ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ ഓമിക്രോൺ വകഭേദം ബാധിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി സംസ്ഥാനങ്ങൾ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉന്നത തല യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടായേക്കും. കേരളവും ജാഗ്രത കടുപ്പിച്ചു. ക്രിസ്മസ് ആഘോഷങ്ങളിൽ അടക്കം കരുതൽ വേണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. കേരളത്തിൽ അഞ്ച് പേർക്ക് കൂടി ഓമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് മൊത്തം ഓമിക്രോൺ ബാധിതരുടെ എണ്ണം 29 ആയി.

സമ്പൂർണ്ണ ലോക്ഡൗൺ ഉണ്ടായേക്കില്ല. എന്നാൽ രോഗ വ്യാപനത്തിന് എതിരായ കരുതലുകൾ എടുക്കും. ആൾക്കൂട്ടം പരമാവധി ഒഴിവാക്കും. കാവിഡിന്റെ ഡെൽറ്റ വകഭേദത്തേക്കാൾ ഒമിക്രോണിന് മൂന്നിരട്ടി വ്യാപനതോത് കൂടുതലാണെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. മൊത്തം ഓമിക്രോൺ ബാധിതരുടെ എണ്ണം രാജ്യത്ത് മുന്നൂറും പിന്നിട്ടതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാനങ്ങൾ. ഏത് സാഹചര്യവും നേരിടാൻ തയ്യാറെടുക്കാൻ എയിംസ് മേധാവി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

ഓമിക്രോൺ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടായേക്കും. സംസ്ഥാനങ്ങളോട് വാർ റൂമുകൾ ഉൾപ്പെടെ സ്ജജമാക്കാൻ കേന്ദ്രം നേരത്തെ തന്നെ നിർദ്ദേശിച്ചിരുന്നു. വാക്സിനേഷൻ വേഗത്തിലാക്കാനും നിർദ്ദേശമുണ്ട്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കാനും കേന്ദ്രം പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

കോവിഡ് 19 ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയിൽ വ്യാഴാഴ്ച മാത്രം 1179 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 23 പേർക്ക് ഓമിക്രോൺ ആണെന്ന് വ്യക്തമായിട്ടുണ്ട്. മധ്യപ്രദേശിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 11 മണി മുതൽ രാവിലെ അഞ്ച് മണി വരെയാണ് കർഫ്യു. അതേസമയം, സംസ്ഥാനത്ത് ഇതുവരെ ഓമിക്രോൺ സ്ഥിരീകരിച്ചിട്ടില്ല.

ഡൽയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുത്തനെ കൂടിയേക്കാമെന്ന കണക്കുകൂട്ടലിൽ തയ്യാറെടുപ്പു നടത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. പ്രതിദിനം ഒരുലക്ഷം രോഗികളുണ്ടായാൽ നേരിടാൻ സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്ന് ലക്ഷം പരിശോധനകൾ ദിവസേന നടത്താൻ ഡൽഹി സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ പരിശോധനാ നടപടികൾക്ക് കൊച്ചി വിമാനത്താവളത്തിൽ തുടക്കമായി. ഇതുസംബന്ധിച്ച ഒരുക്കങ്ങൾ വിലയിരുത്താൻ സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഐ.എ.എസിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച വിവിധ ഏജൻസികളുടെയും വകുപ്പുകളുടെയും യോഗം ചേർന്നു.

കേന്ദ്ര സർക്കാരിന്റെ മാനദണ്ഡപ്രകാരം റിസ്‌ക്ക് രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയിൽ യു.കെ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് സിയാലിലേക്ക് നേരിട്ട് സർവീസ് ഉള്ളത്. റിസ്‌ക് രാജ്യങ്ങളിൽ നിന്നും നേരിട്ട് എത്തുന്നവരെയും ഇവിടങ്ങളിൽ നിന്ന് മറ്റു വിമാനത്താവളങ്ങൾ വഴിയെത്തുന്നവരെയും കൊച്ചി വിമാനത്താവളത്തിൽ ആർ.ടി.പിസി.ആർ പരിശോധനയ്ക്ക് വിധേയമാക്കിത്തുുടങ്ങി. ഇതിനു പുറമേ മറ്റു രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാരിലെ അഞ്ച് ശതമാനം പേർക്ക് റാൻഡം പരിശോധനയും ഏർപ്പെടുത്തുന്നു. ഒരേസമയം 350 പേരെ പരിശോധിക്കാനുള്ള സൗകര്യം സിയാൽ ഒരുക്കിയിട്ടുണ്ട്. എത്രയും വേഗം റിസൾട്ട് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാനും ഏകോപന യോഗത്തിൽ തീരുമാനമായി.

പരിശോധനയിൽ നെഗറ്റീവ് ആകുന്നവർ ഹോം ക്വാറന്റീനിലിരിക്കണം. പോസിറ്റീവ് ആയവരെ പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇവരുടെ സാമ്പിളുകൾ ജിനോം ടെസ്റ്റിനു വേണ്ടി അയക്കും. കോവിഡിന്റെ ഏത് വകഭേദമാണ് ബാധിച്ചിട്ടുള്ളത് എന്നറിയാനാണ് ഈ പരിശോധന നടത്തുന്നത്. ഇത് കണ്ടെത്തിക്കഴിഞ്ഞാൽ കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരമുള്ള നടപടികൾ സ്വീകരിക്കും. വിമാനത്താവളത്തിലെ പരിശോധനയിൽ നെഗറ്റീവ് ആകുന്നവർ എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. പോസിറ്റീവായാൽ ക്വാറന്റൈൻ തുടരണം. നെഗറ്റീവായാലും സ്വയം നിരീക്ഷണവും വേണം.