- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നശേഷിക്കാരെ വിവാഹം കഴിക്കുന്നവർക്ക് രണ്ടര ലക്ഷം രൂപ പാരിതോഷികം; ഒഡീഷ സർക്കാരിന്റെ പദ്ധതി വൈകല്യമുള്ളവരുടെ സാമൂഹിക സുരക്ഷയും ശാക്തീകരണവും ലക്ഷ്യമിട്ട്; നവദമ്പതിമാരുടെ വിവരങ്ങൾ കൃത്യമായി പരിശോധിച്ച് ധനസഹായം അനുവദിക്കും
ഭുവനേശ്വർ: ഭിന്നശേഷിക്കാരെ ജീവിതപങ്കാളികളായി സ്വീകരിക്കുന്ന സാധാരണ വ്യക്തിക്ക് രണ്ടരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ. വൈകല്യമുള്ള വ്യക്തികളും സാധാരണക്കാരും തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ധനസഹായ പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്.
നവദമ്പതിമാരുടെ വിവരങ്ങൾ കത്യമായി പരിശോധിച്ച ശേഷം ധനസഹായം അനുവദിക്കും. വിവാഹസർട്ടിഫിക്കറ്റോടു കൂടിയാണ് അപേക്ഷ നൽകേണ്ടത്. സംയുക്ത അക്കൗണ്ടായി മുന്ന് വർഷത്തേക്കുള്ള സ്ഥിരനിക്ഷേപമായാണ് ധനസഹായം നൽകുന്നത്. അതിന് ശേഷം ഇരുവരുടേയും ഒപ്പ് രേഖപ്പെടുത്തി നിക്ഷേപം പിൻവലിക്കാം. ഭിന്നശേഷിക്കാരുമായുള്ള വിവാഹബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ഭിന്നശേഷിക്കാർക്കും സാധാരണ വിവാഹജീവിതം നയിക്കാനുള്ള അവസരം ഒരുക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.
സാമൂഹികമായ ഐക്യം വർധിപ്പിക്കുന്നതിനും വൈകല്യമുള്ള വ്യക്തികളുടെ സാമൂഹിക സുരക്ഷയും ശാക്തീകരണവും ഉറപ്പു വരുന്നതിനുള്ള വകുപ്പാണ്(എസ്എസ്ഇപിഡി) ഇത്തരമൊരാശയം അവതരിപ്പിച്ചത്. ഭിന്നശേഷിക്കാരും സാധാരണക്കാരും തമ്മിലുള്ള വിവാഹത്തിൽ 50,000 രൂപ നേരത്തെ തന്നെ സർക്കാർ നൽകി വരുന്നുണ്ട്.
പട്ടികജാതി/പട്ടികവർഗ വിഭാഗക്കാരും സമൂഹത്തിലെ മറ്റു വിഭാഗക്കാരും തമ്മിലുള്ള വിവാഹത്തിന് രണ്ടര ലക്ഷം പാരിതോഷികം നൽകുമെന്ന് നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ആനുകൂല്യം ലഭിക്കുന്നതിന് വരനും വധുവിനും യഥാക്രമം 21 ഉം 18 ഉം വയസ് പൂർത്തിയായവരും നേരത്തെ ഈ ധനസഹായം കൈപ്പറ്റാത്തവരും ആയിരിക്കേണ്ടതുണ്ട്. വിവാഹം സ്ത്രീധനമുക്തമായിരിക്കേണ്ടതും ആവശ്യമാണ്.