- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ മനസ്സില്‍ വേറെ ഒരാളെ സങ്കല്‍പ്പിക്കുന്ന ആണും പെണ്ണും ഉള്‍പ്പെടയുള്ള ആളുകളുമുണ്ട്; അതും അവിഹിതമല്ലേ? അവിഹിതത്തിന്റെ രസതന്ത്രം: ബ്ലോഗര്‍ നാസര്‍ ഹുസൈന്‍ കിഴക്കേടത്തിന്റെ കുറിപ്പ്
അവിഹിതത്തിന്റെ രസതന്ത്രം: ബ്ലോഗര്‍ നാസര്‍ ഹുസൈന്‍ കിഴക്കേടത്തിന്റെ കുറിപ്പ്
തിരുവനന്തപുരം: അമേരിക്കയിലെ ബോസ്റ്റണില്‍ ബുധനാഴ്ച നടന്ന കോള്‍ഡ് പ്ലേയുടെ സംഗീതപരിപാടിക്കിടെ 'ആസ്ട്രോണമറിന്റെ' സിഇഒ ആന്‍ഡി ബൈറണും സഹപ്രവര്‍ത്തക ക്രിസ്റ്റിന്‍ കാബോട്ടും കെട്ടിപ്പിടിച്ച് നൃത്തംചെയ്തുകൊണ്ട് പരിപാടി ആസ്വദിക്കുന്നത് ലൈവ് ക്യാമറയില്‍ പതിഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. തങ്ങളുടെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇരുവരും പിടിവിട്ട് ഓടിയൊളിക്കുന്ന ദൃശ്യം ഞൊടിയിടയില്‍ വൈറലായി മാറി. വിവാഹിതരായ ഇരുവരുടെയും അവിഹിതം നാട്ടുകാരറിഞ്ഞതാണ് കാര്യങ്ങളെ തകിടം മറിച്ചത്. തമാശയ്ക്കുവേണ്ടി ആരാധകര്‍ക്കിടയില്‍ നടത്തിയ കിസ് കാം ഗെയിമാണ് ബൈറണും സഹപ്രവര്‍ത്തകയ്ക്കും പണിയായത്.എന്തായാലും അവിഹിതത്തിന്റെ രസതന്ത്രത്തെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച.
ആളുകളുടെ കമന്റുകള്‍ കണ്ടാല്‍ ആദ്യമായാണ് ഒരാള്‍ അവിഹിതം ചെയ്യുന്നതെന്ന് തോന്നും, ബാക്കി എല്ലാവരും പാവങ്ങളാണെന്നും എന്നുകുറിക്കുന്നു ബ്ലോഗറായ നാസര്‍ ഹുസൈന്‍ കിഴക്കേടത്ത്. ' സ്വന്തം പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ മനസ്സില്‍ വേറെ ഒരാളെ സങ്കലിപ്പിക്കുന്ന ആണും പെണ്ണും ഉള്‍പ്പെടയുള്ള ആളുകളുമുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ അതും അവിഹിതമാണ്, ആരും അറിയുന്നില്ല എന്നെ ഉള്ളൂ.'- നാസര്‍ കുറിച്ചു.
നാസര്‍ ഹുസൈന്‍ കിഴക്കേടത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
അവിഹിതത്തിന്റെ രസതന്ത്രം...
അമേരിക്കയിലെ ഒരു കമ്പനി സിഇഒ യുടെ അവിഹിതം, ഒരു മ്യൂസിക്ക് പ്രോഗ്രാമിന്റെ ഇടക്ക് പിടിക്കപ്പെട്ടതാണ് ഇപ്പോള്‍ ഇവിടെയുള്ള പത്രങ്ങളിലെ പ്രധാന വിഷയം. ആളുകളുടെ കമന്റുകള്‍ കണ്ടാല്‍ ആദ്യമായാണ് ഒരാള്‍ അവിഹിതം ചെയ്യുന്നതെന്ന് തോന്നും, ബാക്കി എല്ലാവരും പാവങ്ങളാണെന്നും.
