഞാൻ തീരുമാനിച്ചു. അന്ന് പാർട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറി ആയിരുന്നു അഡ്വ. സി. രാജേന്ദ്രനോട് വിവരങ്ങൾ തിരക്കി. അദ്ദേഹം അമ്മയുടെ സൗകര്യം നോക്കി, ഒരു സന്ദർശന സമയം നിശ്ചയിച്ചു. തീയതി ഓർമ്മയില്ല. സമയം ഉച്ച തിരിഞ്ഞ് മൂന്നുമണി ആയിരുന്നു. ഞാനും കെ.ജി മാരാരും, രാമൻപിള്ള സാറുമായാണ് പോകുന്നത്. വള്ളിക്കാവിലെ ഇന്നത്തെ സൗകര്യങ്ങളുടെ ഒരു ലാഞ്ചനപോലുമില്ല അന്ന്. ഓലമേഞ്ഞ ചെറിയ ഒരു ഷെഡ്. അവിടെ നിലത്ത് വിരിച്ച പുൽപ്പായയിൽ ഇരുന്നിട്ടാണ് അമ്മ ദർശനം നൽകിയത്. അഭിമുഖമായി മറ്റൊരു പായ ഞങ്ങൾക്കിട്ടു. അവിടെയിരുന്ന് ഏതാണ്ട് ഒന്നര മണിക്കൂർ ഞങ്ങൾ സംസാരിച്ചു.

ഗഹനമായ ആധ്യാത്മിക വിഷയങ്ങൾ ചർച്ചചെയ്യുന്ന മട്ടിലായിരുന്നില്ല ഞങ്ങളുടെ സംഭാഷണം. തികച്ചും സ്വാഭാവികമായി മനസ്സിൽ തട്ടുന്ന വിധത്തിൽ, ആധ്യാത്മിക നാട്യങ്ങൾ ഒന്നുമില്ലാതെ അമ്മ സംസാരിച്ചു. ഇത് വ്യത്യസ്തമായ അനുഭവം ആയിരുന്നു. ലളിതമായ വാക്കുകളിലൂടെ ആധ്യാത്മിക സത്തയുടെ നുറുങ്ങുകൾ, പൊഴിയുന്നതിലെ വശ്യത, അനുഭവിച്ച് അറിഞ്ഞാലെ മനസ്സിലാവൂ. സംഭാഷണം, കഴിഞ്ഞ് എഴുനേൽക്കുമ്പോൾ എന്നെ സൂക്ഷിച്ച് നോക്കി, ആത്മഗതംപോലെ അമ്മ പറഞ്ഞു: 'പൊതുപ്രവർത്തനവും ആവശ്യമാണ്.' അന്ന് ആ പറഞ്ഞതിൻെ അർഥമോ വ്യാപ്തിയോ എനിക്ക് മനസ്സിലായിരുന്നില്ല. എന്നാൽ പിന്നീട് പൊതുപ്രവർത്തനത്തിലൂടെ, പല ചുമതലകളിലേക്കും, നിയോഗിക്കപ്പെട്ടപ്പോൾ അത് എനിക്ക് ബോധ്യമായി. ''- രാജഗോപാൽ എഴുതി.

