- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് രോഗിയും പരിചരിക്കുന്നവരും മാസ്ക് ധരിക്കണം; സാധനങ്ങൾ കൈമാറരുത്; വെള്ളവും ആഹാരവും വളരെ പ്രധാനം; സ്വയം നിരീക്ഷണം മറക്കരുത്; ഓമിക്രോൺ സാഹചര്യത്തിൽ ഗൃഹ പരിചരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓമിക്രോൺ ഉൾപ്പെടെയുള്ള കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ഗൃഹ പരിചരണത്തിൽ വളരെയേറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് വ്യാപന സമയത്ത് ഏറ്റവും പ്രായോഗികവും പ്രധാനവുമായ ഒന്നാണ് ഗൃഹ പരിചരണം. ക്വാറന്റൈനിലിരിക്കുന്നവർക്കും കോവിഡ് ബാധിച്ചവർക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ ഗൃഹ പരിചരണം തന്നെയാണ് ഏറ്റവും നല്ലത്. ശരിയായ മുൻകരുതലുകൾ സ്വീകരിക്കുകയും ശരിയായ സമയത്ത് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്താൽ രോഗം കൂടുതൽ സങ്കീർണമാകുന്നത് തടയാൻ സഹായിക്കും. ആരോഗ്യ പ്രവർത്തകർക്കായി ഹോം കെയർ മാനേജ്മെന്റ് പരിശീലനം സംഘടിപ്പിച്ചു വരുന്നു. ഒരു കോവിഡ് രോഗിയെ വീട്ടിൽ പരിചരിക്കുമ്പോൾ ആ രോഗിയും വീട്ടിലുള്ളവരും വളരെയേറെ കാര്യങ്ങൾ ശ്രദ്ധിക്കണം. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനും ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
സുരക്ഷ ഏറെ പ്രധാനം
ഗൃഹ പരിചരണത്തിൽ കഴിയുന്നവർ കുടുംബാംഗങ്ങളുമായി സമ്പർക്കം വരാത്ത രീതിയിൽ ടോയിലറ്റ് സൗകര്യമുള്ള ഒരു മുറിയിലേക്ക് മാറി താമസിക്കേണ്ടതാണ്. എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും സ്വയം നിരീക്ഷണത്തിന് വിധേയരാകുകയും ചെയ്യുക. കോവിഡ് രോഗിയും രോഗിയെ പരിചരിക്കുന്നവരും മാസ്ക് ധരിക്കേണ്ടതാണ്. രോഗിയെ പരിചരിക്കുമ്പോൾ എൻ 95 മാസ്ക് ധരിക്കേണ്ടതുമാണ്. മാസ്ക് താഴ്ത്തി സംസാരിക്കുകയോ മാസ്ക്കിന്റെ മുൻഭാഗത്ത് കൈകൾ കൊണ്ട് തൊടുകയോ ചെയ്യരുത്.
സാധനങ്ങൾ കൈമാറരുത്
ആഹാര സാധനങ്ങൾ, ടിവി റിമോട്ട്, ഫോൺ മുതലായ വസ്തുക്കൾ രോഗമില്ലാത്തവരുമായി പങ്കുവയ്ക്കാൻ പാടില്ല. കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും അവർ തന്നെ കഴുകണം. നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച പാത്രം, വസ്ത്രങ്ങൾ, മേശ, കസേര, ബാത്ത്റൂം മുതലായവ ബ്ളീച്ചിങ് ലായനി (1 ലിറ്റർ വെള്ളത്തിൽ 3 ടിസ്പൂൺ ബ്ളീച്ചിങ് പൗഡർ) ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.
വെള്ളവും ആഹാരവും വളരെ പ്രധാനം
വീട്ടിൽ കഴിയുന്നവർ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. ഫ്രിഡ്ജിൽ വച്ച തണുത്ത വെള്ളവും ഭക്ഷണ പദാർത്ഥങ്ങളും ഒഴിവാക്കേണ്ടതാണ്. ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കണം. പലതവണ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് ഗാർഗിൾ ചെയ്യുന്നത് നന്നായിരിക്കും. ഉറക്കം വളരെ പ്രധാനമാണ്. 8 മണിക്കൂറെങ്കിലും ഉറങ്ങുക.
