കോഴിക്കോട്: ഓണക്കിറ്റിലെ ശർക്കരയ്ക്ക് ഗണനിലവാരമില്ല എന്ന് കണ്ടെത്തിയതിന് പിന്നാലെ ശർക്കരയ്ക്കുള്ളിൽ പുകയില പായ്ക്കറ്റുകൾ കൂടി കണ്ടെടുത്തു.

പൂവാട്ടുപറമ്പ്, നടുവണ്ണൂർ എന്നിവിടങ്ങളിലെ റേഷൻ കട വഴി സപ്ലൈകോ വിതരണം ചെയ്ത ഓണക്കിറ്റുകളിലെ ശർക്കരയ്ക്കുള്ളിലാണ് പുകയില പായ്ക്കറ്റുകൾ നാട്ടുകാർ കണ്ടെത്തിയത്. നിറ പായ്ക്കറ്റുകളോടെയായിരുന്നു ശർക്കരക്കുള്ളിൽ ഉരുകി പിടിച്ചിരുന്നത്. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധമറിയിച്ചതോടെ ഓണക്കിറ്റ് വിതരണം താൽക്കാലികമായി നിർത്തി വച്ചു.

പെരുവയൽ പഞ്ചായത്തിലെ പൂവാട്ടുപറമ്പ് റേഷൻ കടയിൽ നിന്നും നടുവണ്ണൂർ സൗത്ത് 148-ാം നമ്പർ കടയിൽ നിന്നും ലഭിച്ച കിറ്റുകളിലാണ് പുകയില ഉൽപ്പന്നം കണ്ടെത്തിയത്. പായസം വയ്ക്കാനായി ശർക്കര ഉരുക്കുന്നതിനിടയിലാണ് പാത്രത്തിനുള്ളിൽ പുത്തലത്ത് ആലി പുകയില കണ്ടെത്തിയത്.

റേഷൻ കിറ്റ് എങ്ങനെ ഉണ്ടെന്നറിയാനായി തുറന്ന് നോക്കിയപ്പോൾ പുകയിലയുടെ രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറിയപ്പോഴാണ് പടിഞ്ഞാറെയിൽ ശ്രീധരൻ ശർക്കരക്കുള്ളിലെ പുകയില കവർ കണ്ടത്. നിറകവറായിരുന്ന പായ്ക്കറ്റിലെ പുകയില പായ്ക്കറ്റ് പൊട്ടി ശർക്കരയിൽ ഒട്ടിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു. മറ്റു പലർക്കും ഇത്തരത്തിൽ ശർക്കര പായ്ക്കറ്റിനുള്ളിൽ പുകയില പായ്ക്കറ്റുകൾ ലഭിച്ചിട്ടുണ്ട്.

സംഭവം വിവാദമായതോടെ ഈ ഭാഗങ്ങളിൽ ഓണക്കിറ്റ് വിതരണം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. ഉള്ളിയേരി മാവേലി സ്റ്റോറിൽ നിന്നാണ് കടയിലേക്ക് കിറ്റ് എത്തിച്ചത്. ബാക്കിയുള്ള കിറ്റുകൾ പിൻവലിച്ച് ഇന്ന് പകരം എത്തിക്കുമെന്നും സപ്ലൈകോ കൊയിലാണ്ടി ഡിപ്പോ മാനേജർ പറഞ്ഞു.

ഓണക്കിറ്റിനുള്ളിലെ ശർക്കരയിൽ നിന്നും സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിൽ ഉള്ളവർക്ക് പല്ലി ഉൾപ്പെടെയുള്ള ജന്തുക്കളെ ശർക്കരയിൽ നിന്നും ലഭിച്ചിരുന്നു. ഇതോടെ ശർക്കരക്ക് ഗുണനിലവാരമില്ല എന്ന് ആക്ഷേപം ഉയർന്നു. തുടർന്ന് കോന്നി സി.എഫ്.ആർ.ഡി ലാബിൽ പരിശോധന നടത്തിയപ്പോഴാണ് ശർക്കരക്ക് ഗുണനിലവാരമില്ല എന്ന് കണ്ടെത്തിയത്.

ഓണക്കിറ്റിലേക്ക് ഏറ്റവും ഉയർന്ന വിലയ്ക്കു വാങ്ങിയ ശർക്കരയാണിത്. കിലോഗ്രാമിന് 62.40 രൂപയ്ക്കു ശർക്കര നൽകിയ കോഴിക്കോട്ടെ സഹകരണ സ്ഥാപനവും 59.69 രൂപയ്ക്കു നൽകിയ ഈറോഡിലെ കമ്പനിയുമാണു ഗുണനിലവാരമില്ലാ എന്ന് കണ്ടെത്തിയതോടെ പ്രതിക്കൂട്ടിലായത്. ഇരുവർക്കുമായി ലഭിച്ചത് 46.73 ലക്ഷം കിലോഗ്രാമിന്റെ ഓർഡർ.

ഓണക്കിറ്റിലേക്കു മൊത്തം വാങ്ങിയ ശർക്കരയുടെ പകുതിയലധികം വരുമിത്. ഇരു സ്ഥാപനങ്ങൾക്കുമെതിരെ നടപടിക്കു ശുപാർശയുണ്ടെങ്കിലും അതിനുള്ള ഒരു നീക്കവും സപ്ലൈകോ തുടങ്ങിയിട്ടില്ല. 3.62 ലക്ഷം കിലോഗ്രാം ശർക്കര തിരിച്ചയയ്ക്കാൻ നിർദേശിച്ചതാണ് ഏക നടപടി. ഇവർ നൽകിയതിൽ 25 ലക്ഷത്തോളം കിലോഗ്രാം വിതരണം ചെയ്തുകഴിഞ്ഞു


.
ടെൻഡർ വ്യവസ്ഥ പ്രകാരം, ഗുണനിലവാരമില്ലാത്ത ശർക്കര തിരിച്ചെടുത്ത് പകരം ശർക്കര നൽകണം. വിതരണം ചെയ്തതു തിരിച്ചെടുക്കാനുമാകില്ല. സെക്യൂരിറ്റി നിക്ഷേപം തടഞ്ഞുവയ്ക്കുകയും കരാർ റദ്ദാക്കി കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്യാം. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ക്രിമിനൽ നിയമ നടപടിയുമെടുക്കാം.

ഇതിനിടെ, കിറ്റിൽനിന്നു ചില സാധനങ്ങൾ അപ്രത്യക്ഷമാകുന്നുവെന്നു പരാതിയുള്ളതിനാൽ കിറ്റ് തൂക്കി നോക്കിയശേഷമേ സ്വീകരിക്കുകയുള്ളൂവെന്നു റേഷൻ കടയുടമകൾ തീരുമാനിച്ചിട്ടുണ്ട്. കിറ്റിന് 4.670 കിലോഗ്രാം ഭാരമാണു വേണ്ടത്.