'അമ്മ' കിടന്ന കട്ടിൽ സർക്കാറിൽനിന്ന വിലകൊടുത്ത് വാങ്ങി

പിന്നീട് അന്നുമുതൽ ഇന്നുവരെ തന്റെ ആത്മീയ ഗുരു മാതാ അമൃതാനന്ദമയി ആണെന്നും , ജീവിതത്തിലെ എല്ലാ നിർണ്ണായക സന്ദർഭങ്ങളിലും അവരുടെ ഉപദേശം താൻ തേടിയിരുന്നെന്നും രാജഗോപാൽ വ്യക്തമാക്കി. ''99ൽ തിരുവനന്തപുരത്ത് മത്സരിക്കാനായി പാർട്ടി എന്നൊട് ആവശ്യപ്പെട്ടു. ഈ നിർദ്ദേശം കേട്ട്, ഞാൻ അമ്മയോട് അതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞു. 'പാർട്ടി നിർദ്ദേശിക്കുകയാണെങ്കിൽ മോൻ മത്സരിക്കണം.' എന്ന് മാത്രമായിരുന്നു അതിനുള്ള അമ്മയുടെ മറുപടി. വിജയപ്രതീക്ഷ വെച്ചുപുലർത്തേണ്ട എന്ന് ആ മറുപടിയിൽനിന്ന് വ്യക്തമായിരുന്നു.''- രാജഗോപാൽ എഴുതുന്നു.

എ.പി.ജെ അബ്ുദൽകലാമിന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് നിർദ്ദേശിച്ച സമയത്തും താൻ അമ്മയുമായി ചർച്ച നടത്തിയതായി രാജഗോപാൽ വ്യക്തമാക്കുന്നു. ''ഇതുസംബന്ധിച്ച് പാർട്ടി വൃത്തങ്ങളിൽ സംസാരിക്കുന്നതിന് മുമ്പുതന്നെ ഞാൻ അമ്മയോട് എന്റെ ആശയം പങ്കുവെച്ചു. അമ്മയ്ക്ക് എതിരഭിപ്രായം ഉണ്ടായിരുന്നില്ല. എന്നു മാത്രമല്ല, അദ്ദേഹം ( എ.പി.ജെ അബ്ദുകലാം) ഒരു ശരിയായ രാജ്യസ്നേഹി ആണെന്നായിരുന്നു അമ്മയുടെ വിലയിരുത്തൽ.'' - ഒ. രാജഗോപാൽ വ്യക്തമാക്കി.

അമൃതാനന്ദമയിയോടുള്ള അപാരമായ ആദരവ് പ്രകടമാക്കുന്ന ചില ഭാഗങ്ങൾ അത്മകഥയിൽ വേറെയുമുണ്ട്. ( ഈ പുസ്തകത്തിന് ജീവാമൃതം എന്ന് പേരിട്ടതും അതുകൊണ്ടാവാം) ഡൽഹിവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ സർക്കാർ അനുവദിച്ച ഫ്ളാറ്റിലെ ഒരു കട്ടിൽ സർക്കാറിന് വിലകൊടുത്ത് വാങ്ങിയ സംഭവമാണ് അതിലൊന്ന്. കാരണം അമ്മ ഡൽഹിയിൽ വന്നപ്പോൾ വിശ്രമിച്ചത് ആ കട്ടിലിൽ ആയിരുന്നുവെന്നാണ് രാജഗോപാൽ പറയുന്നത്. അങ്ങനെ സർക്കാറിലേക്ക് പണം മടച്ച് ആ കട്ടിൽ അദ്ദേഹം സ്വന്തമാക്കുകയായിരുന്നു! ഭാര്യ ഡോ ശാന്തയും എല്ലാ വിഷമങ്ങളും ഇറക്കിവെക്കാറുള്ളത് അമ്മക്ക് മുന്നിലാണ്. ഇരുവർക്കും അമൃതാനന്ദമയി സന്യാസദീക്ഷ നൽകിയതും അദ്ദേഹം പുസ്‌കത്തിൽ പ്രതിപാദിക്കുന്നുണ്ട്.

