- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുകളിലേക്ക് കുതിച്ചിരുന്ന ഇന്ധനവില വർധനവിന് സഡൻ ബ്രേക്ക്; എണ്ണക്കമ്പനികളുടെ ലാഭത്തിൽ ഉണ്ടാകുന്നത് 'വലിയ നഷ്ടം'
ന്യൂഡൽഹി: ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത അസാധാരണ പ്രതിഭാസമാണ് ഇന്ത്യയിലെ ഇന്ധനവില വർധനവ്. പ്രതിദിനം മുകളിലേക്ക് കുതിക്കുന്ന ഇന്ധനവില രാജ്യത്ത് എവിടെയെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ പിടിച്ചു കെട്ടിയത് പോലെ നിശ്ചലമാകും എന്നാണ് കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നവർ പറയുന്നത്. രാജ്യത്ത് കേരളം ഉൾപ്പെടെ അഞ്ച് നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഈ പ്രതിഭാസം വീണ്ടും കാണാനായി. കഴിഞ്ഞ 20 ദിവസമായി ഇന്ധനവില വർധനവ് നിശ്ചലമായിട്ട്. ജനങ്ങളെ കൊള്ളയടിക്കുന്ന എണ്ണക്കമ്പനികളുടെ ലാഭത്തിൽ വലിയ നഷ്ടമാണ് തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാകുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
അന്താരാഷ്ട്ര വിപണിയിലെ വിലയനുസരിച്ച് ഇന്ത്യയിൽ വില കൂട്ടാൻ സർക്കാർ നൽകിയ അനുമതി മുതലെടുത്ത് ഓരോ ദിവസവും തുടർച്ചയായി വില കൂട്ടിക്കൊണ്ടിരുന്ന കമ്പനികൾക്ക് ലാഭം ഇരട്ടിയാക്കാനുള്ള അവസരമാണ് ഈ വിലവർധന മരവിപ്പിച്ചതിനാൽ തത്കാലം മുടങ്ങിയത്. അന്താരാഷ്ട്ര വിപണിയിലെ നിലവിലെ വില വർധനയും ഇന്ത്യയിൽ വിലയേറ്റുന്ന തോതും പരിഗണിച്ചാൽ മുംബൈയിൽ എണ്ണവില 103 രൂപയായി ഉയരേണ്ട സമയെമത്തി. ഒട്ടുമിക്ക നഗരങ്ങളിലും ഇത് 100 തൊടുകയും െചയ്യേണ്ടതാണ്. പക്ഷേ, ഭരണ- പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പിനായുള്ള ഓട്ടത്തിനായതിനാൽ ഇനിയും വർധന തുടരുന്നതിൽ കലിപൂണ്ട് ജനം കൈവിടുമെന്ന് കണ്ട് തത്കാലം മരവിപ്പിക്കുകയായിരുന്നു. അതുവഴി ഒരു ലിറ്റർ പെട്രോളിന് ചുരുങ്ങിയത് നാലു രൂപയാണ് ജനത്തിന് ലാഭം, ഡീസലിന് രണ്ടു രൂപയും.
ഫെബ്രുവരി 27നു ശേഷം ഇന്ധന വില ഉയർത്തിയിട്ടില്ല. അന്ന് ആഗോള വിപണിയിൽ എണ്ണവില ബാരലിന് 64.68 ഡോളറായിരുന്നു. ബുധനാഴ്ച വില 66.82 ഡോളറും. ഇടക്ക് 68.42 ഡോളർ വരെയെത്തി. ഇതിനിടെ ഡോളറുമായി വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞ് 72.57 ആയും കുറഞ്ഞു. എന്നിട്ടും വില വർധിച്ചില്ല. ഇന്ധന കമ്പനികൾ ഇതേ കുറിച്ച് പ്രതികരിക്കുന്നുമില്ല. മുമ്പ് രാജ്യാന്തര വിപണിയിൽ കുറഞ്ഞപ്പോഴും ഇന്ത്യയിൽ വില ഉയർത്തുന്നത് തുടർക്കഥയായിരുന്നു.
ഫെബ്രുവരി 17നാണ് രാജ്യ ചരിത്രത്തിൽ ആദ്യമായി പെട്രോൾ വില 100 കടന്ന് കുതിച്ചിരുന്നത്. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലും മറ്റു ചില നഗരങ്ങളിലുമായിരുന്നു ആദ്യം സെഞ്ച്വറിയടിച്ചത്. തൊട്ടടുത്ത ദിവസങ്ങളിൽ മറ്റിടങ്ങളിലും വില മൂന്നക്കം കടന്നു. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും 90 രൂപക്ക് മുകളിലാണിപ വില. എണ്ണവില മാത്രമല്ല, പാചക വാതക വിലയും ഡിസംബറിനു ശേഷം മാത്രം 175 രൂപ ഉയർന്നിട്ടുണ്ട്.
രണ്ടിരട്ടിയോളം വില നികുതിയായി ഒടുക്കുന്നതിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധം ശക്തമായിട്ടും നികുതി കുറച്ച് സാധാരണക്കാരന്റെ തലയിലെ ഭാരം ലഘൂകരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് നടന്ന 2018ലും സമാനമായി കേന്ദ്രം ഇടപെട്ട് വില വർധന 19 ദിവസത്തേക്ക് അനൗദ്യോഗികമായി മരവിപ്പിച്ചിരുന്നു.
അതേസമയം, ഇന്ധനവില വർധനവ് രാഷ്ട്രീയ ആയുധമാക്കി കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ പ്രചാരണം ശക്തമാക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് വരെ പ്രതിദിനം വർധനവ് വരുത്തിയിരുന്ന ഇന്ധനവില ഇപ്പോൾ വർധിക്കാത്തതിന് പിന്നിലും എണ്ണ കമ്പനികളും ബിജെപിയും തമ്മിലുള്ള ധാരണയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര വിപണിയിലെ വില വർധിക്കുമ്പോൾ വില കൂട്ടുന്ന എണ്ണ കമ്പനികൾ പിന്നീട് വില കുറയ്ക്കാനും തയ്യാറാകാറില്ല. വില ക്രമാതീതമായി ഉയരുമ്പോൾ നികുതി ഇളവ് നൽകി വിലക്കയറ്റം പിടിച്ച് നിർത്താനും സർക്കാർ ശ്രമിക്കുന്നില്ല. അകുകൊണ്ട് തന്നെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ചൂടുള്ള വിഷയമായി ഇന്ധനവില മാറുകയാണ്.
മറുനാടന് മലയാളി ബ്യൂറോ