- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വാർത്തകൾ വായിക്കുന്നത് പത്താം ക്ലാസ് വിദ്യാർത്ഥി'; സ്വന്തമായി ന്യൂസ് ചാനലുമായി ഊരുമ്പലം ശ്രീസരസ്വതി വിദ്യാലയ; അഫ്ഗാൻ യുദ്ധം മുതൽ സ്‌കൂളിലെ മൽസരങ്ങൾ വരെ വാർത്തകൾ; അരങ്ങത്തും അണിയറയിലും നേതൃത്വം നൽകുന്നതും സ്‌കൂൾ കുട്ടികൾ; കുട്ടിച്ചാനൽ ഹിറ്റാകുന്നു
തിരുവനന്തപുരം: 'വെൽക്കം ടു ശ്രീസരസ്വതിവിദ്യാലയം ഊരുട്ടമ്പലം ന്യൂസ് ബുള്ളറ്റിൻ. ഐ ആം ഹൃദ്യ, ടെൻത് സ്റ്റാൻഡേർഡ് സ്റ്റ്യുഡന്റ് ഓഫ് ദിസ് സ്‌കൂൾ' നല്ല വടിവൊത്ത ഇംഗ്ലീഷിൽ തപ്പലും തടയലുമില്ലാതെ മുതിർന്നൊരു മാധ്യമപ്രവർത്തകയെ പോലെ ഒരു വിദ്യാർത്ഥിനി അവതരിപ്പിക്കുന്ന ന്യൂസ് ബുള്ളറ്റിൻ കണ്ടാൽ അതൊരു കുട്ടിക്കളിയാണെന്ന് കരുതരുത്.
ഊരുട്ടമ്പലം ശ്രീസരസ്വതി വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ ന്യൂസ് ചാനലാണത്. വാർത്തകൾ വായിക്കുന്നത് മാത്രമല്ല ബുള്ളറ്റിനുകൾ ഷൂട്ട് ചെയ്യുന്നത് മുതൽ എഡിറ്റ് ചെയ്ത് പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്ന ദൗത്യം വരെ ഏറ്റെടുത്തിരിക്കുന്നതും സ്‌കൂൾ കുട്ടികളാണ്.
അധ്യായനം ക്ലാസ് മുറികളിൽ നിന്നും ഡിജിറ്റലായി മാറുകയും ദൃശ്യമാധ്യമങ്ങളുടെ പ്രാധാന്യം കുട്ടികളടക്കം തിരിച്ചറിയുകയും ചെയ്യുന്ന ഈ കാലഘട്ടത്തിലാണ് തിരുവനന്തപുരം മാറനല്ലൂരിലെ ഊരുട്ടമ്പലം ശ്രീസരസ്വതി വിദ്യാലയത്തിലെ വിദ്യാർത്ഥികൾ സ്വന്തമായൊരു ന്യൂസ് ചാനൽ ആരംഭിച്ച് അദ്ധ്യാപകരെയും രക്ഷകർത്താക്കളെയുമടക്കം അമ്പരപ്പിച്ചിരിക്കുന്നത്. ഈ കോവിഡ് കാലത്ത് അരങ്ങിലും അണിയറയിലും വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന ചാനൽ അനുദിനം ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.
സ്വന്തമായി യൂട്യൂബ് ചാനൽ നടത്തുകയും അതിലേയ്ക്ക് വേണ്ടി വീഡിയോ എഡിറ്റിങ് പഠിക്കുകയും ചെയ്ത പ്ലസ്ടൂ വിദ്യാർത്ഥികളായ കൃഷ്ണനുണ്ണിയും ശിവയുമാണ് ഈ വാർത്താചാനലിന് നേതൃത്വം നൽകുന്നത്. ഇവരുടെ വീഡിയോ എഡിറ്റിങ് കഴിവിനെ പറ്റി അറിഞ്ഞ പിൻസിപ്പാൾ എംടി ജയദേവനാണ് ഇത്തരമൊരു ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. ഇംഗ്ലീഷ് അദ്ധ്യാപികയും ക്ലാസ് ടീച്ചറുമായ ജിഷടീച്ചറും ആ ആശയത്തെ പിന്തുണച്ചതോടെ വിദ്യാർത്ഥികൾ ഈ ദൗത്യം ഏറ്റെടുത്ത് മുന്നോട്ടുവരുകയായിരുന്നു.
വിദ്യാർത്ഥികൾ ഓരോ ദിവസത്തേയും പ്രധാനവാർത്തകൾ തെരഞ്ഞെടുത്ത് പ്രിൻസിപ്പാളിനും ടീച്ചർക്കും അയച്ചുകൊടുക്കും. അതിൽ നിന്ന് അവർ തെരഞ്ഞെടുക്കുന്ന വാർത്തകൾ വായിക്കാനാകുന്ന രൂപത്തിലാക്കി വാർത്ത അവതരിപ്പിക്കുന്ന വിദ്യാർത്ഥിക്ക് വാട്സാപ്പിലൂടെ നൽകും. വിദ്യാർത്ഥി വീട്ടിൽവച്ച് വാർത്തകൾ വായിച്ച്, അത് മൊബൈൽ ഉപയോഗിച്ച് ഷൂട്ട് ചെയ്ത് എഡിറ്റർമാർക്ക് അയയ്ക്കും. ആ വീഡിയോ എഡിറ്റ് ചെയ്ത് സാങ്കേതികതികവോടെ ബുള്ളറ്റിനാക്കി മാറ്റുന്നത് കൃഷ്ണനുണ്ണിയും ശിവയുമാണ്.
അന്തർദേശീയ - ദേശീയ - സംസ്ഥാന - പ്രാദേശിക വാർത്തകൾ കൂടാതെ സ്‌കൂളിലെ വാർത്തകളും ഈ ബുള്ളറ്റിനുകളിൽ ഉൾപ്പെടുത്തുന്നുണ്ട്. വിദ്യാർത്ഥികളുടെ കഴിവുകൾ പൊതുസമൂഹത്തിലെത്തിക്കാനും ഈ വേദി അവർ ഉപയോഗിക്കുന്നു. കഴിഞ്ഞ സ്വാതന്ത്യദിനത്തിന്റെ തലേന്ന് ആരംഭിച്ച ന്യൂസ് ബുള്ളറ്റിനുകൾ 16 എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ്.
സ്‌കൂളിന്റെ യൂട്യൂബ് ചാനൽ വഴിയും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയുമാണ് ബുള്ളറ്റിൻ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നത്. അതിന് വേണ്ടിയുള്ള സാങ്കേതിക സഹായവുമായി സ്‌കൂൾ പിആർഒ അനൂപും രംഗത്തുണ്ട്. ഓരോ ദിവസവും ഓരോ വിദ്യാർത്ഥിയാണ് വാർത്ത അവതരിപ്പിക്കുന്നത്. കുട്ടികളുടെ ന്യൂസ് ബുള്ളറ്റിന് വലിയ കാഴ്‌ച്ചക്കാരാണുള്ളതെന്ന് സ്‌കൂൾ അധികൃതരും അറിയിച്ചു.