സ്വയം നിരീക്ഷണം മറക്കരുത്
വീട്ടിൽ ഐസോലേഷനിൽ കഴിയുന്നവർ ദിവസവും സ്വയം നിരീക്ഷിക്കേണ്ടതാണ്. പൾസ് ഓക്സീമീറ്റർ ഉപയോഗിച്ച് ദിവസേന ഓക്സിജന്റെ അളവും പൾസ് നിരക്കും സ്വയം പരിശോധിക്കുക. സാധാരണ ഒരാളുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് 96ന് മുകളിലായിരിക്കും. ഓക്സിജന്റെ അളവ് 94ൽ കുറവായാലും നാഡിമിടിപ്പ് 90ന് മുകളിലായാലും ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണ്. ഇതുകൂടാതെ വാക്ക് ടെസ്റ്റ് കൂടി നടത്തേണ്ടതാണ്. 6 മിനിറ്റ് നടന്ന ശേഷം പൾസ് നിരക്ക് 90ന് മുകളിൽ പോകുന്നുണ്ടോ എന്നും ഓക്സിജന്റെ അളവ് നേരത്തെ ഉണ്ടായിരുന്നതിനെക്കാൾ 3 ശതമാനം കുറയുന്നുണ്ടോ എന്നും ശ്രദ്ധിക്കുക. അങ്ങനെ കാണപ്പെടുന്നു എങ്കിൽ ശ്വാസകോശത്തിന്റെ പ്രവർത്തനം ശരിയല്ല എന്നാണു അത് സൂചിപ്പിക്കുന്നത്. ഉടൻ തന്നെ വൈദ്യ സഹായം ലഭ്യമാക്കാൻ ശ്രമിക്കുക.
പൾസ് ഓക്സിമീറ്റർ ലഭ്യമല്ലെങ്കിൽ
പൾസ് ഓക്സിമീറ്റർ ലഭ്യമല്ലെങ്കിൽ ഒരു മിനിറ്റ് ദൈഘ്യം ഉള്ള ബ്രെത്ത് ഹോൾഡിങ് ടെസ്റ്റ് ചെയ്ത് ശ്വാസകോശത്തിന്റെ പ്രവർത്തനം വിലയിരുത്തേണ്ടതാണ്. സാധാരണ രീതിയിലുള്ള ശ്വാസം ഉള്ളിലേക്ക് വലിച്ചു 25 സെക്കന്റ് നേരം പിടിച്ചു വയ്ക്കുമ്പോൾ മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ലെങ്കിൽ ശ്വാസകോശം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മനസിലാക്കാം. 15 മുതൽ 25 സെക്കന്റ് വരെയേ പറ്റുന്നുള്ളൂ എങ്കിൽ അത്തരം ആളുകൾ മഞ്ഞ കാറ്റഗറിയിൽ ഉൾപ്പെടുകയും അവർക്ക് അടിയന്തര ചികിത്സ ആവശ്യമില്ലെങ്കിലും ആശുപത്രിയിലെ ചികിത്സ ആവശ്യമുള്ള വിഭാഗം ആണെന്ന് മനസിലാക്കേണ്ടതാണ്. അതെ സമയം 15 സെക്കന്റ് പോലും ശ്വാസം പിടിച്ചു വയ്ക്കാൻ സാധിക്കുന്നില്ലെങ്കിൽ അത്തരം രോഗികൾ ചുവപ്പ് കാറ്റഗറിയിൽ ഉൾപ്പെടുകയും അടിയന്തര ചികിത്സ ആവശ്യമുള്ളവരുമാണ്. അവർക്ക് എത്രയും പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കുക.
അവബോധം വളരെ പ്രധാനം
ഗൃഹ ചികിത്സയിലോ ഗൃഹ പരിചരണത്തിലോ ആയ രോഗികൾക്ക് കോവിഡിന്റെ രോഗ ലക്ഷണങ്ങളേയും സങ്കീർണതകളേയും കുറിച്ച് അവബോധം ഉണ്ടായിരിക്കേണ്ടതാണ്. അപകട സൂചനാ ലക്ഷണങ്ങളായ ശക്തിയായ ശ്വാസംമുട്ടൽ, ബോധക്ഷയം, കഫത്തിൽ രക്തത്തിന്റെ അംശം, കൈകാലുകൾ നീല നിറം ആകുക, നെഞ്ചു വേദന, അമിതമായ ക്ഷീണം, നെഞ്ചിടിപ്പ് എന്നിവ കാണുന്ന പക്ഷം ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ച് വൈദ്യസഹായം തേടേണ്ടതാണ്. ലഘുവായ രോഗലക്ഷണങ്ങൾ മാത്രമാണെങ്കിൽ വീട്ടിൽ ഇരുന്നു തന്നെ ചികിത്സിക്കുകയും അത്യാവശ്യമെങ്കിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനിയിലൂടെ ചികിത്സ ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്. ംംം.ലമെിഷലല്മിശീുറ.ശി എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഇ സഞ്ജീവനി സേവനം ലഭ്യമാകുന്നതാണ്. കോവിഡ് ഒപി യുടെ സേവനം 24 മണിക്കൂറും ഇ സഞ്ജീവനിയിൽ ലഭ്യമാണ്.
കോവിഡും ഗൃഹപരിചരണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ദിശ 1056, 104, 0471 2552056, 2551056 എന്നീ നമ്പരിലേക്ക് വിളിക്കാവുന്നതാണ്.
മറുനാടന് മലയാളി ബ്യൂറോ