തിരുവനന്തപുരം: എൻഎസ്എസിനെതിരേ സിപിഎം നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തിരഞ്ഞെടുപ്പ് പരാജയഭീതി മൂലമാണ് സിപിഎമ്മിന്റെ കടന്നാക്രമണമെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

അഭിപ്രായം പറയാനും നിലപാടെടുക്കാനും സാമൂഹിക സംഘടനകൾ ഉൾപ്പെടെ എല്ലാവർക്കും സ്വാതന്ത്ര്യമുള്ള നാടാണ് കേരളം. ശബരിമല സംബന്ധിച്ച് എൻഎസ്എസിന്റെ നിലപാട് തിരഞ്ഞെടുപ്പ് കാലത്ത് പെട്ടെന്ന് ഉണ്ടായതല്ല. അവരുടേത് വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥായിയായ നിലപാടാണ്. അതിനുവേണ്ടി അവർ ശക്തമായി പോരാടുകയും വ്യക്തമായ നിലപാട് സ്വികരിക്കുകയും ചെയ്തിട്ടുണ്ട്. അതിന് അവരെ ആക്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ആദ്ദേഹം പറഞ്ഞു.

തങ്ങളെ എതിർക്കുന്നവരെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം കേരളത്തിൽ വിലപ്പോകില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. അതേസമയം കണ്ണൂരിലെ പുല്ലൂക്കരയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിനെ കൊലപ്പെടുത്തിയ സംഭവത്തെയും അദ്ദേഹം അപലപിച്ചു. സിപിഎം ഇടവേളയ്ക്കു ശേഷം വീണ്ടും കൊലക്കത്തിയെടുത്തത് ഞെട്ടൽ ഉളവാക്കുന്നവെന്ന് അദ്ദേഹം പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് പരാജയഭീതിയിലാണ്ട സിപിഎം തങ്ങളുടെ തുരുമ്പിച്ച രാഷ്ട്രീയ ആയുധം പുറത്തെടുക്കാനാണ് നീക്കമെങ്കിൽ ജനാധിപത്യ കേരളം ചെറുത്തുതോൽപ്പിക്കും. ഇതിനെതിരേ പൊലീസ് കർശന നടപടി എടുക്കണം. കണ്ണൂർ ഇടക്കാലത്ത് കൈവരിച്ച ശാന്തതയെ എല്ലാവരും സ്വാഗതം ചെയ്തതാണ്. അതിന് ഭംഗം വരുന്ന ഒരു നടപടിയും ഉണ്ടാകരുതെന്ന് സർക്കാർ ഉറപ്പാക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.