യഥാര്‍ത്ഥത്തില്‍ അവിഹിതമല്ല, മറിച്ച് ദീര്‍ഘകാലം നമ്മള്‍ സന്തോഷമെന്ന് പുറത്ത് നടിച്ച് കൊണ്ടുനടക്കുന്ന വിവാഹ ബന്ധങ്ങളാണ് തെറ്റെന്നാണ് എനിക്ക് തോന്നുന്നത്. ഭൂരിഭാഗം വിവാഹ ബന്ധങ്ങളും നിശബ്ദമായ ഡൈവോഴ്സുകള്‍ നടന്നു കഴിഞ്ഞവയാണ്. അവര്‍ ഒരുമിച്ച് താമസിക്കുകയും കുട്ടികളെ നോക്കുകയും, പുറത്തുള്ളവരെ കാണിക്കാന്‍ വേണ്ടി ജന്മദിന ആശംസകള്‍ ഇടുകയുമൊക്കെ ചെയ്യുമെങ്കിലും കിടപ്പറയില്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നുറങ്ങുന്നവരും, പരസപരം സംസാരിക്കാനുള്ള വിഷയങ്ങള്‍ വരണ്ടുപോയവരും ആയിരിക്കും.
എല്ലാവരും അങ്ങനെയാണെന്നല്ല ഞാന്‍ പറയുന്നത്, പക്ഷെ ഇരുപത് മുപ്പത് വര്‍ഷങ്ങള്‍ പ്രണയത്തോടെ ജീവിക്കുന്നവരുടെ ഇടയില്‍ യാഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നത് സൗഹൃദമായിരിക്കും. അവര്‍ വിവാഹത്തിന് മുന്‍പോ പിമ്പോ നല്ല സുഹൃത്തുക്കള്‍ ആയി മാറിയവര്‍ ആയിരിക്കും. പ്രണയത്തിന് മാത്രം ഒരു ബന്ധം ദീര്‍ഘനാള്‍ കൊണ്ടുപോകാന്‍ പറ്റില്ല, അതങ്ങനെയല്ല ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ളത്. പലപ്പോഴും അവിഹിതം സെക്സിന് വേണ്ടി മാത്രമാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. കുറെ കൂടി സങ്കീര്‍ണമായ കാരണങ്ങളാണ് യാഥാര്‍ത്ഥത്തില്‍ അവിഹിതങ്ങളുടെ പിറകിലുള്ളത്, ലൈംഗികത പലപ്പോഴും അവിഹിതത്തിന്റെ ഒരു സൈഡ് എഫ്ഫക്റ്റ് മാത്രമാണ്.
പരിണാമപരമായി എല്ലാ മനുഷ്യരും ജീവിതകാലം മുഴുവന്‍ ഒരേ പങ്കാളികളുടെ കൂടെ കഴിയാന്‍ വേണ്ടി ഉണ്ടാക്കപെട്ടവരല്ല. പുരുഷന്മാര്‍ക്ക് കുട്ടികളെ നോക്കേണ്ട അധിക ചുമതല ഇല്ലാതിരുന്ന കാലത്ത് ലോകം മുഴുവന്‍ തന്റെ വിത്ത് വിതക്കാനുള്ള നെട്ടോട്ടത്തില്‍ പല പങ്കാളികള്‍ ഉണ്ടായിരുന്നവരാണ് പുരുഷന്മാര്‍. ഏറ്റവും നല്ല ബീജം വേണമെന്നത് കൊണ്ട് പല പങ്കാളികളുമായി ബന്ധപെട്ടവരാണ് സ്ത്രീകളും. കുട്ടി ജനിച്ച് അവര്‍ സ്വന്തം കാലില്‍ നില്‍ക്കുന്നത് വരെ മാത്രം പുരുഷനും സ്ത്രീയും കുട്ടികളെ നോക്കുകയും അതിന് ശേഷം മറ്റൊരു പങ്കാളിയെ തേടി പോവുകയും ചെയ്യുന്ന ഒരു സിസ്റ്റത്തില്‍ നിന്ന് പ്രണയം, ലൈംഗികത , സ്‌നേഹം, കുട്ടികള്‍ എന്നിങ്ങനെ എല്ലാം കൂടി ജീവിതകാലം മുഴുവന്‍ ഒരേ ഒരു പങ്കാളി ഉള്ള കല്യാണം എന്ന ഒറ്റ പാക്കേജിലേക്ക് മാറിയിട്ട്, മനുഷ്യ ചരിത്രവുമായി തട്ടിച്ച് നോക്കുമ്പോള്‍, അധികം നാളായിട്ടില്ല.
ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ നിലവില്‍ വന്നതില്‍ പിന്നെ ഗര്‍ഭം ഉണ്ടാകാതെയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം എന്നതുകൊണ്ട് സ്ത്രീകള്‍ക്കും ഇപ്പോള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള പുരുഷന്മാരുമായി ടെന്‍ഷന്‍ ഇല്ലാതെ ലൈംഗിക ബന്ധം പുലര്‍ത്താം. ഒരേ പങ്കാളിയുമായുള്ള ദീര്‍ഘ കാല ദാമ്പത്യങ്ങളില്‍ ലൈംഗിക ബന്ധങ്ങള്‍ വരണ്ടുപോകുന്നത് സ്വാഭാവികമായ കാര്യമാണ്, കാരണം കുട്ടികളെ ഉണ്ടാക്കുക എന്ന പ്രകൃതിയുടെ നിയമം പാലിച്ചു കഴിഞ്ഞാല്‍ പിന്നെ ഈ ബന്ധം തുടരാനുള്ള ഹോര്‍മോണുകള്‍ ഒന്നും ശരീരം പുറപ്പെടുവിക്കേണ്ട കാര്യമില്ല.
ഇതിന്റെ അര്‍ഥം എല്ലാവരും കുറെ പങ്കാളികളുമായി ഒരേ സമയത്ത് ബന്ധപ്പെടുന്നു എന്നല്ല, മറിച്ച് ഒരു സമയത്ത് ഒരു പങ്കാളിയും, അതിന് ശേഷം മറ്റൊരു പങ്കാളിയും എന്ന പോലെ സീരിയല്‍ മോണോഗമി കൊണ്ടുനടക്കുന്നവരും, ഒരേ സമയത്ത് പല പ്രണയബന്ധങ്ങള്‍ ഉള്ള പൊളി അമോറസ് ആയ ആളുകളുമുണ്ട്. ഇതെല്ലാം സ്വാഭാവികമായി കാണുന്ന ഒരു സമൂഹം ഉണ്ടായിവരണം.
എന്നിട്ടും ഭൂരിഭാഗം ആളുകളും ഒരേ കുടുംബത്തില്‍ തന്നെ കഴിയാനുള്ള കാരണം ആധുനിക സമൂഹങ്ങളില്‍ കുട്ടികള്‍ വളര്‍ത്തിയെടുക്കാന്‍ ദീഘകാലം എടുക്കും എന്നതും, ആളുകള്‍ എന്ത് പറയും എന്നുളള സദാചാര ബോധവും കൊണ്ടാണ്. തന്റെ ഇണ വേറെ ഒരാളെ തേടി പോയാല്‍ അത് സ്വാഭാവികമായ പ്രക്രിയ ആയിട്ടല്ല, മറിച്ച് തന്റെ എന്തോ കുറവുകൊണ്ടാണ് എന്ന് കരുതുന്ന പൊതുബോധമാണ് ഇന്നത്തെ സോഷ്യല്‍ കണ്ടിഷനിംഗ് കൊണ്ട് നിലവിലുള്ളത്. അതുകൊണ്ടു തന്നെ സ്വന്തം പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ മനസ്സില്‍ വേറെ ഒരാളെ സങ്കലിപ്പിക്കുന്ന ആണും പെണ്ണും ഉള്‍പ്പെടയുള്ള ആളുകളുമുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ അതും അവിഹിതമാണ്, ആരും അറിയുന്നില്ല എന്നെ ഉള്ളൂ.
പെണ്ണുങ്ങളെ നമ്മുടെ സദാചാരത്തിന്റെ കാവല്‍ക്കാരായി നിര്‍ത്തിയിരിക്കുന്നത് കൊണ്ട് പലപ്പോഴും സ്ത്രീകള്‍ അവിഹിതത്തിനെ കുറിച്ച് ചിന്തിക്കുന്നത് തന്നെ പാപമായി കരുതുന്നവരായിരിക്കും. സെക്‌സ് തന്നെ പാപമാണെന്ന് കരുതുന്ന ഒരു സമൂഹമാണ് നമ്മുടേത്, പിന്നെയാണ് അവിഹിതം. ആണുങ്ങള്‍ പ്രണയം നടിച്ച് സെക്‌സ് നേടുകയും, സ്ത്രീകള്‍ സെക്‌സ് കൊടുത്ത് പ്രണയം നേടുകയും ചെയ്യുന്നവരാണെന്ന് ചിലരെങ്കിലും പറയുന്നത് നമ്മുടെ ഇപ്പോഴുള്ള സോഷ്യല്‍ കണ്ടിഷനിങ് കൊണ്ടായിരിക്കണം.
