1970ലെ നാലാം കേരള നിയമസഭയിലാണ് ഉമ്മൻ ചാണ്ടി ആദ്യമായി അംഗമാകുന്നത്, ആ സഭയിൽ ഞാനും അംഗമായിരുന്നു; കാച്ചിക്കുറുക്കിയ വാക്കുകളുമായി പിണറായി; കേരള രാഷ്ട്രീയത്തിലെ വിസ്മയമെന്ന് ചെന്നിത്തല; നിയമസഭാ സാമാജികത്വത്തിൽ അമ്പത് വർഷം തികയ്ക്കുന്ന ഉമ്മൻ ചാണ്ടിയെ സഭ അനുമോദിച്ചത് ഇങ്ങനെ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭാ സാമാജികത്വത്തിൽ അമ്പത് വർഷം തികയ്ക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അഭിനന്ദിച്ചു നിയമസഭ. 14ാം കേരള നിയമസഭയുടെ അവസാന ദിവസമാണ് ഉമ്മൻ ചാണ്ടിയെ അഭിനന്ദിക്കാൻ സഭ അവസരം കണ്ടെത്തിയത്. ഇത് ഉമ്മൻ ചാണ്ടിയെ ആദരിച്ചില്ലെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ആയതോടെയാണ്.
അവസാന ദിവസം പ്രതിപക്ഷത്ത് നിന്ന് ഷാഫി പറമ്പിൽ എംഎൽഎ സ്പീക്കർക്ക് കത്തുനൽകിയതിന് ശേഷമാണ് അനുമോദനമുണ്ടായത്. ഇക്കാര്യം മലയാള മനോരമ ലേഖകൻ സുജിത്ത് നായരാണ് ചൂണ്ടിക്കാട്ടിയത്. 14-ാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ അവസാന ദിനമാണ് വെള്ളിയാഴ്‌ച്ചയെന്നും ബോധപൂർവമല്ലാതെ വിട്ടു പോയതാണ് എങ്കിൽ ഈ ഒരു ദിവസം കൂടിയേ അതിനുള്ളൂവെന്നും വ്യക്തമാക്കി മനോരമ ലേഖകൻ ഇന്നലെ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഷാഫി പറമ്പിൽ കത്തു നൽകിയതും ഉമ്മൻ ചാണ്ടിയെ ആദരിച്ചതും.
ഉമ്മൻ ചാണ്ടിയെ അധികം പുകഴ്‌ത്താതെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ കടന്നുവന്ന അദ്ദേഹം 1970ലെ നാലാം കേരള നിയമസഭയിലാണ് ആദ്യമായി അംഗമാകുന്നത്. ആ സഭയിൽ ഞാനും അംഗമായിരുന്നു എന്ന് പിണറായി പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് രാഷ്ട്രീയ പ്രവർത്തനവും ജനങ്ങൾക്കായുള്ള ഇടപെടലുകളും തുടർന്നും നടത്താനുള്ള പൂർണ ആരോഗ്യമുണ്ടാകട്ടെ എന്ന് ആശംസിക്കുകയാണെന്നം മുഖ്യമന്ത്രിപറഞ്ഞു.
മുഖ്യമന്ത്രി വാക്കുകൾ ഇങ്ങനെ:
''ബഹുമാനപ്പെട്ട ശ്രീ ഉമ്മൻ ചാണ്ടിക്ക് അനുമോദനങ്ങൾ അങ്ങയുടെ (സ്പീക്കറുടെ) വികാരത്തിനൊപ്പം ചേർന്ന് അറിയിക്കട്ടെ. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ കടന്നുവന്ന അദ്ദേഹം 1970ലെ നാലാം കേരള നിയമസഭയിലാണ് ആദ്യമായി അംഗമാകുന്നത്. ആ സഭയിൽ ഞാനും അംഗമായിരുന്നു. അതിന് ശേഷം 11 തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നും അദ്ദേഹം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാർലമെന്ററി ജനാധിപത്യത്തിൽ ഇത് അപൂർവ്വമാണ്. യശ ശരീരനായ ശ്രീ കെ എം മാണിയേയും ഇതുപോലുള്ള ഒരു അവസരത്തിൽ ഈ സഭയിൽ വെച്ച് അനുമോദിക്കാൻ അവസരം ലഭിച്ചിരുന്നു. 14-ാം നിയമസഭ രണ്ട് അംഗങ്ങളുടെ സേവനത്തിന്റെ സുവർണജൂബിലിക്ക് സാക്ഷ്യം വഹിച്ചു എന്നത് അപൂർവ്വമായ നേട്ടമാണ്. ശ്രീ ഉമ്മൻ ചാണ്ടിക്ക് തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ പ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും രണ്ട് തവണ കേരള മുഖ്യമന്ത്രിയായും ഒരു തവണ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുള്ള വിപുലമായ പാർലമെന്ററി പ്രവർത്തന പാരമ്പര്യമുണ്ട്. ജനങ്ങളുടെ അംഗീകാരം നേടി പൊതുരംഗത്ത് കർമ്മനിരതനായ ശ്രീ ഉമ്മൻ ചാണ്ടിക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനവും ജനങ്ങൾക്കായുള്ള ഇടപെടലുകളും തുടർന്നും നടത്താനുള്ള പൂർണ ആരോഗ്യമുണ്ടാകട്ടെ എന്ന് ആശംസിക്കുകയാണ്. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
അതേസമയം ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയത്തിന്റെ വിസ്മയമാണെന്ന് ആദരിച്ചക്കൽ ചടങ്ങിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എപ്പോഴും ജനങ്ങളോടൊപ്പം നീങ്ങുകയും ജനങ്ങൾക്കൊപ്പം ജീവിക്കുകയും ചെയ്യുന്ന അനിതരസാധാരണമായ പ്രവർത്തന ശൈലിയുടെ ഉടമയാണ് അദ്ദേഹം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും കരുത്തുറ്റ മുഖമാണ് ഉമ്മൻ ചാണ്ടി. കെഎസ്‌യു പ്രവർത്തകനായി കേരള രാഷ്ട്രീയത്തിലേക്ക് കടന്ന് വന്ന അദ്ദേഹം, പ്രവർത്തിച്ച എല്ലാ മേഖലകളിലും സഹപ്രവർത്തകരുടേയും ജനങ്ങളുടെയും സ്നേഹവും ആദരവും പിടിച്ചുപറ്റിയിട്ടുള്ള വ്യക്തിത്വത്തിന് ഉടമയാണ്.''
