- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുസ്ലിംലീഗ് ആഗ്രഹിക്കുന്നത് അധികമായ അഞ്ച് സീറ്റുകൾ; കോൺഗ്രസിന്റെ മനസിലുള്ളത് രണ്ട് സീറ്റുകൾ മാത്രവും; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പാണക്കാട്ടെത്തി ചർച്ചകൾക്ക് തുടക്കമിട്ടു; എൻസിപിയെ മറുകണ്ടം ചാടിക്കുന്നതും ചർച്ചകളിൽ നിറഞ്ഞേക്കും; തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന ജാഥകളുടെയും പ്രചാരണ പരിപാടികളുടെയും വിശദാംശങ്ങൾ തീരുമാനിക്കും
പാണക്കാട്: യുഡിഎഫിലെ സീറ്റു വിഭജന ചർച്ചകൾക്ക് ഔപചാരികമായി തുടക്കമായി. മുസ്ലിം ലീഗ് നേതൃത്വവുമായി ചർച്ച നടത്താൻ കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാടെത്തി. ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പ് ചുമതലയേറ്റെടുത്ത ശേഷം നടക്കുന്ന സന്ദർശനത്തിൽ മുന്നണിയുടെ തെരഞ്ഞെടുപ്പ് ഒരുക്കം സംബന്ധിച്ച പ്രധാന ചർച്ചകൾ നടക്കും.
നിയമ സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനമടക്കം ചർച്ചയാകുമെന്നാണ് കരുതുന്നത്. മാണി വിഭാഗം യു.ഡി.എഫ് വിട്ടതിനാൽ കൂടുതൽ സീറ്റുകൾ വേണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെടുന്നുണ്ട്. മാണി വിഭാഗം മത്സരിച്ചിരുന്ന സീറ്റുകളിൽ മത്സരിക്കാൻ കോൺഗ്രസും ഒരുക്കങ്ങൾ നടത്തുന്നുണ്ട്. ഇത്തരം വിഷയങ്ങളിലടക്കം ധാരണയുണ്ടാകാനുണ്ട്. മുസ്ലിംലീഗ് അധികമായി അഞ്ച് സീറ്റുകളാണ് ആവശ്യപ്പെടുകയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, രണ്ട് സീറ്റുകളിൽ ഒതുക്കാനാണ് കോൺഗ്രസിന്റെ നീക്കം. മറ്റ് ചെറു കക്ഷികൾക്കും കൂടുതൽ സീറ്റു കൊടുക്കണമെന്നാണ് കോൺഗ്രസിന്റെ ആഗ്രഹം. ഇക്കാര്യം അടക്കം കൂടിക്കാഴ്ച്ചയിൽ ചർച്ചയാകും.
മാത്രമല്ല, കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ മുന്നണിയുടെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്നുണ്ടെന്ന് മുസ്ലീം ലീഗ് ആരോപിച്ചിരുന്നു. കോൺഗ്രസ് നേതാക്കൾ അനാവശ്യ വിവാദമുണ്ടാക്കുന്നതിൽ മുസ്ലീം ലീഗിന് അമർഷമുണ്ട്. ഈ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലീം ലീഗ് സംസ്ഥാ പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തുന്നത്. മറ്റു ലീഗ് നേതാക്കളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
യു.ഡി.എഫ് ഭരണത്തിൽ വന്നാൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിൽ അധികാര തർക്കമുണ്ടാവില്ലെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപിയും വ്യ്ക്കമാക്കിയിരുന്നു. എൽ.ഡി.എഫിലെ പല ഘടകകക്ഷികൾക്കും അതൃപ്തിയുണ്ട്. അതിൽ ചിലർ യു.ഡി.എഫുമായി ബന്ധപ്പെടുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ മുമ്പിൽ നിർത്തി കോൺഗ്രസ് ഒരു കൂട്ടായ്മക്ക് ശ്രമിക്കുന്നത് ഗുണകരമാണ്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കൂട്ടായി ആലോചിച്ചാണ് തീരുമാനങ്ങൾ എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണത്തിൽ വന്നാൽ ആര് മുഖ്യമന്ത്രിയാവും എന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിനെ അനുസരിക്കാമെന്ന ധാരണയിലാണ് ഇരുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടിയും തങ്ങളും എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കും. കേരളത്തിലാണ് തന്റെ പ്രവർത്തന മേഖല പ്രഖ്യാപിച്ചിട്ടുള്ളത്. സജീവമായ ചുമതലകൾ സംസ്ഥാനത്തുണ്ടെന്നും ചാനൽ അഭിമുഖത്തിൽ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സീറ്റ് വച്ചു മാറുന്നത് ഉൾപ്പെടെ തീരുമാനിക്കാൻ തൊടുപുഴയിൽ കേരള കോൺഗ്രസ് ഇന്ന് നേതൃയോഗം വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന ജാഥകളുടെയും പ്രചാരണപരിപാടികളുടെയും വിശദാംശങ്ങൾ തീരുമാനിക്കും. സോളർ പീഡന കേസ് സിബിഐക്ക് വിട്ടതിന്റെ രാഷ്ട്രീയ പ്രതിഫലനങ്ങളും ചർച്ച ചെയ്തേക്കും. ഇത്തവണ കോൺഗ്രസ് തൊണ്ണൂറ്റിയഞ്ചോളം സീറ്റുകളിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ പ്രാവശ്യം 87 സീറ്റുകളിലാണ് മത്സരിച്ചത്. യുഡിഎഫിലെ സീറ്റ് വിഭജനത്തിൽ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം, രണ്ട് കക്ഷികൾ മുന്നണി വിട്ട് അധിക സീറ്റുകൾ കോൺഗ്രസ് കൂടുതലും സ്വന്തമാക്കും.
