പത്തനംതിട്ട: കെസി റോസക്കുട്ടിയുടെ രാജി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഡിസിസി ഓഫീസിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രശ്നം വന്നാൽ ചർച്ച ചെയ്ത് തിരുത്തണം. ഒന്നുകിൽ കോംപ്രമൈസ്, അല്ലെങ്കിൽ ഒരാൾ പിന്മാറണം. ഇതു പോലെ ഒന്നു രണ്ടു പ്രശ്നങ്ങൾ യുഡിഎഫിൽ തുടരുന്നുണ്ട്. അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. ചുരുക്കം ചിലതൊഴിച്ച് ബാക്കിയെല്ലാം പരിഹരിച്ച് നല്ല നിലയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. യുഡിഎഫിന് നല്ല ആത്മവിശ്വാസവും ലഭിച്ചു.

ഇപ്പോഴുള്ള സർവേ ഫലങ്ങൾ ബോധപൂർവം ഉണ്ടാക്കിയതാണ്. പിആർ ഏജൻസികളുടെ ഉപദേശം അനുസരിച്ചാണ് ഇത് മെനഞ്ഞിരിക്കുന്നത്. ജനപ്രീതി നേടിയവരെ മുന്നിൽ കൊണ്ടു വരുന്നതിന് പകരം ഏറ്റവും അവസാനമാക്കുക എന്ന തന്ത്രമാണ് അത്. ആളിനെ വിലയിടിച്ചു കാണിക്കണം. സർവേ ഫലങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകിയ റേറ്റിങ് നോക്കുക. അത് യാഥാർഥ്യ ബോധമുള്ളതാണോ? പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹം ഒരു പാട് ആരോപണങ്ങൾ ഉന്നയിച്ചു.

ആക്ഷേപങ്ങൾ ശരിയാണെന്ന് തെളിവു സഹിതം ചെന്നിത്തല തെളിയിച്ചു. റേറ്റിങ് കുറച്ചു കാണിച്ച് അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ ജനങ്ങൾ അംഗീകരിച്ചിട്ടില്ല എന്ന് വരുത്തുകയാണ് പിആർ ഏജൻസിയുടെ പുതിയ തന്ത്രം. നേരിട്ടു പറയാതെ മറച്ചു വച്ച് പറയുന്നു. ഇതൊന്നും ജനത്തിന് മുന്നിൽ വിലപ്പോകില്ല. സർവേ നടത്തിയവരോട് നന്ദിയാണുള്ളത്. യുഡിഎഫിലും കോൺഗ്രസിലും ആർക്കെങ്കിലും എന്തെങ്കിലും അസ്വസ്ഥത ഉണ്ടായെങ്കിൽ സർവേ ഫലത്തോടെ അതെല്ലാം മാറും. മാറി നിന്നവർ കൂടുതൽ ഊർജസ്വലതയോടെ യുഡിഎഫിന്റെ വിജയത്തിനായി രംഗത്തു വരും.

മാധ്യമ സ്വാതന്ത്ര്യത്തിന് പരിധിയില്ല. എന്നു കരുതി അതിന്റെ വിശ്വാസ്യത കാത്തു സൂക്ഷിക്കേണ്ടത് മാധ്യമങ്ങളാണ്. വാർത്തകളിലും അഭിപ്രായങ്ങളിലും ജനങ്ങൾക്ക് വിശ്വാസം വരണമെങ്കിൽ വിശ്വസനീയത ജനങ്ങൾക്കിടയിൽ നില നിർത്തണം. ചില കാര്യങ്ങളിലെ അത് കളഞ്ഞു കുളിക്കുന്നില്ലേ എന്നാണ് തന്റെ സംശയമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ജനങ്ങളുടെ മാനിഫെസ്റ്റോയാണ് യുഡിഎഫ് പ്രകടന പത്രികയാക്കി അവതരിപ്പിച്ചത്. സാധാരണ മുന്നണിയുടെ സബ് കമ്മറ്റികളാണ് മാനിഫെസ്റ്റോ തയാറാക്കി അവതരിപ്പിക്കുക. ഇക്കുറി ബെന്നി ബഹനാൻ എല്ലാ ജില്ലകളിലും പോയി ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞു. ശശി തരൂർ എംപി എല്ലാ വിഭാഗം ജനങ്ങളുമായി സംവദിച്ച് അവരുടെ ആശയം മനസിലാക്കി. ജനങ്ങളുടെ മാനിഫെസ്റ്റോ അവതരിപ്പിക്കാനുണ്ടായ സാഹചര്യം ഇതാണ്. ഏറ്റവും നല്ല സ്ഥാനാർത്ഥിപ്പട്ടിക, മാനിഫെസ്റ്റോ, നല്ല അന്തരീക്ഷം എന്നിവ ഉണ്ട്. യുഡിഎഫ് പ്രവർത്തനത്തിന് വലിയ ആവേശം ഉണ്ട്.

