ജോണി ലൂക്കോസ് - 'ഞാന്‍ കേട്ട എറ്റവും നല്ല ഗോസിപ്പിനെക്കുറിച്ച്, ഒരു കഥയെക്കുറിച്ച് പറയട്ടെ. അത് മോഹന്‍ലാലിനൊപ്പം കഴിഞ്ഞ സ്ത്രീകളുടെ എണ്ണം, മൂവായിരം പിന്നിട്ടു എന്നായിരുന്നു. അതിന്റെ പേരില്‍ ഒരു ആഘോഷമുണ്ടായിരുന്നു. ഇത് കേട്ടിരുന്നോ താങ്കള്‍? "
മോഹന്‍ ലാല്‍ - ( ഒട്ടും പ്രകോപതിനാവാതെ, ഒട്ടും സംഭ്രമില്ലാതെ, ചിരിച്ചുകൊണ്ട് മറുപടി പറയുന്നു) അത് പക്ഷേ ശരിയല്ല, അതില്‍ കൂടുതല്‍ ഉണ്ടാവുമെന്നാണ്, ഞാന്‍ വിശ്വസിക്കുന്നത്. ഇരുവരും പൊട്ടിച്ചിരിക്കുന്നു.

7 വര്‍ഷംമുമ്പ് മനോരമന്യൂസിലെ ജോണി ലൂക്കോസുമായുള്ള അഭിമുഖത്തില്‍, ലാലേട്ടന്‍ പറഞ്ഞ മറുപടി, മാധവിക്കുട്ടിയുടെ 'എന്റെ കഥയെ'ക്കുറിച്ച് എം പി നാരായണപ്പിള്ള വിശേഷിപ്പിച്ചപോലെ 'സദാചാര മലയാളിയുടെ മുഖത്തേക്ക്, തീണ്ടാരിത്തുണികൊണ്ടുള്ള ഒരു ഏറായിരുന്നു'.

ഈ ലേഖകന്‍ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ കേട്ട നിറം പിടിപ്പിച്ച കഥകളില്‍ ഒന്നായിരുന്നു മോഹന്‍ലാലിന്റെ ലൈംഗികബന്ധങ്ങള്‍. ( 'അടുത്ത ജന്‍മത്തില്‍ ലാലേട്ടന്റെ ജനനേന്ദ്രിയമായി ജനിച്ചാല്‍ മതിയെന്ന് പ്രാര്‍ത്ഥിച്ചുവെന്ന്' പറഞ്ഞ കൂട്ടുകാര്‍പോലും അക്കാലത്തുണ്ടായിരുന്നു!) മമ്മൂട്ടി മര്യാദാപുരുഷോത്തമനും, പെട്ടി കുട്ടി മാമാട്ടി എന്ന നിലയില്‍ കുടുംബസ്ഥനുമായി ജീവിച്ചപ്പോള്‍, സിനിമക്ക് അകത്തും പുറത്തും, പ്ലേബോയി ഇമേജായിരുന്നു മോഹന്‍ലാലിന്.

എം കൃഷ്ണന്‍ നായര്‍ ഒരിക്കല്‍ എഴുതിയിരുന്നു. -'മലയാളി സ്ത്രീകളില്‍ പലരവും ഭര്‍ത്താവുമായി ബന്ധപ്പെടുമ്പോഴും, മാനസ മൈഥുനത്തില്‍ ഏര്‍പ്പെട്ടത്, ഈ മുനുഷ്യനുമായിട്ടായിരിക്കണമെന്ന്' ( സാഹിത്യ വാരഫലത്തിനിടെ അല്‍പ്പം ചൂടന്‍ സാധനങ്ങള്‍ ഇടുക കൃഷ്ണന്‍ നായരുടെ ഒരു സെല്ലിങ്് ട്രിക്കായിരുന്നു) പക്ഷേ ലാലേട്ടന്റെ ശരീരത്തെക്കുറിച്ചുവരെ പിന്നീട് പഠനങ്ങള്‍ വന്നു.

ശരാശരി മലയാളിയുടെ മനസ്സില്‍ അബോധമായി കിടക്കുന്ന ഫ്യൂഡല്‍ പുരുഷ സൗന്ദര്യത്തിന്റെ പ്രതീകമായ ആ താരശരീരത്തെക്കുറിച്ചും, മീശ പിരിയിലെയും മുണ്ടുമടക്കിക്കുത്തലിലെയും മോഹനതകളെക്കുറിച്ചുമൊക്കെ അക്കാദമിക്ക് പഠനങ്ങള്‍ പോലും പുറത്തിറങ്ങി.
താന്‍ മദ്യപിക്കുമെന്നത് മോഹന്‍ലാല്‍ രഹസ്യമായി വെക്കാറില്ല. ഇഷ്ടമുള്ള ഭക്ഷണം ആവോളം കഴിക്കാന്‍ മടി കാണിക്കാറില്ല. ഒന്നിനോടും വിരക്തിയും, വൈര്യാഗ്യവുമില്ലാത്തതുപോലെ, അനാവശ്യമായ ഉത്കണ്ഠയും, വിജയങ്ങളിലെ അമിത ആഘോഷമോ, പരാജയങ്ങളിലെ അമിത വിഷാദമോ ഒന്നുമില്ല. തനിക്കെതിരെ ഇത്രയേറെ വ്യക്തിഹത്യ നടത്തിയ ശ്രീനിവാസനെപ്പോലും അയാള്‍ കെട്ടിപ്പിടിക്കുന്നു. "എന്തിനാണ് വേണ്ടാത്ത കാര്യങ്ങള്‍ തലയിലേറ്റുന്നത്. ഞങ്ങള്‍ തമ്മില്‍ ചെയ്ത എത്രയോ നല്ല ചിത്രങ്ങള്‍ ഉണ്ട്. അതേക്കുറിച്ച് പറയു"-എന്ന് മാധ്യമങ്ങളോട് തിരുത്തുന്നു.