മുസ്ലിം ലീഗിന് രണ്ടും സി.എംപിക്ക് ഒരു സീറ്റും അധികം കിട്ടിയേക്കും. ആർ.എസ്പിക്ക് അനുകൂലമായി ചില സീറ്റുകളിൽ വെച്ചുമാറ്റത്തിനും സാധ്യതയുണ്ട്. മുന്നണിയിലേക്ക് പുതുതായി വന്ന ഫോർവേഡ് ബ്ലോക്കിന് ഒരു സീറ്റ് നൽകി പ്രാതിനിധ്യം ഉറപ്പാക്കും. ആർ എസ് പിക്കും ഒരു സീറ്റ് അധികം കൊടുത്തേക്കും. കഴിഞ്ഞതവണ കേരള കോൺഗ്രസ് 15-ഉം എൽ.ജെ.ഡി. ഏഴും സീറ്റുകളിൽ മത്സരിച്ചിരുന്നു. കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം മുന്നണി വിട്ടെങ്കിലും ആ 15 സീറ്റും പി.ജെ. ജോസഫ് ചോദിക്കുന്നുണ്ട്. എന്നാൽ ജോസഫിന് എട്ട് സീറ്റ് വരെ മാത്രമേ പരമാവധി കൊടുക്കൂ. ഇതിനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്.
തിരഞ്ഞെടുപ്പിനായി കോൺഗ്രസിനെ സജ്ജമാക്കുന്നതിനായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോതിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും. രണ്ടുദിവസം തിരുവനന്തപുരത്ത് തങ്ങുന്ന സംഘം യു.ഡി.എഫ്. കക്ഷിനേതാക്കളുമായും ചർച്ച നടത്തും. വിപുലമായ ചർച്ചകളാണ് നിരീക്ഷകർക്കായി ക്രമീകരിച്ചിരിക്കുന്നത്. ഘടകകക്ഷി നേതാക്കൾക്കു പുറമേ കെപിസിസി. ഭാരവാഹികൾ, ഡി.ഡി.സി. പ്രസിഡന്റുമാർ എന്നിവരുമായും സംഘം ആശയവിനിമയം നടത്തും. ശനിയാഴ്ച രാവിലെ ചേരുന്ന കെപിസിസി. എക്സിക്യുട്ടീവ് യോഗത്തിലും അവർ പങ്കെടുക്കും. നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിൽ പുതുതായി രൂപവത്കരിച്ച തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ യോഗം ചേരാനും ആലോചനയുണ്ട്. ഇതിൽ സീറ്റ് വിഭജനത്തിൽ ധാരണയാകും.
ജോസഫ് വിഭാഗം മത്സരിച്ചിരുന്നത് തൊടുപുഴ, കടുത്തുരുത്തി, കോതമംഗലം, കുട്ടനാട് സീറ്റുകളിലാണ്. മാണിവിഭാഗത്തിൽനിന്ന് ജോസഫിലേക്ക് എത്തിയ സി.എഫ്. തോമസ് (ചങ്ങനാശ്ശേരി), തോമസ് ഉണ്ണിയാടൻ (ഇരിങ്ങാലക്കുട), ജോസഫ് എം. പുതുശ്ശേരി (തിരുവല്ല) എന്നീ സീറ്റുകൾകൂടി ജോസഫ് വിട്ടുവീഴ്ചയില്ലാതെ ആവശ്യപ്പെടുന്നുണ്ട്. ഇതിൽ ചങ്ങനാശ്ശേരിയും തിരുവല്ലയും കോൺഗ്രസ് വിട്ടു കൊടുക്കാൻ ഇടയില്ല. സി എഫ് തോമസ് മരിച്ചതിനാൽ ചങ്ങനാശ്ശേരിയിലെ അവകാശവാദം പൂർണ്ണമായും തള്ളും, തിരുവല്ല സീറ്റ് റാന്നിയുമായി വെച്ചുമാറാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയങ്കിൽ തിരുവല്ല കോൺഗ്രസ് ഏറ്റെടുത്ത് റാന്നി കേരള കോൺഗ്രസിന് നൽകിയേക്കും. മലബാർ മേഖലയിൽ കേരള കോൺഗ്രസ് മത്സരിച്ചിരുന്ന പേരാമ്പ്രയ്ക്ക് പകരം തിരുവമ്പാടിയിലും കേരള കോൺഗ്രസിന് താത്പര്യമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