അമൃത എക്സ്പ്രസ് ഉണ്ടായ കഥ

1999ലെ വാജ്പേയി സർക്കാറിൽ കേന്ദ്ര റെയിയിൽവേ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചപ്പോൾ, കേരളത്തിനുവേണ്ടി ഒരു പാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതായി ഒ.രാജഗോപാൽ തന്റെ ആത്മകഥയിൽ അനുസ്മരിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു അമൃത എക്സ്പ്രസ്. '' മുമ്പ് ഞാൻ പാലക്കാട് താമസിച്ചിരുന്ന സമയത്ത് പലപ്പോഴും തിരുവനന്തപുരത്തേക്ക് വരേണ്ട ആവശ്യമുണ്ടാകാറുണ്ട്. എന്നാൽ അവിടെ നിന്ന് രാത്രി പുറപ്പെട്ട് തിരുവനന്തപുരത്ത് എത്താൻ പാകത്തിൽ ഒരു വണ്ടി ഉണ്ടായിരുന്നില്ല. പകരമുള്ള സംവിധാനം രാത്രിയിൽ ഈ റോഡിൽ നിന്നുവരുന്ന ഒരു പാസഞ്ചർ ട്രെയിനിന്റെ രണ്ടു കോച്ചുകൾ ഷൊർണ്ണൂരിൽവെച്ച് അഴിച്ച് പിന്നീട് എപ്പോഴോ വരുന്ന കണ്ണൂർ എക്പ്രസിൽ ഘടിപ്പിക്കുന്നു. ഇതിനുവേണ്ടി യാത്രക്കാർ മണിക്കൂറുകളോളും ഷൊർണ്ണൂരിൽ കാത്തുകിടക്കുന്നു. എന്നെപ്പോലെ ഈ പ്രയാസം അനുഭവിച്ച നൂറുകണക്കിന് ആളുകളുണ്ട്. അവരെല്ലാം ഒരുപോലെ ആഗ്രഹിച്ച കാര്യമാണ് പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് രാത്രി നേരിട്ടുള്ള ഒരു ട്രെയിൻ എന്നത്''- രാജഗോപാൽ ചൂണ്ടിക്കാട്ടുന്നു.

ഈ വണ്ടിക്ക് അമൃത എന്ന് പേരിട്ടതിന് പിന്നിലെ കാര്യങ്ങളും രാജഗോപാൽ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ''പാലക്കാടുനിന്ന് തിരുവനന്തപുരത്തേക്ക് ഒരു രാത്രിവണ്ടി ആരംഭിക്കുന്ന വിഷയം അംഗീകരിക്കപ്പെട്ടു. തുടർന്നാണ് വണ്ടിക്ക് ഒരു പേരിടുന്ന കാര്യം പരിഗണനയ്ക്ക് വരുന്നത്. അമ്മയെ ( മാതാ അമൃതാനന്ദിമയീദേവി) കണ്ടപ്പോൾ വണ്ടിക്ക് അമ്മയുടെ പേരിടാനാണ് ആഗ്രഹം എന്ന് ഞാൻ സൂചിപ്പിച്ചു. 'മോനെ, വിവാദമാകുമല്ലോ,' ചിരിച്ചുകൊണ്ട് അമ്മ മറുപടി പറഞ്ഞു. പാലക്കാട്-തിരുവനന്തപുരം വണ്ടിക്ക് അമൃത എന്ന് പേരിടണമെന്ന് ഞാൻ ഓഫീസിന് നിർദ്ദേശം കൊടുത്തു. അതൊരു വ്യക്തിയുടെ പേരാണ്, വ്യവസ്ഥകൾക്ക് വിരുദ്ധമാണ് എന്നൊക്കെ ഓഫീസിൽനിന്നും തടസ്സവാദങ്ങൾ വന്നു. എന്നാൽ അത് വ്യക്തിനാമമല്ല ഒരു ആശയം ആണെന്നായിരുന്നു എന്റെ വാദം. അത് അമരത്വത്തിന്റെ പര്യായമാണ്. '' മൃത്യോർമ അമൃതംഗമയ ''. എന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ വണ്ടിക്ക് അമൃത എക്സ്പ്രസ് എന്ന് പേരിട്ടു. എന്നാൽ കാര്യങ്ങൾ അതുകൊണ്ട് അവസാനിച്ചില്ല. കേരള ഹൈക്കോടതിയിൽ ഇതുസംബദ്ധിച്ച് ആരോ ഒരു പൊതുതാൽപ്പര്യ ഹരജി ഫയൽ ചെയ്തു. മന്ത്രി സ്വന്തം ഗുരുവിന്റെ പേര് ട്രെയിനിന് ഇടുന്നു, അത് ചട്ട വിരുദ്ധമാണ് എന്നായിരുന്നു വാദം. അവിടെയും എന്റെ വാദം നേരത്തെ പറഞ്ഞത് ആയിരുന്നു. അമൃതം എന്നാൽ അമരത്വം. കോടതി എന്റെ വാദം അംഗീകരിച്ചു.''

