ന്യൂഡൽഹി: രാജ്യത്ത് ഓമിക്രോൺ കേസുകൾ കുതിച്ച് ഉയരുന്നതിനിടെ, നിരവധി സംസ്ഥാനങ്ങൾ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് തുടങ്ങി. മഹാരാഷ്ട്രയിൽ 23 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഓമിക്രോൺ കേസുകളുടെ എണ്ണം 300 കടന്നു. മുംബൈയിൽ 602 കോവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെയാണ് ഇത്രയും കേസുകൾ. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്താൻ അവലോകന യോഗം വിളിച്ചു ചേർത്തു.

77 ദിവസത്തിനിടെ ഇതാദ്യമായാണ് മുംബൈയിൽ ഒറ്റ ദിവസം ഇത്രയും അധികം കേസുകൾ സ്ഥിരീകരിക്കുന്നത്. മഹാരാഷ്ട്രയിലെ 23 ഓമിക്രോൺ കേസുകളിൽ 13 എണ്ണം പൂണെയിലും, അഞ്ചെണ്ണം മുംബൈയിലും, രണ്ടെണ്ണം ഒസ്മാനാബാദിലും ആണ്. താനെയിലും നാഗ്പൂരിലും, മിര ഭയന്ദറിലും ഓരോ കേസുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 88 ഓമിക്രോൺ രോഗികളാണുള്ളത്. കർണാടകയിൽ 12 പേർക്ക് കൂടി ഓമിക്രകോൺ സ്ഥിരീകരിച്ചു. കേരളത്തിൽ അഞ്ചുപേർക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. തമിഴ്‌നാട്ടിൽ 33 പേർക്കും പുതുതായി ഓമിക്രോൺ സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ 15 സംസ്ഥാനങ്ങളിലും ഏതാനും കേന്ദ്രഭരണപ്രദേശങ്ങളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങൾക്ക് വീണ്ടും ജാഗ്രതാനിർദ്ദേശം

രോഗവ്യാപനം തടയാൻ എല്ലാ മുൻകരുതൽ നടപടിയും സ്വീകരിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയശേഷമാണ് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയത്. ഓമിക്രോൺ ഭീഷണി നേരിടാൻ അഞ്ചുതലങ്ങളിലുള്ള പ്രതിരോധതന്ത്രങ്ങൾ സ്വീകരിക്കാനാണ് നിർദ്ദേശം. കോവിഡ് കണ്ടെയ്ന്മെന്റ് സോണുകളിൽ ചുരുങ്ങിയത് 14 ദിവസം കടുത്ത നിയന്ത്രണം ഏർപ്പെടുത്തണം. ഓമിക്രോണിന്റെ രോഗലക്ഷണം ജലദോഷത്തിന്റേതിന് സമാനമാണെന്നും, എന്നാൽ പകരാനുള്ള സാധ്യത ഇരട്ടിയിലേറെയാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

ആൾക്കൂട്ട നിയന്ത്രണം

കോവിഡ് രോഗവ്യാപനം കൂടുതലായി ഉണ്ടാകുന്ന പ്രദേശങ്ങൾ കണ്ടെയ്ന്മെന്റ് സാണുകളായും ബഫർ സോണുകളായും പ്രഖ്യാപിക്കുക. രാത്രി കർഫ്യൂ ഏർപ്പെടുത്തുക, ആഘോഷദിനങ്ങൾ വരാനിരിക്കുന്നത് പരിഗണിച്ച് ആൾക്കൂട്ടം ഉണ്ടാകുന്ന അവസരങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുക.

കണ്ടെയ്ന്മെന്റ് സോണുകളിൽ കോവിഡ് മാർഗനിർദ്ദേശപ്രകാരമുള്ള നിരീക്ഷണം ഉറപ്പാക്കുക, കോവിഡ് ക്ലസ്റ്റർ മേഖലകളിൽ സ്രവസാംപിളുകൾ കാലതാമസം കൂടാതെ തന്നെ ജനിതകശ്രേണീകരണ പരിശോധനയ്ക്കായി ഐഎൻഎസ്എസിഒജി ലാബിൽ പരിശോധനയ്ക്ക് അയക്കണമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

കർശന നിരീക്ഷണം

പൂർണ വാക്സിനേഷൻ ഓമിക്രോൺ ഗുരുതര ആരോഗ്യപ്രശ്നങ്ങളും ആശുപത്രി വാസവും തടയുന്നു. അതിനാൽ എല്ലാവർക്കും വാക്സിൻ നൽകുന്ന പ്രവർത്തനം ത്വരിതപ്പെടുത്തണം. ജില്ലാ അടിസ്ഥാനത്തിൽ കോവിഡ് കേസുകൾ കർശനമായി നിരീക്ഷിക്കണമെന്നും, രോഗവ്യാപനത്തോത്, പുതിയ ക്ലസ്റ്ററുകൾ രൂപകൊള്ളുന്നത് ഇതെല്ലാം കർശനമായി നിരീക്ഷിക്കണമെന്നും, ആവശ്യമെങ്കിൽ പ്രാദേശികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്കയച്ച നിർദ്ദേശത്തിൽ പറയുന്നു.