ജീപ്പ് സഫാരിയും അപകടങ്ങളും

വാഹന അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ ഇടുക്കി ജില്ലയില്‍ ജീപ്പ് സഫാരി നിരോധിച്ചു എന്ന വാര്‍ത്ത വരുന്നു. വാര്‍ത്ത ശരിയാണോ എന്നറിയില്ല. വാര്‍ത്ത ശരിയാണെങ്കില്‍ തെറ്റായ തീരുമാനമാണ്.

സുരക്ഷയെപ്പറ്റി 'ഈ നെട്ടൂരാന്‍ വിളിച്ച അത്രയും മുദ്രാവാക്യമൊന്നും' കേരളത്തില്‍ ആരും വിളിച്ചിട്ടുണ്ടാകില്ല. അതുകൊണ്ടുതന്നെ സുരക്ഷയുടെ പേരില്‍ ഒരു നിരോധനം നടക്കുമ്പോള്‍ ഞാന്‍ പിന്തുണക്കുകയല്ലേ വേണ്ടത്? അല്ല. ജീപ്പ് സഫാരിയിലെ അപകടങ്ങളും റോഡ് അപകടങ്ങളും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നത് voluntary risk, adventure sports എന്നീ രണ്ടു വിഷയങ്ങള്‍ അടിസ്ഥാനപരമായി മനസ്സിലാക്കാത്തതുകൊണ്ടാണ്.

ഉദാഹരണത്തിന് നമ്മള്‍ നമ്മുടെ വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ ഒരു ആന വന്നു നമ്മളെ ആക്രമിച്ചാല്‍ അത് നമ്മള്‍ അറിഞ്ഞു തിരഞ്ഞെടുത്ത അപകടസാധ്യതയല്ല. പക്ഷെ നമ്മള്‍ മസായ്മാരയില്‍ അനിമല്‍ സഫാരിക്ക് പോകുമ്പോള്‍ നമ്മളെ സിംഹം ആക്രമിച്ചാല്‍ അത് നമ്മള്‍ തിരഞ്ഞെടുത്ത റിസ്‌ക് ആണ്. അല്പം റിസ്‌ക് ഉള്ളതു കൊണ്ടാണ് അനിമല്‍ സഫാരി നമുക്ക് ഇഷ്ടപ്പെടുന്നത്, അല്ലെങ്കില്‍ മൃഗശാലയില്‍ പോയി കൂട്ടിലിട്ട സിംഹത്തെ കണ്ടാല്‍ മതിയല്ലോ.

ഇതുപോലെയാണ് ജീപ്പ് സഫാരിയും. ഇതൊരു adventure sports അല്ലെങ്കില്‍ സാഹസിക കായിക വിനോദമാണ്. അതുകൊണ്ടുതന്നെ അതില്‍ കുറച്ച് റിസ്‌ക് ഉണ്ട്. ഈ റിസ്‌ക് നല്‍കുന്ന ഊര്‍ജ്ജമാണ് (അഡ്രിനാലിന്‍ റഷ്) ജീപ്പ് സഫാരിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ഒരു വര്‍ഷം അഞ്ചുമുതല്‍ പത്തുവരെ ആളുകളാണ് എവറസ്റ്റ് കൊടുമുടി കയറാന്‍ ശ്രമിക്കുമ്പോള്‍ മരിക്കുന്നത്. എന്നിട്ടും ആരും എവറസ്റ്റ് കയറ്റം നിരോധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അപകട സാധ്യതയുള്ളതുകൊണ്ട് ജീപ്പ് സഫാരി നിരോധിക്കുന്നത് തെറ്റായ തീരുമാനമാണ്.

വാസ്തവത്തില്‍ adventure sports ഇനങ്ങളില്‍ താരതമ്യേന റിസ്‌ക് കുറഞ്ഞ ഐറ്റമാണ് ജീപ്പ് സഫാരി. പാരാഗ്ലൈഡിംഗ്, റോക്ക് ക്ലൈംബിംഗ്, കയാക്കിംഗ് ഇതിലൊക്കെ സ്ഥിതിവിവരക്കണക്ക് പ്രകാരം കൂടുതല്‍ റിസ്‌ക് ഉണ്ട്. ഇനി അതും നിരോധിക്കുമോ?

