ന്യൂഡൽഹി: രാജ്യത്ത് കോവിഡിനൊപ്പം ഓമിക്രോൺ വ്യാപനം ഏറുന്നതിൽ ആശങ്ക. ഓമിക്രോണിന്റെ വരവോടുകൂടി രാജ്യത്ത് കോവിഡ് മൂന്നാം തരംഗമുണ്ടായേക്കുമെന്ന വിലയിരുത്തലുകൾക്ക് ആക്കം കൂടിയിരിക്കുകയാണ്. ഇപ്പോഴിതാ ആകെ ഓമിക്രോൺ കേസുകൾ രാജ്യത്ത്, 1,500 കടന്നിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അതിവേഗത്തിലാണ് ഓമിക്രോൺ കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്നത്.

ഓമിക്രോൺ മാത്രമല്ല, ആകെ കോവിഡ് കേസുകളിലും രാജ്യത്ത് വർധനവാണ് കാണുന്നത്. ഓമിക്രോൺ കേസുകളാണെങ്കിൽ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. തുടക്കം മുതൽ തന്നെ മഹാരാഷ്ട്രയാണ് ഇതിൽ മുന്നിൽ ഉണ്ടായിരുന്നത്. നിലവിൽ 510 ഓമിക്രോൺ കേസുകളാണ് മഹാരാഷ്ട്രയിൽ നിന്നുള്ളത്. പിന്നാലെ ഡൽഹി (351), ഗുജറാത്ത് (136 ), തമിഴ് നാട് (117), കേരളം (152) എന്നിങ്ങനെയാണ് വരുന്നത്.

കേരളത്തിൽ ഇതുവരെ ആകെ 152 പേർക്കാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 50 പേരും ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 84 പേരും എത്തിയിട്ടുണ്ട്. 18 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്

ആകെ കോവിഡ് കേസുകളിലും കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് കോവിഡ് വ്യാപനം ഏറുന്നത്. കോവിഡ് രണ്ടാം തരംഗസമയത്തേതിന് സമാനമായാണ് ഇപ്പോഴും നഗരങ്ങളെ കേന്ദ്രീകരിച്ച് കോവിഡ് കേസുകളുയരുന്നത്. ഇത് ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 11,877 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,069 പേർക്ക് രോഗ മുക്തി. ഒൻപത് പേർ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 42,024 ആയി. മഹാരാഷ്ട്രയിൽ ഇന്ന് 50 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഓമിക്രോൺ കേസുകളുടെ എണ്ണം 510 ആയി.

മുംബൈയിലും കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ഇന്ന് മുംബൈയിൽ മാത്രം 8,036 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 578 പേർക്കാണ് രോഗ മുക്തി. ഇതോടെ മുംബൈയിൽ മാത്രം ആക്ടീവ് രോഗികളുടെ എണ്ണം 29,819 ആയി. മുംബൈയിൽ ഇന്നലെ 6,347 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3194 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.59 ശതമാനമായി ഉയർന്നു. കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണം 1621 ആയി. കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണം 3,000 കടക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞിരുന്നു. കേസുകൾ കൂടുന്നുണ്ടെങ്കിലും ആശുപത്രികളിൽ കിടക്കകൾ ഒഴിവുള്ളതിനാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ 6,360 പേരാണ് ഡൽഹിയിൽ ചികിത്സയിലുള്ളത്. സർക്കാർ കണക്കുപ്രകാരം ആശുപത്രികളിലെ 9024 കിടക്കകളിൽ 8717 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. കോവിഡ് കെയർ സെന്ററുകളിൽ 3996 കിടക്കകൾ ഒഴിവുണ്ട്. 4759 രോഗികൾ ഹോം ഐസലേഷനിലാണ്. ഡൽഹിയിൽ നാലു പേരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. ഓക്‌സിജൻ സഹായം ആവശ്യമുള്ള 94 പേരുണ്ട്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

പശ്ചിമ ബംഗാളിൽ 6,153 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് 1,641 പേർക്കാണ് രോഗം കണ്ടെത്തിയത്. കൊൽക്കത്തയിൽ മാത്രം ഇന്ന് 3,194 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കേംബ്രിഡ്ജ് സർവകലാശാല വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് ട്രാക്കർ, പ്രവചിക്കുന്നത് പ്രകാരം ഇന്ത്യയിൽ മൂന്നാം തരംഗം ഉടൻ ഉണ്ടാകും. മെയ്‌ മാസത്തോടെ മൂന്നാം തരംഗം മൂർദ്ധന്യാവസ്ഥയിലെത്തുമെന്നാണ് പ്രവചനം. ഇതേ കണക്കുകൂട്ടൽ തന്നെ വിദഗ്ധരായ പലരും, പല സംഘങ്ങളും പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ ആധികാരികമായി ഇക്കാര്യം ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ മൂന്നാം തരംഗമുണ്ടായാൽ രോഗികൾക്ക് ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ താൽക്കാലിക ആശുപത്രികൾ സജ്ജമാക്കാനും രോഗികളുടെ സംശയങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനും പ്രത്യേക സംഘങ്ങളെ ഒരുക്കാനും കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഓമിക്രോൺ വകഭേദം ഉൾപ്പെടെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ബംഗാളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും അടച്ചിടും. രാത്രി 10 മുതൽ രാവിലെ 5 വരെ രാത്രി കർഫ്യൂവിനും ഉത്തരവിട്ടു. അവശ്യ, അടിയന്തര സേവനങ്ങൾ മാത്രമേ ഈ സമയത്ത് അനുവദിക്കൂവെന്ന് ബംഗാൾ ചീഫ് സെക്രട്ടറി എച്ച്.കെ. ദ്വിവേദി പറഞ്ഞു.

