- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനത്തട്ടിപ്പിന്റെ അതേരീതിയിൽ ഫ്ളാറ്റിന്റെ ഓൺലൈൻ തട്ടിപ്പിന് ശ്രമം; ഫ്ളാറ്റ് വാടകയ്ക്കെടുക്കാൻ സന്നദ്ധത അറിയിച്ചത് സൈനികനെന്ന് പരിചയപ്പെടുത്തി; അഡ്വാൻസ് ഇന്ത്യൻ ആർമി തരുമെന്ന വാഗ്ദാനത്തിൽ വീണില്ല; കണ്ണൂരിൽ യുവതി തട്ടിപ്പിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കഥ
കണ്ണൂർ: സൈനികനാണെന്ന് പരിചയപ്പെടുത്തി വാഹനം വിൽക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് അഡ്വാൻസ് വാങ്ങി പറ്റിക്കുന്ന കേസുകൾ കേരളത്തിൽ അനുദിനം വർദ്ധിച്ചുവരുകയാണ്. കഴിഞ്ഞ രണ്ട് കൊല്ലത്തിനുള്ളിൽ നിരവധി കേസുകളാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഉത്തരേന്ത്യക്കാരാണ് ഈ കേസുകളിലെല്ലാം പ്രതിപട്ടികയിലെന്നതിനാൽ ഒന്നും ചെയ്യാനാകാതെ നിസഹായവസ്ഥയിലാണ് കേരള പൊലീസും.
ഇപ്പോൾ വാഹനത്തട്ടിപ്പിൽ നിന്നും ഫ്ളാറ്റ് തട്ടിപ്പിലേയ്ക്ക് തട്ടിപ്പുകാർ തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നുവെന്ന പരാതികളും ഉയർന്നുവരുന്നുണ്ട്. എഴുത്തുകാരിയായ മിനി വിശ്വനാഥനാണ് ഒരു ഉത്തരേന്ത്യക്കാരൻ തന്നെ കബളിപ്പിക്കാൻ നടത്തിയ ശ്രമത്തെപറ്റി ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിൽ ഫ്ളാറ്റ് വാടകയ്ക്ക് നൽകാനുണ്ടെന്ന പരസ്യം ഒരു റിയൽ എസ്റ്റേറ്റ് ആപ്പിൽ മിനി വിശ്വനാഥൻ നൽകിയിരുന്നു. അത് കണ്ടിട്ടാണ് ആസാമിൽ നിന്നും മിനിക്ക് ഒരു കോൾ വന്നത്. സൈനികനാണെന്ന് പരിചയപ്പെടുത്തിയ അയാൾ കണ്ണൂരിൽ പോസ്റ്റിങ് കിട്ടിയെന്നും ഫ്ളാറ്റിന്റെ ചിത്രങ്ങൾ കണ്ട് ഇഷ്ടപ്പെട്ടെന്നും അറിയിച്ചു. ഫാമിലിയുമായാണ് വരുന്നതെന്നും ഫ്ളാറ്റിന്റെ അഡ്വാൻസ് ഇന്ത്യൻ ആർമി തരുമെന്നുമാണ് അയാൾ പറഞ്ഞതെന്ന് മിനി പോസ്റ്റിൽ പറയുന്നു.
അഡ്വാൻസ് അയയ്ക്കാൻ ഗൂഗിൾപേ നമ്പർ നൽകണമെന്നായിരുന്നു അയാളുടെ ആവശ്യം. വിശ്വാസിക്കാൻ ഒരു പട്ടാളക്കാരന്റെ ഐഡി, പാൻകാർഡ്, ആധാർ , വോട്ടേഴ്സ് ഐഡി ഒക്കെ അയച്ചുകൊടുത്തെന്നും മിനി പറയുന്നു. എന്നാൽ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ട് മിനി അയാളെ ഒഴിവാക്കുകയായിരുന്നു.
ഇതേ രീതിയിൽ തന്നെയാണ് മുമ്പ് വാഹനത്തട്ടിപ്പുകളും നടന്നത്. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങാൻ സൈറ്റുകൾ തിരയുന്നവരെയാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. അവരെ ബന്ധപ്പെട്ട് പാങ്ങോട് പട്ടാളക്യാമ്പിലെ സൈനികനാണെന്നും ട്രാൻസ്ഫറായി പോകുകയാണെന്നും കൈയിലെ വാഹനം വിൽക്കാനുണ്ടെന്നും പറഞ്ഞ് ബന്ധം സ്ഥാപിക്കും. മനോഹരമായ വാഹനങ്ങളുടെ ചിത്രം കാണിച്ച് കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് പറഞ്ഞ് അവരെ വലയിലാക്കും. എന്നാൽ ക്യാമ്പിൽ നിന്നും വാഹനമിറക്കാൻ ഫീസ് നൽകണമെന്നും അതിന് ഒരു അഡ്വാൻസ് അയയ്ക്കണമെന്നും പറഞ്ഞാണ് ആവശ്യക്കാരെ ഇവർ കബളിപ്പിക്കുന്നത്.