''അമൃത ്രെടയിൻ ഫ്ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങിൽ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ ശങ്കരനാരായണൻ ഇങ്ങനെ പറഞ്ഞു-'ഇനി രാജാഗോപാൽ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും ഈ ഒരൊറ്റ ട്രെയിൻ കൊണ്ട് അദ്ദേഹം എന്നും സ്മരിക്കപ്പെടും.' ആ വാക്കുകൾ എനിക്ക് പ്രചോദനമായി. പിന്നെയും കേരളത്തിനുവേണ്ടി പലതും ചെയ്യാനുള്ള പ്രചോദനം''- രാജഗോപാൽ വ്യക്തമാക്കുന്നു.

കെ.ആർ നാരായണൻ പരിവർത്തിത ക്രൈസ്തവനോ?

തന്റെ ഡൽഹി പ്രവർത്തനത്തിനിടെ കെ.ആർ. നാരായണനെയും എ.പി.ജെ അബ്ദുൽകലാമിനെയും രാഷ്ട്രപതിയാക്കുള്ളന്നതിൽ നിർണ്ണായക പങ്കുവഹിക്കാൻ കഴിഞ്ഞുവെന്നത് ഏറെ സന്തോഷത്തോടെ രാജഗോപാൽ കുറിക്കുന്നുണ്ട്. ''അന്നത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആരെ പിന്തുണക്കണം എന്ന ചോദ്യങ്ങളും വാദവും വന്നപ്പോൾ, ഞാൻ പാർട്ടിയിൽ ശക്തിയായി കെ.ആർ നാരായണനുവേണ്ടി വാദിച്ചു. എന്നാൽ എന്റെ വാദത്തിനെതിരെ മറ്റുചില അംഗങ്ങൾ കെ.ആർ നാരായണൻ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ഹിന്ദുവാണെന്ന മറുവാദം ഉന്നയിച്ചു. മതപരിവർത്തനത്തിനെതിരെ ബിജെപിക്ക് ശക്തമായ ഒരു നിലപാട് ഉണ്ട്. ആ നിലക്ക് പരിവർത്തിത ക്രിസ്ത്യാനിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണയ്ക്കുക പാർട്ടിക്ക് സാധ്യമാകാത്ത കാര്യമാണ്. എന്നാൽ കെ.ആർ നാരായണൻ പരിവർത്തിത ക്രിസ്ത്യാനിയാണെന്നത് ഊഹപോഹം മാത്രമായിരുന്നു. അതുകൊണ്ട് അതിന്റെ നിജസ്ഥിതി അന്വേഷിക്കാൻ പാർട്ടി സന്നദ്ധമായി. അതിനുവേണ്ടി പാർട്ടി ചുമതലപ്പെടുത്തിയത് എന്നെ ആയിരുന്നു.

