- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നന്നായി കൃഷി ചെയ്‌തോളാം സാർ.... വളമിടലും സൂപ്പറാക്കാം.. കൊറിയയിൽ ഉള്ളി കൃഷി ചെയ്യാൻ ഒരു ലക്ഷം രൂപ ശമ്പളമെന്ന് കേട്ടതോടെ മലയാളികൾകൂട്ടത്തോടെ രംഗത്ത്; ഒഡെപെക് എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ എത്തിയത് ആയിരങ്ങൾ
കൊച്ചി: 'നന്നായി കൃഷി ചെയ്‌തോളാം സാർ, നല്ലതു പോലെ വളമിടും.. ദക്ഷിണ കൊറിയയിൽ ഉള്ളികൃഷിക്ക് ആളുകളെ ക്ഷണിച്ചു കൊണ്ടുള്ള സംസ്ഥാന സർക്കാറിന് കീഴിലെ റിക്രൂട്ടിങ് ഏജൻസിയായ ഒഡെപെക് വഴി വന്ന വിദേശ തൊഴിലവസരത്തിനായി മലയാളികളുടെ കൂട്ടയിടി ആണ്. ദക്ഷിണ കൊറിയയിൽ ഉള്ളികൃഷിക്ക് സന്നദ്ധരായി നൂറുകണക്കിന് പേരാണ് എത്തിയത്. ഇന്ന് എറണാകുളം ടൗൺ ഹാളിലാണ് സെമിനാർ നടന്നത്. രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ ഇതര ജില്ലകളിൽനിന്നടക്കം ഏറെപേർ നേരത്തേതന്നെ എത്തിയിരുന്നു.
ദക്ഷിണ കൊറിയയിലെ കാർഷിക കമ്പനിയാണ് കേരളത്തിൽനിന്ന് തൊഴിലാളികളെ തേടിയത്. 10ാം ക്ലാസും കാർഷികമേഖലയിലെ പരിചയവും മാത്രമായിരുന്നു യോഗ്യത. ആൺ-പെൺ വ്യത്യാസമില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 74,000 മുതൽ 1,12,000 രൂപ വരെ ശമ്പളവും നൽകുമെന്നായിരുന്നു അറിയിപ്പ്. സർക്കാർ സംവിധാനത്തിലൂടെ വന്ന തൊഴിലവസരമായതിനാൽ ഉയർന്ന വിദ്യാഭ്യാസമുള്ളവർപോലും അപേക്ഷിച്ചിട്ടുണ്ട്.
അപേക്ഷകരുടെ എണ്ണം 5000 കവിഞ്ഞതോടെ രജിസ്‌ട്രേഷൻ നിർത്തി. തുടർന്ന് തിരുവനന്തപുരത്തും എറണാകുളത്തുമായി അപേക്ഷകർക്ക് ദക്ഷിണ കൊറിയയിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിശദാംശങ്ങൾ അടങ്ങിയ സെമിനാർ തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ എറണാകുളം ടൗൺ ഹാൾ പരിസരം സെമിനാറിൽ പങ്കെടുക്കാൻ എത്തിയവരെകൊണ്ട് നിറഞ്ഞു.
രജിസ്‌ട്രേഷൻ നടത്താൻ കഴിയാത്തവരും രജിസ്റ്റർ ചെയ്തിട്ട് സെമിനാറിൽ പങ്കെടുക്കാൻ അറിയിപ്പ് ലഭിക്കാത്തവരും ഉൾപ്പെടെ എത്തിയതോടെ ടൗൺ ഹാൾ വളപ്പിനകത്ത് വലിയ ജനക്കൂട്ടമായി. ഇതോടെ പൊലീസ് എത്തി കവാടം അടച്ചു. തുടർന്ന് നീണ്ട ക്യൂവിൽ നിർത്തിയാണ് തൊഴിലന്വേഷകരെ ഹാളിനകത്തേക്ക് കടത്തിവിട്ടത്.
കഴിഞ്ഞദിവസം അപേക്ഷകരുടെ ബാഹുല്യം മൂലം ഒഡേപെകിന്റെ വെബ്‌സൈറ്റിന്റെ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. ഒഡേപെക് മുഖേന 100 ഒഴിവുകളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പിനായി ആദ്യ രണ്ടു ദിവസത്തിനിടെ അയ്യായിരത്തോളം പേരാണ് അപേക്ഷിച്ചത്. ദക്ഷിണ കൊറിയയിൽ കൃഷി ജോലിക്കായി 22 നാണ് ഒഡേപെക് അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസ് ആണ് ജോലിക്ക് വേണ്ട യോഗ്യത. പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.
നിരവധി ഫോൺവിളികളും ഉള്ളികൃഷിക്കായി എഥ്തി. ഒഡേപെക് റിക്രൂട്ടിങ് ഏജൻസി മാത്രമാണെന്നും, നിയമനം നൽകുന്നതുകൊറിയൻ ചേംബർ ഓഫ് കൊമേഴ്‌സ് ആണെന്നും ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും വളരെ വിശ്വാസത്തിലായിരുന്നു ആളുകളുടെ ഫോൺവിളികൾ. ദക്ഷിണ കൊറിയൻ സർക്കാരിന്റെ കീഴിലുള്ള കാർഷിക പദ്ധതിയിലേക്കാണ് കേരളത്തിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. സവാള കൃഷിയാണു പ്രധാനം. കൊറിയൻ ചേംബർ ഓഫ് കൊമേഴ്‌സുമായി ചേർന്നാണ് നിയമനം. 100 പേർക്കാണ് തുടക്കത്തിൽ ജോലി ലഭിക്കുക. 1000 പേരെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കാർഷിക വൃത്തിയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട് . 25-40 വയസ് ആണ് പ്രായപരിധി. ഇംഗ്ലീഷ് ഭാഷയിൽ അടിസ്ഥാന അറിവുണ്ടാവണം. സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ കൃഷി രീതിയാണ് നടപ്പിലാക്കുന്നത് എങ്കിലും മനുഷ്യ അധ്വാനവും വേണ്ടി വരുമെന്ന് അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