പൊതുവെ അപകടസാധ്യതകാരണം നാലാളുകൂടുന്ന ഉത്സവത്തിന് പോലും പോകാത്ത ഞാന്‍ ഒരിക്കല്‍ പാരാഗ്ലൈഡിംഗിന് പോയി. റിസ്‌ക് ഇല്ലാത്തതുകൊണ്ടോ ഉണ്ടെന്ന് അറിയാത്തത് കൊണ്ടോ അല്ല. മറിച്ച് അത് ഞാന്‍ തീരുമാനിച്ചെടുക്കുന്ന റിസക് ആണ്. അതുവേണ്ട എന്നു പറയുന്നത് സര്‍ക്കാരിന്റെ ജോലിയല്ല.

പക്ഷെ ജീപ്പ് സഫാരി മൂലം ഓരോ വര്‍ഷവും ഇടുക്കിയില്‍ അനവധി ടൂറിസ്റ്റുകള്‍ മരിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരിന് ചെയ്യാവുന്നതും സര്‍ക്കാര്‍ ചെയ്യേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്.

1. സഫാരിക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ തീരുമാനിച്ച ഗുണമേന്മ ഉണ്ടെന്ന് ഉറപ്പു വരുത്തുക.

2. പണം വാങ്ങി ടൂറിസ്റ്റുകളെ കയറ്റി നടത്തുന്ന ടൂറിസ്റ്റ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുക. ഇത്തരം പരിശീലനം ലഭിച്ചവര്‍ മാത്രമേ ടൂറിസ്റ്റുകളെ കയറ്റി സഫാരി നടത്താവൂ എന്ന് നിര്‍ബന്ധമാക്കുക.

3. സഫാരി ഡ്രൈവര്‍മാര്‍ക്ക് പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കുക.

4. ജില്ലയില്‍ ഒരു എമര്‍ജന്‍സി ഹെലികോപ്റ്റര്‍ സര്‍വീസ് തുടങ്ങുക.

5. ജീപ്പ് സഫാരിക്ക് വരുന്നവര്‍ക്ക് ആ സമയത്തേക്ക് മാത്രം പരിരക്ഷ നല്‍കുന്ന ഒരു ഇന്‍ഷുറന്‍സ് തുടങ്ങാന്‍ ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെടുക. സ്വിറ്റ്സര്‍ലന്‍ഡില്‍ പാരാഗ്ലൈഡിംഗിന് കയറുന്നതിന് മുന്‍പ് ഞാന്‍ 'റിസ്‌ക് മനസ്സിലാക്കുന്നു' എന്നൊരു ഫോം ഒപ്പിടണം. പത്തു ഫ്രാങ്കിന്. ഒരു ലക്ഷം ഫ്രാങ്കിന്റെ ഇന്‍ഷുറന്‍സ് എടുക്കുകയും വേണം.

6. കേരളത്തിലെ സാധാരണ റോഡുകളില്‍ പോകുന്നതിലുപരിയായ റിസ്‌ക് ഇടുക്കിയിലെ ജീപ്പ് സഫാരിയില്‍ ഉണ്ടെന്ന് കഴിഞ്ഞ പല വര്‍ഷങ്ങളിലെ കണക്കനുസരിച്ച് വ്യക്തമാണെങ്കില്‍ അക്കാര്യം സൂചിപ്പിച്ച് ടൂറിസ്റ്റുകളില്‍ അവബോധം വളര്‍ത്തുക. ഇതൊക്കെയാണ് ശരിയായി ചെയ്യേണ്ട കാര്യങ്ങള്‍. ഒന്നോ രണ്ടോ അപകടമുണ്ടാകുമ്പോള്‍ ആ പരിപാടി നിരോധിക്കുന്നത് എളുപ്പവഴിയില്‍ ക്രിയ ചെയ്യലാണ്, ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറലാണ്. ഇത് ടൂറിസത്തിന്റെ നട്ടെല്ല് ഒടിക്കും, അഴിമതി കൂട്ടുകയും ചെയ്യും.

തീരുമാനം പുനഃപരിശോധിക്കുമെന്ന് ആഗ്രഹിക്കുന്നു, വിശ്വസിക്കുന്നു.

മുരളി തുമ്മാരുകുടി