കോട്ടയം: ഇത്തവണത്തെ തദ്ദേശഭരണ തെരഞ്ഞെടുപ്പ് ഒട്ടേറെ നാഴികക്കല്ലുകളാണ് സംസ്ഥാനത്തെ രാഷ്ട്രീയ ചരിത്രത്തിന് സമ്മാനിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് തൊട്ട് പല സംഘടനകളുടെയും അക്കൗണ്ട് തുറക്കലിനും ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റിനും ഒക്കെ ഈ തെരഞ്ഞെടുപ്പ് സാക്ഷിയായി. അത്തരത്തിൽ ഒരു അപൂർവ്വതയാണ് കോട്ടയം ജില്ലയിലെ ഉഴവൂർ ഗ്രാമപഞ്ചായത്തിലേത്.ഈ പഞ്ചായത്തിന്റെ ഭരണസാരഥ്യത്തിലേറുന്നത് വൺ ഇന്ത്യ വൺ പെൻഷന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ജോണിസ് പി സ്റ്റീഫൻ എന്ന യുവാവാണ്. ഇന്ത്യയിലെ തന്നെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റുമാരിൽ ഒരാളായിരിക്കും ജോണിസ് എന്ന 22 കാരൻ.

ഉഴവൂർ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളിൽ 8 വാർഡുകളിലാണ് വൺ ഇന്ത്യ വൺ പെൻഷൻ സ്വതന്ത്രസ്ഥാനാർത്ഥികൾ മത്സരിച്ചത്. ഇതിൽ രണ്ടുപേർ വിജയം കണ്ടപ്പോൾ ആറുപേർക്ക് പരാജയം രുചിക്കേണ്ടി വന്നു. പഞ്ചായത്തിലെ നാലാം വാർഡിൽ നിന്നാണ് യുഡിഎഫ്, എൽഡിഎഫ്, ബിജെപി എന്നീ മൂന്ന് പ്രബല മുന്നണികളെയും പരാജയപ്പെടുത്തി ജോണിസ് 130 ഓളം വോട്ടുകൾക്ക് വിജയിച്ചു കയറിയത്. ഇദ്ദേഹത്തിനൊപ്പം 3 ാം വാർഡിൽ മത്സരിച്ച വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർത്ഥി കൂടി വിയം നേടി. ഇതോടെ പഞ്ചായത്തിലെ കക്ഷി നില എൽഡിഎഫ്- 5, യുഡിഎഫ്- 5, ബിജെപി- 1, സ്വതന്ത്രർ- 2 എന്നിങ്ങനെയായി. ഇതോടെയാണ് വൺ ഇന്ത്യ വൻ പെൻഷന്റെ സ്വതന്ത്രരുടെ നിലപാട് ഭരണത്തിൽ നിർണ്ണായകമായത്. ഇരു മുന്നണികളും ഇവരെ സമീപിച്ചെങ്കിലും യുഡിഎഫിനൊപ്പം ചേരാൻ ഇവർ തീരുമാനിക്കുകയായിരുന്നു. അങ്ങിനെയാണ് പ്രസിഡന്റ് പദത്തിലേക്ക് ഈ 22 കാരൻ എത്തുന്നത്.

കൂട്ടിക്കാലം തൊട്ടേ സാമൂഹ്യ സേവനങ്ങളിൽ താൽപ്പര്യമുണ്ടായിരുന്ന ജോണിസ് കോളേജു കളിലും ഇടവകയുമായി ബന്ധപ്പെട്ടും വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നു.തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോൾ പഞ്ചായത്തിലെ വൺ ഇന്ത്യ വൺ പെൻഷൻകാരുടെ കൂട്ടായ്മയാണ് രാഷ്ട്രീയത്തിന് അതീതമായി ഒരു സ്ഥാനാർത്ഥി ഇത്തവണ വേണമെന്ന ആശയം മുന്നോട്ട് വെക്കുന്നത്. ഇ ചിന്ത ഇവരെ ചെന്നെത്തിച്ച് ജോണിസിലേക്കും. ഇങ്ങനെയാണ് ജോണിസ് സ്വതന്ത്രസ്ഥാനാർത്ഥിയാകുന്നത്.അരീക്കര സെന്റ്‌റോക്കസ് ഇടവക പാണ്ടിയംകുന്നേൽ അദ്ധ്യാപക ദമ്പതികളായ സ്റ്റീഫന്റെയും ലൈബിയുടെയും മകനാണ് ജോണിസ്. അട്ടപ്പാടിയിലും കരികുന്നത്തും കുറുമൂള്ളൂരിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ജോണിസ് ഉഴവൂർ സെന്റ് സ്റ്റീഫൻ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും നേടി. ഇപ്പോൾ ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ എം എ ലിറ്ററേച്ചർ അവസാന സെമസ്റ്റർ വിദ്യാർത്ഥിയാണ്.സംഘടനതലത്തിലെ പ്രവർത്തന പരിചയവും പ്രസിഡന്റ് തലത്തിൽ ജോണിസിന് ഗുണം ചെയ്യും.തിരുബാല സഖ്യത്തിലും മിഷൻ ലീഗിലും ഫെറോന രൂപതാ ഭാരവാഹിയായിരുന്ന ജോണിസ് കഴിഞ്ഞ കാലയളവിൽ കെസിവൈഎൽ രൂപത ട്രഷററും ആയിരുന്നു.

ഇന്ന് നാലാം വാർഡ് മെമ്പറായി സത്യപ്രതിജ്ഞ ചെയ്ത ജോണിസ് പി സ്റ്റീഫൻ 28 ന് നടക്കുന്ന ചടങ്ങിൽ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.യുവത്വം ഭരണസാരഥ്യത്തിലേക്ക് എത്തുമ്പോൾ പഞ്ചായത്ത് തലങ്ങളും കാലത്തിനനുസരിച്ചുള്ള മാറ്റം കൈവിരിക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ കേരളം.