ഗവൺമെന്റിന് ആകെ രണ്ട് അനുകൂലഘടകമാണുള്ളത്. ഒന്ന് കിറ്റ്, രണ്ട് സാമൂഹിക പെൻഷൻ. രണ്ടിന്റെയും യാഥാർഥ്യം തിരിച്ചറിയണം. സൗജന്യ കിറ്റ് കൊടുക്കുന്നുവെങ്കിൽ അത് യുഡിഎഫ് നൽകിയ സൗജന്യ അരി നിർത്തലാക്കിയിട്ടാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ നൂറിന പരിപാടിയിൽ ആദ്യത്തേതായിരുന്നു ബിപിഎല്ലുകാർക്കുള്ള സൗജന്യ അരി. അഞ്ചു വർഷവും കൊടുത്തു. ഈ സർക്കാർ അവസാന ആറുമാസമാണ് എന്തെങ്കിലും ചെയ്യുന്നത്. യുഡിഎഫ് സൗജന്യമായി നൽകിയ കിലോ ഒന്നിന് രണ്ടു രൂപയ്ക്ക് ഈ സർക്കാർ വിതരണഗ ചെയ്തു.

ബിജെപിയുടെ പത്രിക തള്ളിയത് സിപിഎമ്മുമായുള്ള ധാരണ പ്രകാരമാണ്. ബിജെപിയുമായി ഒരിക്കലും കോൺഗ്രസ് കൂടിയിട്ടില്ല. പലപ്പോഴു സിപിഎം കൂടി. വിപി സിങിനെ പ്രധാനമന്ത്രിയാക്കിയത് ബിജെപിയും സിപിഎമ്മും ചേർന്നാണ്. കോൺഗ്രസ് രണ്ടു സീറ്റിലൊതുക്കിയ ബിജെപിയെ രാജ്യത്ത് ഭരണകക്ഷിയാക്കിയതിൽ സിപിഎമ്മിന് അടക്കം പങ്കുണ്ട്. നേമത്തെ സുരേന്ദ്രൻ പിള്ളയുടെ വെളിപ്പെടുത്തലിൽ വലിയ കാര്യമൊന്നുമില്ല. 2016 ൽ യുഡിഎഫ് സ്ഥാനാർത്ഥി ആകുന്നതിന് മുൻപും ശേഷവും അദ്ദേഹം ഇടതുപക്ഷമായിരുന്നു.

ശബരിമല വിഷയത്തിൽ യുഡിഎഫിന് എല്ലാ കാലത്തും ഒറ്റ അഭിപ്രായമേയുള്ളൂ. 2016 ഫെബ്രുവരിയിലാണ് സുപ്രീംകോടതിയിൽ ആചാര സംരക്ഷണം ആവശ്യപ്പെട്ട് യുഡിഎഫ് സർക്കാർ സത്യവാങ്മൂലം കൊടുത്തത്. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിധി യുഡിഎഫ് കൊടുത്ത സത്യവാങ്മൂലം അനുസരിച്ചായിരുന്നു. അത് അട്ടിമറിച്ചാണ് എൽഡിഎഫ് സത്യവാങ്മൂലം കൊടുത്തത്. സർക്കാർ അത് പിൻവലിക്കുന്നില്ലെങ്കിൽ ആചാര അനുഷ്ഠാനങ്ങളെ അനുസരിക്കില്ല എന്നുള്ളതിന് തെളിവാണ് എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.