മതവിശ്വാസം സംബന്ധിച്ച് കെ.ആർ. നാരായണന്റെ നിലപാട് അറിയാൻ ഞാൻ അദ്ദേഹത്തെ നേരിട്ട് സന്ദർശിച്ച്, മതപരിവർത്തനത്തോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് അന്വേഷിച്ചു. അദ്ദേഹം മതപരിവർത്തനത്തെ ശക്തമായി എതിർത്ത് സംസാരിച്ചു. എന്നുമാത്രമല്ല, മത പരിവർത്തനം നടത്തിയ ഹരിജനങ്ങൾക്ക് സംവരണ ആനുകൂല്യം നൽകാനുള്ള, സർക്കാർ നീക്കത്തെ വിമർശിക്കുകയും ചെയ്തു. ഇതു രണ്ടും ബിജെപിയുടെ നയങ്ങൾക്ക് അനുസൃതമായിരുന്നു. താൻ ക്രിസ്തുമതത്തിൽ ചേർന്നിട്ടില്ലെന്ന് കെ.ആർ നാരായണൻ വ്യക്തമാക്കി. ഈ വിവരം ഞാൻ പാർട്ടിക്ക് റിപ്പോർട്ട് ചെയ്തു. അതിന്റെ വെളിച്ചത്തിൽ കെ.ആർ നാരായണനെ പിന്തുണക്കാൻ ബിജെപി തീരുമാനിച്ചു. കെ.ആർ നാരായണന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ബിജെപി അംഗീകരിച്ച വിവരം, അദ്ദേഹത്തെ അറിയിക്കാൻ പാർട്ടി നിയോഗിച്ചത് എന്നെയും, വി.കെ മൽഹോത്രയെയും ആയിരുന്നു. പാർട്ടി ഈ നിലപാട് പ്രഖ്യാപിച്ചതോടെ കെ.ആർ നാരായണൻ പ്രസിഡന്റായി തെരഞ്ഞെടുക്കുപ്പെടും എന്ന് ഉറപ്പായി''- ഒ. രാജഗോപാൽ ചൂണ്ടിക്കാട്ടി.

എന്നാൽ പിന്നീട് പലപ്പോഴും കെ.ആർ നാരായണനിൽനിന്ന് അത്ര സുഖകരമായ അനുഭവങ്ങൾ അല്ല തനിക്ക് ഉണ്ടായതെന്നും രാജഗോപാൽ കുറിക്കുന്നുണ്ട്. ആരോഗ്യ പ്രശനങ്ങൾ കൂടിയായതോടെ രാഷ്ട്രപതി പദവിയിൽ രണ്ടാം ടേം നാരായണന് നൽകേടെ്ണന്ന് ബിജെപി തീരുമാനിക്കയായിരുന്നു.

കലാമിനെ കണ്ടെത്തിയ കഥ

നാരായണന് പകരം ആര് എന്ന ചർച്ച പുരോഗമിച്ചപ്പോഴാണ്, എ.പി.ജെ അബ്ദുൽ കലാമിന്റെ പേര് തന്റെ മനസ്സിൽ ഉദിച്ചതെന്ന് രാജഗോപാൽ എഴുതുന്നു. മാതാഅമൃതാനന്ദമയിയെ കണ്ട് കലാമിന്റെ കാര്യത്തിൽ അഭിപ്രായം ചോദിക്കുകയും പോസറ്റീവായ മറുപടി കിട്ടുകയും ചെയ്തു. ആർ.എസ്.എസിന്റെ അഖിലഭാരതീയ അധികാരിയായ സൂര്യനാരായണ റാവുവുമായി സംസാരിച്ച് സമ്മതം വാങ്ങിയശേഷം കലാമിന്റെ പേര് ചൂണ്ടിക്കാട്ടി രാജഗോപാൽ പ്രധാനമന്ത്രി വാജ്പേയിക്ക് കത്തെഴുതി. '' ഈ സന്ദർഭത്തിൽ പ്രമോദ് മഹാജനുമായും ഞാൻ ഈ ആശയം ചർച്ചചെയ്തു. കലാമിന് ഒരു രാഷ്ട്രീയ പശ്ചാത്തലമില്ലല്ലോ പിന്നെ എങ്ങനെ നാം നിർദ്ദേശിക്കുമെന്ന സംശയം പ്രമോദ് ഉന്നയിച്ചു. അതിന് മറുപടിയായി അദ്ദേഹത്തിന് രാഷ്ട്രീയ ബന്ധമില്ല എന്നതു ശരിതന്നെ പക്ഷേ രാഷ്ട്രീയ ബോധമുണ്ട് എന്ന് ഞാൻ മറുപടി നൽകി. ഈ രാഷ്ട്രീയ ബന്ധമില്ലായ്മ നിഷ്പക്ഷനായി തീരുമാനമെടുക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കും എന്നും ഞാൻ ചൂണ്ടിക്കാട്ടി. അതിനകം തന്നെ ചർച്ചയായി കഴിഞ്ഞിരുന്ന കലാമിന്റെ സ്ഥാനാർത്ഥിത്വം വൈകാതെ പാർട്ടി അംഗീകരിക്കുകയും, ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