ഒരുകാര്യത്തിലും ഒരു പ്ലാനിങ്ങുമില്ല ലാലേട്ടന്. വീണേടം വിഷ്ണുലോകം. കിരീടത്തിലെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത്, തൊട്ടടുത്ത നിമിഷം വരെ കസേരയില്‍ ഇരുന്ന് തമാശ പറഞ്ഞശേഷം, ഇറങ്ങിപ്പോയി ഒറ്റ എടുപ്പാണെന്ന് പറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കും!
നായനാര്‍ക്ക് എന്തും പറയാനുള്ള ലൈസന്‍സ് കൊടുത്തതുപോലെ, ലാല്‍ എന്തു ഗോസിപ്പിലെ നായകനായാലും ആരും ഞെട്ടില്ല. ഒരിക്കല്‍ ഒരു താരനിശയുടെ വേദിയിലിരുന്ന് പരസ്യമായി സ്വയംഭോഗ ആക്ഷന്‍ മോഹന്‍ലാല്‍ കാണിച്ചതിന്റെ വീഡിയോ വൈറലായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന് തൊട്ടടുത്തിരിക്കുന്ന മമ്മൂട്ടി അടക്കമുള്ളവര്‍ ചിരിക്കയാണ്. അത് മറ്റാരെങ്കിലും കാണിച്ചിരുന്നെങ്കില്‍ മലയാളി കൊന്ന് കൊലിവിളിച്ചേനെ. ജോണി ലൂക്കോസ് ഈ മൂവായിരം ക്ലബിന്റെ കാര്യം മറ്റേതെങ്കിലും നടനോട് ചോദിച്ചിരുന്നെങ്കിലുള്ള അവസ്ഥ എന്താവുമായിരുന്നു?

പറഞ്ഞുവരുന്നത് ഇത്രയേ ഉള്ളൂ. എന്നും ശരാശരി മലയാളിക്ക് എതിരെയായിരുന്നു ലാലേട്ടന്റെ ജീവിതം. ഒരാളെക്കുറിച്ചും കുറ്റം പറയാതെ, ഒരിടത്തും ടോക്സിസിറ്റി പരത്താതെ , തനിക്കഷ്ടമുള്ള ഭക്ഷണം കഴിച്ചും, ഇഷ്ടമുള്ള വേഷങ്ങള്‍ അഭിനയിച്ചും, ഉഭയസമ്മതമുള്ള സ്ത്രീകളുമായി പ്രണയലീലയില്‍ ഏര്‍പ്പെട്ടും, തന്റെ ജീവിതത്തിന്റെ അറുപതുശതമാനവും അദ്ദേഹം മനോഹരമായി ആടിത്തീര്‍ത്തു.
മലയാളത്തിലെ ജീവിച്ചിരിക്കുന്ന ശ്രീകൃഷ്ണ ജന്‍മം കൂടിയാണ് ലാലേട്ടന്‍. മിത്തും യാര്‍ഥാര്‍ത്ഥ്യവും കുടിക്കലര്‍ന്ന രതി ജീവിതമാണ് അയാളുടേത്. അത് ഒരു വഷളന്‍ ലൈംഗിക പീഡകന്റെതല്ല. ലാലേട്ടന്‍ ഭാര്യയോട് ഫോണില്‍ സംസാരിക്കുന്നത് ഈയിടെ കേട്ട ഒരു സംവിധായകന്‍ പറഞ്ഞത്, 'ഇന്നലെ വിവാഹം കഴിച്ചവരാണ് ഇവര്‍ എന്ന് തോന്നിപ്പോവുമെന്നാണ്'. അത്രമാത്രം പ്രണയം, അത്രമാത്രം കരുതല്‍. പതിനാറായിരത്തെട്ട് കാമുകിമാര്‍ക്കും ഒരുപോലെ പ്രാപ്യനായ, ഒരു മിത്തിക്കല്‍ ജന്‍മം!

അയാളുടെ രതി നിങ്ങള്‍ ചെയ്യുന്ന ഈ സെക്സല്ല. ഇത്രകാലത്തിനിടിയില്‍ ഒരു മീ ടു ആരോപണം പോലും, ചെരിഞ്ഞ് കിടക്കുന്ന ലോകത്തിലെ ഈ രണ്ടാമത്തെ അത്്ഭുതത്തിന്റെ പേരിലുണ്ടായിട്ടില്ല. ഇപ്പോള്‍ ഹേമകമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഉറഞ്ഞുതുള്ളുന്നവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ക്ക് മോഹന്‍ലാലിനെ അറിയില്ല.

ചരുങ്ങിയ പരിചയംവെച്ച് എനിക്ക് പറയാന്‍ കഴിയും, അയാള്‍ ഒരു പീഡകനും, കോക്കസ് നായകനുമല്ല. ചാണകവും, സംഘിയുമല്ല.
ഒരു കള്ളിയിലും പെടാത്ത ഒരു അവധൂത ജന്‍മമാണ്. അയാളെ അയാളുടെ പാട്ടിന് വിടുക!
എം റിജു