- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒബിസി പട്ടിക സംസ്ഥാനങ്ങൾക്കു തീരുമാനിക്കാം; ഭരണഘടനാ ഭേദഗതിക്കു പ്രതിപക്ഷ പിന്തുണ; ബില്ലിനെ പിന്തുണക്കുക കോൺഗ്രസ് അടക്കം 15 പാർട്ടികൾ
ന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാരുകളിൽ നിക്ഷിപ്തമാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ പാർലമെന്റിൽ പിന്തുണയ്ക്കാൻ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. കോൺഗ്രസും ഇക്കാര്യത്തിൽ സർക്കാറിനൊപ്പമാണ്. പതിനഞ്ചു പ്രതിപക്ഷ പാർട്ടികളാണ് ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്.
പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങൾക്കു തിരിച്ചു നൽകണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ബിജെപിയിൽനിന്നുതന്നെ ഇതിനായി മുറവിളി ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ ഭരണഘനാ ഭേദഗതി ബിൽ കൊണ്ടുവരുന്നത്. 127ാമത് ഭരണഘടനാ ഭേദഗതി ബിൽ സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. വീരേന്ദ്ര പാട്ടീൽ ലോക്സഭയിൽ അവതരിപ്പിക്കും.
ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിനു ശേഷം രാജ്യസഭയിലെ കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഇന്നു രാവിലെയാണ് ഖാർഗെയുടെ ഓഫിസിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നത്.
പെഗസ്സസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം നിരന്തരം പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന ഈ സമ്മേളന കാലയളവിൽ സഭാ നടപടികൾ തടസ്സപ്പെട്ടിരുന്നു. പ്രതിപക്ഷം പിന്തുണ പ്രഖ്യാപിച്ചതോടെ ഭരണഘടനാ ഭേദഗതി ബിൽ സുഗമമായി പാസാവുമെന്ന് ഉറപ്പായിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