ലൈംഗികത പലപ്പോഴും അവിഹിതത്തിന്റെ ഒരു സൈഡ് എഫക്റ്റ് മാത്രമാണ്. ആളുകള്‍ വേറെ ബന്ധങ്ങള്‍ തേടി പോകാനുള്ള പ്രധാന കാരണം മാനസിക ബന്ധങ്ങളാണ്. സ്വന്തം പങ്കാളി തരാത്ത സ്‌പേസ്, കരുതല്‍, സ്‌നേഹം, നമ്മളെ നമ്മളായി പൂര്‍ണമായുള്ള മനസ്സിലാക്കല്‍ ഒക്കെ വേറൊരു സ്ഥലത്തു നിന്ന് കിട്ടുമ്പോഴാണ് ആളുകള്‍ മറ്റൊരു ഇടം തേടി പോകുന്നത്. കുട്ടികള്‍ ഉള്ളത് കൊണ്ടോ, ആളുകള്‍ എന്ത് പറയും എന്ന വിചാരം കൊണ്ടോ സ്വന്തം പങ്കാളിയെ ഉപേക്ഷിച്ചു പോകുന്നില്ല എന്നെ ഉള്ളൂ.
പലരുടെയും ബെഡ് റൂമുകള്‍ മരണം നടന്ന വീടുകളെ പോലെ മൗനം നിറഞ്ഞവയാണ്. ഒരേ ബെഡില്‍ കിടക്കുന്നു എന്നെ ഉള്ളൂ. ബന്ധം തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്ന ഊഷ്മളതയൊക്കെ പണ്ടേ പോയിക്കാണും. ഈ മാറ്റം പക്ഷെ വളരെ പതുക്കെ നടക്കുന്ന ഒന്നായത് കൊണ്ട്, പലര്‍ക്കും എങ്ങിനെ എപ്പോള്‍ ഈ മാറ്റം സംഭവിച്ചു എന്ന് പറയാനും കഴിയില്ല. അങ്ങിനെയുള്ള ഒരു ബന്ധത്തില്‍ നിന്നുള്ള രക്ഷപെടല്‍ കൂടിയാണ് അവിഹിതം.
അവിഹിതത്തിന്റെ മറ്റൊരു കാരണം മനുഷ്യര്‍ മാറുന്നതാണ്. നമ്മുടെ പേഴ്സണാലിറ്റി, ലൈംഗിക താല്പര്യങ്ങള്‍ ഒക്കെ കാലം കഴിയുന്തോറും മാറും. നമ്മുടെ പങ്കാളികള്‍ അതെ പോലെ തന്നെ മാറണം എന്നില്ല. ഇത്തരം മാറ്റങ്ങള്‍ ആദ്യം വളരെ നന്നായിരുന്ന ബന്ധങ്ങള്‍ തകരാന്‍ കാരണമാകാം. ഒരാളുടെ ലൈംഗിക താല്പര്യങ്ങള്‍ തന്റെ പങ്കാളിയില്‍ നിന്ന് വളരെയധികം വ്യത്യാസപ്പെട്ടിരുന്നാല്‍ അതുകൊണ്ടും അവിഹിതം സംഭവിക്കാം. ലൈംഗിക കാരണങ്ങള്‍ കൂടാതെ കുട്ടികാലത്തെ ട്രോമ, നാര്‍സിസം പോലുള്ള പങ്കാളികളുടെ വ്യക്തിത്വ പ്രശ്‌നങ്ങള്‍ കുറെ കാര്യങ്ങള്‍ അവിഹിതത്തിന്റെ കാരണങ്ങളായി വരാം.
ഇത്രയും പറഞ്ഞത് കൊണ്ട് ഒരു പ്രശ്‌നവും ഇല്ലാത്ത, അവളരെ നിസാരമായി കാണാവുന്ന ഒന്നാണ് അവിഹിതമെന്ന തെറ്റിദ്ധരിക്കരുത്. ഇന്നത്തെ സമൂഹത്തില്‍ ജനിച്ച് വളര്‍ന്ന, വിവാഹം ഒരേ പങ്കാളിയുമായി മരണം വരെയുള്ള ഒരു കോണ്‍ട്രാക്ട് ആണെന്ന് വിശ്വസിക്കുന്ന, പൂര്‍ണമായും തന്റേത് മാത്രമെന്ന് കരുതുന്ന പങ്കാളി താന്‍ അല്ലാതെ വേറൊരാളെ തേടി പോയി എന്നത് ,ആളുകള്‍ക്ക് ഒരു ലൈഫ് ലോങ്ങ് ഷോക്ക് ആയിരിക്കും കൊടുക്കുക. ഒരിക്കല്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ അത് തിരികെ പിടിക്കാനും ഒരു മാര്‍ഗവും ഉണ്ടാകില്ല.