മാധ്യമങ്ങൾ കലാമിന്റെ അർഹതയെ വാഴ്‌ത്തിക്കൊണ്ട് പരിപാടികൾ സംപ്രേഷണം ചെയ്യാൻ ഒരുങ്ങി. അതോടെ കോൺഗ്രസും അദ്ദേഹത്തിന്റെ സ്ഥാനാഥിത്വത്തെ അംഗീകരിച്ച് പ്രഖ്യാപനം നടത്തി. കലാം ഇന്ത്യൻ പ്രസിഡന്റാകും എന്ന് പൂർണ്ണമായും ഉറപ്പുള്ള ആ സമയത്ത്, ഇടതുപക്ഷ പാർട്ടികൾ ചേർന്ന് മുൻ ഐ.എൻ.എ ക്യാപ്റ്റനും, സ്വാതന്ത്ര്യ സമര സേനാനിയുമായ ക്യാപ്റ്റൻ ലക്ഷ്മിയുടെ സ്ഥാാർഥിത്വം പ്രഖ്യാപിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കലാം വൻ ഭൂരിപക്ഷത്തോടെ ജയിച്ചു. കലാമിനെ കണ്ടെത്തിയതിനെ കുറിച്ച് ഡൽഹിയിയെ ഒരു മാധ്യമ പ്രവർത്തകൻ അദ്വാൻജിയോട് ചോദിച്ചപ്പോൾ, അതിന്റെ ക്രെഡിറ്റ് ഒ രാജഗോപാലിന് അർഹതപ്പെട്ടയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കലാമിനെ കണ്ടെത്താൻ വല്ല ജോത്സ്യനുമായി ബന്ധപ്പെട്ടോ എന്ന് വാജ്പേയിയും എന്നോട് ചോദിച്ചു''- രാജഗോപാൽ ചൂണ്ടിക്കാട്ടി.

ആർഎസ്എസ് തലവൻ പ്രകീർത്തിച്ച മകന്റെ വിവാഹം

ദീൻദയാൽ ഉപാധ്യയയുടെയും, മന്നത്ത് പത്മനാഭന്റെയും മാതൃക പിന്തുടർന്നുകൊണ്ട് ജാതി നിർമ്മാർജജനത്തിന് വേണ്ടിയാണ് താൻ യത്നിച്ചതെന്നും ഒ.രാജഗോപാൽ പറയുന്നു. 'അൽപ്പം വീട്ടുകാര്യം' എന്ന അധ്യായത്തിലാണ് അദ്ദേഹം തന്റെ വ്യക്തി ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്നത്. '' രണ്ടാമത്തെ മകൻ ശ്യാമപ്രസാദ് അവന് ഇഷ്ടപ്പെട്ട ഒരു കൂട്ടുകാരിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചു. അവൻ ദൂരദർശനിൽ ജോലിചെയ്യുന്ന കാലമാണ്. ആ കുട്ടി- ഷീബ- നായർ ജാതിയിൽപെട്ട ആളായിരുന്നില്ല. ഈഴവജാതിക്കാരിയെ മകൻ വിവാഹം കഴിക്കാൻ ശ്രമിച്ചതിൽ ഞങ്ങൾക്ക് പ്രത്യേകിച്ച് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. അവനിഷ്ടപ്പെടുന്ന വധുവിനെ വിവാഹം കഴിക്കുന്നതിന് തടസ്സം നിൽക്കാൻ ഞങ്ങൾക്കൊരിക്കലും കഴിയില്ലല്ലോ. കാരണം ഞങ്ങൾ പിന്തുടർന്നതും ആ വഴിതന്നെ ആയിരുന്നു. ജാതിക്കതീതമായി വിവാഹം കഴിച്ച് സ്വയം സേവകർ മാതൃക കാണിക്കണമെന്ന് എന്റെ ഈ നടപടിയെ ഉദാഹരിച്ചുകൊണ്ട്, അന്നത്തെ ആർഎസ്എസ് തലവൻ ബാലാസാഹിബ് ദേവ്റസ് നാഗ്പൂരിൽ പ്രസംഗിച്ചതായി ഞാൻ പിന്നീട് കേട്ടു''- രാജഗോപാൽ എഴുതുന്നു.

