തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന സിപിഒ, ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ളവരുമായി സർക്കാർ പ്രതിനിധികൾ നടത്തിയ ചർച്ച പൂർത്തിയായി. കൃത്യമായ ഉത്തരവ് ലഭിക്കും വരെ സമാധാനപരമായി സമരം തുടരുമെന്ന് ചർച്ചയ്ക്കു ശേഷം ഉദ്യോഗാർഥികൾ പ്രതികരിച്ചു. സർക്കാരുമായുള്ള ചർച്ച സൗഹാർദപരമായിരുന്നു. ശുഭ പ്രതീക്ഷയുണ്ട്. രേഖാമൂലം ഉറപ്പു കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്നും കൂട്ടിച്ചേർത്തു.

ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസും എഡിജിപി മനോജ് എബ്രഹാമുമായിട്ടാണ് ചർച്ച നടത്തിയത്. രണ്ടു റാങ്ക് പട്ടികയിലുമുള്ള മൂന്നുപേർ വീതമാണ് ചർച്ചയിൽ പങ്കെടുത്തത്. സമരം തുടങ്ങി 26 ദിവസത്തിന് ശേഷമാണ് സർക്കാർ ഉദ്യോഗാർഥികളുമായി ചർച്ച നടത്തിയത്.

കാര്യങ്ങ മനസ്സിലാക്കിയാണ് സർക്കാർ പ്രതിനിധികൾ സംസാരിച്ചത്. സർക്കാരിൽ നിന്ന് കൃത്യമായ ഒരു ഉത്തരവ് ലഭിക്കാതിരുന്നതിനാലാണ് സമരം തുടരുന്നതെന്ന് ഉദ്യോഗാർഥി പ്രതിനിധികൾ പറഞ്ഞു. സർക്കാരിൽ വിശ്വാസമുണ്ടെന്നും ഉത്തരവ് കിട്ടുന്നത് വരെ സമാധാനപരമായി സമരം തുടരുമെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.

സർക്കാരുമായി ചർച്ച നടത്തി ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ ഒരു ഉത്തരവ് നൽകാൻ ശ്രമിക്കാം എന്നാണ് ചർച്ചയിൽ ഉദ്യോഗസ്ഥർ ഉദ്യോഗാർത്ഥികൾക്ക് ഉറപ്പ് നൽകിയത്.

സമരം ചെയ്യുന്ന റാങ്ക് ഹോൾഡർമാരുടെ മൂന്ന് പ്രതിനിധികളെയാണ് സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നത്. ലാസ്റ്റ് ഗ്രേഡ് സെർവെന്റ്‌സ് റാങ്ക് ഹോൾഡേഴ്‌സ് കൂട്ടായ്മ പ്രതിനിധിയായ ലയ, ജിഷ്ണു, വിനേഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ആവശ്യങ്ങൾ ന്യായം ആണെന്നും വേണ്ട നടപടി ക്രമങ്ങൾ പരിശോധിക്കാം എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഹയർ സെക്കൻഡറി ഒഎ, നൈറ്റ് വാച് മാൻ എന്നീ പദവികളുടെ നിയമനത്തിന്റെ കാര്യത്തിൽ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകളിൽ അന്വേഷിച്ചു നടപടി സ്വീകരിക്കാം എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇതു വരെ നടന്നതിൽ ഏറെ സന്തോഷം നൽകിയ ചർച്ചയാണിത്.

'ചർച്ചകളിൽ സന്തോഷമുണ്ടെങ്കിലും സമരം തുടരും. കൃത്യമായി ഉത്തരം കിട്ടുന്നത് വരെ സമാധാനപരമായി സമരം തുടരാനാണ് തീരുമാനം. സർക്കാരിനെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. എങ്കിലും തങ്ങളുടെ ആവശ്യങ്ങളിൽ സർക്കാർ ഉത്തരവായി കിട്ടുന്ന വരെ സമരം തുടരേണ്ടതായിട്ടുണ്ട്. എന്തായാലും ശുഭ പ്രതീക്ഷ നൽകിയ ചർച്ചയാണിത്'- ഉദ്യോഗാർഥികൾ പറഞ്ഞു.



ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലുള്ളവരോടൊപ്പം സിപിഒ റാങ്ക് പട്ടികയിലുള്ളവരുമായും ഉദ്യോഗസ്ഥർ ചർച്ച നടത്തി. തങ്ങളുടെ ആവശ്യങ്ങൾ ചർച്ചയിൽ വിശദീകരിച്ചെന്നും കാര്യങ്ങൾ സർക്കാരിനെ അറിയിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞായും സിപിഒ റാങ്ക് ഹോൾഡർമാർ അറിയിച്ചു. അതുവരെ സമരം തുടരുമെന്നും അവർ വ്യക്തമാക്കി.

അതേസമയം, പിഎസ്‌സി ഉദ്യോഗാർഥികൾ തെറ്റിദ്ധാരണ കൊണ്ടാണ് സമരത്തിനു വന്നിരിക്കുന്നതെന്നും ആ തെറ്റിദ്ധാരണ മാറിയാലേ സമരം അവസാനിക്കൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉദ്യോഗാർഥികളെ സർക്കാർ കേട്ടില്ല എന്നു പറയാൻ കഴിയില്ല. വഴങ്ങിയില്ല എന്നു വേണമെങ്കിൽ പറയാം. സമാധാനപരമായി സമരം തുടരാനാണ് അവരുടെ തീരുമാനമെങ്കിൽ തുടരട്ടെ.

വിവിധ വിഭാഗങ്ങൾ നാട്ടിൽ സമരം നടത്താറുണ്ട്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരം മറ്റൊരു രീതിയിൽ മാറ്റാൻ ശ്രമിച്ചത് അവർതന്നെ കണ്ടതാണ്. ഉദ്യോഗാർഥികളുടെ സമരം അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥതലത്തിൽ നടത്തിയ ചർച്ചയുടെ വിവരങ്ങൾ കിട്ടിയശേഷം മറുപടി പറയാമെന്നും മുഖ്യമന്ത്രി  പറഞ്ഞു.