- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉമ്മൻ ചാണ്ടി നയിച്ചില്ലെങ്കിൽ നിയമസഭയിലും നേട്ടമുണ്ടാകില്ല; മധ്യ തിരുവിതാംകൂറിലെ കനത്ത തകർച്ചയ്ക്ക് കാരണം ജോസ് കെ മാണിയെ പിണക്കിയത്; ക്രൈസ്തവരെ അകറ്റിയാൽ യുഡിഎഫിന് ഭരണത്തിൽ എത്താൻ കഴിയില്ലെന്നും വിലയിരുത്തൽ; ചെന്നിത്തലയെ പിണക്കാതെ ഉമ്മൻ ചാണ്ടിക്ക് വേണ്ടി ലീഗും കുഞ്ഞാലിക്കുട്ടിയും വാദിക്കും; കോൺഗ്രസിൽ നേതൃമാറ്റത്തിന് ആർ എസ് പിയും
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യത്തെ മുസ്ലിം ലീഗ് പരോക്ഷമായി പിന്തുണച്ചേക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തോൽവിക്ക് കാരണം കോൺഗ്രസിന്റെ ദുർബലമായ സംഘടനാ സംവിധാനമാണെന്ന് കുറ്റപ്പെടുത്തി മുസ്ലിംലീഗ് രംഗത്ത് വരുന്നത് ഈ സാഹചര്യത്തിലാണ്. കെപിസിസിയെ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്നത് യുഡിഎഫിന് അനുകൂലമായ സാമുദായിക സമവാക്യത്തെ ബാധിക്കുമെന്നാണ് ലീഗ് വിലയിരുത്തൽ.
തോൽവിയുടെ ഉത്തരവാദിത്വം കോൺഗ്രസിനാണെന്ന നിലപാടിൽ മുന്നണിയിലെ മറ്റുഘടക കക്ഷികളും രംഗത്തെത്തിയതിന് പിന്നാലെയാണ് ലീഗിന്റെ അതൃപ്തി പരസ്യമാക്കുന്നത്. ഫലത്തിൽ ഇത് കെപിസിസിയ്‌ക്കെതിരായ കുറ്റപത്രമാണ്. ന്യൂനപക്ഷങ്ങളെ അടുപ്പിക്കുന്ന നേതൃത്വം കോൺഗ്രസിനുണ്ടാകണമെന്നാണ് ആവശ്യം. ഉമ്മൻ ചാണ്ടി നേതൃത്വത്തിൽ സജീവമാകണമെന്ന ആവശ്യം അവർ മുമ്പോട്ട് വച്ചേക്കും. കെപിസിസി അധ്യക്ഷനായി നിയമസഭാ തെരഞ്ഞെടുപ്പ പ്രചരണത്തിന്റെ ചുക്കാൻ ഉമ്മൻ ചാണ്ടി ഏറ്റെടുക്കണമെന്നാണ് ലീഗിന്റെ ആവശ്യം.
ഗ്രൂപ്പുകളാണ് കോൺഗ്രസിനെ മുമ്പോട്ട് കൊണ്ടു പോകുന്നത്. അതുകൊണ്ട് തന്നെ എ - ഐ ഗ്രൂപ്പിന് അതീതനായ വ്യക്തി കെപിസിസിയിൽ നിന്നാൽ അത് സംഘടനാ സംവിധാനത്തെ ബാധിക്കും. അണികളുള്ള ഗ്രൂപ്പുകാർ പ്രവർത്തനങ്ങളിൽ സഹകരിക്കില്ല. ഫണ്ട് പിരിവു പോലും മുടങ്ങും. ഇതെല്ലാം കോൺഗ്രസിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തദ്ദേശത്തിൽ നേതാക്കൾ തമ്മിലടിക്കുകയും ചെയ്തു. നയപരമായ കാര്യങ്ങളിൽ പോലും ഐക്യമുണ്ടായില്ല. ഇതാണ് തോൽവിക്ക് കാരണമെന്നാണ് ലീഗ് വിലയിരുത്തൽ. പ്രത്യക്ഷത്തിൽ നേതൃമാറ്റമെന്ന ആവശ്യം ലീഗ് ചർച്ചയാക്കില്ല. എന്നാൽ കോൺഗ്രസ് ഹൈക്കമാണ്ടിനെ അടക്കം കാര്യങ്ങൾ ബോധ്യപ്പെടുത്തും.
മുസ്ലിം ലീഗിന് തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ വലിയ മുന്നേറ്റം കാഴ്ചവെക്കാനായെങ്കിലും കോൺഗ്രസിന് അവരുടെ ശക്തികേന്ദ്രങ്ങളിൽ കാര്യമായ വോട്ടുചോർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇത് തടഞ്ഞുനിർത്താനുള്ള സംഘനാസംവിധാനം കോൺഗ്രസിനില്ല. തിരഞ്ഞെടുപ്പ് ഘട്ടത്തിലും കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയും തിരച്ചടിയായെന്നും ലീഗ് വിലയിരുത്തുന്നു. മധ്യകേരളത്തിൽ കോൺഗ്രസ് തകർന്നടിഞ്ഞു. ക്രൈസ്തവരിൽ വിശ്വാസം നഷ്ടപ്പെട്ടു. ഇത് തിരിച്ചുപിടിക്കാൻ ഉമ്മൻ ചാണ്ടിയുടെ മുൻനിരയിലെ സ്ഥാനം അനിവാര്യമാണെന്നും ലീഗ് കണക്കു കൂട്ടുന്നു.
