മുംബൈ: കോവിഡ് ഓമിക്രോൺ വ്യാപനത്തിൽ ആശങ്ക തുടരുന്നതിനിടെ വിദേശരാജ്യങ്ങളിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചെത്തിയ എത്തിയവരിൽ 109 പേരെ ഇതുവരെയും കണ്ടെത്താനായില്ല. താണെ ജില്ലയിലേക്കെത്തിയ 295 പേരിൽ 109 പേരെയാണ് കണ്ടെത്താനുള്ളതെന്ന് അധികൃതർ അറിയിച്ചു.

വിദേശത്ത് നിന്ന് തിരിച്ചെത്തിയവരുടെ മൊബൈൽ ഫോണുകളിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്വിച്ച് ഓഫ് ആണെന്ന പ്രതികരണമാണ് ലഭിച്ചത്. മറ്റുചിലർ നൽകിയ വിലാസം തെറ്റാണെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും കല്ല്യാൺ ഡോംബിവാലി മുൻസിപ്പൽ കോർപ്പറേഷൻ മേധാവി വിജയ് സൂര്യവാൻഷി പ്രതികരിച്ചു.

രോഗവ്യാപനം ഏറിയ രാജ്യങ്ങളിൽ നിന്നെത്തുന്നവർ നിർബന്ധമായും ഏഴ് ദിവസം ഹോം ക്വാറന്റീനിൽ കഴിയണമെന്നും എട്ടാം ദിവസം കോവിഡ് പരിശോധന നടത്തണമെന്നുമാണ് നിർദ്ദേശം. നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം കൂടി ക്വാറന്റീനിൽ കഴിയണം. ക്വാറന്റീൻ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹൗസിങ് സൊസൈറ്റി അംഗങ്ങൾക്ക് ചുമതലയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽ 2 പേർക്കു കൂടി ഓമിക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കേസുകൾ 23 ആയി. ദക്ഷിണാഫ്രിക്ക, യുഎസ് എന്നിവിടങ്ങളിൽനിന്നു മുംബൈയിലെത്തിയവർക്കാണ് ഇന്നലെ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 10 ഓമിക്രോൺ കേസുകളായി. രാജസ്ഥാൻ (9), കർണാടക (2), ഗുജറാത്ത് (1), ഡൽഹി (1) എന്നീ സംസ്ഥാനങ്ങളിലാണ് മറ്റുള്ളവർ.

അതേ സമയം റിസ്‌ക് രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ എത്തി കോവിഡ് പോസിറ്റീവായ നാല് പേരുടെയും സമ്പർക്കത്തിലായവരുടെയും ജനിതക ശ്രേണീകരണ ഫലം ഇന്ന് പുറത്തുവന്നേക്കും. ജർമനിയിൽ നിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തമിഴ്‌നാട് സ്വദേശിനി, ബ്രിട്ടനിൽനിന്നു കോഴിക്കോട്ടെത്തിയ ആരോഗ്യപ്രവർത്തകൻ, ഇദ്ദേഹത്തിന്റെ അമ്മ എന്നിവരുടെ ഫലം ഇന്നു വരുമെന്നാണു കരുതുന്നത്. ഇന്നലെ സെർബിയയിൽനിന്നു കോഴിക്കോട്ടെത്തിയ പഞ്ചാബ് സ്വദേശിക്കും ഞായറാഴ്ച റഷ്യയിൽ നിന്നു കൊച്ചിയിലെത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാംപിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ത്യയിൽ ഓമിക്രോൺ വകഭേദം വഴിയുള്ള കോവിഡ് വ്യാപനം ഫെബ്രുവരിയിൽ പാരമ്യത്തിലെത്തുമെന്ന് ഐഐടി ഗവേഷകരുടെ മുന്നറിയിപ്പ്. പ്രതിദിനം ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ കേസുകൾ റിപ്പോർട്ട് ചെയ്യാനിടയുണ്ട്. രണ്ടാം തരംഗവുമായുള്ള താരതമ്യത്തിൽ വൈറസ് വ്യാപനത്തിന്റെ തോതും ആഘാതവും കുറവായിരിക്കുമെന്നും സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനത്തിലുള്ള പ്രവചനം വ്യക്തമാക്കുന്നു. അതേസമയം, ഇത്തരം പ്രവചനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിക്കാറില്ല.

ഓമിക്രോൺ വകഭേദത്തിന്റെ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ആരോഗ്യപ്രവർത്തകർക്കു കോവിഡ് വാക്‌സീന്റെ ബൂസ്റ്റർ ഡോസ് നൽകിയേക്കും. പ്രതിരോധ കുത്തിവയ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ (എൻടിഎജിഐ) യോഗത്തിൽ ഇതുസംബന്ധിച്ച ധാരണയായി. ശുപാർശ ആരോഗ്യമന്ത്രാലയത്തിനു കൈമാറുന്നതിനു മുൻപു സമിതി ഒരിക്കൽ കൂടി സ്ഥിതി വിലയിരുത്തും. നിലവിലുള്ള വാക്‌സീനുകൾ ഒമിക്രോണിനെതിരെ ഫലപ്രദമാകുമോ എന്നറിയാൻ ഒന്നോ രണ്ടോ ആഴ്ച കൂടി കാത്തിരിക്കാനാണ് തിങ്കളാഴ്ച ചേർന്ന യോഗത്തിൽ ധാരണയായത്.

രാജ്യത്തു ബൂസ്റ്റർ ഡോസ് അടിയന്തരമായി നൽകണമെന്ന ആവശ്യം ശക്തമാണ്. 40 വയസ്സിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകണമെന്നു കേന്ദ്ര സർക്കാർ സജ്ജമാക്കിയ ലാബുകളുടെ കൺസോർഷ്യം (ഇൻസകോഗ്) നിർദേശിച്ചിരുന്നു. കോവിഡിനെതിരെ ഇന്ത്യയിൽ 2021 ജനുവരി 16നാണ് കുത്തിവയ്പു തുടങ്ങിയത്. തുടക്കത്തിൽ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കും മാത്രമായിരുന്നു വാക്‌സീൻ.