പാലക്കാട് അഭിഭാഷകനായിരിക്കെ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് എടുത്തുചാടിയ ഒ.രാജഗോപാൽ, പക്ഷേ അന്ന് തന്റെ കുടുംബം സുരക്ഷിതമായത് ഭാര്യ ഡോ ശാന്തയുടെ വരുമാനം കൊണ്ടായിരുന്നുവെന്ന് തുറന്ന് പറയുന്നുണ്ട്. '' രോഗികളോട് മാത്രമല്ല, പാവങ്ങളോടെല്ലാം സഹായ മനസ്ഥിതിയും വെച്ചുപുലർത്തുന്നതിനാൽ ശാന്തയെ സഹായിക്കാൻ ചുറ്റുപാടുമുള്ള എല്ലാപേരും സന്നദ്ധരായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ വീട് വിട്ട് യാത്രചെയ്യുമ്പോഴും അവർ സുരക്ഷിതയാണെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. ഞാനില്ലാത്ത സമയത്തും തൻേറടത്തോടെ കാര്യങ്ങൾ നേടാനുള്ള കരുത്തും അവർ വളർത്തിയെടുത്തിരുന്നു''. എന്നാലും തന്റെ തുടർച്ചയായ യാത്രകളും, കുടംബ ജീവിതം ഒറ്റക്ക് കൊണ്ടുപോകേണ്ടതെല്ലാം ശാന്തയുടെ മാനസിക സംഘർഷം വർധിപ്പിച്ചുവെന്നും അവരെ രോഗിയാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. '' 1999 മാർച്ച് 23ന് ആലത്തൂരിൽ സഹോദരിയുടെ വീട്ടിൽ വച്ചായിരുന്നു ശാന്തയുടെ മരണം. ഞാൻ കൽക്കത്തയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് ഡൽഹിയിൽ തിരിച്ചെത്തിയപ്പോഴാണ് വാർത്ത അറിയുന്നത്. ശാന്തയുടെയും എന്റെ അമ്മയുടെയും അച്ഛന്റെയുമൊക്കെ ചരമസമയത്ത് അവരെ ശുശ്രൂഷിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചില്ല. പൊതുപ്രവർത്തകർക്ക് ഇത്തരം ദുര്യോഗങ്ങൾ അനിവാര്യമായിരിക്കാം. അവർ ഏറ്റെടുക്കുന്ന ദൗത്യങ്ങൾ പൂർത്തീകരിക്കുന്നതിന് കൊടുക്കേണ്ടിവരുന്ന വിലയായിരിക്കാം ഇത്''- രാജഗോപാൽ കുറിക്കുന്നു.