തിരഞ്ഞെടുപ്പ് അവലോകനത്തിനായി തിരുവനന്തപുരത്ത് മുസ്ലിംലീഗ് നേതാക്കൾ യോഗം ചേർന്നു. പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, എം.കെ.മുനീർ, പി.വി.അബ്ദുൾ വഹാബ് തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. കേരളാ കോൺഗ്രസിനെ പിണക്കിയത് വലിയ വീഴ്ചയായി. ഇതാണ് തോൽവി കനത്തതാക്കിയത്. ഈ സാഹചര്യത്തിൽ ക്രൈസ്തവ വോട്ടുകൾ യുഡിഎഫിനോട് അടുപ്പിക്കാൻ അടിയന്തര ഇടപെടൽ വേണം. ഇതിന് ഉമ്മൻ ചാണ്ടി കൂടുതൽ സജീവമാകണമെന്നാണ് ലീഗിന്റെ ആവശ്യം. ഇക്കാര്യെല്ലാം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിക്കും.
തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിന്റെ പങ്ക് സംബന്ധിച്ച് ലീഗിന് കടുത്ത അതൃപ്തിയാണുള്ളത്. അതേ സമയം മുന്നാക്ക സംവരണ വിഷയത്തിൽ ലീഗ് എടുത്ത നിലപാട് മുന്നണിക്ക് തിരിച്ചടിയായിട്ടുണ്ടെന്ന നിലപാട് കോൺഗ്രസിനുമുണ്ട്. മുന്നോക്ക വോട്ടുകളെ യുഡിഎഫിൽ നിന്ന് ഇതുകാരണം അകറ്റിയെന്നാണ് കോൺഗ്രസിന്റെ നിലപാട്. ഇതിന്റെ പശ്ചാത്തലത്തിൽ വെൽഫയർ പാർട്ടിയുമായുള്ള ബന്ധം ഏത് രീതിയിൽ ബാധിച്ചുവെന്നും മുസ്ലിംലീഗും സ്വയം വിലയിരുത്തുന്നുണ്ട്.
ഇതിനിടെ കടുത്ത നിലപാടുമായി ആർഎസ്‌പിയും രംഗത്തെത്തി. മുന്നണിയിൽ ഈ രീതിയിൽ തുടരേണ്ടതില്ല എന്നതാണ് ആർഎസ്‌പിയിലെ പൊതുവികാരം. വിശ്വസ്തതയുള്ള നേതാക്കൾ കോൺഗ്രസിന്റെ മുൻനിരയിലേക്ക് വരണമെന്നാണ് ആർഎസ്‌പിയുടെ ആവശ്യം. ഇതും ഉമ്മൻ ചാണ്ടിക്ക് വേണ്ടിയുള്ള മുറവിളിയാണ്. എന്നാൽ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് ചെന്നിത്തലയെ മാറ്റണമെന്ന് ആരും ആവശ്യപ്പെടില്ല. ചെന്നിത്തലയെ മാറ്റുന്നത് മുന്നോക്ക വിഭാഗത്തെ പിണക്കുമെന്ന ചിന്തയും യുഡിഎഫ് ഘടകകക്ഷികൾക്കുണ്ട്.
കോൺഗ്രസിന്റെ സംഘടനാ ദൗർബല്യമാണ് മുസ്ലിം ലീഗിനെ പ്രതിസന്ധിയിലാക്കുന്നത്. കേരളാ കോൺഗ്രസ് യുഡിഎഫിൽ നിന്ന് പോയതോടെ മധ്യ കേരളത്തിൽ യുഡിഎഫ് തകർന്നുവെന്നാണ് ലീഗിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇനി യുഡിഎഫിൽ കൂടുതൽ ഇടപെടൽ നടത്താനാണ് ലീഗിന്റെ തീരുമാനം. കോൺഗ്രസിന് ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ കഴിയില്ല. ഞെട്ടിക്കാതെയും അമ്പരപ്പിക്കാതെയും മുസ്ലിം ലീഗ് ശക്തി കേന്ദ്രങ്ങളിൽ വിജയ കൊടി പാറിച്ചു. എന്നാൽ കോൺഗ്രസിന് മധ്യകേരളത്തിലും തെക്കൻ കേരളത്തിലും അടിതെറ്റി. ബിജെപിയുടെ മുന്നേറ്റവും കോൺഗ്രസിന്റെ വോട്ടുകുറച്ചു. തിരുവനന്തപുരത്തും കോട്ടയത്തും എറണാകുളത്തും തൃശൂരിലും ഇത് പ്രതിഫലിച്ചു. പാർട്ടി ശക്തികേന്ദ്രങ്ങളെല്ലാം ഈ തിരഞ്ഞെടുപ്പിലും ലീഗ് കോട്ടകെട്ടി കാത്തുവെന്നത് യുഡിഎഫിൽ ലീഗിന്റെ അപ്രമാദിത്തം ഊട്ടിയുറപ്പിക്കുകയുമാണ്. ഒരു വിവാദവും ലീഗിനെ ബാധിക്കുന്നില്ല. സീറ്റ് കൂടുകയും ചെയ്തു.