കരസേനയോ സേനാംഗങ്ങളോ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ വൻ വിലക്കുറവിൽ വിൽക്കാനുണ്ടെന്ന് കാണിച്ചാണ് തട്ടിപ്പുകാർ ഇരകളെ ആകർഷിക്കുന്നത്. പരസ്യം കണ്ട് തട്ടിപ്പുകാരുമായി ബന്ധപ്പെടുന്നവരുമായി കച്ചവടം ഉറപ്പിച്ചാൽ വാങ്ങുന്നയാളിൽ നിന്ന് വാഹനം അയച്ച് നൽകാനുള്ള ചെലവെന്ന പേരിൽ ഓൺലൈൻ വാലറ്റുകളിലൂടെ തുക കൈമാറാൻ ആവശ്യപ്പെടും. ഇത്തരത്തിൽ കുറച്ച് പേരിൽ നിന്ന് പണം തട്ടിച്ച് കിട്ടിയാൽ ഉടൻ തന്നെ പരസ്യം പിൻവലിച്ച് ഫോൺ നമ്പർ നിർജീവമാക്കുകയാണ് ഇക്കൂട്ടരുടെ രീതി.
കുറഞ്ഞ വിലയ്ക്ക് താരതമ്യേന പുതിയ വാഹനങ്ങളുടെ ചിത്രങ്ങളിട്ടാണ് ഇവർ ജനങ്ങളെ ആകർഷിക്കുന്നത്. കരസേനയിലെ ഉദ്യോഗസ്ഥർ ഉപയോഗിച്ചിരുന്ന വാഹനങ്ങളാണെന്ന് കാട്ടിയാണ് പരസ്യം നൽകുന്നതും. വാഹനങ്ങൾ കണ്ട് വിളിക്കുന്നവർക്ക് സംശയം തോന്നാതെയിരിക്കാനായി വളരെ തന്ത്രപരമായാണ് കരുക്കൾ നീക്കുന്നത്.
പരസ്യത്തിന് ഒപ്പം നൽകുന്ന ഫോൺ നമ്പറിൽ വിളിച്ചാൽ ഹിന്ദിയിലായിരിക്കും സംസാരം. മാത്രമല്ല സൈനിക ഉദ്യോഗസ്ഥനാണെന്നും സ്ഥലം മാറ്റമായതിനാൽ എളുപ്പം വാഹനം വിൽക്കേണ്ടതുണ്ടെന്നും, അതിനാലാണ് ഇത്ര വിലക്കുറവിൽ വാഹനം കൊടുക്കുന്നതെന്നുമാകും പറയുന്നത്. കൂടാതെ വിശ്വാസം പിടിച്ച് പറ്റുന്നതിനായി വാഹനത്തിന്റെ അസൽ രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പിയും മറ്റ് രേഖകളും വാട്ട്സാപ്പ് വഴി അയച്ച് കൊടുക്കും. സേനയിലെ തിരിച്ചറിയൽ കാർഡ്, സേന കാന്റീൻ സ്മാർട്ട് കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ രേഖകളുടെ ചിത്രവും കൂട്ടത്തിൽ അയച്ച് നൽകും. വിശ്വാസ്യതയ്ക്കായി യൂണിഫോമിലുള്ളതോ സേനാ ചിഹ്നങ്ങൾ കാണാവുന്ന തരത്തിലുള്ളതോ ആയ ചിത്രങ്ങളാണ് വെബ്സൈറ്റിലെ യൂസർ പിക്ചറായി ഉപയോഗിക്കുന്നത്.
അതേസമയം പരസ്യം നൽകാനായി വ്യാജന്മാർ ഉപയോഗിക്കുന്നത് മാസങ്ങൾക്ക് മുമ്പേ ഇതേ സൈറ്റിലൂടെ വിറ്റുപോയ വാഹനങ്ങളുടെ ചിത്രങ്ങളാണ്. വാഹനങ്ങളുടെ ആർസി ബുക്കിലെ മൊബൈൽ നമ്പറുകളിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. യഥാർത്ഥ ഉടമകൾ വാഹനം വിൽക്കാൻ ഓൺലൈൻ സൈറ്റിൽ പരസ്യം നൽകിയ സമയം അവരെ ഫോണിൽ വിളിച്ചാണ് രേഖകൾ കൈക്കലാക്കുന്നത്. ഇത്തരത്തിൽ കൈക്കലാക്കിയ ഒറിജിനൽ രേഖകളുടെ കോപ്പിവച്ചാണ് തട്ടിപ്പ് നടത്തുന്നത്. അതുകൊണ്ട് തന്നെ ആർക്കും സംശയവും തോന്നില്ല. ഇതേ രീതി തന്നെയാണ് മിനി വിശ്വനാഥനെ കബളിപ്പിക്കാനും തട്ടിപ്പുകാർ സ്വീകരിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