അവിഹിതം ഉണ്ടാകുന്നതിന് മുന്നേ തന്നെ പ്രശ്‌നങ്ങള്‍ തുറന്നു സംസാരിക്കാന്‍ പറ്റിയ, സോള്‍വ് ചെയ്യാന്‍ കഴിയ്യാത്ത പ്രശ്‌നങ്ങള്‍ ആണെങ്കില്‍ പിരിയാന്‍, അല്ലെങ്കില്‍ ബന്ധം കൂടുതല്‍ ദൃഢമാക്കാനുള്ള നടപടികള്‍ എടുക്കാനൊക്കെ ഉള്ള ബന്ധങ്ങള്‍ അപൂര്‍വം ചിലരുടെ ഇടയിലെങ്കിലുമുണ്ട്.
ഒരിക്കല്‍ കൂടി പറയുന്നു, ഇത് എല്ലവരുടെയും കാര്യമല്ല, ദീര്ഘകാലം സ്‌നേഹത്തോടെ കഴിയുന്നവരുണ്ട്. അവര്‍ക്കിടയില്‍ നല്ല, എന്തും പറയാവുന്ന സൗഹൃദങ്ങള്‍ ഉണ്ട്, തങ്ങളുടെ ബന്ധം ഊഷ്മളതയോടെ മുന്നോട്ട് കൊണ്ടുപോകാന്‍ കരുതിക്കൂട്ടി കാര്യങ്ങള്‍ ചെയ്യുന്നവരുണ്ട്. ആദ്യത്തെ കൂട്ടര്‍ക്ക് തോന്നാത്ത കുറ്റബോധം രണ്ടാമത്തെ ആളുകള്‍ക്ക് വേണ്ട എന്ന് മാത്രമാണ് ഞാന്‍ പറയാന്‍ ഉദേശിച്ചത്. നമ്മുടെ ഇഷ്ടങ്ങള്‍ തുറന്നു പറയാന്‍ ഇടമില്ലാത്തിടത്താണ് അവിഹിതത്തിന്റെ വിത്തുകള്‍ പാകപ്പെടുന്നത്.
ഒന്നുകില്‍ നമ്മളില്‍ ഭൂരിഭാഗവും അവിഹിതക്കാരാണ്, പിടിക്കപ്പെട്ട ചിലരും പിടിക്കപെടാന്‍ ഇരിക്കുന്നവരും എന്നുള്ള വ്യത്യാസം മാത്രം. പക്ഷെ ഭൂരിഭാഗവും സമൂഹത്തിനും കുടുംബത്തിനും വേണ്ടി പരാജയപ്പെട്ട ഒരു ദാമ്പത്യ ജീവിതം നിശബ്ദം സഹിക്കുന്ന ആളുകളാണ്. നമ്മുടെ സമൂഹത്തിന്റെയും മതങ്ങളുടെയും സദാചാര ബോധങ്ങള്‍ക്ക് വേണ്ടി സ്വന്തം ജീവിതം ബലിയര്‍പ്പിക്കുന്നവര്‍.
അവിഹിതം ചെയ്യണമെന്ന് തോന്നിയാല്‍ അതിന്റെ കാരണങ്ങളെ പറ്റി പരസ്പരം ബഹുമാനത്തോടെ, വിധിക്കാതെ, വിധിക്കപ്പെടാതെ ചര്‍ച്ച ചെയ്യാനുള്ള സാഹചര്യം ഉള്ള ബന്ധങ്ങള്‍ ആകട്ടെ നമ്മുടേത്. ഇത് പറയാന്‍ എളുപ്പമാണ്, നടപ്പിലാക്കാന്‍ വളരെ ബുദ്ധിമുട്ടും. എന്നാല്‍ നിന്റെ ഭാര്യ വേറെ ഒരാളെ പ്രണയിച്ചാല്‍, അവിഹിതം ചെയ്താല്‍ നീ സമ്മതിക്കുമോ എന്ന് നിങ്ങള്‍ക്ക് എന്നോട് ചോദിയ്ക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ പോസ്റ്റ് ഒന്നുകൂടെ വായിച്ചുനോക്കുന്നത് നന്നായിരിക്കും.