1970ൽ നടന്ന തെരഞ്ഞെടുപ്പിലാണ് അദ്ദേഹം പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത്. അന്ന് മുതൽ ഇന്ന് വരെ ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച് കെഎം മാണിയെ പോലെ 50 വർഷം അദ്ദേഹം പൂർത്തിയാക്കിയിരിക്കുകയാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസമില്ലാതെ അദ്ദേഹത്തി ന്റെ മുന്നിൽ വന്നിട്ടുള്ള എല്ലാ ആവലാതികളും പരിഹരിച്ചിട്ടുള്ള വ്യക്തി. ഇനിയും കേരള രാഷ്ട്രീയത്തിനും കോൺഗ്രസ് പാർട്ടിക്കും നേതൃത്വം നൽകാൻ ഉമ്മൻ ചാണ്ടിക്ക് സാധിക്കട്ടെ എന്നും നിയമസഭയിൽ സംസാരിക്കവെ ചെന്നിത്തല കൂട്ടിച്ചേർത്തു.
ഉമ്മൻ ചാണ്ടിക്ക് മുമ്പ് ഈ റെക്കോർഡിന് അർഹനായ കെ എം മാണിയെ ഈ നിയമസഭയുടെ കാലയളവിൽ തന്നെ 2017ൽ അനുമോദിച്ചിരുന്നു. അന്ന് ഭരണ പ്രതിപക്ഷ ഭേദമന്യേ മാണിയെ പുകഴ്‌ത്താൻ ആരും മറന്നതുമില്ല. രണ്ട് മുന്നണികളിലും ഇല്ലാതെ കെ എം മാണിയുടെ പാർട്ടി ഒറ്റയ്ക്ക് നിൽക്കുന്ന സമയത്തായിരുന്നു മാണിയുടെ ജൂബിലി വർഷം. എങ്ങോട്ട് ചായുമെന്നറിയാതെ നിന്ന മാണിയെ ബിജെപി അംഗമായ രാജഗോപാൽ അടക്കം പ്രകീർത്തിച്ചിരുന്നു. മാണി ആദരിക്കപ്പെട്ട നിയമസഭയിൽ ഉമ്മൻ ചാണ്ടിയെ തഴഞ്ഞെന്ന വികാരവും ശക്തമായിരുന്നു.
തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഉമ്മൻ ചാണ്ടിയെ പുകഴ്‌ത്താൻ എൽ ഡി എഫ് ആഗ്രഹിച്ചിരുന്നില്ല. കോൺഗ്രസിന്റേയും യു ഡി എഫിന്റെയും താരപ്രചാരകനായ ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രി പിണറായി തന്നെ പ്രകീർത്തിക്കുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നാണ് എൽ ഡി എഫ് കണക്കുകൂട്ടി. വെറുതെ ഉമ്മൻ ചാണ്ടിക്ക് രാഷ്ട്രീയ മൈലേജ് കൊടുക്കേണ്ടയെന്നാണ് സിപിഎം കണക്കു കൂട്ടിയത്. സോളാർ കേസടക്കം വീണ്ടും സജീവമാകാനിരിക്കെ ഉമ്മൻ ചാണ്ടിയെപ്പറ്റി സഭയിൽ പറയുന്ന ഓരോ വാക്കും ബൂമറാംഗാകും എന്ന് മറ്റാരെക്കാളും നന്നായി പിണറായിക്ക് തന്നെയറിയാം. അതറിഞ്ഞു തന്നെയായിരുന്നു പിണറായിയുടെ പ്രസംഗവും.
മറുനാടന് മലയാളി ബ്യൂറോ