നീന്തൽക്കുളങ്ങൾ, ജിമ്മുകൾ, സ്പാകൾ, ബ്യൂട്ടി പാർലറുകൾ, വെൽനസ് സെന്ററുകൾ എന്നിവയും അടച്ചിടും. സർക്കാർ, സ്വകാര്യ ഓഫിസുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. യോഗങ്ങൾ വെർച്വലായി നടത്തണം. കൊൽക്കത്ത മെട്രോ സർവീസുകളും 50 ശതമാനം ശേഷിയിലാക്കും. ലോക്കൽ ട്രെയിനുകൾ രാത്രി 7 വരെ മാത്രമേ സർവീസ് നടത്തൂ. ദീർഘദൂര ട്രെയിനുകൾക്ക് സാധാരണഗതിയിൽ സർവീസ് അനുവദിക്കും.

തിയറ്ററുകൾ, റസ്റ്ററന്റുകൾ, ബാറുകൾ എന്നിവ 50 ശതമാനം ശേഷിയിൽ രാത്രി 10 വരെ പ്രവർത്തിക്കാം. ഷോപ്പിങ് മാളുകൾ 50 ശതമാനം ശേഷിയിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ തുറക്കാം. വിവാഹങ്ങൾക്കും മറ്റു സാമൂഹിക, മത, സാംസ്‌കാരിക ചടങ്ങുകൾക്കും 50 പേർ മാത്രമേ പങ്കെടുക്കാവൂ. സംസ്‌കാര ചടങ്ങിൽ 20 പേരെയേ അനുവദിക്കൂ. നിയന്ത്രണങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ ഹരിയാനയിൽ സർവകലാശാലകളും കോളജുകളും രണ്ടാഴ്ചത്തേക്ക് അടച്ചു. ജനുവരി 12 വരെയാണ് അടയ്ക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയത്. സർക്കാർ, സ്വകാര്യ, പ്രൊഫഷണൽ കോളജുകളും സ്വകാര്യ സർവകലാശാലകളടക്കമുള്ളവയും അടയ്ക്കാനാണ് നിർദ്ദേശം.

ഓൺലൈൻ ക്ലാസുകൾ തുടരണമെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. അദ്ധ്യാപക, അനധ്യാപക ജീവനക്കാർ സ്ഥാപനങ്ങളിൽ ഹാജരാകണമെന്നും നിർദ്ദേശത്തിൽ പറയുന്നു. സംസ്ഥാനത്ത് നിലവിൽ രാത്രി കർഫ്യൂ തുടരുകയാണ്. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം.

ഓമിക്രോൺവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതി നടപടികൾ വീണ്ടും വെർച്വൽ സംവിധാനത്തിലേക്ക് മാറുകയാണ് രണ്ടാഴ്ചത്തേക്ക് എല്ലാ കോടതികളുടെയും പ്രവർത്തനം വെർച്വലാക്കി.

ഒരിടവേളയ്ക്ക് ശേഷം രാജ്യത്തെ കോടതികളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നതിനിടെയാണ് ഓമിക്രോൺ വ്യാപനം ഉണ്ടായത്. ഈ സാഹചര്യത്തിലാണ് മുമ്പത്തെ പോലെ സുപ്രീംകോടതി നടപടികൾ വെർച്വൽ സംവിധാനത്തിലേക്ക് മാറ്റാനുള്ള തീരുമാനം വന്നിരിക്കുന്നത്.

നിലവിൽ കോവിഡ് പ്രതിരോധ നടപടികൾ ശക്തമായി പാലിക്കുകയെന്നത് മാത്രമാണ് ഇനിയൊരു ദുരന്തത്തെ ചെറുക്കുന്നതിനുള്ള ഏക മാർഗം. മാസ്‌ക് ധരിക്കുക, സാമൂഹികാകലം പാലിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിങ്ങനെയുള്ള പ്രതിരോധ നടപടികൾ കൃത്യമായി പാലിക്കേണ്ടതായുണ്ട്. ഒപ്പം വാക്സിനും ഉറപ്പാക്കാം.