വെൽഫെയർ പാർട്ടി നീക്കുപോക്ക് വിവാദമായെങ്കിലും പ്രായോഗിക രാഷ്ട്രീയത്തിൽ അത് നേട്ടമായി. അതേസമയം, കോൺഗ്രസ് ഭരിച്ചിരുന്ന നിലമ്പൂർ നഗരസഭയിൽ സീറ്റുകൾ നഷ്പ്പെട്ടതാണ് ഏക കല്ലുകടി. ഇതിന് കാരണം കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കുകളാണ്. മലപ്പുറത്ത് കഴിഞ്ഞതവണ വെല്ലുവിളിയായി മാറിയ 'സാമ്പാർ മുന്നണി'കളെ പൊളിക്കാൻ കഴിഞ്ഞതാണ് ലീഗിന്റെ ഇത്തവണത്തെ നേട്ടം. 57 പഞ്ചായത്തിൽനിന്ന് 73 പഞ്ചായത്തിലേക്ക് യുഡിഎഫ് സാമ്രാജ്യം വികസിപ്പിച്ചു. 51 യുഡിഎഫും ആറെണ്ണം ലീഗ് ഒറ്റയ്ക്കും ഭരിച്ചവയാണ്.
മുസ്ലിം ലീഗിന്റെ ചുമതല എല്ലാ അർത്ഥത്തിലും പികെ കുഞ്ഞാലിക്കുട്ടിക്ക് പാർട്ടി അധ്യക്ഷൻ ഹൈദരാലി ശിഹാബ് തങ്ങൾ നൽകിയിരുന്നു. ഇതും ഫലം കണ്ടുവെന്നാണ് വിലയിരുത്തൽ. വിവിധ മുസ്ലിം ഗ്രൂപ്പുകളെ യുഡിഎഫിന് കീഴിൽ കുഞ്ഞാലിക്കുട്ടി അണിനിരത്തി. മുക്കം നഗരസഭയിൽ യുഡിഎഫ് വെൽഫെയർ പാർട്ടി നീക്കുപോക്കിനും എൽഡിഎഫിനും ലഭിച്ചത് 15 വീതം സീറ്റുകൾ. ജമാഅത്തെ ഇസ്ലാമിയുടെ ശക്തി കേന്ദ്രമായ കൊടിയത്തൂരിലും യുഡിഎഫ് നേട്ടമുണ്ടാക്കി. ഇതെല്ലാം കുഞ്ഞാലിക്കുട്ടിയുടെ തന്ത്രങ്ങളും മികവാണ്. കോൺഗ്രസ് ചില കല്ലുകടിയുണ്ടാക്കി. വെൽഫയർ പാർട്ടിയെ പരസ്യമായി തള്ളി പറഞ്ഞു. ഇതു സംഭവിച്ചില്ലായിരുന്നില്ലെങ്കിൽ ഇനിയും വോട്ട് കൂടുമായിരുന്നു.
മലപ്പുറത്തെ കൂട്ടിലങ്ങാടി പഞ്ചായത്തിലും വെൽഫെയർ കൂട്ടുകെട്ട് യുഡിഎഫിനെ തുണച്ചു. എന്നാൽ, കുറ്റ്യാടി മേഖലയിൽ പരീക്ഷണം കാര്യമായി ഏശിയില്ല. വയനാട്ടിലെ ലീഗ് കോട്ടകളും കരുത്തുകാട്ടി. കണ്ണൂർ, കാസർകോട് ജില്ലകളിൽ യുഡിഎഫിനെ താങ്ങിനിർത്തിയതു ലീഗാണ്. കാസർകോടിന്റെ ഗ്രാമീണമേഖലകളിൽ കമറുദ്ദീൻ പ്രശ്നം ചില വാർഡുകളെ ബാധിച്ചെങ്കിലും നഗരസഭകളിലടക്കം ലീഗ് കോട്ടകൾ കാക്കാൻ കഴിഞ്ഞു. ഇതും ആശ്വാസമാണ്. ഇതൊന്നും ഇല്ലായിരുന്നുവെങ്കിൽ കാസർകോടും കോൺഗ്രസ് മുന്നണി തകർന്നടിയുമായിരുന്നു. അതുകൊണ്ട് തന്നെ യുഡിഎഫിൽ കൂടുതൽ കരുത്ത് ലീഗിന് കൈവരും.
മറുനാടന് മലയാളി ബ്യൂറോ