സന്യാസത്തിൽനിന്ന് പിന്തിരിപ്പിച്ചതും അമ്മ

എഴുത്തകാരൻ ഒ.വി വിജയയെക്കുറിച്ചുള്ള ചില ഓർമ്മകളും രാജഗോപാൽ പങ്കുവെക്കുന്നുണ്ട്. ''കോളേജിൽ പഠിക്കുമ്പോൾ ഞങ്ങൾ രാഷ്ട്രീയമായി വിരുദ്ധ ചേരിയിൽ ആയിരുന്നു. അദ്ദേഹം കമ്യൂണിസ്റ്റ് സഹയാത്രികനും, ഞാൻ ജനസംഘക്കാരനും. പിന്നെ കുറേ വർഷങ്ങൾക്കുശേഷം അദ്ദേഹം, കമ്യൂണിസ്റ്റ് വിരുദ്ധനായി. ഞങ്ങൾ അത്മീയ മണ്ഡലത്തിലൂടെ കൂടുതൽ അടുക്കാൻ ഇടയായി. ഞാൻ സദ്ഗുര മാതാ അമൃതാനന്ദമയീദേവിയുടെയും അദ്ദേഹം കരുണാകര ഗുരുവിന്റെയും ശിഷ്യരായി. പാലക്കാട്ട് വക്കീലായ പ്രാക്ടീസ് ചെയ്യുന്ന അവസരത്തിൽ അദ്ദേഹത്തിന്റെ ചില കേസുകൾ നടത്താനും അവസരം ലഭിച്ചിരുന്നു. വിജയൻ കരുണാകര ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചെങ്കിലും ക്രിസ്തുമത വിശ്വാസിയായ അദ്ദേഹത്തിന്റെ സഹധർമ്മിണിക്ക് മാതാ അമൃതാനന്ദമയീ ദേവിയോടായിരുന്നു കൂടുതൽ താൽപ്പര്യം. വിജയന്റെ സഹോദരി ഒ.വി ഉഷ, കരുണാകരഗുരുവിന്റെ ശിഷ്യയാണ്. ആശ്രമവാസിയുമാണ്.''

ഡൽഹിയിൽനിന്ന് തിരിച്ച് എത്തിയതോടെ രാഷ്ട്രീയ പ്രവർത്തനം എല്ലാം അവസാനിപ്പിച്ച് സന്യാസം സ്വീകരിക്കാനുള്ള തന്റെ നീക്കം അവസാനിപ്പിച്ചതും അമ്മയാണെന്ന് രാജഗോപാൽ കുറിക്കുന്നു. -'' ഞാൻ എന്റെ ഗുരു അമൃതാനന്ദമയീ ദേവിയെ സന്ദർശിച്ച് ആഗ്രഹം അറിയിച്ചു. അമ്മ പറഞ്ഞു: 'േേമെന, വളർത്തിക്കൊണ്ടുവന്നത് പാർട്ടിയാണ്. മോനെക്കൊണ്ട് പാർട്ടിക്ക് ഇനിയും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അതിന് സന്നദ്ധൻ ആയിരിക്കുക. അങ്ങനെ ഒന്നുമില്ലെങ്കിൽ മോനിവിടെ ഈ ആശ്രമത്തിൽ എത് നേരത്തും വരാമല്ലോ. '' അമ്മയുടെ ഉപദേശത്തിൽ പലതും വ്യക്തമായിരുന്നു. എല്ലാ ഉപക്ഷേിച്ചുള്ള സന്യാസം അമ്മ അംഗീകരിക്കുന്നില്ല. ചെയ്യാനുള്ള പൊതുവായ കാര്യങ്ങളിൽ ശ്രദ്ധവെക്കണം. ഞാൻ ആലോചിച്ചു. ആശ്രമത്തിലെ അന്തേവാസിയാവാനുള്ള തീരുമാനം മാറ്റിവെച്ചു.'' - രാജഗോപാൽ എഴൂതി. ഇതേതുടർന്നാണ് താൻ തിരുവനന്തപുരം പാർലിമെന്റ് മണ്ഡലത്തിലേക്കും തുടർന്ന് നേമം അസംബ്ലി സീറ്റിലേക്കും മത്സരിക്കുന്നുതെന്നും, നേമത്ത് ഐതിഹാസികമായ വിജയം നേടുന്നുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.